ഫലസ്ത്വീനൊപ്പം നില്‍ക്കാം
മഹാമാരിയുടെ കെടുതിക്കിടയിലും സഹനത്തിന്റെയും ത്യാഗത്തിന്റെയും റമദാന്‍ ഭക്തിനിര്‍ഭരമായി പൂര്‍ത്തീകരിച്ചു.
മഹാമാരിയുടെ കെടുതിക്കിടയിലും സഹനത്തിന്റെയും ത്യാഗത്തിന്റെയും റമദാന്‍ ഭക്തിനിര്‍ഭരമായി പൂര്‍ത്തീകരിച്ചു. സന്തോഷത്തിന്റെ പെരുന്നാള്‍പിറ പ്രതീക്ഷിച്ചു നിന്ന നമ്മെ വേദനിപ്പിച്ച വാര്‍ത്തകളായിരുന്നു ഫലസ്ത്വീന്‍ മണ്ണില്‍ നിന്നുമെത്തിയത്.
തട്ടിപ്പറിച്ചും വെട്ടിപ്പിടിച്ചും ആക്രമിച്ച് കീഴ്‌പ്പെടുത്തിയും ഫലസ്ത്വീന്‍ മണ്ണ് കൈവശപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന സയണിസ്റ്റ് ഭീകര രാഷ്ട്രമായ ഇസ്രയേല്‍ സൃഷ്ടിക്കുന്ന കെടുതികള്‍ ആയിരുന്നു പിന്നീടങ്ങോട്ട് നാം കണ്ടുകൊണ്ടേയിരിക്കുന്നത്. ജനിച്ച മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും സ്വന്തം നാട്ടില്‍ അന്യരായിത്തീരുകയും ചെയ്യുന്ന ഫലസ്ത്വീന്‍ ജനതയുടെ നിലവിളികള്‍ക്കിടയിലൂടെയും ലോകം നിസ്സംഗമായി നീങ്ങുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും യു.എന്‍ പ്രഖ്യാപനങ്ങളെയും പരിഹസിച്ചുകൊണ്ട് അങ്ങേയറ്റത്തെ ക്രൂരത കാണിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത് അവിടെ കുടിയിരുത്തിയവരുടെയും അമേരിക്കയടക്കമുള്ളവരുടെയും സഹകരണം എന്നും കൂടെയുണ്ടാകും എന്ന ഉറപ്പാണ്.
എന്നിട്ടും ആണവ ശക്തിയായ ഇസ്രയേലിന്റെ ക്രൂരതക്കു മുന്നില്‍ മുട്ടുമടക്കാതെ വിശ്വാസശക്തിയാല്‍ പൊരുതുകയാണ് ഫലസ്ത്വീനികള്‍. ഫലസ്ത്വീനികള്‍ രാജ്യമില്ലാത്തവരായി മാറിയതിന്റെയും ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെയും കാരണങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇപ്പോഴത്തെ ആക്രമണത്തില്‍ ഒട്ടേറെ ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. സയണിസ്റ്റ് ക്രൂരതകളെ ലോകത്തിന്റെ കണ്ണില്‍നിന്ന് എത്രതന്നെ മറച്ചുപിടിക്കാന്‍ വാര്‍ത്താമാധ്യമങ്ങള്‍ ശ്രമിച്ചാലും നിരായുധരായ സ്ത്രീകളും നിഷ്‌കളങ്കരായ കുട്ടികളുമാണ് ഭീകര രാഷ്ട്രമായ ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ പിടഞ്ഞുവീണു മരിക്കുന്നത് എന്നത് വസ്തുതയാണ്. പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കും പിന്നാലെ പായേണ്ട നിഷ്‌കളങ്ക ബാല്യങ്ങള്‍ക്കാണ് നാട് കക്കുന്ന അധിനിവേശ ശക്തിയെ നേരിടാന്‍ കല്ലും കവണയുമായി കാവലിരിക്കേണ്ടിവരുന്നത്.
പുസ്തക സഞ്ചിയുമായി സ്‌കൂളിലേക്ക് പോകുന്ന മക്കള്‍ പിന്നിലേക്ക് നോക്കി കൈ വീശുമ്പോള്‍ ഓരോ ഉമ്മയും ഉറപ്പിച്ചിരിക്കും, അത് അവരുടെ അവസാനത്തെ യാത്ര പറച്ചിലാണെന്ന്. കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് ജൂതപ്പട്ടാളം പിടിച്ചുകൊണ്ടുപോകുമ്പോള്‍ ചിരിച്ചുകൊണ്ട് പോകുന്ന കൗമാരക്കാരി, നാടിന്റെ മോചനത്തിനായി രക്തസാക്ഷിയായ മക്കളെയോര്‍ത്ത് അഭിമാനിക്കുന്ന ഉമ്മമാര്‍... ഫലസ്ത്വീന്‍ വിമോചന പോരാട്ടത്തിന്റെ ശക്തിയും കരുത്തും ഇവര്‍ തന്നെ.
യുദ്ധത്തിന്റെയും പലായനത്തിന്റെയും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളും തന്നെയാണ്, എവിടെയും. അത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് ഫലസ്ത്വീന്‍ സ്ത്രീ കളും കുട്ടികളും.
അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പറഞ്ഞ ന്യായത്തിലൊന്ന് അവിടത്തെ മുസ്ലിം സ്ത്രീകളുടെ സുരക്ഷയായിരുന്നു. വര്‍ഷങ്ങളായി മിസൈലുകള്‍ക്കും ബോംബുകള്‍ക്കും മധ്യേ പിഞ്ചുപൈതങ്ങളെ ചേര്‍ത്തുപിടിച്ചു ജീവനുവേണ്ടി പലായനം ചെയ്യുന്ന മാതാക്കളെയും അവരുടെ നെഞ്ചില്‍ സുരക്ഷിതത്വം തേടുന്ന മക്കളെയുമാണിന്ന് തീവ്രവാദികളായി പലരും ചിത്രീകരിക്കുന്നത്. നമുക്ക് മര്‍ദിതരായ അവരുടെ പ്രാര്‍ഥനകള്‍ക്കും വിലാപങ്ങള്‍ക്കും ഒപ്പം ചേരാം.