സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും

സി.ടി സുഹൈബ് No image

''അല്ലാഹുവിന്റെ നിശ്ചയിച്ച നിയമപരിധി കളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസി ആയിരിക്കും. അതത്രെ മഹത്തായ വിജയം'' (ഖുര്‍ആന്‍: 4:13)
കോവിഡ് കാലം നിയന്ത്രണങ്ങളുടെ കാലമാണ്. ഭരണകൂടവും ഭരണനിര്‍വഹണ സ്ഥാപനങ്ങളും നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്കകത്ത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ജനങ്ങള്‍ തയാറാകുന്നു. അതിനൊപ്പം സ്വയം നിയന്ത്രണങ്ങളും പാലിക്കുന്നു. ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പാടില്ലെന്ന് ആരും പറയുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. കാരണം ഇത് മനുഷ്യജീവനെയും ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമാണ്. നിയന്ത്രണങ്ങള്‍ പൊതുവെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അത് നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടി തന്നെയാണെന്ന തിരിച്ചറിവുകള്‍ കാരണമാണ് അത് പാലിക്കാന്‍ ആളുകള്‍ സന്നദ്ധമാകുന്നത്. മനുഷ്യജീവിതത്തില്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്ന വാദങ്ങള്‍ എല്ലാകാലത്തും ഉണ്ടാകാറുണ്ട്. മതങ്ങള്‍ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതുകൊണ്ടുതന്നെ അപരിഷ്‌കൃതമെന്നും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നുമുള്ള വിമര്‍ശനങ്ങള്‍ പൊതുവില്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ സംസാരിക്കാറുണ്ട്. എല്ലാ നിയന്ത്രണങ്ങളും അധികാര പ്രയോഗങ്ങളാണെന്നാണ് അവരുടെ പക്ഷം. എന്നാല്‍ അവരും ഇത്തരമൊരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് മാത്രമല്ല നിയന്ത്രണങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നു. കാരണം അവര്‍ക്കറിയാം ഈ നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യനിഷേധമല്ല, മറിച്ച് നമ്മുടെ നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണെന്ന്.
കോവിഡ് നല്‍കിയ തിരിച്ചറിവുകളില്‍ ഇങ്ങനെയുള്ള ചില തിരിച്ചറിവുകള്‍ പ്രധാനമാണ്. ഇസ്‌ലാമിനെതിരെയാണ് പൊതുവില്‍ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ധാരാളമായി ഉന്നയിക്കപ്പെടാറുള്ളത്. നിയന്ത്രണങ്ങളുടെ പൊരുളുകളെകുറിച്ച് ഖുര്‍ആനിക കാഴ്ചപ്പാടുകള്‍ മനസ്സിലാകാത്തവര്‍ക്ക് മറ്റൊരര്‍ഥത്തില്‍ അത് മനസ്സിലാക്കാനുള്ള സാമൂഹിക സാഹചര്യമാണ് കോവിഡ് ഉണ്ടാക്കിയിട്ടുള്ളത്.
 ഇസ്‌ലാം മനുഷ്യന് നല്‍കുന്ന ആദരവില്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യമാണ്. എന്ത് വിശ്വസിക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അടിസ്ഥാനപരമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലേക്കെത്തുമ്പോള്‍ പല സംവിധാനങ്ങളിലൂടെയും അത് നിയന്ത്രിക്കപ്പെടും. ഇത് ദൈവേതര വ്യവസ്ഥിതിയും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ നേരിട്ട് മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലാത്ത കാര്യങ്ങളിലും ഇസ്ലാം നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. അത് അല്ലാഹുവിന്റെ അധികാരവും അവന്റെ നടപടിക്രമങ്ങളുമാണ്.
 നിയന്ത്രണങ്ങളും പരിധികളും മനുഷ്യജീവിതത്തെ ക്രമീകരിക്കാനും സമാധാനവും നന്മയും ഉറപ്പുവരുത്താനുമാണ്. ഈ ലോകത്ത് മനുഷ്യന് സ്വസ്ഥമായ സാമൂഹിക ജീവിതം നയിക്കാനുതകുന്ന നിയമനിര്‍ദേശങ്ങള്‍ ശരീഅത്ത് മുന്നോട്ടുവെച്ചിട്ടുണ്ട്. അടിസ്ഥാനപരമായി സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും അതിലുള്ള പരിധികള്‍ പാലിക്കുക എന്നത് സാമൂഹികജീവിതത്തില്‍ പ്രധാനമാണ്. അല്ലാത്തപക്ഷം അരാജകത്വവും കുഴപ്പവും സൃഷ്ടിക്കും. ഇസ്ലാമിക ശരീഅത്ത് നിശ്ചയിച്ചിട്ടുള്ള നിരോധങ്ങളിലും ശിക്ഷാനടപടികളിലും മനുഷ്യരുടെ നന്മയും സാമൂഹിക ജീവിതത്തിലെ സുരക്ഷയും പ്രധാനമായും പരിഗണിച്ചതു കാണാന്‍ കഴിയും. മദ്യത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് അതില്‍ ചില ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ ദോഷമാണുള്ളതെന്നാണ്. അത് മനുഷ്യന്റെ സ്വബോധത്തെ ബാധിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. കൊലപാതകത്തിന് പ്രതിക്രിയ വേണം എന്ന ഖുര്‍ആന്‍ സൂക്തത്തില്‍ അതില്‍ മറ്റുള്ളവരുടെ ജീവിത സുരക്ഷിതത്വമുണ്ടെന്നാണ് മുന്നോട്ടുവെക്കുന്ന തത്ത്വം: ''പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്'' (2:179).
വലിയ മോഷണങ്ങള്‍ പതിവാക്കിയവരുടെ കൈമുറിക്കുന്നതിലൂടെ ജനങ്ങളുടെ സമ്പത്തിന്റെ സുരക്ഷിതത്വവും വ്യഭിചാരമടക്കമുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിലൂടെ കുടുംബബന്ധങ്ങളുടെയും തലമുറകളുടെയും സംരക്ഷണവും ഉറപ്പു വരുത്തുന്നു.
ഭൗതികലോകത്തെ മനുഷ്യജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനാവശ്യമായ നിയന്ത്രണങ്ങള്‍ എന്നത് മാത്രമല്ല ഇസ്ലാമിലെ നിയന്ത്രണങ്ങളുടെയും പരിധികളുടെയും പൊരുള്‍. ആത്യന്തികമായി മരണാനന്തര ജീവിതത്തിലെ മനുഷ്യന്റെ വിജയവുമായി ബന്ധപ്പെട്ടതാണത്. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കരുത് എന്ന് മാത്രമല്ല അല്ലാഹുവിന്റെ അവകാശങ്ങളെയും ഹനിക്കരുത് എന്നാണ്. എങ്ങനെ വസ്ത്രം ധരിക്കണം, എന്തു തരം കാഴ്ചകള്‍ ആസ്വദിക്കണം എന്നൊക്കെ മനുഷ്യര്‍ തീരുമാനിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്ന വിഷയം വരുന്നില്ല. പക്ഷേ, നമ്മളെ സൃഷ്ടിച്ച അല്ലാഹുവിനാണ് ശരീരത്തിന്റെയും അവയവങ്ങളുടെയും പൂര്‍ണ ഉടമാവകാശമുള്ളത്. അതിനാല്‍തന്നെ അതില്‍ അനുവദനീയമായതും അല്ലാത്തതും തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനുണ്ട്. അവന്‍ നിശ്ചയിച്ച പരിധികളില്‍ അവന്‍ കാണുന്ന യുക്തികളുണ്ടാകും. ചിലത് നമുക്ക് മനസ്സിലാക്കാനാകും, ചിലത് അങ്ങനെ സാധിക്കണമെന്നില്ല. മനസ്സിലായാലും ഇല്ലെങ്കിലും നമ്മുടെ ജീവിതത്തിന്റെ നന്മക്കും വിജയത്തിനും ആണ് ഈ നിയന്ത്രണങ്ങള്‍ വെച്ചിട്ടുള്ളതെന്ന് അവന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
നിയന്ത്രണങ്ങള്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കും. പക്ഷേ അതില്‍ നമ്മുടെ തന്നെ സുരക്ഷയും വിജയവുമാണുള്ളതെന്ന് തിരിച്ചറിയല്‍ പ്രധാനമാണ്. പരലോകത്തെ വിജയം ദൈവിക പരിധികള്‍ എത്രകണ്ട് പാലിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. ഈ ലോകത്ത് നമ്മുടെ ശരീരവും ആരോഗ്യവും ജീവനുമൊക്കെ സംരക്ഷിക്കാന്‍ എത്രമാത്രം ശ്രദ്ധിക്കുന്നവരാണ് മനുഷ്യര്‍ എന്നത് കോവിഡ് കാലം നമുക്ക് കാണിച്ചുതരുന്നുണ്ട്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കിയും ആഘോഷങ്ങള്‍ മാറ്റിവെച്ചും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നത് നമ്മുടെ സുരക്ഷിതത്വമോര്‍ത്താണ്. നശ്വരമായ ഈ ലോകത്തെ ഒരു ഗ്യാരണ്ടിയുമില്ലാത്ത ഈ ജീവിതത്തിനും ശരീരത്തിനും വേണ്ടി ഇത്രയധികം ശ്രദ്ധയും സൂക്ഷ്മതയും ഗൗരവവും നാം കൊടുക്കുന്നുണ്ടെങ്കില്‍ അനശ്വരമായ പരലോക ജീവിതത്തെ സുരക്ഷിതമാക്കാന്‍ എത്രമാത്രം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഗൗരവമായി ആലോചിക്കണം. അവന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ ജീവിതത്തെ കൊണ്ടുവരണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ശീലിക്കണം. ഇത് നമ്മുടെ ജീവിതവിജയത്തിനു വേണ്ടിയുള്ളതാണ്. അല്ലാഹു നിശ്ചയിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാതെ പോയാല്‍ നാം വീണുപോകുന്നത് വലിയ അപകടത്തിലേക്കാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരമാവധി സംഭവിക്കുക മരണമായിരിക്കും. ഈ ലോകത്ത് എന്തായാലും സംഭവിക്കുന്ന ഒന്നാണല്ലോ അത്. എന്നാല്‍ ദൈവിക നിയന്ത്രണങ്ങള്‍ പാലിക്കാതെ ജീവിച്ചാല്‍ നഷ്ടപ്പെടുന്നത് ശാശ്വതമായ സ്വര്‍ഗമായിരിക്കും. അത് നഷ്ടപ്പെട്ടാല്‍ അതിലും വലിയ നഷ്ടം ജീവിതത്തില്‍ മറ്റൊന്നുണ്ടാകില്ല.
 മരണനിരക്ക് ആപേക്ഷികമായി കുറവുള്ള ഒരു മഹാമാരിയായിട്ടും വലിയ സൂക്ഷ്മതകളും നിയന്ത്രണങ്ങളുമാണ് നമ്മള്‍ പാലിക്കുന്നത്. എന്നാല്‍ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ വലിയ ദുരന്തം ഉറപ്പുള്ള പരലോക ജീവിതത്തിനായി എത്രത്തോളം സൂക്ഷ്മതകള്‍ നാം പാലിക്കുന്നുണ്ടെന്ന് ആലോചിക്കണം. ഹലാലും ഹറാമും കൂടിക്കുഴഞ്ഞ ജീവിതസാഹചര്യങ്ങളില്‍ സംഭവിക്കുന്ന സൂക്ഷ്മതക്കുറവ് ദീനിനെ തന്നെ നഷ്ടപ്പെടുത്തും. റസൂല്‍ (സ) പറഞ്ഞു: 'ഹലാല്‍ വളരെ വ്യക്തമാണ്. ഹറാമും വ്യക്തമാണ്. അതിനിടയില്‍ വ്യക്തത കുറവുള്ള ചിലതുണ്ടാകും. അധികപേരും അത് അറിയാതെ പോകുന്നു. വ്യക്തതക്കുറവുള്ള കാര്യങ്ങളില്‍ ആരാണ് കൂടുതല്‍ സൂക്ഷ്മത കാണിക്കുന്നത്, അവരുടെ ദീനും അഭിമാനവും സുരക്ഷിതമായി. ആരാണോ അതില്‍ വീണുപോകുന്നത് അവര്‍ വീഴുന്നത് ഹറാമിലേക്കായിരിക്കും. ഒരു അതിര്‍ത്തിക്കുള്ളില്‍ കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്, അതിര്‍ത്തിക്കപ്പുറം കടന്നാല്‍ അപകടത്തില്‍ ചാടും. ഓരോ ഭരണാധികാരിക്കും ഒരു സുരക്ഷിത അതിര് ഉണ്ടാകും. അല്ലാഹു നിശ്ചയിച്ച അതിര് അവന്‍ നിരോധിച്ച കാര്യങ്ങളാണ്....' (ബുഖാരി, മുസ്ലിം).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top