പൊന്മുടി നിരകള്‍ മഞ്ഞ് ചൂടി നില്ക്കുന്നൊരു പ്രഭാതം. ഇരുപത്തിരണ്ട് ചുരവും കയറി പൂത്തുലഞ്ഞ മരങ്ങളെയും കടന്നുവന്ന മനോഹരമായൊരു പുലര്‍കാല സ്വപ്നത്തിലേക്ക് തല വച്ചുറങ്ങവേ ആണ് മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചത്. ഉണരാന്‍ മടിച്ച മിഴികളെ തിരുമ്മിയുണര്ത്താന് പുലര്‍മഞ്ഞ് ഒരിലയുമായ് വന്നു. നോക്കിയപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും കണ്മണി ആണ്.
സമയം പുലര്‍ച്ചെ ആറ്. മുപ്പത്.
മാഡം.
കൊഞ്ചം ശീഘ്രം വാങ്കോ. ഒരു പെണ്കുളന്തൈ ആക്സിഡന്റായി വന്താച്ച്. ഉടമ്പില് നല്ല വലിയിര്ക്കമ്മാ.
ബെഡ്ഡില്‍ നിന്നും ചാടിയെഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടവേ മനസ്സില്‍ നൂറ് ചിന്തകളാണ് പാഞ്ഞടുത്തത്.
റേപ് അറ്റംപ്റ്റ് ആയിരിക്കുമോ..?
കണ്മണി ആയത് കാരണം മലയാളത്തില്‍ ചോദിച്ച് മനസ്സിലാക്കാന്ന് വിചാരിച്ചാലൊട്ട് നടക്കത്തുമില്ല. ആ
ക്സിഡന്റ് ആണെന്നാണ് പറഞ്ഞത്.
ഹീറ്ററിലെ വെളളത്തിന് ചൂട് പോരെന്ന് തോന്നി. ബാത്റൂമില്‍ കയറി വായും മുഖവും കഴുകി വൃത്തിയാക്കി പോകാന്‍ റെഡിയായി.
ഒരു കപ്പ് കാപ്പി കുടിച്ചേച്ചും പോ മോളെ..
എന്നാ തണുപ്പാ പൊറത്ത്.
കത്രീനാമ്മച്ചി പുറകീന്ന് വിളിച്ചു.
തെരക്കുണ്ടമ്മച്ചീ...
കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ നില്‍ക്കാതെ അന്ന കോട്ടുമെടുത്ത്, വെള്ള ബൊഗൈന്‍ വില്ല പൂത്തൊരുങ്ങി നില്ക്കുന്ന മുറ്റത്തേക്ക് നടന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം കേട്ടപ്പോള്‍ ഒരു കൂട്ടം മാടത്തകള്‍ മഞ്ഞ് കുടഞ്ഞ് കളഞ്ഞ് ബൊഗൈന്‍ വില്ലയെ ഇളക്കി ആകാശദര്ശനത്തിനായ് പറന്നുയര്‍ന്നു. വീട്ടില്‍ നിന്നും ഹോസ്പിറ്റലിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രം.
പൊന്മുടി ഉണര്‍ന്നിരിക്കുന്നു. കോടമഞ്ഞിന്റെ വരവിനെ സൂചിപ്പിക്കുന്ന ഈറന്‍ കാറ്റില്‍ മരത്തലപ്പുകള്‍ നനഞ്ഞ് കുളിര് കൊള്ളുന്നു.
അന്ന കാര്‍ വേഗത്തിലോടിച്ചു. മൂടല്‍മഞ്ഞിലൂടെ വണ്ടിയോടിക്കുമ്പോള്‍ കൂര്‍ത്ത മലകളെ തഴുകി വന്നൊരു കോടമഞ്ഞ് കാഴ്ച മറച്ചു. ഡാഷ് ബോര്‍ഡ് പാനലിലെ ഡിജിറ്റല്‍ സ്ക്രീനില്‍ അന്തരീക്ഷ ഊഷ്മാവ് പതിനൊന്ന് ഡിഗ്രി സെല്‍ഷ്യസ് കാണിച്ചു. പൊന്മുടി തണുപ്പിലേക്കുയരുകയാണ്.
കാര്‍ നിര്‍ത്തി ഹെഡ് ലൈറ്റ് തെളിച്ചിട്ടശേഷം മൊബൈല്‍ എടുത്ത് ആശുപത്രിയിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും കണ്മണി വീണ്ടും സ്ക്രീനില്‍ തെളിഞ്ഞു.
അന്ന മുഖത്ത് നിന്നും മാസ്ക് മാറ്റി.
മാഡം.
നീങ്കെ എങ്കെയിരിക്ക്?
എന്ന കണ്മണി? റോഡില്‍ മുഴുവന്‍ കോടയാണ്. ഡോ. മൂര്‍ത്തി അങ്കെ ഇല്ലയാ?
ഇല്ല മാഡം.
എനക്ക് റൊമ്പ ഭയമായിര്ക്ക്.
പൊണ്ണ്ക്ക് വന്ത് മൂച്ചി വരമാതിരി ഇല്ലൈ.
മാഡം കൊഞ്ചം ശീഘ്രം വരത്ക്ക് ട്രൈ പണ്ണ് ങ്കോ.
നീ ടെന്‍ഷനാവാതെ കണ്മണി.
ഇന്ത കോട മുടിഞ്ച ഉടനെ നാന് വന്തിടുവേന്‍.
അന്ന കാറില്‍ നിന്നിറങ്ങി നോക്കി.
തണുപ്പുറഞ്ഞു തുള്ളുന്ന പൊന്മുടിയെ തേടിയെത്തിയ സഞ്ചാരികളുടെ നീണ്ട വാഹനങ്ങള്‍. എല്ലാവരും ഹില്‍ സ്റ്റേഷനരികിലെ റിസോര്ട്ടിലേയ്ക്കായിരിക്കും.
കോട തീര്‍ത്തും മാറും മുന്‍പ് അവള് വണ്ടി റിവേഴ്സ് എടുത്ത് മറ്റൊരു ഇടവഴിയിലേക്ക് കയറി. ടാര്‍ ചെയ്ത റോഡല്ല. എങ്കിലും ഇതുവഴി പോയാല്‍ ആശുപത്രിയിലേക്ക് പെട്ടെന്നെത്തും. മഞ്ഞ് നനഞ്ഞ് കിടന്ന മണ്ണിട്ട റോഡിലൂടെ അന്ന കാര്‍ അതിവേഗം ഓടിച്ചു. അര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വഴി തടഞ്ഞൊരു ആള്‍ക്കൂട്ടം റോഡില്‍ കണ്ടു. കാറിലെ എംബ്ലം കണ്ടിട്ടായിരിക്കും അവരൊന്ന് വകഞ്ഞ് മാറി. രണ്ട് ആള്ക്കാര് കാറിനടുത്തേക്ക് വന്നു.
മാഡം എങ്ങോട്ടാണ്?
ഹോസ്പിറ്റലിലേക്കാണ്. അത്യാവശ്യമാണ്.
എന്താ ഇവിടെ പ്രശ്നം?
മാഡമൊന്നുമറിഞ്ഞില്ലേ?
കഴിഞ്ഞ ദിവസം ചൊരത്തിന് താഴേന്നാന്ന് തോന്നുന്നു. കൊറെ ചെറുപ്പക്കാര്‍ വന്നങ്ങ് സെറ്റായി. ആണും പെണ്ണുമെല്ലാമുണ്ട്. കൊറോണേം പിടിച്ച് വീട്ടിലിരുന്ന് മടുത്തപ്പാ സൊള്ളാനെറങ്ങീതാവും. എന്നാ ഇതുങ്ങ്ക്ക് റിസോര്ട്ടെടുത്താ അതിന്റെ ഉളളീ കെടന്ന് കളിച്ചാ പോരെ. അവരെന്നിട്ട് രാത്രീലെര്ങ്ങി പൊര്ത്തെങ്ങാണ്ട് ടെന്റും കെട്ടി മഞ്ഞത്തങ്ങ് സുഖിച്ച്. ഒടുക്കം, നേരം വെളുത്തപ്പാ നല്ല മുന്തിരിങ്ങാ പോലൊരു പെണ്ണ് ഈ കുന്നിന്റെ താഴെ ചോരേം ഒലിപ്പിച്ച് ബോധം കെട്ടുകിടക്കുന്നു.
വന്നോന്മാരെല്ലാം പെണ്ണിന്റെ പപ്പും പൂടേം പറിച്ച് മുങ്ങിക്കളഞ്ഞു. ആരേം കാണുന്നില്ല. ടെന്റും പൊളിഞ്ഞ് കിടക്കുന്നു.
എന്നിട്ട് കുട്ടിയെവിടെയാണ്.
വെളുപ്പിനെ റബ്ബറ് വെട്ടാന്‍ വന്നോരാ കണ്ടെ. അവരൊടനെ പൊന്മുടീലെ ആശൂത്രീലേക്ക് കൊണ്ടോയിട്ടുണ്ട്.
ദേ... മാഡത്തിന് കാണണെ കണ്ടോ.
ഇതാണ് മൊതല്. കുറ്റീം പറിച്ച് എറങ്ങീതാന്ന് തോന്നുന്നു. അസ്സല് പീസാ..
കൂട്ടത്തിലൊരുത്തന് മൊബൈല്‍ കാറിനുള്ളിലേക്ക് താഴ്ത്തി കാണിച്ചു.
അന്ന ഒരു വേള ആ ഫോട്ടോയിലേക്ക് സസൂക്ഷ്മം നോക്കി. മുറിവേറ്റ് തളര്‍ന്ന് കിടക്കുന്ന ഒരു പെണ്‍കുട്ടി. റേപ് ചെയ്യപ്പെട്ടതാണോ എന്ന് നിശ്ചയമില്ല. എങ്കിലും അവളിതാ സോഷ്യല്‍ മീഡിയയില്‍ക്കൂടി തുടര്‍ച്ചയായി ബാലാത്സംഗത്തിനിരയാക്കപ്പെടാന് പോകുന്നു. അവളുടെ തൊലിയും, നിറവും, തുടര്‍ച്ചയായ് ചര്‍ച്ച ചെയ്യപ്പെട്ട് നീറും. അവളും, അവളുടെ കുടുംബവും ഇനി മാസ്കിന്റെ വലിപ്പം കൂട്ടി മുഖം മുഴുവന്‍ മറയ്ക്കും. ഉപ്പിലിട്ട ജീവനുള്ള മാംസക്കഷണം രുചിക്കുന്നതു പോലെ അവളെ സമൂഹ മാധ്യമങ്ങള്‍ കടിച്ചീമ്പും.
അന്നയുടെ ഉള്ള് വ്യാകുലപ്പെട്ടു. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് അവള് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. മറുപടി പറയാതെ തനിക്കു വേണ്ടി മാത്രം ആശുപത്രിയില്‍ കാത്തു കിടക്കുന്ന പെണ്‍കുട്ടിയെ ഓര്‍ത്ത് അവള് ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി.
സമയം.
പുലര്‍ച്ചെ ഏഴ് മണി.
ഹോസ്പിറ്റലില്‍ ചെന്നിറങ്ങിയപ്പോള്‍ മുറ്റത്തങ്ങിങ്ങായി ചെറിയ ആള്‍ക്കൂട്ടം. ആരെയും വകവെയ്ക്കാതെ അന്ന കാഷ്വാലിറ്റിയില്‍ എത്തി. മാ
സ്കിനു മുകളില്‍ ഫെയ്സ് ഷീല്‍ഡ് ധരിച്ചു. ഗ്ലൗസണിഞ്ഞു. സ്റ്റെത്ത് എടുത്തു. പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തി.
ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന മുഖം. സിന്ദൂരം പരന്നിരിക്കുന്ന നെറ്റി. അഴുക്കും ചെളിയും പുരണ്ട് നനഞ്ഞ വസ്ത്രം. താനല്പ്പം മുമ്പ് കണ്ട മുഖം തന്നെ. കറുത്ത കരിമ്പടത്തിനുള്ളില് തണുത്ത് മരവിച്ച അവളുടെ വലതുകൈത്തണ്ട ഒടിഞ്ഞ വാഴക്കൈ പോലെ കിടക്കുന്നു.
അന്ന മോണിറ്റര്‍ നോക്കി. ഹാര്‍ട്ട് ബീറ്റ് അമ്പതില്‍ താഴെയാണ്. അവള് ഉടനെ പെന്‍ടോര്‍ച്ച് എടുത്ത് പ്യൂപ്പിള്‍ പരിശോധിച്ചു. ഭാഗ്യം ദെ ആര് ഈക്വല്‍ ആന്‍ഡ് റിയാക്റ്റിങ്ങ് റ്റു ലൈറ്റ്.
അവളുടനെ സൈഡ് കര്ട്ടന് മറച്ചു പരിശോധിച്ചു. പേടിച്ചതു പോലെ റേപ് അറ്റംപ്റ്റ് അല്ല. പക്ഷെ ശരീരം മുഴുവന്‍ വീണതുപോലെ ഉള്ള മുറിവുകള്‍. ഉരഞ്ഞ് പൊട്ടിയ മുറിവില്‍ നിന്നും അല്പാല്പം അടര്‍ന്നു വീണ് ഉണങ്ങിയ ചോരത്തുളളികള്‍. എല്ലാം തുടച്ച് വൃത്തിയാക്കിയതിനു ശേഷം നേഴ്സിനോട് നോര്‍മല്‍ സലൈന്‍ ഡ്രിപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറഞ്ഞ ശേഷം അന്ന പുറത്തു കടന്നു.
കണ്മണീ...
എന്തൊക്കെയാ ഉണ്ടായത്?
ഇവര്‍ എപ്പ വന്താച്ച്? കൂടെ യാരാവത് ഇര്ക്കാ?
മാഡം..
കാലെയ്ലെ ആറ് മണിക്ക് താന്‍ അവര്‍ വന്ത്ട്ച്ച്. നാല് ആമ്പഌപസങ്കെ താനെ ഇങ്കെ തൂക്കീട്ട് വന്തത്. നാന് ഉള്ളെ പോയി തിരുമ്പി വന്ത് പാത്തേന്‍, അവങ്കെ പോയിട്ടാര്. പൊണ്ണ്ക്ക് എന്നാച്ച്മ്മ?
പേടിക്കാനൊന്നൂല്ല. ബോധം തെളിയട്ടെ. ചോദിയ്ക്കാം. തല്ക്കാലം ആരെയും കാണിക്കാന്‍ അനുവദിക്കണ്ട. ഡോ. മൂര്‍ത്തിയെ ഞാന്‍ വിളിക്കട്ടെ. കണ്മണി അവളുടെ അടുത്ത് തന്നെ നില്‍ക്കണം.
സമയം എട്ട്. മുപ്പത്.
അന്ന കാന്റീനിലേക്ക് കയറി. അടുത്ത് കണ്ടൊരു മേശയ്ക്കരികില്‍ ഇരുന്ന് ചായക്ക് ഓര്‍ഡര്‍ ചെയ്തു. ഇന്നാട്ടില് നിന്നും തന്നെ ലഭിക്കുന്ന തേയിലയും നല്ല രുചിയുള്ള പശുവിന് പാലും. ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു. ഇന്നത്തെ ഇരയെ കിട്ടിയ ആനന്ദത്തിലാണ് സൈബര്‍ ലോകം.
അവളുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയ കാര്‍ന്നുതിന്നുമ്പോള്‍, മറുഭാഗം മാന്തിപ്പൊളിച്ച് നാട്ടുകാരും തൃപ്തിയടയും.
പല രീതിയിലും വളച്ചൊടിച്ച വാര്‍ത്തകള്‍ക്കു മുന്നില്‍ അവള് അവിഹിത ബന്ധക്കാരിയാവുന്നു. ഭര്‍ത്താവിനെ വഞ്ചിച്ചവളാവുന്നു. ലഹരിക്കടിമപ്പെട്ടവള് ആവുന്നു. മക്കളെ ഉപേക്ഷിച്ചവളാവുന്നു. കിലോക്കണക്കിനു ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും ശേഷം നാളെകളില്‍ സത്യമുണരുമ്പോള് സൈബര്‍ ലോകം അത് ശ്രദ്ധിക്കാതെ മറ്റൊരു വാര്‍ത്തയുടെ പിന്നാലെ പോകും.
മൊബൈല്‍ ഓഫ് ചെയ്ത ശേഷം അന്ന എണീറ്റ് പുറത്തേക്ക് നടന്നു. മുന്നിലേക്ക് പടര്‍ന്നു കിടക്കുന്ന സഹ്യാദ്രിയുടെ സൗന്ദര്യത്തിലേയ്ക്ക് നോക്കി നിന്നു. ദൂരെക്കാഴ്ചയില്‍ നെടുനീളനെന്ന് തോന്നിപ്പിക്കുന്ന മലകളില്‍ വെയില് പൂത്ത് പരക്കുന്നു. പൊന്ന് കാക്കുന്ന പൊന്മുടി ദൈവങ്ങള്‍ എന്തേ പൊന്നുപോലുള്ള പെണ്ണിനെ കാത്തില്ല? ഇങ്ങനെ പലവിധ ചിന്തകളില്‍ വ്യാപരിച്ചപ്പോഴാണ് കണ്മണി ഓടി വന്ന് വിളിച്ചത്.
അമ്മാ..
അന്ത പൊണ്ണ് കണ്ണ് തുറന്നു.
ഏറെ ഭയപ്പെട്ടു പോയ എന്തിന്റെയോ തികട്ടല്‍ അവളുടെ മുഖത്ത് കാണപ്പെട്ടു. വിമ്മി വിമ്മി കരയുന്നതിനിടയില്‍ അടുക്കും, ചിട്ടയുമില്ലാതെ അവള് സംസാരിച്ചു. അന്ന സാവധാനം അവളുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.
കോവിഡ് വാക്സിനു വേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായി ഇന്‍ഡ്യന്‍ ജനറ്റിക്സ് ഡിപാര്‍ട്ട്മെന്റില്‍ നിന്നും കേരളത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ഏറെ കാണപ്പെടുന്ന ഉരഗവര്‍ഗത്തിലെ വെള്ളിക്കെട്ടനെ കുറിച്ച് പഠിക്കാന്‍ വേണ്ടി എത്തിയതായിരുന്നു മലയാളിയായ ദിശ വേണുവും സംഘവും.
കോറോണ വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം ചൈനയില്‍ കാണപ്പെടുന്ന ചൈനീസ് വെള്ളിക്കെട്ടനിലാണോ എന്നുള്ള സംശയം ഉടലെടുത്തപ്പോള്‍ ആണ് ബാംഗഌര് യൂനിവേഴ്സിറ്റിയില്‍ നിന്നും ഒരു സംഘത്തെ അവര്‍ കേരളത്തിലേക്കയച്ചത്.
മധ്യ തെക്കന്‍ ചൈനയിലും കേരളത്തിലെ സഹ്യപര്വതങ്ങളിലും കാണപ്പെടുന്ന വെള്ളിക്കെട്ടന് ഒന്നു തന്നെയാണോ എന്നും, അതിന്റെ ആര്.എന്‍.എ പരിശോധനാ വിധേയമാക്കി ഗവേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതുമായിരുന്നു ദിശയില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം. ജോലി ഭാരം തീര്‍ന്നപ്പോള്‍ കേരള സൗന്ദര്യത്തെ ഉപേക്ഷിക്കാന്‍ തോന്നാതെ സഹ്യന്റെ മടിത്തട്ടില്‍ ഒന്ന് തല ചായ്ക്കാനെത്തിയതാണവര്.
തടാകത്തിനരികെയുള്ള റിസോര്‍ട്ടില്‍ റൂമെടുത്ത ശേഷം മല മുകളിലെ മഞ്ഞിറക്കം കാണാന്‍ ഹില്‍സ്റ്റേഷനു താഴെ ടെന്റടിച്ച് കൂടാമെന്ന് അവര്‍ തീരുമാനിച്ചു. നാലുപേരും വിവാഹിതര്‍, മക്കളുള്ളവര്‍.
പ്രഭാതമായപ്പോ അരുണോദയത്തിന്റെ പൊന്നിറം പുതച്ചുണരാന്‍ പോകുന്ന മലമുകളിലേക്ക് മഞ്ഞിലൂടെ നീങ്ങവെ ആണ് പ്രതീക്ഷിക്കാതെ ഒരു കാട്ടുപോത്ത് അവരെ ആക്രമിച്ചത്. ചിതറിയോടിയ താന്‍ എവിടെയോ കല്ലില്‍ത്തട്ടി വീണതേ ഓര്മയുള്ളൂ.
സുഹൃത്തുക്കള്‍ എവിടെയെന്ന് അവള് ആകാംക്ഷയോടെ അന്വേഷിച്ചു. ദിശയെ സമാധാനിപ്പിക്കാന്‍ വേണ്ടി അവര്‍ പുറത്തുണ്ട് എന്ന് അന്ന പറഞ്ഞു.
ദിശയില്‍ നിന്നും ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പര്‍ വാങ്ങി, റൂമിനു പുറത്തേക്കിറങ്ങിയപ്പോള്‍ അന്ന കണ്മണിയെ വിളിച്ചു.
കണ്മണീ..
അന്ത പൊണ്ണ് മൊബൈലും, ടി.വിയും, ന്യൂസ് പേപ്പറും പാര്‍ക്കക്കൂടാത്. അവള് ആവശ്യപ്പെട്ടാലും കൊടുക്കരുത്.
ഉനക്ക് പുരിഞ്ച്താ...
കണ്മണി തലയാട്ടി.
എല്ലാം മനസ്സിലാക്കിയ മട്ടില്‍ സ്നേഹം പുരണ്ടൊരു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.
രണ്ടു ദിവസമെങ്കിലും അവള് വാക്കുകള്‍ കൊണ്ടുള്ള മുറിവേല്ക്കാതെ സമാധാനമായിരിക്കട്ടെ. പൊന്ന് കാക്കുന്ന മലദൈവങ്ങള്‍ പെണ്ണിനെയും കാത്തതിന്റെ നന്ദി അറിയിക്കാന്‍, കണ്‍കുളിര്‍ക്കെ പൊന്മുടി കാണിച്ചിട്ടേ അവളെ തിരികെ അയക്കൂ എന്ന തീരുമാനത്തില്‍ അന്ന പുറത്ത് ജ്വലിക്കാന്‍ പോകുന്ന വെയിലാഴങ്ങളിലേക്കിറങ്ങി.