പ്രസ്ഥാനം തന്നെ ജീവിതമാക്കിയ ഒരാള്‍

വി.കെ ജലീല്‍ No image

ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) ഏറ്റവുമൊടുവില്‍ വായനക്കാരിലെത്തിച്ച ശ്രദ്ധേയമായ കൃതികളിലൊന്നാണ് ഹൈദരലി ശാന്തപുരത്തിന്റെ ആത്മകഥയായ 'ഗതകാലസ്മരണകള്‍.'
ചെറു ഗിരിനിരകള്‍ അതിരിട്ട ഒരു വള്ളുവനാടന്‍ ഉള്‍നാടന്‍ ഗ്രാമം. ശാന്തപുരം എന്ന നവീന നാമധേയത്തോടെ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന നഭസ്സില്‍ പൗര്‍ണമിയായി ഉദയം ചെയ്യുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്, 1943-ല്‍ ആ പ്രദേശത്തെ പാവപ്പെട്ട ആര്യാട്ട് കുടുംബത്തില്‍, ദാരിദ്ര്യത്തിന്റെ മടിത്തട്ടിലേക്കായിരുന്നു ആത്മകഥാകാരന്റെ പിറവി. മാതാപിതാക്കളും താനും അടക്കമുള്ള പതിനൊന്നംഗ കുടുംബത്തിന്റെ ഏകാവലംബമായിരുന്ന പിതാവിനെ ഗ്രന്ഥകാരന്റെ ആറാം വയസ്സില്‍, വിധി പരലോകത്തേക്ക് പിടിച്ചിറക്കി കൊണ്ടുപോയി. ചിറകറ്റ ആ കുടുംബത്തിന് പിന്നീട് രാപ്പകല്‍ കൂട്ടിരുന്നത് ദയാശൂന്യമായ ദാരിദ്ര്യമായിരുന്നു. അക്കാലത്ത്, സ്വയം ദാരിദ്ര്യത്തിലായിരുന്ന ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ പാചകപ്പുരയില്‍, തന്റെ മാതാവ് കുട്ടികളുടെ പശിയകറ്റാനായി ദിനേന അധ്വാനിക്കാന്‍ പോവാറുണ്ടായിരുന്നെന്ന് ഗ്രന്ഥകാരന്‍, പോയ കാലത്തിന്റെ പരുത്ത ഭിത്തികളില്‍ കോറിയിട്ടത് വായിക്കുമ്പോള്‍, ആരുടെ മനസ്സിലും കനിവുണരും.
പഠനത്തില്‍ മിടുക്കനായിരുന്ന ആ ബാലന്‍ യുവാവായി തൂലികാ സാമര്‍ഥ്യം സ്വായത്തമാക്കിയപ്പോള്‍ തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ അന്നത്തെ പതിവനുസരിച്ച് ഒരു ബിരുദമോ, പ്രശസ്തമായ കുടുംബപ്പേരോ ഉണ്ടായിരുന്നില്ല. അതിനാലോ എന്തോ, അപ്പോഴേക്കും ആദര്‍ശ പരിവര്‍ത്തനത്താല്‍ പുകള്‍പെറ്റ, തനിക്ക് അതിജീവനശേഷി നല്‍കിയ ജന്മഗ്രാമത്തിന്റെ പേര്, തന്റെ പേരിനോടും ഹൃദയത്തോടും ചേര്‍ത്തു 'ഹൈദരലി ശാന്തപുരം' എന്ന് എഴുതിത്തുടങ്ങി. അക്കാലത്ത് തനിക്ക് ഏറ്റവും മികച്ച രീതിയില്‍ ജ്ഞാനാഭയം നല്‍കിയ 'ദ്വിതീയ മാതാവാ'യ ഇസ്‌ലാമിയാ കോളേജിന്റെ ചുരുക്കപ്പേരായും പ്രസ്ഥാനവൃത്തങ്ങളില്‍ ശാന്തപുരം എന്ന നാമം കേളികേട്ടു തുടങ്ങിയിരുന്നു. പില്‍ക്കാലത്ത് പ്രാപ്തനായ പ്രബോധകനായും പ്രതിഭാധനനായ പ്രസ്ഥാന വ്യക്തിത്വമായും കഴിവുറ്റ അധ്യാപകനായും രാജ്യാതിരുകള്‍ക്കു പുറത്തേക്കു കൂടി ഖ്യാതി നേടാനായപ്പോള്‍, തന്റെ സല്‍സിദ്ധികളും ആര്‍ജിതശേഷികളും കൊണ്ട് ജന്മഗ്രാമത്തെയും, തന്നെ താനാക്കിയ സ്ഥാപനത്തെയും സര്‍വോപരി പ്രസ്ഥാനത്തെയും ഹൈദരലി ഒരുപാട് കീര്‍ത്തിപ്പെടുത്തി. ഇന്നും അത് തുടരുന്നു. ഇതാണ് ആത്മകഥാസാരം. ഈ കഥ വശ്യമായ ചേലില്‍ കൃതി അനുവാചകഹൃദയങ്ങളിലേക്ക് പകരുന്നുണ്ട്. ഇസ് ലാമിക വിജ്ഞാനീയങ്ങളുടെ ഗിരിശിഖരങ്ങള്‍ കീഴടക്കിയ ഗ്രന്ഥകാരന്‍ അളവറ്റ ചാരിതാര്‍ഥ്യത്തോടെയാണ് വിശേഷങ്ങള്‍ വിവരിക്കുന്നത്. ഇടക്കെപ്പോഴോ ഹ്രസ്വകാലം പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ സ്വാധീനമാകാം ചില വിവരണങ്ങള്‍ പശിമ കുറഞ്ഞ പത്രഭാഷയിലായിപ്പോയത്. പണ്ടെന്നോ എഴുതിവെച്ച ദിനസരിക്കുറിപ്പുകള്‍ അപ്പടി പകര്‍ത്തിയതുമൂലം സംഭവിച്ചതുമാകാം.
ആറ് അധ്യായങ്ങളായിട്ടാണ് സ്മരണാഭരിതമായ ആത്മകഥ ഇതള്‍ വിരിയുന്നത്. പുസ്തകത്തിന്റെ ആദ്യത്തെ പകുതി താളുകളും ചാരുതയാര്‍ന്ന പ്രസ്ഥാന ചരിത്രവും കൂടിയാണ്. ശാന്തപുരം മാതൃകാ മഹല്ലിന്റെ പിറവിയും, മലബാര്‍ മാപ്പിളമാരുടെ പിന്മുറക്കാരായ അന്തമാന്‍ മുസ്ലിംകള്‍ക്കിടയില്‍ നടന്ന ഇതഃപര്യന്തമുള്ള നാനാവിധ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും, ആദ്യതവണ ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവങ്ങളും അടങ്ങിയ നൂറോളം പേജുകള്‍ക്ക് സമാനമായ ആഖ്യാനം, ഒന്നിച്ച് ഒരിടത്തായി വേറെയെവിടെയും ഈ വണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 
ഗ്രന്ഥകര്‍ത്താവ് ഉപരിപഠനം നേടിയ കാലത്തെ, മദീനയിലെ ഇസ്‌ലാമിക സര്‍വകലാശാലാ വിശേഷങ്ങളും ചരിത്രകൗതുകഭരിതമാണ്.
1969-ല്‍ റബാത്തില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത മൗലാനാ മൗദൂദി മദീന വഴിയായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. അന്ന് യൂനിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി മൗലാന നടത്തിയ പ്രത്യേക പരിപാടിയാണ് ഇക്കാലത്തെ ഏറ്റവും സ്മരണീയമായ സംഭവങ്ങളില്‍ ഒന്ന്. ഹറമില്‍ നമസ്‌കാരത്തിന് വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചു.
മക്ക ആസ്ഥാനമായ 'ദാറുല്‍ ഇഫ്താ'യുടെ ജീവനക്കാരനായി യു.എ.ഇയില്‍ ഗ്രന്ഥകാരന്‍ നടത്തിയ മൂന്നു പതിറ്റാണ്ട് കാലത്തെ പ്രബോധനാധ്വാനങ്ങള്‍ ഏറ്റവും ദീര്‍ഘമായ അധ്യായമായി പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രപ്രധാനമായ സമ്മേളനങ്ങളെ കുറിച്ച ആവേശകരമായ വിവരണങ്ങള്‍ ഈ അധ്യായത്തിനകത്താണുള്ളത്.
മദീനയിലെ പഠനവേളയില്‍, മാസാന്തം ലഭിച്ചിരുന്ന, തുഛമായ മുന്നൂറു രിയാല്‍ പഠനസഹായത്തെ മാത്രം ആശ്രയിച്ച്, ഗ്രന്ഥകര്‍ത്താവും സതീര്‍ഥ്യരില്‍ ചിലരും സകുടുംബം അവിടെ വസിച്ചിരുന്നു എന്നും, പലര്‍ക്കും ഉണ്ണികള്‍ പിറന്നിരുന്നു എന്നും വായിക്കുമ്പോള്‍ വിസ്മയം തോന്നാം. കാരണം, ആദ്യതവണ ചെന്നു ചേരാനും, പഠനം അവസാനിപ്പിച്ച് തിരിച്ചുപോരാനും ഉള്ള യാത്രാ ചെലവ് മാത്രമേ സര്‍വകലാശാല നല്‍കിയിരുന്നുള്ളൂ. അതിനാല്‍, ഇടക്കാലത്ത് നാട്ടില്‍ വരുന്നതിനും കുടുംബത്തെ കൊണ്ടുവരുന്നതിനും  അവര്‍ ഏറ്റവും ചെലവുകുറഞ്ഞ യാത്രാരീതി സ്വീകരിച്ചു. മദീനയില്‍നിന്ന് ബഹ്‌റൈനിലേക്ക് റോഡ് മാര്‍ഗവും, അവിടെ നിന്ന് മുംബൈയിലേക്ക് കപ്പലിലും കടല്‍ താണ്ടി എത്തിയശേഷം തീവണ്ടി മാര്‍ഗം അവര്‍ വീടണഞ്ഞുകൊണ്ടിരുന്നു. അരനൂറ്റാണ്ട് മുമ്പ് ഭൂരിഭാഗം ആളുകളും ഇങ്ങനെയൊക്കെ തന്നെയാണ് യാത്ര ചെയ്തിരുന്നത്.
അന്ന് മദീനയില്‍ പരിഷ്‌കൃത ഭവനങ്ങള്‍ ഒട്ടും സാര്‍വത്രികമായിരുന്നില്ല. മണ്ണും ഇഷ്ടികയും ഈന്തമരത്തടികളും കൊണ്ട് നിര്‍മിക്കപ്പെട്ടിരുന്ന, അപരിഷ്‌കൃത ഗ്രാമീണ ഭവനങ്ങള്‍ ആയിരുന്നു ഏറിയകൂറും. ശീതീകരണ യന്ത്രത്തിന്റെ ആവശ്യം വന്നിരുന്നേയില്ല. ഇത്തരം വീടുകള്‍ക്കു മീതെ, പുറത്തു നിന്നുമുള്ള നോട്ടങ്ങള്‍ തടുക്കാന്‍ ചെറു മതിലു പണിതിട്ടുണ്ടാവും. ഉഷ്ണം അനുഭവപ്പെടുന്ന രാത്രികാലങ്ങളില്‍ ഈ ഭിത്തികള്‍ നല്‍കുന്ന സ്വകാര്യതയില്‍, പ്രകൃതിദത്തമായ കാറ്റേറ്റും നിലാവും നക്ഷത്ര വെളിച്ചവും ആസ്വദിച്ചും അവര്‍ സസുഖം കിടന്നുറങ്ങി. ഈ വക വീടുകള്‍ അമ്പത് രിയാല്‍ മാസാന്ത വാടകക്ക് യഥേഷ്ടം ലഭിക്കുമായിരുന്നു. 
പഠനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍, സ്വന്തമായി ഒരു കൂര എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍, അന്നോളമുള്ള സമ്പാദ്യം എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ അയ്യായിരം രൂപ തികയാത്ത ഒരു സംഖ്യയാണ് കീശയില്‍ ഉണ്ടായിരുന്നത്. ശാന്തപുരത്ത് താരതമ്യേന ഭൂമിക്ക് വില കൂടുതലായിരുന്നു. അതിനാല്‍ ഏതാണ്ട് സമീപഗ്രാമമായ ചെറുകുളമ്പില്‍ അന്വേഷിച്ചു. നാലായിരത്തി അഞ്ഞൂറു രൂപ കൊടുത്തപ്പോള്‍ അമ്പത് സെന്റ് സ്ഥലവും ഒരു വീടും തരപ്പെട്ടു. പിശാചുബാധയുണ്ടെന്ന ദുഷ്‌കീര്‍ത്തിയില്‍ ഒഴിഞ്ഞുകിടക്കുകയായിരുന്ന ആ വീടിന് ഓടുമേഞ്ഞ മേല്‍ക്കൂരയും, അതിനെ താങ്ങിനിര്‍ത്താന്‍ മണ്‍ഭിത്തികളുമാണ് ഉണ്ടായിരുന്നത്. നാലു നാലര പതിറ്റാണ്ടു മുമ്പത്തെ നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമൂഹിക -സാമ്പത്തിക സ്ഥിതികളിലേക്കും ജനങ്ങളുടെ പരിമിതമായ ഭൗതികസൗകര്യ താല്‍പര്യങ്ങളിലേക്കും ഇത് വേണ്ടവിധം വെളിച്ചം വീശുന്നുണ്ട്. അഞ്ചു വര്‍ഷം അവിടെ കഴിഞ്ഞു. യു.എ.ഇയില്‍ ജോലിയില്‍ പ്രവേശിച്ചതോടെ തൃപ്തികരമായ സാമ്പത്തികനില പ്രാപിക്കാനായ ഗ്രന്ഥകാരന്‍ ജന്മഗ്രാമത്തിലേക്കു തന്നെ തിരിച്ചുവന്നു.
ചുരുക്കത്തില്‍, മുതിര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഓര്‍മകള്‍ നവീകരിക്കാനും പുതിയ തലമുറയുടെ പ്രസ്ഥാന വിദ്യാഭ്യാസത്തിനും ഈ കൃതി ഉപകാരപ്പെടും. പ്രസ്ഥാനം തന്നെ ജീവിതമാക്കിയ ഒരാളുടെ ആത്മാഖ്യാനമാകുമ്പോള്‍ അത് സ്വാഭാവികവുമാണല്ലോ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top