രണ്ട് കൗതുക കേസുകള്‍- വിധികള്‍
ഹൈദറലി ശാന്തപുരം
ജൂണ്‍ 2021
മുഹമ്മദ് നബി അനുചരന്മാരോട് പറഞ്ഞ രണ്ട് സംഭവങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.
മുഹമ്മദ് നബി അനുചരന്മാരോട് പറഞ്ഞ രണ്ട് സംഭവങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.
ഒരു സംഭവം ഇതാണ്: ഒരാള്‍ മറ്റൊരാളില്‍നിന്ന് ഒരു ഭൂമി വാങ്ങി. വാങ്ങിയ ആള്‍ ഭൂമിയില്‍ പണിയെടുക്കുന്നതിനിടയില്‍ അതിലൊരു ഭരണി കണ്ടെത്തി. അതിനുള്ളില്‍ സ്വര്‍ണമായിരുന്നു. അയാള്‍ അതെടുത്ത് ഉപയോഗിക്കുന്നതിനു പകരം ഭൂമി വിറ്റ ആളോട് ചെന്നു പറഞ്ഞു: ''ഈ സ്വര്‍ണം താങ്കളുടേതാണ്. അതി
നാല്‍ അത് താങ്കളെടുക്കുക.'' ഭൂമി വിറ്റ ആള്‍ പറഞ്ഞു: 'ഇല്ല, ഞാനത് എടുക്കുകയില്ല. കാരണം ഞാന്‍ താങ്കള്‍ക്ക് ഭൂമി വിറ്റത് അതിലുള്ള എല്ലാ വസ്തുക്കളും കൂടിയാണ്. അതിനാലത് താങ്കള്‍ക്ക് അവകാശപ്പെട്ടതാണ്.'' അങ്ങനെ രണ്ടു പേരും സ്വര്‍ണമെടുക്കാന്‍ സമ്മതിക്കാതെ തര്‍ക്കം ശക്തമായപ്പോള്‍ മധ്യസ്ഥനെ സമീപിക്കാന്‍ തീരുമാനിച്ചു. പ്രശ്നം കേട്ട ശേഷം മധ്യസ്ഥന്‍ ചോദിച്ചു: 'നിങ്ങള്‍ രണ്ടു പേര്‍ക്കും മക്കളുണ്ടോ?' ഒരാള്‍ പറഞ്ഞു: 'എനിക്കൊരു മകനുണ്ട്.' മറ്റേ ആള്‍ പറഞ്ഞു: 'എനിക്കൊരു മകളുണ്ട്.'' മധ്യസ്ഥന്‍ പറഞ്ഞു: 'അങ്ങനെയെങ്കില്‍ അവരെ തമ്മില്‍ വിവാഹം കഴിപ്പിക്കുകയും സ്വര്‍ണം അവര്‍ രണ്ടു പേര്‍ക്കും വേണ്ടി ചെലവഴിക്കുകയും ചെയ്യുക.'' ഈ വിധികേട്ട് ഇരുവരും സന്തോഷത്തോടെ തിരിച്ചുപോയി. തങ്ങളുടേതല്ലാത്ത സ്വത്ത് കൈയില്‍ വന്നുപോകുന്നതില്‍ നല്ലവരായ ആളുകള്‍ എത്രമാത്രം സൂക്ഷ്മത പുലര്‍ത്തുമെന്നും ബുദ്ധിമാനായ മധ്യസ്ഥന്റെ വിധി എത്രമാത്രം നീതി
പൂര്‍വമായിരിക്കുമെന്നും ഈ സംഭവം പഠിപ്പിക്കുന്നു.
മറ്റൊരു സംഭവം: രണ്ട് സ്ത്രീകള്‍ അവരുടെ കൊച്ചു കുട്ടികളോടൊപ്പം ഒരു സ്ഥലത്തിരിക്കുന്നതിനിടയില്‍ ഒരു ചെന്നായ വന്ന് ഒരു സ്ത്രീയുടെ കുട്ടിയെ പിടിച്ചുകൊണ്ടുപോയി. അപ്പോള്‍ ആ കുട്ടിയുടെ മാതാവ് മറ്റേ സ്ത്രീയോട് പറഞ്ഞു: 'നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ടുപോയത്. ഈ കുട്ടി എന്റേതാണ്.'' മറ്റവള്‍ പറഞ്ഞു: 'അല്ല, നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ടുപോയത്. ഇത് എന്റെ കുട്ടിയാണ്.'' അവസാനം അവര്‍ രണ്ടുപേരും പ്രവാചകന്‍ ദാവൂദിന്റെ മുമ്പില്‍ കേസവതരിപ്പിച്ചു. അദ്ദേഹം പ്രശ്നം കേട്ട ശേഷം ജീവിച്ചിരിക്കുന്ന കുട്ടി പ്രായക്കൂടുതലുള്ള സ്ത്രീയുടേതാണെന്ന് വിധിച്ചു. വിധികേട്ട് തിരിച്ച് പോകുന്ന വഴിയില്‍ വെച്ച് പ്രവാചകന്‍ ദാവൂദിന്റെ മകന്‍ പ്രവാചകന്‍ സുലൈമാന്‍ വിവരമന്വേഷിച്ചു. സ്ത്രീകള്‍ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു കത്തികൊണ്ടുവരാന്‍ കല്‍പിക്കുകയും കുട്ടിയെ രണ്ടു പേര്‍ക്കുമായി പൊളിച്ചു നല്‍കാമെന്ന് പറയുകയും ചെയ്തു. അപ്പോള്‍ പ്രായം കുറഞ്ഞ സ്ത്രീ പറഞ്ഞു: 'വേണ്ട, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, ഈ കുട്ടി അവളുടേതാണ്.'' അപ്പോള്‍ അദ്ദേഹം കുട്ടിയെ പ്രായം കുറഞ്ഞവളുടേതാണെന്ന് വിധിച്ചു.
യാഥാര്‍ഥ്യം കണ്ടെത്താനുള്ള കഴിവ് സുലൈമാന്‍ നബിക്ക് എത്രമാത്രമുണ്ടായിരുന്നുവെന്ന് ഈ വിധി മനസ്സിലാക്കിത്തരുന്നു. കുട്ടിയിലുള്ള തന്റെ അവകാശം നഷ്ടപ്പെട്ടാലും കുട്ടി ജീവിക്കണമെന്ന ആഗ്രഹം യഥാര്‍ഥ മാതാവിനുണ്ടാവുക എന്ന് മനസ്സിലാക്കിയാണ് അദ്ദേഹം കുട്ടി പ്രായം കുറഞ്ഞ സ്ത്രീയുടെതാണെന്ന് വിധിച്ചത്.