വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണിന്ന്. രാഷ്ട്രീയക്കാര്‍ മുതല്‍ വിദ്യാഭ്യാസ ബിസിനസ് സ്ഥാപനങ്ങള്‍ വരെ പുതുമയാര്‍ന്ന നിരവധി വാഗ്ദാനങ്ങളാണ്
വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണിന്ന്. രാഷ്ട്രീയക്കാര്‍ മുതല്‍ വിദ്യാഭ്യാസ ബിസിനസ് സ്ഥാപനങ്ങള്‍ വരെ പുതുമയാര്‍ന്ന നിരവധി വാഗ്ദാനങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാനും കാര്യലാഭങ്ങള്‍ക്കും വേണ്ടിയാണ് ഇവരെല്ലാം ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. ചിലപ്പോഴെല്ലാം വാഗ്ദാനങ്ങള്‍ പറഞ്ഞപടി നിറവേറ്റപ്പെടുമ്പോള്‍ പലപ്പോഴും അവ വെറുംവാക്കുകളായിത്തീരാറാണ് പതിവ്. സ്വന്തം മക്കളോടും നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നവരാണ് നമ്മില്‍ പലരും. ചില രക്ഷിതാക്കള്‍ ബോധപൂര്‍വം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ ചിലര്‍ കണ്ണും മൂക്കുമില്ലാതെയാണ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നത്.
പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ വിജയിച്ചാലോ, ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തീകരിച്ചാലോ ഇന്നത് വാങ്ങി നല്‍കാം എന്ന വാഗ്ദാന രീതി പതിവു കാഴ്ചയാണ്. സൈക്കിളോ മൊബൈല്‍ ഫോണോ ഒക്കെയാവാം ഓഫര്‍. ചിലപ്പോള്‍ ഒരു കാര്യം ചെയ്യാതിരിക്കാനും ഇങ്ങനെ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യും. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍, വികൃതി കാണിക്കാതിരിക്കാന്‍, അത്യാവശ്യമായി ഒരു സ്ഥലത്ത് പോകുമ്പോള്‍ കൂടെ പോരാതിരിക്കാന്‍... തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി കാര്യങ്ങള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അങ്ങനെ ചെയ്താല്‍, ഇങ്ങനെ ചെയ്തില്ലെങ്കില്‍ അതു തരാം, ഇതു തരാം എന്നിങ്ങനെയുള്ള നൂറുകണക്കിനു സംസാരങ്ങള്‍ ഓരോ നിമിഷവും വായില്‍നിന്ന് ഉതിര്‍ന്നുവീഴാറുണ്ട്. ചിലര്‍ക്ക് ഇതൊരു ശീലം തന്നെയാണ്. പറയുന്നത് എന്താണെന്നും എന്തിനാണിത് പറയുന്നതെന്നുമൊന്നും പല രക്ഷിതാക്കളും ചിന്തിക്കാറില്ല.
ചെറുതാണെങ്കിലും നിറവേറ്റണം
വാഗ്ദാനങ്ങള്‍ എത്ര ചെറുതാണെങ്കിലും നിറവേറ്റിയിരിക്കണം. പോയി വരുമ്പോള്‍ മിഠായി കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊണ്ടുവന്നേ തീരൂ. കൂടെ പോരാന്‍ കുറുമ്പു കാട്ടിയ കുട്ടിയെ തല്‍ക്കാലത്തേക്കൊന്ന് സമാധാനിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ് പലരും. പക്ഷേ കുട്ടിയെ സംബന്ധിച്ചേടത്തോളം അത് ആനക്കാര്യം തന്നെയാണ്. തീര്‍ച്ചയായും ആ മിഠായി കുട്ടി പ്രതീക്ഷിച്ചിരിക്കും. കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് സങ്കടം വരും. വാഗ്ദത്തം ചെയ്തവരോട് ഈര്‍ഷ്യ തോന്നും. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അമ്മ വീട്ടിലുണ്ടാവും എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ വീട്ടിലുണ്ടായിരിക്കണം. കുട്ടികളോട് നമ്മള്‍ എന്തു വാക്കു പറഞ്ഞാലും അവരത് മറ്റുള്ളവരോട് സന്തോഷത്തോടെ നിരന്തരം പങ്കുവെച്ചുകൊണ്ടിരിക്കും. അവരത് വലിയ കാര്യമായി എടുത്തിട്ടുണ്ടെന്നതിന് ഇതില്‍പരം മറ്റു തെളിവുകള്‍ ആവശ്യമില്ല.
കുട്ടികളോട് പാലിക്കാന്‍ കഴിയുന്നവ മാത്രം വാഗ്ദാനം ചെയ്യുക. എപ്പോഴും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട സംഗതിയാണിത്. വാതോരാതെ നിരന്തരം വാക്കു നല്‍കുന്നവര്‍ സൂക്ഷിക്കണം. വളരെ ലാഘവത്തോടെ നാം പറയുന്ന വാക്കുകള്‍ നമുക്ക് പാലിക്കാന്‍ കഴിയണമെന്നില്ല. മാത്രമല്ല; പാലിക്കണമെന്ന ഉദ്ദേശ്യത്തോടെയുമല്ല അവ നമ്മള്‍ പറയാറുള്ളതും. അതിനാല്‍ അത്തരം വെറും വാക്കുകള്‍ ഉപേക്ഷിക്കുന്നതാണ് കരണീയം. വാക്കു നല്‍കിയില്ല എന്നു വെച്ച് കുഴപ്പങ്ങളൊന്നുമുണ്ടാവുന്നില്ല. എന്നാല്‍ നല്‍കിയ വാക്കുകള്‍ പാലിക്കാതിരുന്നെങ്കില്‍ അത് പലവിധ അനര്‍ഥങ്ങളുമുണ്ടാക്കിയേക്കാം. കുട്ടിയുടെ സ്വഭാവവിശേഷങ്ങളെ അത് പ്രതികൂലമായി ബാധിക്കും. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്ന ധാരണ അവരില്‍ ഉടലെടുക്കും. ഭാവിയില്‍ അവരും ഇത്തരം വിശ്വാസവഞ്ചനകളില്‍ ഏര്‍പ്പെടും. ശാഠ്യക്കാരനായ കുട്ടിയെ അടക്കിനിര്‍ത്താനാണ് ഇങ്ങനെ വാക്കു നല്‍കിയതെന്ന് കരുതുക. അത് പാലിക്കാതിരിക്കുമ്പോള്‍ കുട്ടി നേരത്തേതിലും വലിയ വാശിക്കാരനാകാം.
വാക്കു പാലിക്കാതിരുന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടും
മാതാപിതാക്കള്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ ചില കുട്ടികള്‍ അവരോട് ചോദിക്കുന്നത് കേള്‍ക്കാം; 'ഉറപ്പല്ലേ!' മാതാപിതാക്കള്‍ വാക്കു ലംഘിച്ച മുന്‍ അനുഭവങ്ങള്‍ അവര്‍ക്ക് വേണ്ടുവോളമുണ്ടാകും. അതിനാലാണ് മാതാപിതാക്കളില്‍ അവര്‍ക്ക് സംശയം ജനിക്കുന്നത്. നല്ല മനുഷ്യന്റെ ഉത്തമ സ്വഭാവമാണ് സത്യസന്ധത. രക്ഷിതാക്കള്‍ സത്യസന്ധരും ഉത്തമ സ്വഭാവഗുണങ്ങളുള്ളവരുമാകണം. എങ്കിലേ മക്കളും നല്ലവരാകൂ. മാതാപിതാക്കളുടെ സ്വഭാവരീതികളാണ് മക്കള്‍ അനുകരിക്കുക.
കുട്ടികളുടെ വളര്‍ച്ചയില്‍ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ പ്രലോഭനങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും മാത്രമാണ് പ്രോത്സാഹനം സാധ്യമാവുക എന്ന് ധരിക്കരുത്. പഠനമായാലും മറ്റെന്തു നല്ല കാര്യമായാലും അതെല്ലാം സ്വന്തം വളര്‍ച്ചക്കാണെന്ന സാമാന്യബോധം കുട്ടികളില്‍ ഉണ്ടാക്കിത്തീര്‍ക്കണം. അങ്ങനെ വരുമ്പോള്‍ സമ്മാനങ്ങള്‍ക്കും മറ്റും വലിയ പ്രസക്തിയുണ്ടാവില്ല. പഠിക്കുക, സ്വന്തം കിടപ്പുമുറി വൃത്തിയാക്കുക, പുസ്തകങ്ങളും വസ്ത്രങ്ങളും അടുക്കിവെക്കുക, നന്നായി പെരുമാറുക, മാതാപിതാക്കളെ അനുസരിക്കുക തുടങ്ങിയവയെല്ലാം കുട്ടികള്‍ ചെയ്യേണ്ട കാര്യം തന്നെയാണ്. അവയെ സമ്മാനങ്ങള്‍ നേടാനുള്ള മാര്‍ഗമാക്കാന്‍ അനുവദിച്ചുകൂടാ. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ പ്രതിഫലത്തിന്റെ ആവശ്യമില്ലെന്ന ബോധമാണ് അവരില്‍ വളര്‍ത്തേണ്ടത്. എപ്പോഴും പ്രതിഫലം നല്‍കി പ്രോത്സാഹിപ്പിച്ചാല്‍ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമാവും പിന്നെ അവര്‍ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യുന്നത്. കുട്ടികള്‍ നമ്മുടേതാണ്. നമുക്കുള്ളതെല്ലാം അവര്‍ക്കുമുള്ളതാണ്. നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ക്കനുസരിച്ച് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുമ്പോള്‍ വാഗ്ദാനങ്ങള്‍ക്ക് പ്രസക്തിയില്ലല്ലോ.
എപ്പോഴും നല്‍കണോ?
കുട്ടികളില്‍ ഉത്സാഹമുണ്ടാക്കാന്‍ വാഗ്ദാനങ്ങള്‍ക്ക് സാധിക്കും. ഇക്കാര്യം പടേ അവഗണിക്കാവുന്നതുമല്ല. അതിനാല്‍ ഇടക്കെല്ലാം ഇത്തരം വാഗ്ദാനങ്ങള്‍ ആവാം. അതൊരു ശീലവും അനാവശ്യവുമാകരുതെന്നു മാത്രം. പ്രതിഫലം പോലെത്തന്നെ സത്യസന്ധമായ വാക്കുകളിലൂടെയും പ്രോത്സാഹനം സാധ്യമാകും. വിജയങ്ങള്‍ക്കു മുഴുവന്‍ സമ്മാനം വേണമെന്നും സമ്മാനങ്ങള്‍ ലഭിച്ചാലേ വിജയമാകൂ എന്നുമുള്ള ധാരണ അവരില്‍ വളര്‍ന്നു കൂടാ. എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ചിലരുണ്ട്. അത്തരക്കാരെ ആ നിലക്ക് പ്രോത്സാഹിപ്പിച്ചുകൂടാ. പ്രസ്തുത ദുശ്ശീലം എത്രയും പെട്ടെന്ന് തുടച്ചുനീക്കണം. കാര്യലാഭത്തിനു വേണ്ടി മാത്രം നന്മകള്‍ പ്രവര്‍ത്തിക്കുന്നവരെക്കൊണ്ട് നാളെ കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ഗുണവുമുണ്ടാകില്ല. സേവനസന്നദ്ധതയും ആത്മാര്‍ഥതയും അവരില്‍നിന്ന് തുടച്ചുനീക്കപ്പെടും. 'കടയില്‍ പോയി വാ, അഞ്ചു രൂപ തരാം' എന്ന് പറയരുത്. അങ്ങനെ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ തന്നെ മുന്‍കൂട്ടി പറയരുത്. പോയി വന്നതിനു ശേഷം മാത്രം നല്‍കുക. അതും ഇഷ്ടദാനമായിട്ടുവേണം നല്‍കാന്‍. വാഗ്ദാനത്തേക്കാള്‍ നല്ലതും ഇതു തന്നെ. പ്രതിഫലം ലഭിച്ചില്ലെങ്കിലും പരാതിയില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വരുമ്പോഴാണ് സേവന മനഃസ്ഥിതിയും ആത്മാര്‍ഥതയും വളരുന്നത്.
ഉപകാരമുള്ള വാഗ്ദാനം നല്‍കുക
മൊബൈല്‍ ഫോണുകള്‍ നല്‍കുമ്പോള്‍ പ്രായവും ദുരുപയോഗ സാധ്യതകളുമൊക്കെ പരിഗണിച്ചുകൊണ്ടാവണം. പണം നല്‍കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സമ്മാനങ്ങള്‍ പണമായി പരമാവധി നല്‍കാതിരിക്കലാണ് ഉചിതം. നമ്മുടെ പണത്തിന്റെ ഹുങ്ക് പ്രകടമാക്കാനുള്ള വേദിയോ ഉപകരണമോ അല്ല മക്കള്‍. പണമുണ്ടെന്നു കരുതി വിലകൂടിയ സമ്മാനങ്ങള്‍ നല്‍കരുത്. നമ്മള്‍ ജീവിക്കുന്ന സാഹചര്യം കൂടി പരിഗണിക്കണം. നമ്മുടെ ചുറ്റുവട്ടത്ത് ഉള്ളവനും ഇല്ലാത്തവനുമുണ്ട്. ഉന്നത വിജയം നേടിയ പാവപ്പെട്ടവനുണ്ടാകും. വാഗ്ദത്തം ചെയ്യാനോ സമ്മാനങ്ങള്‍ നല്‍കാനോ അത്തരക്കാര്‍ക്ക് ആരുമുണ്ടായിക്കൊള്ളണമെന്നില്ല. ഉന്നത വിജയം നേടിയ പാവപ്പെട്ടവന്റെ അത്ര തന്നെ ഉന്നതമല്ലാത്ത വിജയം നേടിയ പണക്കാരന്റെ മകന് ഉയര്‍ന്ന സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ പാവപ്പെട്ടവന്റെ മനസ്സ് അസ്വസ്ഥമാകും. പണക്കാരന്റെ മകനാണ് തന്നേക്കാള്‍ ഉന്നതനെന്ന ചിന്ത പോലും ഇവിടെ പാവപ്പെട്ടവനില്‍ ഉടലെടുക്കാം. വാഗ്ദാനങ്ങള്‍ നല്‍കുന്നതിലെ ലക്ഷ്യം നന്മയാവണം. സമ്മാനങ്ങള്‍ നല്‍കുന്നത് ശീലമാക്കിയവര്‍ ഒരു കാര്യം ശ്രദ്ധിക്കണം; ഒരു ദിവസം അത് നല്‍കാനാവാത്ത സ്ഥിതിവിശേഷം വന്നാല്‍ മക്കള്‍ പിണങ്ങും, ദുശ്ശാഠ്യക്കാരാവും. അതിനാല്‍ വാഗ്ദാനങ്ങളുടെ കാര്യത്തില്‍ ഒരു വീണ്ടുവിചാരവും ശ്രദ്ധയും എപ്പോഴും അനിവാര്യമാണ്.