ഡിസ്ചാര്‍ജ്

എ.എ സലീമ  No image

മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് നിസ്‌കാര പായയില്‍ തന്നെ ഖുര്‍ആന്‍ ഓതിക്കൊണ്ട് ഫാത്തിമ ഇരുന്നു. ഇശാഅ് ബാങ്ക് കൊടുത്ത് പായയില്‍ നിന്നും എണീക്കാമെന്ന് കരുതി. പ്രസവം കഴിഞ്ഞ് ഇത്ര നേരായിട്ടും സുലൈനെ മുറിയിലേക്ക് കൊണ്ടുവന്നിട്ടില്ല. എന്താണാവോ താമസം. പാല് കൊടുക്കാനായി പൈതലിനെ അകത്തേക്ക് കൊണ്ടുപോയിട്ടും കുറേ നേരമായി. ആമിനൈത്താ അമീറിന്റെ ഉമ്മയോട് പഴംപുരാണം പറയുകയാണ്. എന്തിനാ എപ്പോഴും സുലൈന്റെ ഉമ്മ മരിച്ച കഥ പറയുന്നത്. അതും ഈ മഗ്രിബിന്റെ നേരത്ത് നിസ്‌കരിക്ക്യ കൂടി ചെയ്യാതെ. 'ഇത് പോലെ തന്നെ അന്നും മോന്തിയാവുമ്പം തൊടങ്ങീതാ നെടൂളന്റെ ചൂളം വിളി. അതു കേട്ടാലുറപ്പാ മരണം കേക്കൂന്ന്'. 'ആമിനൈത്താ, ഞാന്‍ നിസ്‌കരിച്ചുകഴിഞ്ഞ്. ഇങ്ങള് നിസ്‌കരിച്ചോളീ.' കഥ അവസാനിപ്പിക്കട്ടെ എന്നു കരുതി ഫാത്തിമ നീട്ടി വിളിച്ചു. 'എനിക്ക് അന്റെ ചേല്‍ക്ക് എവിടെന്നെങ്കിലും നിസ്‌കരിച്ചാല്‍ ശരിയാവൂല. ആസ്പത്രിയാ, വെടുപ്പും മനാരവും ഒന്നും കാണൂല. എത്ത്ര പെണ്ണുങ്ങളുടെ പേറും കുളിയും കഴിഞ്ഞതാ. ഞാന്‍ പെരേല് എത്തീട്ട് ഖളാഅ് വീട്ടി നിസ്‌കരിക്കും.'
അറിയാവുന്ന സൂറത്തുകളും യാസീനും ഓതിക്കഴിഞ്ഞിട്ടും ഇശാഅ് ബാങ്ക് കൊടുത്തിട്ടില്ല. സുലൈയ്ക്ക് വിശക്കുന്നുണ്ടാവും. പെറ്റവയറാ. എപ്പളോ കൊടുത്ത കട്ടന്‍ ചായയും ബണ്ണുമാണ്. ആമിനൈത്താ വീട്ടില്‍ പോയി വരുമ്പോള്‍ പൊടിയരിക്കഞ്ഞിയും നെല്ലുകുത്തിയരിച്ചോറും വെളുത്തുള്ളിയും കുരുമുളകും ഉപ്പും വെളിച്ചെണ്ണയും കൂട്ടിച്ചതച്ചതും കൊണ്ടുവന്നിട്ടുണ്ട്. അവളെ കൊണ്ടുവന്നാല്‍ അതൊക്കെ കൂട്ടി ചോറു കൊടുത്ത് കൈയും കാലും നീര്‍ത്തി ഒന്ന് സുഖമായി കെടത്താമായിരുന്നു. എത്ര നേരമായി ലേബര്‍ റൂമിലെ കട്ടിലില്‍.
നിസ്‌കാരപ്പായയില്‍ ഇരുന്ന് കണ്ണുമാളിപ്പോയതറിഞ്ഞില്ല. പൈതലിന്റെ കരച്ചില്‍ കേട്ട് ഞെട്ടി തെളിഞ്ഞു. 'സുലൈഖയെ റൂമിലേക്ക് വീല്‍ ചെയറില്‍ കൊണ്ടു വരുന്നുണ്ട്. അതിനുമുമ്പ് കുട്ടിയെ കൊണ്ടു വന്നതാണ്.' മുറിയിലേക്ക് വന്ന നഴ്സ് പറഞ്ഞു. ഹാവൂ സമാധാനമായി. വെളുപ്പിന് ലേബര്‍ റൂമില്‍ കയറിയതാ. ഇരുമ്പ് കട്ടിലില്‍ എത്ര നേരമായി കിടക്കുന്നു. വീല്‍ചെയറിന് പിന്നാലെ അമീറും കടന്നുവന്നു. തോളില്‍ കൈയിട്ട് സുലൈഖയെ കട്ടിലിലിരുത്തി. കാല് കയറ്റി കട്ടിലിന്റെ മുകളിലേക്ക് വെക്കാന്‍ അടുത്തേക്ക് ചെന്ന ഫാത്തിമയെ കണ്ടതും സുലൈഖ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചില്‍. 'എന്തിനാ സുലൈ കരയണത്. നല്ല മോനെ കിട്ടിയില്ലേ? പിന്നെ എന്തിനാ ഈ കരച്ചില്‍.' 'എനിക്ക് പേടി ആയി എളോമ. സിദ്ദിയെ പോലെ ആയി പോവോ എന്റെ മോനും എന്ന് വിചാരിച്ച്. പ്രസവം കഴിഞ്ഞ് ബ്ലീഡിംഗ് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഒരുപാട് പാടുപെട്ട്. ഞാന്‍ വല്ലാതെ ബേജാറായി. അതാ എന്നെ റൂമിലേക്ക് കൊണ്ടുവരാന്‍ താമസിച്ചത്.' ഫാത്തിമ സുലൈഖയുടെ തലതടവി. 'ബേജാറാവണ്ട, പടച്ചോനില്ല്യേ? എല്ലാം സലാമത്തായി കഴിഞ്ഞില്ല്യേ. കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കണ്ട. കാല് നീട്ടിയിരിക്ക്. എളോമ ചോറ് വാരിത്തരാം. അതും തിന്ന് നന്നായി ഉറങ്ങ്. ആയത്തൂല്‍ കുര്‍സീ ഓതി നെഞ്ചത്ത് ഊത്. മനസ്സിന്റെ എല്ലാ ഫിക്റും മാറും.' സുലൈഖക്ക് ചോറ് വാരിക്കൊടുക്കുന്നതും കണ്ട് അമീറും ഉമ്മയും കളിയാക്കി ചിരിച്ചു. 'ഇതെന്താ സുലൈ നീയൊരു ഉമ്മയായിരിക്ക്ണ്, എന്നിട്ടാ എളോമയെ കൊണ്ട് ചോറ് വാരിക്കണ്യേ?' സുലൈഖക്ക് ഇരിക്കാന്‍ നല്ല ബുദ്ധിമുട്ട്. എളോമ പുറകില്‍ തലയണ വെച്ച് ചാരി ഇരുത്തി. ചോറ് മുഴുവന്‍ വാരിക്കൊടുത്തു. കൈയും മുഖവും കഴുകി തുടച്ചു. മുടി നന്നായി പിന്നിയിട്ട് മടക്കിക്കെട്ടി. നല്ലവണ്ണം തട്ടം ചുറ്റിക്കെട്ടി. സുലൈഖയെ കിടത്തി. നേര്‍ത്ത പുതപ്പ് മേല് വിരിച്ചു കൊടുത്തു. സുലൈഖയുടെ അടുത്ത് വാവയെ കിടത്തി കൊടുത്തു. ഇടതു കൈക്കുള്ളില്‍ അവനെ കിടത്തി മാറോട് ചേര്‍ത്തു കൊടുത്തു. 
സുലൈ മെല്ലെ ഉറക്കത്തിലേക്ക് വീണു. 'പെറ്റ പൈതലിനെ കണ്ടതിലും സന്തോഷം സുലൈയ്ക്ക് ഇങ്ങളെ കണ്ടപ്പോഴാണ്.' അമീറിന്റെ ഉമ്മയുടെ സംസാരം കേട്ട് ഫാത്തിമ ചിരിച്ചു. 'അമീറ് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് അത് കഴിച്ച് ഇങ്ങളും കിടന്നോളി, കുറേ നേരമായി ഈ ഇരിപ്പ് തുടങ്ങീട്ട്. പൈതല്‍ ഉറങ്ങുമ്പോള്‍ നമ്മളും ഉറങ്ങാം. ഓന് എപ്പളാ ഉറക്കം തെളിയാന്ന് പറയാന്‍ പറ്റൂല.' ആമിനൈത്ത പാത്രമൊക്കെ കഴുകി താഴെ പായയും തലയണയും വെച്ച് കിടന്നു. മൂപ്പത്തിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ബീഡി വലിക്കാഞ്ഞിട്ടാവും. അമീറിന്റെ ഉമ്മയോടൊപ്പം ഫാത്തിമയും കിടന്നു. അമീറ് താഴേക്ക് പോയി. ഇനി റൂമില്‍ ആവശ്യമില്ലല്ലോ? മുറിയില്‍ ലൈറ്റ് ഓഫാക്കി. എന്നിട്ടും മുറിയിലേക്ക് എവിടെ നിന്നോ വെളിച്ചം അരിച്ചുകയറി. 'എന്തേ സുലൈന്റെ ഉപ്പ വന്നില്ലല്ലോ?' അമീറിന്റെ ഉമ്മയുടെ ചോദ്യത്തിന് ഫാത്തിമ മറുപടി ഒന്നും പറഞ്ഞില്ല. ഉറങ്ങി പോയി എന്ന് അവര്‍ കരുതിക്കോട്ടെ, അല്ലെങ്കില്‍ തന്നെ എന്ത് മറുപടിയാണ് പറയുക?

****

ജനലിലൂടെ വെളിച്ചം അരിച്ചിറങ്ങി മുഖത്തേക്ക് തട്ടിയപ്പോഴാണ് ഫാത്തിമ ഉറക്കമുണര്‍ന്നത്. സ്വുബ്ഹ് നിസ്‌കാരം ഖളാഅ് ആയി കഴിഞ്ഞിരുന്നു. വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. സുലൈഖ നല്ല ഉറക്കമാണ്. ഇന്നലെ രാത്രി ഇടയ്ക്കിടയ്ക്ക് പൈതല്‍ ഉറക്കമുണര്‍ന്നതു കൊണ്ട് സുലൈഖക്കും ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതിന്റെ തലേ ദിവസവും സ്ഥിതി ഇതുതന്നെ. ഹോസ്പിറ്റലിലും ലേബര്‍ റൂമിലും ആയി കഴിയുകയായിരുന്നല്ലോ, നല്ല ക്ഷീണം കാണും.
കുറച്ചു കഴിയുമ്പോഴേക്കും വാതില്‍ മുട്ടുന്ന ശബ്ദം കേട്ടു. ഡോക്ടര്‍ റൗണ്ട്സിന് വരുന്നുണ്ടെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ റൂമിലുണ്ടെങ്കില്‍ അവിടെനിന്ന് മാറിനില്‍ക്കണം എന്നും പറഞ്ഞ് നഴ്സ് കടന്നുപോയി. സുലൈഖയെ പതുക്കെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. നിലത്തു കിടന്ന ആമിനൈത്ത ഉരുണ്ടുപിടഞ്ഞ് എഴുന്നേറ്റു. 'ഡോക്ടര്‍ വന്ന് പരിശോധന കഴിഞ്ഞാല്‍ ഇന്ന് വീട്ടിലേക്ക് പോവാന്‍ പറ്റുമോ എന്നറിയാം. അതറിഞ്ഞാല്‍ ഇങ്ങള് വീട്ടിലേക്ക് പോവണം. അമീറിന്റെ ഉമ്മ സുലൈഖയെ വീട്ടില്‍ കൊണ്ടുവന്നാക്കി തൊട്ടില്‍ കെട്ടി കുട്ടിയെ അതില്‍ കിടത്തിയേ മടങ്ങൂ. ഇങ്ങള് പോയി വേഗം ഭക്ഷണം ശരിയാക്കണം. ജാനൂനെ പോവുന്ന വഴിക്ക് തന്നെ കൂടെ കൂട്ടിയ്ക്കോളീ?' ഫാത്തിമ ആമിനൈത്താനോട് പറഞ്ഞു. എണീറ്റാലുടന്‍ ബീഡി വലിക്കുന്ന ശീലം ആമിനൈത്താക്കുണ്ട്. ഹോസ്പിറ്റലില്‍ ആയതുകൊണ്ട് ശീലങ്ങളൊന്നും നടക്കുന്നില്ല. എണീറ്റ മുതല്‍ മൂപ്പത്തിക്കൊരു ഉഷാറ് കുറവ്.
'ഡോക്ടര്‍ വരാനൊന്നും ഞാന്‍ കാക്ക്ണില്ല്യാ. ഇയ്യ് വീട്ടിലെ ഫോണ്ക്ക് വിളിച്ചാ മതി. ഞമ്മള് പോയി അങ്ങാടീന്ന് സാധനം വാങ്ങി കടത്ത് കയറി എത്തുമ്പോഴേക്കും നേരം നല്ലോണം ആവും. ഞാന്‍ ഇപ്പോ തന്നെ പോട്ടെ.' മറുപടിക്കായി കാത്തു നില്‍ക്കാതെ ആമിനൈത്ത നടന്നു നീങ്ങി. സുലൈഖയുടെ മടിയില്‍ തലയണ വെച്ച് കുട്ടിയെ കിടത്തികൊടുത്തു. പാല് കൊടുക്കാനൊന്നും അവള്‍ക്ക് വശമില്ലല്ലോ? കുഞ്ഞിന്റെ വായിലേക്ക് മുലക്കണ്ണ് വെച്ച് കൊടുക്കാന്‍ നഴ്സ് സഹായിച്ചു. ഫാത്തിമ മാറി നിന്നു നോക്കി. ഇതൊന്നും തനിക്ക് ചെയ്തു കൊടുക്കാനറിയില്ലല്ലോ? കല്യാണം കഴിച്ചതുകൊണ്ടു മാത്രം സ്ത്രീ ഉമ്മയാവുന്നില്ലല്ലോ? പ്രസവിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തണ്ടേ? ഈ വയസ്സിനുള്ളില്‍ അതിനൊട്ട് സാധിച്ചുമില്ല. അവളുടെ ഉള്ളില്‍നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.
ഡോക്ടര്‍ റൗണ്ട്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഡിസ്ചാര്‍ജ് ഷീറ്റ് തയാറാക്കിക്കഴിഞ്ഞിരുന്നു. രണ്ട് മൂന്ന് ദിവസത്തെ ഹോസ്പിറ്റല്‍ ജീവിതം കൊണ്ട് എല്ലാവര്‍ക്കും മടുപ്പ് വന്നു കഴിഞ്ഞിരുന്നു. സാധനങ്ങള്‍ കുറേയൊക്കെ ആമിനൈത്ത ഒതുക്കിവെച്ചിരുന്നതുകൊണ്ട് മുറി ഒഴിയാന്‍ ബുദ്ധിമുട്ട് വന്നില്ല.
കുഞ്ഞുമായി അമീറിന്റെ ഉമ്മ അമീറിനോടൊപ്പം മുന്‍സീറ്റില്‍ കയറി. പിന്‍സീറ്റില്‍ സുലൈഖയും ഫാത്തിമയും. കൈച്ചൂടേറ്റ് കുഞ്ഞ് മയങ്ങി. സുലൈഖയുടെ കണ്ണിലും ക്ഷീണം. കണ്ണാടിയിലൂടെ അമീര്‍ സ്നേഹത്തോടെ സുലൈഖയെ നോക്കുന്നത് ഫാത്തിമ കണ്ടില്ലെന്നു നടിച്ചു.
ആമിനൈത്ത ചായ്പ്പിലെ കട്ടിലില്‍ കിടക്ക വിരിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. തൊട്ടില് കെട്ടാന്‍ കൊളുത്തും ശരിയാക്കിയിരുന്നു. അമീറിന്റെ ഉമ്മ ഇടയ്ക്ക് കാറ് നിര്‍ത്തിച്ച് തൊട്ടിവടിയും തുണിയും കൊതുകു വലയും മിഠായിയും അമീറിനെക്കൊണ്ട് നേരത്തേ വാങ്ങിപ്പിച്ചിരുന്നു. ആമിനൈത്ത തയാറാക്കിവെച്ച നെയ്ച്ചോറും കോഴിക്കറിയും എല്ലാവരും കഴിച്ചു. അമീറിന്റെ ഉമ്മ തൊട്ടിലില്‍ മിഠായി ഇട്ട് കുലുക്കി മിഠായി മാറ്റി കുട്ടിയെ കിടത്തി. തെല്ല് നാണത്തോടെ സിദ്ദി വാതിലിനിടയിലൂടെ ഒളിഞ്ഞുനോക്കി. രണ്ടു ദിവസം ഞാനൊന്ന് മാറിനിന്നപ്പോഴേക്കും സിദ്ദിയുടെ കോലം എന്തായി. അമീറും ഉമ്മയും യാത്ര പറഞ്ഞിറങ്ങി. അവരെ യാത്രയാക്കി അകത്തോട്ട് കയറിവരുമ്പോള്‍ സിദ്ദി ഓടി വന്ന് ഫാത്തിമയെ കെട്ടിപ്പുണര്‍ന്നു. 'കിള്ള കുട്ടിയാണെന്നാണ് വിചാരം, വല്ല്യ വാലിയക്കാരനാ.' 'ആണെങ്കിലെന്താ ഞാനെന്റെ എളോമനെ അല്ലെ പൊത്തിപ്പിടിച്ചത്.' പ്രസവിച്ചില്ലെങ്കിലെന്താ തന്റെ മക്കള്‍ തന്നെയാണിവര്‍. അതിനുള്ള തെളിവല്ലേ തന്നെ കണ്ടപ്പോള്‍ സിദ്ദിയുടെ കണ്ണില്‍ കണ്ട തിളക്കം.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top