മിന്നുന്നതെല്ലാം പൊന്നല്ല
വിവ: കെ.കെ ഫാത്വിമ സുഹ്‌റ
ഏപ്രില്‍ 2021
ആദരണീയരായ ഉസ്താദ്,
ഞാന്‍ സങ്കീര്‍ണമായ ഒരു പ്രശ്‌നത്തിലാണ് അകപ്പെട്ടിരിക്കുന്നത്. അതില്‍ ഒരു പരിഹാരം ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ആദരണീയരായ ഉസ്താദ്,
ഞാന്‍ സങ്കീര്‍ണമായ ഒരു പ്രശ്‌നത്തിലാണ് അകപ്പെട്ടിരിക്കുന്നത്. അതില്‍ ഒരു പരിഹാരം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എങ്കില്‍ എന്നോട് എന്തിന് പറയണം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ജീവിതത്തില്‍ നേരിടുന്ന ഒറ്റപ്പെട്ടതും തികച്ചും വ്യത്യസ്തവുമായ പ്രശ്‌നമാണ് എന്റേത്. അത് ഞാന്‍ തുടക്കം മുതല്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം.
ഞാന്‍ അതിസുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു. അന്നാട്ടിലെ എല്ലാവര്‍ക്കും അവളുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അവളെ വിവാഹം കഴിക്കാന്‍ ഞാനും താല്‍പര്യമെടുത്തു. അവളുടെ പിതാവ് അവളെ എനിക്ക് വിവാഹം കഴിച്ചുതരുന്നതിനോട് അനുകൂലിക്കുന്നു എന്ന് അവളുടെ ഉമ്മ എന്റെ ഉമ്മയെ അറിയിച്ചപ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിനമായിരുന്നു അത്.
അന്നുമുതല്‍ ഞാന്‍ അവളുമായി പരിചയപ്പെടാന്‍ തുടങ്ങി. ഞാന്‍ അവളെ കാണാന്‍ പോയതു മുതല്‍ നേരിട്ടും അല്ലാതെയും അവളില്‍നിന്ന് ഇടക്കിടെ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന എനിക്ക് അതിലൊന്നും ഒരു അപാകതയും കാണാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, ഞാനവള്‍ക്ക് കുറച്ചു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. എന്നില്‍നിന്ന് സംഭവിക്കുന്ന എത്ര നിസ്സാര വീഴ്ചയെയും പര്‍വതീകരിക്കുന്ന പ്രവണത അവള്‍ക്ക് ഉണ്ടെന്ന് ഞാന്‍ അക്കാലയളവില്‍ മനസ്സിലാക്കി. നിസ്സാര വിഷയങ്ങളില്‍ പോലും ക്ഷമാപണം നടത്തി അത് ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പു കൊടുത്താലല്ലാതെ അവളുടെ പിണക്കം തീരുമായിരുന്നില്ല. അവള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഏത് നിസ്സാര വിഷയം ഉണ്ടാവുമ്പോഴും വിവാഹാന്വേഷണം തുടങ്ങിയതു മുതല്‍ സംഭവിച്ച ചെറിയ ചെറിയ വീഴ്ചകള്‍ പോലും വന്‍കുറ്റങ്ങള്‍ ആയി ഓര്‍ത്ത് എടുത്തിരുന്നു എന്നത് എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. ഞങ്ങള്‍ ഒരു വീട്ടില്‍ ഒന്നിച്ചു കഴിയുന്നതോടെ എല്ലാം ശരിയായിക്കൊള്ളും എന്നായിരുന്നു ഞാന്‍ കണക്കു കൂട്ടിയിരുന്നത്.
അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള വിവാഹം വളരെ സന്തോഷത്തോടെ നടന്നു. ഞാന്‍ കണക്കുകൂട്ടിയതു പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്വന്തം വീട്ടില്‍നിന്ന് ഭര്‍തൃവീട്ടിലേക്ക് മാറി താമസിച്ചതും മാതൃലാളന നഷ്ടപ്പെട്ടതും അവളെ പ്രതികൂലമായി ബാധിച്ചിരിക്കാം എന്ന് ഞാന്‍ കരുതി. ഗര്‍ഭം ധരിക്കുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യുന്നതോടെ എല്ലാം ശരിയായിക്കൊള്ളും എന്ന എന്റെ പ്രതീക്ഷയും അസ്തമിച്ചു. ഗര്‍ഭധാരണം ഉണ്ടാക്കിയ മാനസിക സംഘര്‍ഷം ആയിരിക്കാം എന്ന ധാരണയും അസ്ഥാനത്തായിരുന്നു. കാര്യങ്ങള്‍ അനുദിനം വഷളായി. അങ്ങനെ ഏഴ് വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളും ഉണ്ടായി. ഭാര്യയില്‍നിന്ന് എന്തിനും ഏതിനും പഴി കേട്ടു. ഒരു ചെറിയ പ്രശ്‌നമുണ്ടാവുമ്പോഴേക്ക് കഴിഞ്ഞ പ്രശ്‌നങ്ങളുടെ പഴയ കേസ് റിവൈസ് ചെയ്ത് കേട്ടും മാപ്പപേക്ഷിച്ചും ഈയുള്ളവന് സഹികെട്ടു.
എന്റെ ഭാര്യ പഠിച്ചവളാണ്, ബുദ്ധിയുള്ളവളാണ്, പ്രത്യുല്‍പന്നമതിയാണ് എന്ന കാര്യങ്ങളൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ എനിക്ക് അവളെയും അവളുടെ സൗന്ദര്യവും മടുത്തു. ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുള്ള ക്ഷമാപണവും ഇനി ആവര്‍ത്തിക്കുകയില്ലെന്ന് വാഗ്ദാനവും നല്‍കി ഞാന്‍ കുഴങ്ങി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന എന്റെ പ്രതീക്ഷയും അസ്തമിച്ചു. മൂന്ന് മാസം എല്ലാം നിസ്സാരമാക്കി കണ്ടില്ലെന്ന് നടിച്ച് ഞാന്‍ കഴിച്ചുകൂട്ടി. എനിക്ക് അവളോടും അവളുടെ സൗന്ദര്യത്തോടും വെറുപ്പായി. കയ്‌പ്പേറിയ ദുരനുഭവങ്ങളില്‍ എന്നെ സ്‌നേഹത്തോടെ പരിചരിക്കുന്ന ഒരുവളെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു പോയി. ഞാന്‍ എന്റെ കാര്യത്തില്‍ ഒരു ഉറച്ച തീരുമാനമെടുത്തു. നിങ്ങളോട് ഇത്രയും പറയുന്നത് നിങ്ങളില്‍നിന്ന് ഒരു പരിഹാരം പ്രതീക്ഷിച്ചുകൊണ്ടല്ല. എനിക്ക് ഉചിതമെന്ന് തോന്നിയ തീരുമാനം ഞാന്‍ തന്നെ എടുത്തുകഴിഞ്ഞു.
പ്രിയപ്പെട്ട സഹോദരാ...
താങ്കളുടെ അനുഭവകഥ വായിച്ചു. ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച താങ്കള്‍ക്ക് തികച്ചും അപ്രതീക്ഷിതമായി വളരെയേറെ നൊമ്പരപ്പെടുത്തുന്ന ദുരനുഭവങ്ങളുണ്ടായതില്‍ താങ്കളുടെ വിഷമത്തില്‍ ഈയുള്ളവനും പങ്കു ചേരുന്നു. പക്ഷേ ഇസ്‌ലാം പഠിപ്പിച്ച ഒരുപാട് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് താങ്കളില്‍നിന്നുണ്ടായത് എന്ന് പറയാതെ വയ്യ.
ഇണയെ തെരഞ്ഞെടുക്കുന്നതിന് താങ്കള്‍ സ്വീകരിച്ച മാനദണ്ഡം ഒട്ടും ശരിയായില്ല. സൗന്ദര്യമുണ്ടായാല്‍ മാത്രം കുടുംബജീവിതം മധുരിക്കുന്നതായിരിക്കുമെന്ന് താങ്കള്‍ കണക്കുകൂട്ടി. പ്രവാചകന്‍ (സ) നമുക്ക് നല്‍കുന്ന നിര്‍ദേശം; സാധാരണയായി സമ്പത്ത്, സൗന്ദര്യം, തറവാട്, ദീന്‍ ഈ നാല് പരിഗണനകളാണ് സ്ത്രീയെ വിവാഹം കഴിക്കുന്നതില്‍ ശ്രദ്ധിക്കാറുള്ളത്. നീ ദീനുള്ളവളെ തെരഞ്ഞെടുക്കുക. അല്ലാത്തപക്ഷം നീ നശിച്ചതു തന്നെ. എന്നാല്‍ പ്രവാചകന്റെ ഈ നിര്‍ദേശം താങ്കള്‍ ഒട്ടും പരിഗണിച്ചില്ല.
മറ്റൊരു കാര്യം നീ ചെയ്യേണ്ടത് അനിവാര്യമായിരുന്നു. താങ്കളുടെ ഭാര്യയുടെ സ്വഭാവദൂഷ്യങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ തിരുത്താന്‍ താങ്കളുടെ ഭാഗത്തു നിന്ന് ഒരു ശ്രദ്ധയുമുണ്ടായില്ല. ആദ്യം നല്ല രൂപത്തില്‍ താങ്കള്‍ കുടുംബജീവിതത്തില്‍ ഭാര്യയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അനുസരണത്തിന്റ പ്രാധാന്യത്തെക്കുറിച്ചും കുറ്റപ്പെടുത്തുന്ന ശൈലിയിലല്ലാതെത്തന്നെ ഉപദേശിക്കണമായിരുന്നു.
താങ്കള്‍ ഭാര്യയെയും കൂട്ടി അനുഭവസമ്പത്തുള്ള ഒരു കൗണ്‍സലറെ കണ്ട് അഭിപ്രായങ്ങളും ഉപദേശങ്ങളുമാരായുന്നതും ഫലപ്രദമായേനെ.
അവളുടെ കുടുംബത്തില്‍നിന്നും താങ്കളുടെ കുടുംബത്തില്‍നിന്നും രണ്ട് യോഗ്യരെ നിശ്ചയിച്ച് അവര്‍ വഴി ഒരു മധ്യസ്ഥശ്രമവും നടത്തിയിരുന്നെങ്കില്‍ ഒരളവോളം വിവാഹമോചനത്തിലെത്താതെ വിഷയം രമ്യതയിലെത്തിക്കാമായിരുന്നു.
അല്ലാഹു പറയുന്നു: ''നിങ്ങളില്‍നിന്ന് പിണക്കം ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുകയും കിടപ്പറ ബഹിഷ്‌കരിക്കുകയും ചെയ്യുക. ദമ്പതികള്‍ ഇരുവരുടെയും കുടുംബങ്ങളില്‍നിന്ന് ഒരു മധ്യസ്ഥനെ നിശ്ചയിക്കുക. അവര്‍ രണ്ടു പേരും രഞ്ജിപ്പാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പ് ഉണ്ടാക്കിയേക്കാം.''
താങ്കള്‍ മാത്രമല്ല മുസ്‌ലിം സഹോദരന്മാരില്‍ പലരും ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലുന്ന പതിവാണ് ഇന്ന് നാം കാണുന്നത്. അത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കരിവാരിത്തേക്കാന്‍ പറ്റിയ ഒരായുധമാണ്.
മാത്രമല്ല ഇനി നിനക്ക് ഉടനെ ഒരു ഇണയെ കണ്ടെത്തി ജീവിക്കാനാവും. എന്നാല്‍ നിന്റെ ഭാര്യയുടെയും മക്കളുടെയും കാര്യമോ? നമ്മുടെ നാട്ടില്‍ ഒരു തവണ വിവാഹിതയായാല്‍ തന്നെ കുട്ടികളില്ലെങ്കില്‍ പോലും അവരെ വിവാഹം കഴിക്കാന്‍ ആര് തയാറാവും? കുട്ടികളുള്ളവരുടെ കാര്യം മഹാ കഷ്ടമാണ്.
നിന്റെ വാത്സല്യനിധികളായ മൂന്ന് മക്കളുടെ കാര്യം നീ ചിന്തിച്ചിട്ടുണ്ടോ? അവരുടെ ഭാവി എന്താകും? ഉമ്മ വിവാഹമോചിതയാവുന്നത് കുട്ടികളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുന്നു. അവരില്‍ ഒരുപാട് മനഃസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഒറ്റയടിക്ക് സ്വയം ഇങ്ങനെയൊരു തീരുമാനമെടുത്തത് ന്യായമല്ല, ശരിയുമല്ല. ഇസ്‌ലാമിക ശരീഅത്തിനെതിരുമാണ്. അതിനാല്‍ വീണ്ടുവിചാരം നടത്തുക. ഒരുവിധം ഒത്തുപോകാനാവുമെങ്കില്‍ താങ്കളുടെ ഭാര്യാസന്താനങ്ങളോടൊപ്പം തന്നെ ജീവിക്കാന്‍ ശ്രമിക്കുക. അല്ലാഹു നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു.
നിന്റെ പ്രിയപ്പെട്ട ഉസ്താദ്
അവലംബം: അല്‍ മുജ്തമഅ്