അറിഞ്ഞ് പഠിക്കുക

പി.എ.എം അബ്ദുല്‍ഖാദര്‍
ഫെബ്രുവരി 2020

വിദ്യാര്‍ഥികള്‍ പരീക്ഷയെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. 10,11,12 ക്ലാസുകളില്‍ പൊതുപരീക്ഷയും മറ്റു ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷയുമാണ് നടക്കാന്‍ പോകുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്.
പരീക്ഷക്ക് വേണ്ടിയുള്ള ഒരുക്കം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി വിദ്യാര്‍ഥിക്കും രക്ഷിതാവിനും അധ്യാപകന്നും വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. നിരന്തരമായ വായനയും കുറേ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കലുമാണ് പരീക്ഷക്കുവേണ്ടിയുള്ള പഠനമെന്ന ഒരു അബദ്ധ ധാരണ നമ്മുടെ കുട്ടികളിലും രക്ഷിതാക്കളിലും പൊതുവെ കാണാറുണ്ട്. ഈ സങ്കല്‍പം മാറ്റിയേ പറ്റൂ. ഇങ്ങനെ വായിച്ചു പഠിക്കുന്നതൊക്കെ ഓര്‍മയില്‍ നില്‍ക്കുമെന്ന വിശ്വാസവും ശരിയല്ല. പരീക്ഷക്ക് ചോദ്യങ്ങള്‍ക്കുത്തരമെഴുതുന്നതില്‍ ഓര്‍മ സുപ്രധാന ഘടകമാണെന്ന വസ്തുത നിഷേധിക്കാനും കഴിയുകയില്ല. ഓര്‍മയെപ്പറ്റിയുള്ള ഒരു ശാസ്ത്രീയ വീക്ഷണമനുസരിച്ച് എന്തു പഠിച്ചാലും 20 മിനിറ്റകം 50 ശതമാനവും മറക്കുമെന്നാണ് പറയുന്നത്. ഒരു ദിവസത്തിനകം 65 ശതമാനവും ഒരാഴ്ചക്കകം 75 ശതമാനവും ഒരു മാസംകൊണ്ട് 80 ശതമാനവും മറക്കുമെന്നാണ് പഠനം. അതുകൊണ്ട് ആവര്‍ത്തിച്ചുള്ള വായനയും കാണാതെ പഠിക്കലും കൊണ്ടുമാത്രം പഠനം പൂര്‍ണമാകുന്നില്ല, പരീക്ഷാ സമയത്ത് അത് ഓര്‍മയില്‍ സജീവമായി അവശേഷിക്കുകയുമില്ല. പഠന പ്രക്രിയ ഫലവത്താകണമെങ്കില്‍ നാല് പ്രക്രിയകളിലൂടെ കടന്നുപോകണം. ഒന്നാമതായി വിവരങ്ങള്‍ തലച്ചോറിലേക്ക് എത്തിക്കുക എന്നതാണ് (Intake). രണ്ടാമതായി തലച്ചോറിലെത്തിയ വിവരങ്ങളെ വിശകലനം ചെയ്യലാണ് (Processing). മൂന്നാമതായി വിശകലനം ചെയ്ത കാര്യങ്ങള്‍ ന്യൂറോണ്‍ ശ്രേണിയിലേക്ക് എത്തലാണ് (Storing). നാലാമതായി ശേഖരിച്ച വിവരങ്ങളെ പിന്നീട് ഫലപ്രദമായി ഉപയോഗിക്കലാണ് (Retrieving). പഠിച്ചത് മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയകൂടി പഠനത്തിനും ഓര്‍മക്കും അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് (Association). ഈ അസോസിയേഷന്‍ നടക്കുമ്പോഴാണ് തലച്ചോറിലെ ഇലൃലയൃമഹ ഇീിലേഃല്‍ ശേഖരിക്കപ്പെടുന്നത് എന്നോര്‍ക്കണം. പഠിക്കുന്ന കാര്യങ്ങള്‍ ഈ പ്രക്രിയകളിലൂടെ ഓര്‍മയില്‍ കൊണ്ടുവരാനുള്ള പരിശ്രമമുണ്ടെങ്കില്‍ മാത്രമേ പരീക്ഷാ സമയത്ത് ഓര്‍മ ഉപകരിക്കുകയുള്ളൂ. പഠിക്കുന്ന കാര്യങ്ങള്‍ ജീവിതഗന്ധിയായ അനുഭവങ്ങളും അറിവുകളുമായി കോര്‍ത്തിണക്കാനുള്ള ചാതുര്യം കുട്ടികള്‍ക്കുണ്ടാകണം. ഒമ്പതാം ക്ലാസിലെ കെമിസ്ട്രി പാഠപുസ്തകം ചെറുകഥാ രൂപത്തിലാക്കിയ ഒരധ്യാപകന്റെ കഥ ഇത്തരുണത്തില്‍ സ്മരണാര്‍ഹമാണ്.
വായനയോടൊപ്പം ചര്‍ച്ചയും സംവാദവുമെല്ലാം പരീക്ഷാ തയാറെടുപ്പിന്റെ ഭാഗമായി ഉപയോഗപ്പെടുത്താം. ഓരോ വിഷയവും പഠിക്കുമ്പോള്‍ അതുമായി ബന്ധമുള്ള കാര്യങ്ങള്‍ മാതാപിതാക്കളെയോ കുടുംബങ്ങളെയോ കൂടെയിരുത്തി ചര്‍ച്ചയും ആശയവിനിമയവും നടത്തുന്നത് നല്ലതാണ്. പഠിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയണം. നിഷേധാത്മക ചിന്തകള്‍ മനസ്സില്‍ കടന്നുകൂടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സൃഷ്ടിപരമായ രീതിയില്‍ മനസ്സ് സഞ്ചരിക്കുമ്പോള്‍ മാത്രമേ വേണ്ടത് ഉള്‍ക്കൊള്ളാനും വേണ്ടാത്തത് തള്ളാനും സാധിക്കുകയുള്ളൂ. മനസ്സ് തന്നെയാണ് നമ്മുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന ഏറ്റവും വലിയ ശക്തി.
മാനസിക സന്തോഷവും ഉത്സാഹവും നല്‍കുന്ന തരത്തിലായിരിക്കണം പഠനം. സമയനിഷ്ഠ, ക്രമീകരണം, ആത്മാര്‍ഥത, കഠിനാധ്വാനം എന്നീ സവിശേഷതകളെല്ലാം തന്നെ പഠനത്തിന് ശക്തി പകരാന്‍ അനിവാര്യമാണ്. പരീക്ഷക്കു വേണ്ടിയുള്ള പഠനം തുടങ്ങുമ്പോള്‍ പഠിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ഓരോ വിദ്യാര്‍ഥിയും അവന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം പഠന ചുറ്റുപാട് തെരഞ്ഞെടുക്കേണ്ടത്. പഠന വിഷയങ്ങളില്‍ ഏകാഗ്രത പുലര്‍ത്താന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ കഴിയണം. പഠിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
പരീക്ഷക്കുവേണ്ടിയുള്ള പാഠഭാഗങ്ങള്‍ വ്യവസ്ഥാപിതമായി പഠിക്കല്‍ നിര്‍ബന്ധമാണ്. ഇതിന് വ്യക്തമായ സമയക്രമം പ്രധാനമാണ്. അതിരാവിലെയുള്ള ശ്രദ്ധാപൂര്‍വമായ വായന കൂടുതല്‍ ഓര്‍മിക്കാന്‍ സഹായകമാകും. മറ്റുള്ളവരെ പോലെ കുട്ടികളെയും ബാധിക്കുന്ന രോഗമാണ് പ്രോക്രാസ്റ്റിനേഷന്‍ (നീട്ടിനീട്ടിവെക്കല്‍). പഠിച്ച കാര്യങ്ങള്‍ തന്നെ പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടിവരും. നീട്ടിവെക്കല്‍ കൂടിയായാല്‍ കൂടുതല്‍ ടെന്‍ഷന്‍ വരുത്തിവെക്കും. പഠനത്തിന് വായനയും ചര്‍ച്ചയും എന്നപോലെ തന്നെ പ്രധാനമാണ് എഴുതി പഠിക്കലും വരച്ചു പഠിക്കലും. കണക്ക് എഴുതിത്തന്നെ പഠിക്കണം. കൂടുതല്‍ എഴുതി പരിശീലിക്കുംതോറും കൂടുതല്‍ എളുപ്പമായി തീരുന്ന ഒരു വിഷയമാണ് കണക്ക്. ചിത്രങ്ങള്‍ വരച്ചുപഠിക്കലും മാപ്പു വരയ്ക്കലും സ്ഥലങ്ങള്‍ അടയാളപ്പെടുത്തലും പഠനത്തെ വളരെ എളുപ്പമാക്കും.
പരീക്ഷ അടുക്കുംതോറും ഉറക്കമൊഴിച്ച് പഠിക്കുന്ന സ്വഭാവം നല്ലതല്ല. ഉറക്കം കുറയുന്നതനുസരിച്ച് ഓര്‍മശക്തിക്ക് കുറവു സംഭവിക്കുമെന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. പഠനത്തില്‍നിന്നും നമ്മെ പിറകോട്ടു വലിക്കുന്ന ഒരു വലിയ ശത്രു മടിയാണ്. നമ്മുടെ സമ്പത്തും വിജ്ഞാനവും പുരോഗതിയും മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളനാണ് മടി. ഒരിക്കലും മടിക്ക് അടിമപ്പെടാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
എപ്പോള്‍ എന്ത് എങ്ങനെ പഠിക്കണമെന്ന തിരിച്ചറിവ് ഉണ്ടായാലേ ആത്മവിശ്വാസമുണ്ടാവുകയുള്ളൂ. പ്രയാസങ്ങളും പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് മുന്നേറുമ്പോള്‍ മാത്രമേ വിജയം കൈവരികയുള്ളൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media