കഷണ്ടിയോ മുടികൊഴിച്ചിലോ ഉള്ള ഭാഗത്ത് തലമുടി പുതുതായി വെച്ചു പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് വിളിക്കുന്നത്. തലയോട്ടിയിലെ മുടി കൂടുതലുള്ള ഭാഗത്തുനിന്നോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗത്തുനിന്നോ മുടിയെടുത്ത് മുടികൊഴിഞ്ഞ ഭാഗത്ത് വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. താടിയിലും മീശയിലും പുരികത്തിലും ഇത് ചെയ്യാവുന്നതാണ്.
അടുത്ത കാലത്തായി ചെറുപ്പക്കാരിലെ മുടികൊഴിച്ചില്‍ വളരെ ഭയാനകമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 25-33 പ്രായപരിധിയിലുള്ള നിരവധി ചെറുപ്പക്കാരാണ് ചികിത്സ തേടി എത്തുന്നത്. ലോകമെമ്പാടുമായി 60 ശതമാനം പുരുഷന്മാരിലും 50 ശതമാനം സ്ത്രീകളിലും ഏതെങ്കിലും തരത്തിലുള്ള മുടികൊഴിച്ചില്‍ കാണപ്പെടുന്നുണ്ട്. മുടി വളര്‍ത്തുന്ന മറ്റ് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ട്രാന്‍സ്പ്ലാന്റ് കൂടുതല്‍ വിജയകരമാണെന്ന് കണ്ടുവരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായി ചില കാര്യങ്ങളുണ്ട്.
എന്തുകൊണ്ടാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്?
പ്രാഥമികമായി പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ പരിഷ്‌കരിച്ച രൂപമായ ഡൈഹെഡ്രോ ടെസ്റ്റോസ്റ്റിറോണ്‍ (ഡി.എച്ച്.ടി) തലയോട്ടിയിലെ ഹെയര്‍ ഫോളിക്കിളുകളെ അക്രമിക്കുമ്പോഴാണ് പുരുഷന്മാരില്‍ മുടികൊഴിച്ചില്‍ സംഭവിക്കുന്നത്. ഇത്തരത്തില്‍ രോഗം ബാധിച്ച ഫോളിക്കുകളില്‍ ഉണ്ടാകുന്ന തലമുടി വളരെ ചെറുതും കനംകുറഞ്ഞതുമായിരിക്കും. ഇതിന് നീളം കുറവായിരിക്കുന്നതിനൊപ്പം നിറവും കുറവായിരിക്കും. ക്രമേണ ഇവിടെ മുടി കിളിര്‍ക്കാതെയാകുന്നു. സാധാരണയായി പുരുഷന്മാരുടെ തലയുടെ വശത്തെയും പിറകിലെയും മുടികള്‍ ഇത്തരത്തില്‍ ഡി.എച്ച്.ടിയെ പ്രതിരോധിക്കാന്‍ കോഡ് ചെയ്തതാണ്. ഇതിനാലാണ് പുരുഷന്മാരില്‍ ഈ ഭാഗത്ത് കഷണ്ടിയുണ്ടാകുന്നത്.
അലോപ്പീഷ്യ ഏരിയേറ്റ പോലുള്ള അസുഖങ്ങള്‍ മുടികൊഴിച്ചിലിനോ അല്ലെങ്കില്‍ ഒരു ഭാഗത്തെ മുടി നഷ്ടപ്പെടുന്നതിനോ ഇടയാക്കും. നിര്‍ഭാഗ്യവശാല്‍ ഇത്തരം അവസ്ഥകള്‍ പരിഹരിക്കാന്‍ സാധിക്കില്ല. കാന്‍സര്‍, ആര്‍ത്രൈറ്റിസ്, വിഷാദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവക്കുള്ള മരുന്നുകളുടെ ഉപയോഗവും മാനസിക സമ്മര്‍ദവും മുടിനഷ്ടപ്പെടുന്നതിന് കാരണമാകാം. പാരമ്പര്യവും പ്രകൃതിയും ഇക്കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.
- ട്രാന്‍സ്പ്ലാന്റ് ചെയ്ത മുടി 8 മുതല്‍ 11 മാസത്തിനുള്ളില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതാണ്.
- മുടിയുടെ വളര്‍ച്ചക്ക് മികച്ച പരിചരണം ആവശ്യമാണ്.
- മാറ്റിവെച്ച മുടി നന്നായി വളരുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയും പോഷക സമ്പുഷ്ടമായ ആഹാരവും ആവശ്യമാണ്.
- ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കേണ്ടതും നിര്‍ദേശിക്കുന്ന കാലാവധിയില്‍ ഡോക്ടറെ വന്നു കാണേണ്ടതുമാണ്.
- മാറ്റിവെക്കപ്പെട്ട മുടിയുടെ 75 ശതമാനമോ അതില്‍ കൂടുതലോ പൂര്‍ണമായും തിരികെ വളരുന്നതിന് പ്ലാസ്മാതെറാപ്പി സഹായിക്കും.
ആര്‍ക്കൊക്കെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാം?
പാറ്റേണ്‍ രീതിയില്‍ മുടികൊഴിയുകയും ഡോണര്‍ ഏരിയയും ഉള്ള നല്ല ആരോഗ്യമുള്ള ഏതൊരാള്‍ക്കും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയും നല്ല ഫലം പ്രതീക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഡോണര്‍ ഏരിയ ദുര്‍ബലമായിട്ടുള്ള ഒരാള്‍ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ സാധിക്കില്ല. കടുത്ത പ്രമേഹമുള്ളവര്‍ക്കും എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള കടുത്ത രോഗമുള്ളവര്‍ക്കും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനാകില്ല.
പാര്‍ശ്വഫലങ്ങള്‍
മെഡിക്കല്‍ ടെസ്റ്റിനു ശേഷമാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നത്. എന്നാലും ചെറിയ നീര്, ചുവപ്പ് എന്നിവക്ക് സാധ്യതയുണ്ട്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റിനു ശേഷം മരുന്നുകള്‍ കഴിക്കേണ്ടതുണ്ടോ?
സര്‍ജിക്കല്‍ നടപടികള്‍ക്കു ശേഷം ഒരാഴ്ചയോളം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതായി വരും. ഇതോടൊപ്പം തലമുടി കരുത്തോടെ വളരാന്‍ സഹായിക്കുന്ന ചില വൈറ്റമിന്‍ സപ്ലിമെന്റുകളും കഴിക്കേണ്ടതായിവരും.
ഹെയര്‍ ഫിക്‌സിംഗ്
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കഷണ്ടി ബാധിച്ച ഭാഗത്ത് മുടി ഒട്ടിച്ചുവെക്കുന്ന വിദ്യയാണ് ഹെയര്‍ ഫിക്‌സിംഗ്.
സെന്‍സിഗ്രാഫ്റ്റ് ഹെയര്‍ ഫിക്‌സിംഗ്
ഡോണര്‍ സൈറ്റില്‍ മുടി കുറവുള്ളവര്‍ക്ക് കഷണ്ടി പൂര്‍ണമായും മറയ്ക്കാന്‍ കഴിയുന്ന വിധം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കഴിയണമെന്നില്ല. അത്തരക്കാര്‍ക്ക് തലയുടെ മുന്‍ഭാഗത്ത് കഴിയുന്നത്ര ഉള്‍ക്കനം ലഭിക്കാവുന്ന വിധത്തില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയും മറ്റ് ഭാഗത്ത് ഹെയര്‍ ഫിക്‌സിംഗ് ചെയ്യുകയും ചെയ്യുന്ന ഒരു സംയുക്ത പ്രക്രിയയാണ് ഇത്.
മുടികൊഴിച്ചില്‍ തടയാനുള്ള ഫലപ്രദമായ ചികിത്സ
പി.ആര്‍.പി, മീസോതെറാപ്പി, താരനുള്ള ചികിത്സ എന്നിവയെല്ലാം ഫലപ്രദമായ ചികിത്സകളാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ 10 മുതല്‍ 15 മില്ലി ലിറ്റര്‍ രക്തം ശേഖരിച്ച് അതില്‍നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് മുടികൊഴിച്ചിലുള്ള ഭാഗത്ത് കുത്തിവെക്കുന്നതിലൂടെ മുടികൊഴിച്ചില്‍ തടയാന്‍ കഴിയും. ഇതാണ് പി.ആര്‍.പി ചികിത്സ.
രക്തസഞ്ചാരത്തിന്റെ അപര്യാപ്തത കൊണ്ടുള്ള മുടികൊഴിച്ചില്‍ തടയാനായി ത്വക്കിന്റെ മധ്യപാളിയായ മീസോഡെര്‍മിലേക്ക് ഔഷധങ്ങള്‍ കുത്തിവെച്ചുകൊണ്ടുള്ള ചികിത്സയാണ് മീസോതെറാപ്പി.
തലമുടിയുടെ ഉള്‍ക്കനം കുറഞ്ഞവര്‍ക്ക് സൂക്ഷ്മമായി ചര്‍മത്തിലേക്ക് പിഗ്‌മെന്റ് നല്‍കിക്കൊണ്ട് യഥാര്‍ഥത്തില്‍ കനമുള്ള മുടിയായി തോന്നിപ്പിക്കുന്നു. ഇതിനെ സ്‌കാല്‍പ്പ് മൈക്രോ പിഗ്‌മെന്റേഷന്‍ എന്നു പറയുന്നു. ഇതു കൂടാതെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഹെയര്‍ എക്സ്റ്റന്‍ഷന്‍ സൗകര്യം, താരനുള്ള ചികിത്സ, പുരികത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനുള്ള മൈക്രോ ബ്ലേഡിംഗ് എന്നീ ചികിത്സാ രീതികളും നിലവിലുണ്ട്.