ഭരണഘടനയെ വികൃതമാക്കാന്‍ അനുവദിക്കില്ല
''വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും.'' വളരെ മൗലികവും ജനാധിപത്യപരവും
''വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും.'' വളരെ മൗലികവും ജനാധിപത്യപരവും മതേതരവും സമത്വാധിഷ്ഠിതവുമായ ഭരണഘടന സ്വതന്ത്ര്യ ഇന്ത്യക്കു നല്‍കിക്കൊണ്ട് അതിന്റെ മുഖ്യ ശില്പിയായ ഡോ. ബി.ആര് അംബേദ്കര്‍ പറഞ്ഞ വാക്കുകളാണിത്.
രാജ്യത്തെ പൗരന്മാരെ മത-ജാതി-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ ആദരിക്കണമെന്നും അവന്റെ എല്ലാ അവകാശ അധികാരങ്ങളും കൃത്യമായും പരിരക്ഷിക്കപ്പെടണമെന്നും ഉറപ്പാക്കിക്കൊണ്ടാണ് അദ്ദേഹം ഭരണഘടന രാജ്യത്തിനു സമര്‍പ്പിച്ചത്.
എഴുതപ്പെട്ട ആ ഭരണഘടന ആരിലൂടെയാണോ പ്രയോഗവല്‍ക്കരിക്കപ്പെടുന്നത് അപ്രകാരമായിരിക്കും അതിന്റെ നിലനില്‍പ്പ് എന്ന ഉന്നതമായ കാഴ്ചപ്പാടും അദ്ദേഹം അന്നേ നാടിനു നല്‍കിയിരുന്നു. അദ്ദേഹം ഭയന്നൊരു ദുര്യോഗത്തിലൂടെയാണ് നാട് കടന്നുപോകുന്നത്. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന ഫാഷിസ്റ്റ് ഭരണാധികാരികളാല്‍ രാജ്യഭരണം നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലാണിന്ന്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ രാജ്യത്തു നിന്ന് പുറത്താക്കി മതേതര ഇന്ത്യയെ മതാന്ധത ബാധിച്ചവരുടെ നാടാക്കി മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം നല്കിയ ആപത്സൂചനയാണ് നാം കാണുന്നത്. പൗരത്വ ബില്ലിലൂടെ മുസ്ലിം ഉന്മൂലനം മാത്രമാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെങ്കിലും ഉന്നതമായ ഭരണഘടനയെ തന്നെയാണ് ഫാഷിസ്റ്റുകള്‍ വെല്ലുവിളിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അവബോധമുള്ളൊരു വിദ്യാര്‍ഥിക്കൂട്ടം ഉയര്‍ത്തിവിട്ട പ്രതിഷേധജ്വാല ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടികളും ജനങ്ങളുും ഏറ്റെടുത്തു മുന്നേറുമ്പോള്‍ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ആരാമം ആഗ്രഹിക്കുന്നു. ഇന്ന,് പത്ത് സ്ത്രീകള്‍ തുടങ്ങിവെച്ച ശാഹീന്‍ ബാഗിലെ സമരം അഗ്നിയായി പടര്‍ന്ന് ആയിരം ഉമ്മമാരുടെയും ആയിരമായിരം പെണ്‍കുട്ടികളുടെയും സമരാഗ്നിയാകുമ്പോള് ഓര്‍മിപ്പിക്കേണ്ട ചരിത്ര വസ്തുതകളെയാണ് ആരാമം ഓര്‍മിക്കാന്‍ ശ്രമിക്കുന്നത്. രാജ്യവും ജനതയും ആപത്ഘട്ടത്തില്‍ ഏര്‍പ്പെടുന്ന അവസരത്തിലെല്ലാം ഉണര്‍ത്തെണീറ്റ അവരുടെ മുന്‍ തലമുറയെ ഓര്‍മിക്കുകയാണ് ആരാമം. സാമ്രാജ്യത്വ ബ്രിട്ടനെതിരെ ഏറനാടന്‍ മാപ്പിള പെണ്ണുങ്ങള് ഉയര്‍ത്തിയ ആ ആവേശം തന്നെയാണ് ഇന്ന് ജാമിഅ മില്ലിയ്യയിലൂടെ കത്തിപ്പടര്ന്നതെന്ന ഓര്മപ്പെടുത്തലുകള് ആരാമം നടത്തുകയാണ്.
സൂര്യനസ്തമിക്കാത്ത വെള്ള പട്ടാളക്കാര്‍ക്കുനേരെ രക്തസാക്ഷിത്വം വരിക്കാന്‍ തയാറായിക്കൊണ്ടു നാടിന്റെ മോചന മുദ്രാവാക്യമുയര്‍ത്തി പൊരുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീറുറ്റ ചരിത്രം ഒരിക്കല്‍കൂടി ആരാമം ഓര്‍ക്കുകയാണ്. ഭരണകൂട തെമ്മാടിത്തത്തിനെതിരെ പൊരുതുന്നവരെ നോക്കി അവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്നു പറഞ്ഞ് ജനതക്കിടയില്‍ വിദ്വേഷം വമിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനായി സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയാത്ത ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് അറിഞ്ഞുകൂടാത്തവരുടെ ചരിത്രമാണത്.