ചൈനയിലെ ഒരു കര്‍ഷകന്റെ കഥയുണ്ട്. കര്‍ഷകന്‍ തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു മേത്തരം കുതിരയുണ്ടായിരുന്നു. ഒരു ദിവസം കുതിരയെ കാണാതായി. എത്ര തെരഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരും ബന്ധുക്കളും മറ്റു കര്‍ഷകരുമെല്ലാം വീട്ടില്‍ വന്ന് കര്‍ഷകനെ സമാശ്വസിപ്പിച്ചു. വലിയ സങ്കടമായിപ്പോയല്ലോ എന്നു പറഞ്ഞു. കര്‍ഷകന്‍ സാരമില്ല, കുഴപ്പമില്ല എന്നു പറഞ്ഞ് അവരെ സമാശ്വസിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈ കുതിര ഒരു പെണ്‍കുതിരയുമായി തിരിച്ചുവന്നു. നേരത്തേ സമാശ്വസിപ്പിക്കാന്‍ വന്നവര്‍ സന്തോഷത്തില്‍ പങ്കുചേരാന്‍ അല്ലെങ്കില്‍ സന്തോഷം പ്രകടിപ്പിക്കാനായി കര്‍ഷകന്റെ വീട്ടില്‍ വീണ്ടും വന്നു. അവര്‍ പറഞ്ഞു: 'വലിയ ഭാഗ്യമായി അല്ലേ. ആദ്യത്തെ കുതിരയെ തിരിച്ചുകിട്ടി. ഒപ്പം ഒരു പുതിയ പെണ്‍കുതിരയെയും കിട്ടി. ചിലപ്പോള്‍ ഇനി അത് പ്രസവിച്ച് കുറേ കുതിരകള്‍ ഉണ്ടാവുകയും ചെയ്യുമായിരിക്കും.' പക്ഷേ, കര്‍ഷകന്‍ ഈ സന്തോഷ വിശേഷത്തിലൊന്നും പങ്കുചേര്‍ന്നില്ല. കര്‍ഷകന്‍ പറഞ്ഞു: 'കുഴപ്പമില്ല. സാരമില്ല.' നോക്കാം. ആകുമായിരിക്കാം. ചിലപ്പോള്‍ അങ്ങനെ അല്ലായിരിക്കാം എന്നൊക്കെ മാത്രം പറഞ്ഞു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം കര്‍ഷകന്റെ യുവാവായ മകന്‍ കുതിരപ്പുറത്തുനിന്ന് വീണ് കാലൊടിഞ്ഞുപോയി. ഈ മകന്‍ കൃഷിയില്‍ കര്‍ഷകന്റെ വലിയ സഹായിയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും സഹകര്‍ഷകരും വന്ന് കര്‍ഷകനോട് വലിയ ദുഃഖം പ്രകടിപ്പിച്ചു. കര്‍ഷകന്‍ അല്‍പം നിസ്സംഗതയോടെ കുഴപ്പമില്ല, സാരമില്ല, ശരിയാവും എന്നൊക്കെ പറഞ്ഞു. അതിനിടയില്‍ ഇവരുടെ രാജ്യവും അയല്‍രാജ്യവുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിന് സൈന്യം മാത്രം മതിയാവാത്തതുകൊണ്ട് രാജ്യത്തെ മുഴുവന്‍ ചെറുപ്പക്കാരെയും രാജകിങ്കരന്മാര്‍ സൈന്യത്തിലേക്ക് നിര്‍ബന്ധമായി കൂട്ടിക്കൊണ്ടുപോയിക്കൊണ്ടിരുന്നു. കര്‍ഷകന്റെ മകനെ അന്വേഷിച്ച് വീട്ടില്‍ വന്നപ്പോള്‍ അവന്‍ കാലൊടിഞ്ഞു കിടക്കുന്നു. അതുകാരണം അവന് യുദ്ധത്തിനു പോകേണ്ടി വന്നില്ല. അയല്‍ക്കാരും ബന്ധുക്കളും സഹകര്‍ഷകരും കര്‍ഷകന്റെ വീട്ടില്‍ വന്ന് വലിയ സന്തോഷം പ്രകടിപ്പിച്ചു. കാലുപൊട്ടിയത് എത്ര ഭാഗ്യമായി അല്ലേ എന്നു പറഞ്ഞു. കര്‍ഷകന്‍ കുഴപ്പമില്ല, സാരമില്ല എന്നൊക്കെ അല്‍പം നിസ്സംഗതയോടെ പറഞ്ഞു.
ഈ വിഷയകമായി ഈ കഥക്കും ചില പരിമിതികളുണ്ട്. കഥയിലെ കര്‍ഷകന് നേരത്തേ അറിയില്ലായിരുന്നെങ്കിലും യാദൃഛയാ ഈ കഥയില്‍ സംഭവിച്ചതെല്ലാം കര്‍ഷകന് ഗുണകരമായാണ് ഭവിച്ചത്. ജീവിതത്തില്‍ സംഭവിക്കുന്നതിനെ നല്ലതാക്കാന്‍ പരിശ്രമിക്കുകയും ഒപ്പം സംഭവിക്കുന്നതിനെ അമിത വൈകാരികതയില്ലാതെ സ്വീകരിക്കുകയും ചെയ്യുക എന്നത് ജീവിതാസ്വാദനത്തിലും ജീവിത വിജയത്തിലും വളരെ പ്രധാനമാണ്.
സന്തോഷമുണ്ടാകുമ്പോള്‍ മതിമറന്ന് സന്തോഷിക്കാതിരിക്കുകയും ദുഃഖം ഉണ്ടാവുമ്പോള്‍ എല്ലാം മറന്ന് ദുഃഖിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ മൂലതത്ത്വം. ഒരുപാട് ദുഃഖിക്കരുത് എന്നത് ശരിയാണ്. ഒരുപാട് സന്തോഷിച്ചാല്‍ എന്താണ് കുഴപ്പം എന്നു ചോദിക്കുന്നവരുണ്ടാകും. ശരിയാണ്, സന്തോഷം നല്ല കാര്യമാണ്. ദുഃഖം മോശവും. പക്ഷേ, സന്തോഷമുണ്ടാകുമ്പോള്‍ അത് ഒരുപാട് അനുഭവിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാവുമ്പോള്‍ ദുഃഖവും ഒരുപാടനുഭവപ്പെടും. ഇത് പരസ്പരബന്ധിതമാണ്. അതില്‍നിന്ന് ഒന്നിനെ മാത്രം തെരഞ്ഞെടുക്കാനാവില്ല. ചില പ്രായമായവര്‍, ചെറുപ്പമായവര്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, വേണ്ട, ദുഃഖിക്കേണ്ടിവരും എന്നു പറയുന്നതിന്റെ അര്‍ഥം അധികം സന്തോഷിച്ചാല്‍ പ്രകൃതിപരമോ ദൈവികമോ ആയ ശിക്ഷയായി ദുഃഖമുണ്ടാവുമെന്നായിക്കൊള്ളണമെന്നില്ല. മറിച്ച്, അമിത സന്തോഷവും അമിത ദുഃഖവും ഇരട്ട മക്കളാണെന്ന വിവേകം കൂടിയായിരിക്കാം അത്.
ദുഃഖത്തിന്റെയോ സന്തോഷത്തിന്റെയോ അതിവൈകാരികതക്ക് അടിപ്പെടാത്തവര്‍ക്കാണ് കാര്യങ്ങളെ അതിന്റെ സത്യസന്ധതയില്‍ മനസ്സിലാക്കാന്‍ സാധിക്കുക, അതുകൊണ്ടുതന്നെ ശരിയായ തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുക. പ്രവാചകന്‍ ഇങ്ങനെ ഒരു പ്രാര്‍ഥന പഠിപ്പിക്കുന്നുണ്ട്: 'അല്ലാഹുവേ, കാര്യങ്ങളെ അവ എങ്ങനെയാണോ ഉള്ളത് അതുപോലെ ഞങ്ങളെ കാണിക്കണേ.' ഇങ്ങനെ കാണാന്‍ സാധിക്കുക എന്നു പറഞ്ഞാല്‍ വൈകാരിക സന്തുലിതത്വത്തിന്റെ മാനസികാവസ്ഥ കൈവരിക്കാന്‍ കഴിയുക എന്നുകൂടിയാണര്‍ഥം. പുറത്താക്കപ്പെട്ട പ്രവാചകന്‍ വിജയിയായി മക്കയില്‍ തിരിച്ചെത്തുന്ന രംഗം പ്രവാചകന്റെ ജീവചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. ഒരു ശരാശരി മനുഷ്യന്‍ സന്തോഷം കൊണ്ട് മതിമറക്കേണ്ട സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ പ്രവാചകചരിത്രം നല്‍കുന്ന ചിത്രം മറ്റൊന്നാണ്: 'ദൃക്‌സാക്ഷികള്‍ പറയുന്നത് കോപമോ അമര്‍ഷമോ അഹംബോധമോ ഒന്നും ലവലേശം ആ മുഖത്തോ ശരീരചനലങ്ങളിലോ പ്രതിഫലിച്ചിരുന്നില്ല എന്നാണ്. താന്‍ യാത്ര ചെയ്യുന്ന പെണ്ണൊട്ടകത്തിന്റെ മുതുകില്‍ പോലും വിനയാന്വിതനായും ദൈവത്തിന് നന്ദിപ്രകാശിപ്പിച്ചും അദ്ദേഹം സാഷ്ടാംഗം വീഴുന്നുണ്ടായിരുന്നു' (ദൈവദൂതനായ മുഹമ്മദ്, ഡോ. മുഹമ്മദ് ഹമീദുല്ല പേ. 272). ഇത് പ്രവാചക വ്യക്തിത്വത്തിന്റെ പൊതുസ്വഭാവമായിരുന്നു. പ്രവാചകന്‍ ഒരിക്കലും അമിതമായി സന്തോഷിക്കുകയോ അമിതമായി ദുഃഖിക്കുകയോ ചെയ്തിരുന്നില്ല. വികാരങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമില്ലാത്ത സന്തുലിത വ്യക്തിത്വം. ഇതൊരിക്കലും നിര്‍വികാരതയല്ല, ജീവിതത്തോടുള്ള ശരിയായ വികാരമാണ്. ശരിയായ വികാരങ്ങളാണ് ജീവിതത്തെ മാര്‍ദവമുള്ളതാക്കുന്നത്.
പ്രവാചകന്‍ മാത്രമല്ല പ്രവാചകന്റെ ധാരാളം അനുചരന്മാരായ സ്ത്രീകളും പുരുഷന്മാരും ഈ മനോനില കൈവരിച്ചവരായിരുന്നു. ഈ മനോനിലയെ വിസ്മയകരമായ പ്രവൃത്തികളിലൂടെ അവര്‍ പ്രകാശിപ്പിച്ചിരുന്നു. അബൂത്വല്‍ഹ-ഉമ്മുസുലൈം ദമ്പതികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധരാണ്. അബൂത്വല്‍ഹയില്‍നിന്ന് ഇസ്‌ലാം സ്വീകരണത്തെ മഹ്‌റായി വാങ്ങിയ തരുണിയാണ് ഉമ്മുസുലൈം. ഉഹുദില്‍ ധീരമായ പങ്കുവഹിച്ച ദമ്പതികള്‍. അവരുടെ പുത്രനായിരുന്നു ഉമൈര്‍. ഉമൈര്‍ രോഗിയായിരിക്കെ ഉമ്മുസുലൈം നല്‍കിയ ധൈര്യത്തിന്റെ ബലത്താല്‍ അബൂത്വല്‍ഹ ഉപജീവനാര്‍ഥം പുറത്തുപോയി. രണ്ടു ദിവസം കഴിഞ്ഞ് ഉമൈര്‍ മരണപ്പെട്ടു. ഉമ്മുസുലൈം സ്വയം നിയന്ത്രിതയായി. കുഞ്ഞിന്റെ മൃതശരീരം കുളിപ്പിച്ചു ഖബ്‌റടക്കി.
'മകന്‍ മരിച്ച കാര്യം നിങ്ങളാരും അബൂത്വല്‍ഹയോട് പറയരുത്, ഞാന്‍ തന്നെ അറിയിച്ചുകൊള്ളാം' - ഉമ്മുസുലൈം എല്ലാവരോടുമായി പറഞ്ഞു. പിറ്റേന്ന് അബൂത്വല്‍ഹ തിരിച്ചെത്തി. മകന്റെ സുഖവിവരമാരാഞ്ഞു. 'മുമ്പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അവന്‍ കൂടുതല്‍ ശാന്തതയിലാണ്....' ഉമ്മുസുലൈം പറഞ്ഞു. അബൂത്വല്‍ഹക്ക് ആശ്വാസമായി. ഭക്ഷണം കഴിച്ചു. ദമ്പതികള്‍ ശയിച്ചു. നേരം പുലര്‍ന്നപ്പോള്‍ ഉമ്മുസുലൈം അദ്ദേഹത്തോടു ചോദിച്ചു: 'ഒരാള്‍ നിങ്ങളുടെ പക്കല്‍ ഒരു വസ്തു പണയം വെച്ചുവെന്ന് കരുതുക. ഉടമസ്ഥന്‍ വന്ന് ആ വസ്തു തിരിച്ചുകൊണ്ടുപോയാല്‍ നിങ്ങള്‍ക്ക് അതൃപ്തി ഉണ്ടാകുമോ...?' 'ഇല്ല.' എനിക്ക് അതൃപ്തി ഉണ്ടാവുകയില്ല. അത് മടക്കിക്കൊടുക്കേണ്ടതു തന്നെയാണ്.' അബൂത്വല്‍ഹ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: 'താങ്കളുടെ മകന്‍ അല്ലാഹുവിന്റെ അമാനത്താണല്ലോ, അവനെ അല്ലാഹു തിരിച്ചെടുത്തിരിക്കുന്നു.' ഇത് ഇത്തരമൊരു മനോനിലയുടെ വിസ്മയപ്രകാശനമാണ്.
മുസ്‌ലിം സമൂഹത്തെക്കുറിച്ച ഖുര്‍ആനിക വിഭാവന അവര്‍ മധ്യമസമുദായമാണെന്നാണ്: ''അപ്രകാരം നിങ്ങളെ നാമൊരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്കു സാക്ഷികളാകുന്നതിനുവേണ്ടി. ദൈവദൂതന്‍ നിങ്ങള്‍ക്കു സാക്ഷിയാവാന്‍ വേണ്ടിയും...'' (അല്‍ബഖറ 141). ഉത്തമ സമൂഹത്തിന്റെ സവിശേഷതയായി പറയപ്പെട്ട മധ്യമത്വം വൈകാരികമായ മധ്യമത്വം കൂടിയാണ്. ഏതു കാര്യത്തിലും അറ്റങ്ങളില്‍ ചെന്നുനില്‍ക്കാതിരിക്കലാണത്. ഒന്നാമതായി നാം മധ്യമത്വം ശീലിക്കേണ്ടത് വൈകാരികതയിലാണ്. വൈകാരികതയില്‍ മധ്യമത്വം ശീലിച്ചാല്‍ പ്രവൃത്തികളില്‍ സ്വാഭാവികമായും മധ്യമത്വം കൈവരും.
വൈകാരിക സന്തുലിതത്വം, അല്ലെങ്കില്‍ മധ്യമത്വം എന്നാല്‍ ലോകത്തെ, ജീവിതത്തെ അതെങ്ങനെയാണോ അങ്ങനെ സ്വീകരിക്കുക എന്നതല്ല. ജീവിതവും ലോകവും എന്താണോ ആയിത്തീരേണ്ടത് അതിനുവേണ്ടി നാം സമര്‍പ്പിതരായി അധ്വാനിക്കുന്നു. എന്നിട്ടും ഉണ്ടായിത്തീരുന്നതിനെ നാം അതിവൈകാരികതകളില്ലാതെ വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സംഭവിച്ചതിനെ വൈകാരികമായ വേലിയേറ്റങ്ങളോ വേലിയിറക്കങ്ങളോ ഇല്ലാതെ ശാന്തതയോടെ സ്വീകരിക്കുന്നു.
ശരിയായ വിശ്വാസത്തില്‍നിന്ന് ഉണ്ടാവുന്ന മാനസികാവസ്ഥയാണിത്. ഈ ശാന്തതയുടെ ഉറവിടം ശരിയായ ദൈവവിശ്വാസമാണ്. എല്ലാമറിയുന്ന ദൈവത്തെക്കുറിച്ച ബോധ്യം നമ്മുടെ വൈകാരിക അറിവുകളെ സന്തുലിതമാക്കും. നമ്മുടെ വൈകാരികതയുടെ തുലാസിനെ നേരെ നിര്‍ത്തും. അല്ലാഹു ആകാശത്തെ ഉയര്‍ത്തുകയും തുലാസിനെ സ്ഥാപിക്കുകയും ചെയ്തു (അര്‍റഹ്മാന്‍ 7). പ്രാപഞ്ചികമായ ആകാശത്തു മാത്രമല്ല, ഓരോ വ്യക്തിയുടെയും വൈകാരികമായ ആകാശത്തും അല്ലാഹുവിനെക്കുറിച്ച ശരിയായ ബോധം സന്തുലിതത്വത്തിന്റെ തുലാസിനെ സ്ഥാപിക്കുന്നു.
നമ്മുടെ ജീവിതത്തെ തന്നെ ഒരടി അകലം പാലിച്ച് നോക്കിക്കാണുന്ന കലയാണിത്. ജീവിതത്തില്‍ അമിത വൈകാരികതയില്‍ മുഴുകുന്നവര്‍ക്ക് ജീവിതത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കാനോ ആസ്വദിക്കാനോ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കഴിയില്ല. ഒരടി മാറിനിന്ന് നോക്കിയാല്‍ മാത്രമേ നമ്മുടെ ജീവിതത്തിന്റെ ശരിയായ ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ. ഏറെ അടുത്തുനിന്ന് നോക്കിയാല്‍ കിട്ടുന്നത് വികല ചിത്രമായിരിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനോഹരമായി പരിഹരിച്ചുകൊടുക്കുന്ന പലരും സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തവരായി മാറുന്നത് എന്തുകൊണ്ട്? മറ്റുള്ളവരുടെ പ്രശ്‌നത്തെ ഒരടി മാറിനിന്നാണ് നാം നോക്കിക്കാണുന്നത്, നമ്മുടെ പ്രശ്‌നത്തെ അതിവൈകാരികമായി ഏറെ അടുത്തുനിന്നും. അടുത്തുനിന്നുമുള്ള കാഴ്ച ഒരിക്കലും നമ്മെ പരിഹാരത്തിലേക്കെത്തിക്കില്ല. കാരണം അടുത്തുനിന്നുള്ള കാഴ്ച അതിവൈകാരികമായ കാഴ്ചയാണ്. നമ്മുടെ കീശയില്‍നിന്ന് നാണയം വെള്ളത്തില്‍ വീണുപോയി എന്നു കരുതുക. വെള്ളത്തിലിറങ്ങി നാം എത്ര തെരഞ്ഞാലും അത് കിട്ടണമെന്നില്ല. കാരണം തെരയുന്നതിനനുസരിച്ച് വെള്ളം കൂടുതല്‍ കലങ്ങുകയാണ് ചെയ്യുക. നാം കരയില്‍ കയറിനിന്ന് നോക്കിയാല്‍ വെള്ളം തെളിയും, നാണയം കാണും. ഒരടി മാറിനിന്ന് ജീവിതത്തെ നോക്കുക എന്നതിന്റെ അര്‍ഥം അതിവൈകാരികതയില്ലാതെ ജീവിതത്തെ നോക്കിക്കാണുക എന്നാണ്. ദൈവഭക്തര്‍ക്ക് സത്യത്തെയും അസത്യത്തെയും, യാഥാര്‍ഥ്യത്തെയും അയാഥാര്‍ഥ്യത്തെയും വിവേചിച്ചറിയാനുള്ള ശേഷി (ഫുര്‍ഖാന്‍) നല്‍കുമെന്ന് ഖുര്‍ആന്‍ പറയുന്നു (അന്‍ഫാല്‍ 29).
1) '.... മിതത്വവും അവധാനതയും സൗന്ദര്യബോധവും പ്രവാചകത്വത്തിന്റെ 25 അംശങ്ങളില്‍ ഒരംശമാണ്....' (മുവത്വ)