സത്യപ്രവാചകന്‍ മുഹമ്മദ് (സ) തന്റെ പ്രബോധനവുമായി ഇറങ്ങിത്തിരിച്ച ആദ്യഘട്ടത്തില്‍ തന്നെ അനന്തര ഫലങ്ങള്‍ വകവെക്കാതെ ഇസ്‌ലാം സ്വീകരിച്ചവരാണ് അര്‍വയും മകനും.
നബി(സ)യുടെ പിതൃസഹോദരി എന്ന് പരിചയപ്പെടുത്തുന്നതോടെ ഈ സ്വഹാബി വനിതയുടെ വംശപരമ്പര ചരിത്ര വിദ്യാര്‍ഥികളുടെ മുമ്പില്‍ തെളിയും. അല്ലാമാ ഇബ്‌നു സഅ്ദ്, ഇബ്‌നു ഖയ്യിം തുടങ്ങിയ ഗ്രന്ഥകാരന്മാരെല്ലാം ഇവരുടെ ഇസ്‌ലാം പ്രവേശം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹസ്രത്ത് അര്‍വയുടെ വിവാഹം ഉമൈറുബ്‌നു വഹബുബ്‌നു അസദുബ്‌നു ഖുസയ്യുമായി നടന്നു. ഈ ബന്ധത്തില്‍ ത്വലീബ് എന്ന പേരില്‍ ഇവര്‍ക്കൊരു മകന്‍ ജനിച്ചു. ഈ മകന്‍ യൗവനം പ്രാപിച്ച ഉടനെ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു.
നബി(സ) അര്‍ഖമു ബ്‌നു അബീ അര്‍ഖമിന്റെ വീട്ടില്‍ താമസിക്കുന്ന അവസരം. അര്‍വയുടെ മകന്‍ ത്വലീബ് (റ) ദാറുല്‍ അര്‍ഖമില്‍ കടന്നു ചെന്ന്, ഇസ്‌ലാം സ്വീകരിച്ചു. ഉടനെ വീട്ടില്‍ തിരിച്ചെത്തി ഉമ്മ അര്‍വയോട് പറഞ്ഞു: 'പ്രിയമാതാവേ! ഞാന്‍ എന്റെ മച്ചുനന്‍ മുഹമ്മദ് നബി(സ)യില്‍നിന്ന് ഈമാന്‍ കൊണ്ടിരിക്കുന്നു! അദ്ദേഹം അല്ലാഹുവിന്റെ സത്യദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'
അര്‍വാ അന്ന് ഇസ്‌ലാമില്‍ എത്തിയിട്ടില്ല. എന്നാല്‍ വളരെ ദുഃഖത്തോടെയും ആത്മാര്‍ഥതയോടെയും അവര്‍ പറഞ്ഞു: 'മകനേ, നിന്റെ സഹോദരന്‍ ഇന്ന് വിരോധികളുടെ കണ്ണിലെ കരടാണ്. അദ്ദേഹം മര്‍ദിതനും നിസ്സഹായനുമാണ്. തീര്‍ച്ചയായും നിന്റെ സഹായം അദ്ദേഹത്തിന് ആവശ്യമാണ്. എനിക്ക് പുരുഷന്മാരുടെ ശേഷിയും ശക്തിയുമുണ്ടായിരുന്നെങ്കില്‍ അനാഥനായ എന്റെ സഹോദരപുത്രനെ ശത്രുക്കളുടെ പീഡനങ്ങളില്‍നിന്ന് രക്ഷിക്കുമായിരുന്നു.'
'എന്നാല്‍ പിന്നെ ഉമ്മ എന്തിന് കാത്തിരിക്കുന്നു? എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചുകൂടാ?!' എന്ന മകന്റെ ചോദ്യത്തിന് മാതാവിന്റെ മറുപടി കൗതുകകരമായിരുന്നു: 'മോനേ, ഞാന്‍ മറ്റൊരു കുഞ്ഞിന്റെ വരവിനെ കാത്തിരിക്കുകയാണ് (ഒരു മകളുടെ വരവ് എന്നാണ് മാതാവ് ഉപയോഗിച്ച വാക്ക്).' താന്‍ ഗര്‍ഭിണിയാണ് എന്ന് മകനെ ധരിപ്പിക്കുകയായിരുന്നു അര്‍വ.
മകന്‍: 'ഉമ്മാ! ഇപ്പോള്‍ ഒന്നും കാത്തിരിക്കേണ്ട സമയമല്ല. എന്റെ കൂടെ നിങ്ങള്‍ സഹോദരന്റെ അടുക്കലേക്ക് വരൂ. അങ്ങനെ ഇസ്‌ലാമിന്റെ ജീവവായു ആസ്വദിക്കൂ.' മകന്റെ ആ വാദം കേട്ട അവര്‍ മറ്റു പ്രതിബന്ധങ്ങളൊന്നും ഉന്നയിക്കാതെ ത്വലീബിന്റെ കൂടെ ഇറങ്ങി നടന്നു.
നേരെ ദാറുല്‍ അര്‍ഖമിലേക്കാണ് പോയത്. അവിടെ പ്രവാചകന്‍ മുഹമ്മദ്(സ) അവരെ സ്വീകരിച്ചു. അര്‍വ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബിന് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കാന്‍ പിന്നെ അധിക സമയം വേണ്ടിവന്നില്ല. പ്രവാചക നിയോഗത്തിന്റെ മൂന്നാം വര്‍ഷം പകുതിയോടെയായിരുന്നു ഇത്. മാതാവും മകനും ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിനെക്കുറിച്ച് നല്ല മതിപ്പില്‍ തന്നെയായിരുന്നു. മകനെ പ്രവാചക സന്നിധിയില്‍ അയച്ച് അവിടെ സേവന വൃത്തിയിലേര്‍പ്പെടാനും അര്‍വ താല്‍പര്യം കാണിച്ചു.
അര്‍വയുടെ സഹോദരന്‍ അബൂലഹബ് ഇസ്‌ലാമിന്റെ കഠിനവിരോധിയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഏതാനും മുസ്‌ലിംകളെ അബൂലഹബ് തടവിലാക്കി. ത്വലീബ് വിവരമറിഞ്ഞു പാഞ്ഞെത്തി. അതോടെ പ്രശ്‌നം സങ്കീര്‍ണമായെന്ന് പറയേണ്ടതില്ലല്ലോ. അബൂലഹബ് ത്വലീബിനെ കുറിച്ച് സഹോദരി അര്‍വയോട് പരാതിപ്പെട്ടു.
തങ്ങളുടെ നേതാവിനെ അപമാനിച്ച ത്വലീബിനെ ഖുറൈശികള്‍ തടഞ്ഞുവെച്ചെങ്കിലും പിന്നീട് വിട്ടയച്ചു.
അതേസമയം മകനെ കുറിച്ച് അബൂലഹബ് പരാതി പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചതിങ്ങനെ: 'മുഹമ്മദ് നബി(സ)യെ സഹായിക്കാന്‍ കിട്ടിയ അവസരം ത്വലീബിന്റെ ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തമായിരിക്കും.'
മകന്‍ ത്വലീബ് അബ്‌സീനിയയിലേക്ക് പലായനം ചെയ്ത നാളുകളില്‍ അര്‍വ ഏഴു വര്‍ഷത്തോളം ഏകാന്തപഥികയായാണ് കഴിച്ചുകൂട്ടിയത്.
അര്‍വയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അവരുടെ മരണം പ്രവാചകാന്ത്യത്തിന് ശേഷമാണെന്ന് കരുതുന്നു. ഒരു കവയത്രി കൂടിയായ അര്‍വ പ്രവാചകനെ (സ) കുറിച്ച് ഹൃദയസ്പര്‍ശിയായ ചരമഗീതം ആലപിച്ചതായി ചരിത്രത്തില്‍ കാണാം.