ജാമിഅയില്‍ ഇന്ത്യയിലെ മറ്റ് യൂനിവേഴ്‌സിറ്റി കാമ്പസുകളില്‍ ഉണ്ടായിരുന്നതുപോലുള്ള സമരങ്ങള്‍
എതിര്‍ശബ്ദങ്ങളെയും പ്രതികരണങ്ങളെയും ആശയപരമായി നേരിടാനുളള കഴിവുകേടില്‍നിന്നാണ് അതിക്രമം ഉടലെടുക്കുന്നത്. ജാതീയതക്കെതിരെയും ന്യൂനപക്ഷവിരുദ്ധതക്കെതിരെയുമുള്ള ശബ്ദങ്ങളെ സംഘ് പരിവാര്‍ സര്‍ക്കാര്‍ ഇല്ലാതാക്കുന്നത് അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതുകൊല്ല,. ആക്രമണത്തെ നേരിട്ടവര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടാണ്. ജനങ്ങളില്‍ ഭയം നിറച്ച് സര്‍ക്കാറുകള്‍ക്കെതിരില്‍ സംസാരിക്കാനുളള ശേഷി ഇല്ലാതാക്കുക എന്നതാണ് അവരുടെ അജണ്ട.
ഇതിനെതിരില്‍ എത്രയോ ഉറച്ച ശബ്ദങ്ങള്‍ക്കിടയില്‍നിന്ന്, ഉയര്‍ത്തിയ ഒറ്റ വിരലുകൊണ്ട് സമരങ്ങളുടെ തുടക്കത്തിന് ഒരു ചിത്രമായി ചലനം സൃഷ്ടിച്ച ആയിശ റെന്ന ആരാമത്തോട്...
കാമ്പസില്‍ ഇതിനുമുമ്പ് സമാനമായ സമരങ്ങളില്‍ സജീവമായിരുന്നോ?
ജാമിഅയില്‍ ഇന്ത്യയിലെ മറ്റ് യൂനിവേഴ്‌സിറ്റി കാമ്പസുകളില്‍ ഉണ്ടായിരുന്നതുപോലുള്ള സമരങ്ങള്‍ നടന്നിരുന്നില്ല. വിദ്യാര്‍ഥി യൂനിയന്‍ ഇല്ലാത്തതുകൊണ്ടുതന്നെ പാര്‍ട്ടി പൊളിറ്റിക്‌സിന്റെ സാധ്യത വളരെ കുറവാണ്.
കാമ്പസില്‍ മുമ്പ് നടന്ന ഒരു പരിപാടിയില്‍ ഇസ്രയേലീ പൗരത്വമുള്ള പ്രതിനിധിയെ പങ്കെടുപ്പിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. അന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഷോക്കോസ് നോട്ടീസ് പിന്‍വലിക്കണമെന്നും ഇനിയൊരിക്കലും ഇസ്രയേലീ പങ്കാളിത്തത്തോടെ പരിപാടികള്‍ കാമ്പസില്‍ നടത്തരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കാമ്പസില്‍ സമരങ്ങള്‍ സജീവമായി. ജാമിഅയുടെ ചരിത്രത്തില്‍ ഇത്രയധികം പങ്കാളിത്തത്തോടെ ഒരു സമരവും ഇതിനു മുമ്പ് നടന്നിട്ടില്ല. മുന്നോട്ടുവെച്ച ആശയങ്ങള്‍ കൊണ്ട് ഏറെ വ്യത്യസ്തമായിരുന്ന ആ സമരം വന്‍വിജയം തന്നെയായിരുന്നു. അന്നും ഞങ്ങളെല്ലാം മുമ്പില്‍തന്നെ ഉണ്ടായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ആളുകള്‍ ഗുണ്ടകളെ വിട്ട് ഞങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചു. ഇതിനെതിരില്‍ 2019 ഒക്‌ടോബര്‍ 23-ന് യൂനിവേഴ്‌സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പ്രതിഷേധിക്കുകയും അതിന് ആളുകളില്‍നിന്ന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒന്നിച്ചുനിന്നാണ് അന്നത്തെ സമരവും മുന്നോട്ടു നയിച്ചത്. അതേ രീതിയില്‍ എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സമരരീതിയാണ് ഇപ്പോള്‍ എന്‍.ആര്‍.സി, സി.എ.എ വിഷയത്തിലും ജാമിഅ തുടങ്ങിവെച്ചത്.
അന്നു തുടങ്ങിയ പ്രതിഷേധ പരിപാടികളുടെ ഏകോപനം, മുന്നേറ്റം എങ്ങനെയായിരുന്നു?
സെമസ്റ്റര്‍ പരീക്ഷകളുടെയും സ്റ്റഡി ലീവിന്റെയും സമയമായിരുന്നു. സംഘടനകള്‍ കാമ്പസിനകത്ത് ഒന്നു രണ്ട് സമരങ്ങള്‍ മുമ്പ് വിളിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത രാത്രി (ഡിസംബര്‍ 12) ഗേള്‍സ് ഹോസ്റ്റലുകാര്‍ മൊത്തമായി ഒരു സമരം വിളിച്ചു. അത് വിജയിക്കുന്നതിന്റെ ഭാഗമായി വിവിധ ഹോസ്റ്റലുകള്‍ കയറിയിറങ്ങി. പരീക്ഷാസമയമായതിനാല്‍ കുട്ടികള്‍ പങ്കെടുക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും എല്ലാവരും ചേര്‍ന്ന് ഹോസ്റ്റലിന്റെ ഉള്ളില്‍നിന്ന് തന്നെ മുദ്രാവാക്യങ്ങള്‍ വിളിച്ചു തുടങ്ങി. മറ്റുള്ളവരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കാമ്പസിനകത്തുള്ള മറ്റ് രണ്ടു ഹോസ്റ്റലുകളിലും കയറി വിദ്യാര്‍ഥിനികളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഗെയ്റ്റ് അടച്ച് ഉള്ളിലേക്ക് കയറാന്‍ സമ്മതിച്ചില്ല. പിന്നീട് അതിനെ മറികടന്ന് അവിടെയുള്ള കുട്ടികളെല്ലാം സമരത്തില്‍ ചേര്‍ന്നു. തൊട്ടു മുമ്പിലുള്ള ഹൈവേ 15 മിനിറ്റ് ബ്ലോക്ക് ചെയ്തു. പിന്നീട് കാമ്പസിനകത്ത് കയറി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത ശേഷമാണ് സമരം നിര്‍ത്തിയത്.
അന്നാണ് ഡിസംബര്‍ 13-ലെ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചത്. എല്ലാ സംഘടനകളും പങ്കാളികളായിക്കൊണ്ടാണ് പ്രസ്തുത മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ഒരിക്കലും പാര്‍ലമെന്റ് വരെ ഞങ്ങള്‍ക്ക് എത്താനാവില്ല എന്നറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതില്‍നിന്ന് വിഭിന്നമായി കാമ്പസിനു പുറത്തുവെച്ചുതന്നെ അവര്‍ തടഞ്ഞു. എങ്കിലും പിന്തിരിയാതെ പോവുന്നിടം വരെ എന്നുറച്ച് മുന്നോട്ട് തന്നെ നടന്നു. കാമ്പസിന്റെ പുറത്തുവെച്ച് മൂന്ന് വരി ബാരിക്കേഡുകള്‍ നിരത്തി പോലീസ് തടഞ്ഞു. ജെ.എന്‍.യുവില്‍നിന്നും അതുപോലെ ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്നും ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവരും ഉണ്ടായിരുന്നു. പോലീസ് വളരെ ക്രൂരമായാണ് പ്രതികരിച്ചത്. സമരക്കാരെ അടിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്കെല്ലാം ലാത്തികൊണ്ട് നന്നായി മര്‍ദനമേറ്റു. കാമ്പസിനകത്തു വെച്ച് ടിയര്‍ഗ്യാസ് പൊട്ടിച്ചു. അതോടെ 14-ാം തീയതി വിദ്യാര്‍ഥികള്‍ മൊത്തം പരീക്ഷകള്‍ ബഹിഷ്‌കരിച്ചു. അതേസമയം വി.സി വിന്റര്‍ അവധി നേരത്തേ പ്രഖ്യാപിക്കുകയും പരീക്ഷകള്‍ നീട്ടിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം കാമ്പസിലെ പോലീസിന്റെ ക്രൂരമായ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചുറ്റുവട്ടത്തെ ആളുകളെല്ലാം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു മാര്‍ച്ച് നയിച്ചു. ആ മുന്നേറ്റം ജുലൈനയില്‍ വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. സമാധാനപരമായ മാര്‍ച്ച് പ്രക്ഷുബ്ധമാവാതിരിക്കാന്‍ കരുതിക്കൊണ്ടുതന്നെ ആ ബാരിക്കേഡുകള്‍ തകര്‍ക്കാതെ ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ എന്‍.എച്ചിലേക്ക് കയറാന്‍ ശ്രമിച്ചു. ഹൈവേയിലെത്തുന്നതിനു മുമ്പ് തന്നെ പോലീസ് സമരക്കാരെ തടയാന്‍ തുടങ്ങി.
മുമ്പിലെന്താണ് നടക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. എല്ലാവരും ചിതറി ഓടുന്നത് കണ്ടു. അതിനിടയില്‍ കുടുങ്ങി എങ്ങനെയോ തൊട്ടടുത്തുള്ള മരത്തിന്റെ അരികിലേക്ക് മാറിനിന്നു. പോലീസ് വളരെ ക്രൂരമായി ഞങ്ങളുടെ കൂടെയുള്ളവരെ അടിച്ചൊതുക്കുന്നത് അവിടെനിന്ന് കണ്ടു. ഒരു പ്രകോപനവുമില്ലാതെ പോലീസ് ടിയര്‍ഗ്യാസ് പൊട്ടിച്ചു. ആ സമയം തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് ഞങ്ങള്‍ മാറിനിന്നു. അവിടെനിന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആ വീഡിയോ നടക്കുന്നത്. കൂടെയുള്ളവരെ പോലീസ് അടിച്ചൊതുക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായി ഉണ്ടായ ഒരു പ്രതികരണമായിരുന്നു അത്. ജാമിഅയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയായിരുന്നു ഈ സംഭവം. പിന്നീട് പോലീസ് അലീഗഢ്, ജാമിഅ കാമ്പസിനകത്ത് കടന്ന് ആക്രമണമഴിച്ചുവിടുകയായിരുന്നു.
സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചുനിന്ന് പോരാടുന്നത് കാണുമ്പോഴും കേരളത്തില്‍ സമാനമായ ഒരു അന്തരീക്ഷം (ഒറ്റപ്പെട്ട ഇടങ്ങളിലല്ലാതെ) ഉണ്ടായില്ല. ഈ വ്യത്യാസം എങ്ങനെ വിലയിരുത്തുന്നു?
അത് ഞാനും ചിന്തിച്ചിട്ടുണ്ട്. ഒരു സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എന്ന രീതിയിലുള്ള അക്കാദമിക രീതി നിലവിലില്ലാത്തതുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഉത്തരേന്ത്യയിലുള്ളതുപോലെ കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയാത്തത്. കേന്ദ്ര സര്‍വകലാശാലകള്‍ ഇന്ത്യയുടെ ഭൗതിക വ്യവഹാരത്തിന്റെ പ്രധാനപ്പെട്ട ഇടങ്ങളാണ്. അവിടങ്ങളില്‍ ഇസ്‌ലാമിനെ ഏറ്റവും വലിയ ശത്രുവായി കാണാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലാണ് പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ വരെ ഇപ്പോള്‍ നടക്കുന്നത്. യോഗ്യതയുള്ള ആളുകള്‍ പുറത്തുണ്ടായിട്ടും സംഘ്പരിവാര്‍ അനുകൂലികളായ അധ്യാപകരെ ഉന്നതപദവിയില്‍ നിയമിച്ചു. അക്രമം അഴിച്ചുവിടുന്നതില്‍ അവര്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥകളും ചില കാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്. സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ഉത്തരേന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ നിലവിലുണ്ട്. ഇതൊക്കെ കുട്ടികള്‍ മനസ്സിലാക്കുകയും ചര്‍ച്ചചെയ്യുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്നത് കാമ്പസുകളില്‍ പതിവായി. കേരളത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നില്ല എന്നതും ഒരു കാരണമാവാം.
പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജില്‍ വളരെ നല്ല ഒരു സമര രീതിയാണ് നടന്നത്. അങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. മറ്റ് കാമ്പസുകളില്‍നിന്നും വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒപ്പം കേരള ജനത പല രീതിയിലുള്ള സമരങ്ങള്‍ വിളിക്കുന്നുമുണ്ട്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഐക്യദാര്‍ഢ്യത്തോടെ നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ വളരെ സന്തോഷം നല്‍കുന്നു.
എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമരമുന്നണിയിലെ ഐക്യം, ലഭിച്ച പിന്തുണ, പിന്നീടുണ്ടായ മാറ്റങ്ങള്‍
ഏതൊരു സമരവും മുഖ്യധാരയിലേക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അതിന്റെ കൂടെ ഉണ്ടാവുന്നതാണ് ഐക്യവും പിന്തുണയും. ആദ്യഘട്ടത്തില്‍ നമുക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതും നമ്മോട് ഐക്യപ്പെടുന്നതും കാണാം. പിന്നീട് ഓരോരുത്തരിലും ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകളോട് അടുത്തുനില്‍ക്കുന്നതില്‍ ചില വ്യത്യാസങ്ങള്‍ ഉടലെടുക്കാറുണ്ട്. അത് സ്വാഭാവികമാണ്. നമ്മള്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് അധികാരത്തിലിരിക്കുന്ന ഒരു ഗവണ്‍മെന്റിനോടാണ്. ആ സമരത്തില്‍ ഭിന്നതകളെല്ലാം മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ അനിവാര്യതയുണ്ട്. ഇടക്കുണ്ടാവുന്ന ചെറിയ ചെറിയ വിഷയങ്ങളെ അത്രമാത്രം പ്രശ്‌നങ്ങളായി കാണുന്നേയില്ല. അതിനാല്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തനത്തിനിറങ്ങുകയും മുന്നോട്ടുപോവുകയുമാണ് വേണ്ടത്. ഏതുതരം ഭിന്നിപ്പുണ്ടായാലും നമ്മളോട് യുദ്ധം പ്രഖ്യാപിച്ച ബി.ജെ.പി ഗവണ്‍മെന്റിനെതിരെ യോജിച്ചുനിന്ന് പരാജയപ്പെടുത്തി വിജയത്തിലെത്തുക. അതിനുവേണ്ടിയാണ് കാര്യമായി പണിയെടുക്കേണ്ടത്. സമരമുഖത്തെ ഒന്നിപ്പിന്റെ ആശയം മുന്‍നിര്‍ത്തി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയം അല്ലെങ്കില്‍ സമരരീതിയാണ് ഞങ്ങള്‍ കാമ്പസില്‍ പിന്തുടരുന്നത്. അതിന്റെ നിലനില്‍പിനൊപ്പം ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലുമാണ്.
ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ വിളളലുണ്ടാക്കാനുളള ശ്രമങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്?
അത്തരം ചെറുത്തുനില്‍പുകളില്‍ പലപ്പോഴും വിള്ളലുാകുന്നത് ഓരോ പാര്‍ട്ടികള്‍ക്കിടയിലുള്ള വളരെ ചെറിയ ആഭ്യന്തര രാഷ്ട്രീയ താല്‍പര്യങ്ങളാണ്. സമര പ്രക്ഷോഭ തിരക്കുകള്‍ക്കിടയില്‍ അത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ താനേ ഒതുങ്ങിപ്പോവും. അത്തരം വിഷയങ്ങളില്‍ വിലപ്പെട്ട സമയം ചെലവഴിച്ച് തലപുകക്കാനുള്ള സമയമല്ലല്ലോ ഇപ്പോഴുള്ളത്. നമ്മള്‍ സമരം പ്രഖ്യാപിച്ച ശക്തി വലുതാണ്. പ്രത്യേകിച്ച്, ഭരണം അവരുടെ കൈകളില്‍ നില്‍ക്കുമ്പോള്‍ അതൊന്നു കൂടി കരുത്തുള്ളതാവും. അതുകൊണ്ടുതന്നെ ചെറിയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മാറ്റിവെക്കുക. അത് പരിഗണിക്കാതിരിക്കുക. പകരം കൈവരിക്കേണ്ട വലിയ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്കെത്താനാണ് പരിശ്രമിക്കേണ്ടത്. അതാണ് ഈ വിഷയത്തില്‍ എന്റെ നിലപാട്. അതുതന്നെയാണ് ആദ്യം മുതലേ ഞാന്‍ സ്വീകരിച്ചു പോന്നതും.
കുടുംബ പശ്ചാത്തലം, പിന്തുണ
എന്റെ ഉപ്പ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അബ്ദുര്‍റശീദ്. ഉമ്മ ഖമറുന്നിസ വാഴക്കാട്. രണ്ടു പേരും അധ്യാപകരാണ്. ജ്യേഷ്ഠന്‍ ഷെഹിന്‍ ദല്‍ഹിയില്‍ ജോലി ചെയ്യുന്നു. തൃശൂര്‍ കൊരട്ടി സ്വദേശി അഫ്‌സല്‍ റഹ്മാനാണ് ഭര്‍ത്താവ്. ദല്‍ഹിയില്‍ ജേര്‍ണലിസ്റ്റാണ്. എനിക്ക് ഇവരെല്ലാം പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരും എന്നെ പിന്തുണക്കുന്നു. 'തളര്‍ന്നു വീഴരുത്. ഇതു നമ്മുടെ കടമയാണ്. ഈയൊരു മുന്നേറ്റത്തിന്റെ ഭാഗമാകുന്നതിന് ദൈവം നമ്മെ തെരഞ്ഞെടുത്തതാണ്. അതിനാല്‍ സമരപരിപാടികളുമായി മുന്നോട്ട് തന്നെ പോവണം' എന്നൊക്കെ പറഞ്ഞ് എന്റെ ബാക്ക്‌ബോണ്‍ ആയി മാറുന്നത് ഭര്‍ത്താവാണ്. ഇതേ അഭിപ്രായങ്ങളും ശ്രദ്ധയും ഞങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നു കൂടി ഉണ്ടാവുമ്പോഴാണ് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട് എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നത്.
ആസാദീ മുദ്രാവാക്യങ്ങളായിരുന്നല്ലോ സമരവീഥിയില്‍ നിങ്ങളുടെ ആയുധം...
ആസാദീ മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നില്ല ജാമിഅ സമരത്തില്‍ വിദ്യാര്‍ഥികള്‍ വിളിച്ചിരുന്നത്. 'നീല്‍ സലാം... അസ്സലാം, സിന്‍ദ, ഇന്‍തിഫാദ, അമിത് ഷാ തേരെ നാം ഇസ്‌ലാമോഫോബിയ' പോലുള്ള വ്യത്യസ്തങ്ങളായ മുദ്രാവാക്യങ്ങളായിരുന്നു. സമരത്തിലൂടെ കൂടുതല്‍ ആളുകളിലേക്കെത്തിയത് നീല്‍ സലാം അസ്സലാം, ഇസ്‌ലാമോഫോബിയ മുദ്രാവാക്യങ്ങളായിരുന്നു. ആസാദീ, സിന്‍ദ മുദ്രാവാക്യങ്ങളൊക്കെ കുറച്ചുകാലമായി കാമ്പസില്‍ ഉള്ളതാണ്. പക്ഷേ, ഈ സമരങ്ങളിലൂടെ അന്നത്തേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി എന്ന് തോന്നുന്നു.
സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്നയിന്ന മുദ്രാവാക്യങ്ങള്‍ മാത്രമേ വിളിക്കാവൂ എന്ന നിര്‍ബന്ധമില്ലാത്തതിനാല്‍ ആരു വിളിച്ചാലും എല്ലാവരും അതേറ്റുവിളിക്കുന്നുണ്ടായിരുന്നു. മറ്റു സംഘടനകള്‍ വിളിക്കുമ്പോള്‍ ഞങ്ങളത് ഏറ്റുവിളിക്കും, ഞങ്ങള്‍ വിളിക്കുമ്പോള്‍ അവരും ഏറ്റു വിളിക്കും. ഇത്തരത്തിലാണ് തുടക്കത്തില്‍ തന്നെ സമരപരിപാടികള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഒരു മാസം പിന്നിട്ടപ്പോഴും നാനാത്വ സംസ്‌കാരങ്ങളുടെ ഏകത്വം സമരങ്ങൡലൂടെ നിലനില്‍ക്കുന്നതു തന്നെയാണ് കാണാനാവുന്നത്.
ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടുണ്ടോ?
ഡിഗ്രിക്ക് കോഴിക്കോട് ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോഴേ ഞാന്‍ എന്ത് പൊളിറ്റിക്‌സ് സംസാരിക്കണം, അല്ലെങ്കില്‍ എന്റെ ഐഡിയോളജി എന്താവണം എന്നതിനെക്കുറിച്ച് ഭയങ്കര കണ്‍ഫ്യൂഷന്‍ ഉള്ള ഒരാളായിരുന്നു. എന്റേതായ അന്വേഷണങ്ങളും പഠനവുമൊക്കെ നടത്തി ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്ന പ്രകൃതമാണ് എനിക്ക്. ഏതു സംഘടനയെ ഞാന്‍ പ്രതിനിധീകരിക്കണം എന്ന കാര്യത്തില്‍ എല്ലാവരും പിന്തുടരുന്ന ഒരു പാത പിന്‍പറ്റാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, ആശയം എല്ലാം എന്താവണമെന്നതിനെപ്പറ്റിയുളള ചിന്തകളായിരുന്നു കൂടുതലും. ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ അവളുടെ ശബ്ദം പ്രതിനിധാനം ചെയ്യുന്ന, അല്ലെങ്കില്‍ അവളുടെ ശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്ന ഏത് സംഘടനയാണ് ഉള്ളത് എന്ന് നിരന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാ സംഘടനകളെയും കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റില്‍ ഞാന്‍ ഭാഗമാകുന്നത്. ഒരു മുസ്‌ലിം സ്ത്രീയുടെ ശബ്ദത്തിന് പ്രാധാന്യം കൊടുത്ത് മുന്നോട്ടു പോകുന്നതില്‍ മറ്റു സംഘടനകളെ അപേക്ഷിച്ച് ഫ്രറ്റേണിറ്റി നല്ലതാണെന്ന് എനിക്ക് മനസ്സിലാക്കാനായി. അതുകൊണ്ടാണ് ഞാന്‍ അതുമായി അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ദല്‍ഹിയില്‍ വന്നതിനു ശേഷവും അത് തുടരുന്നു. ഇതുവരെ ഫ്രറ്റേണിറ്റിയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും ഉള്ളില്‍ അവരുമായിട്ട് അസോസിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
അന്ന് ചൂണ്ടിയ വിരല്‍, ഒരു രാജ്യത്തിന്റെ സമരങ്ങളുടെ തുടക്കത്തിന് ഐക്കണായി സ്വീകരിക്കപ്പെട്ടതില്‍ എന്തു തോന്നുന്നു. സമരങ്ങള്‍ ഇത്രയും ചലനാത്മകമായി നിലനില്‍ക്കുന്ന വേളയില്‍ ഇനി എവിടേക്കെല്ലാം ആ വിരല്‍ ചൂണ്ടണമെന്നാണ് ഇപ്പോള്‍ തോന്നുന്നത്?
ഒരു ഐക്കണായി മാറിയത് ഞങ്ങളന്ന് കാമറയില്‍ കുടുങ്ങിയതുകൊണ്ടുമാത്രമാണ്. ആ രാത്രി ജാമിഅയില്‍ നടന്ന പ്രക്ഷോഭ സമര പരിപാടികളില്‍ അതിധീരമായി പ്രതികരിച്ച ഒരുപാട് സ്ത്രീകളുണ്ട്. അതിമനോഹരമായി സമരത്തെ ചെറുത്തുനിര്‍ത്തിയവര്‍. അവരൊന്നും അന്ന് കാമറയില്‍ കുടുങ്ങിയില്ല എന്നേയുള്ളൂ. ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ അനേകായിരം കരുത്തുറ്റ സ്ത്രീകളെയാണ്. അവര്‍ക്കു കൂടി വേണ്ടിയാണ് ഞങ്ങള്‍ ശബ്ദിച്ചു കൊണ്ടിരിക്കുന്നത്. ശാഹിന്‍ ബാഗില്‍ നടക്കുന്ന സമരങ്ങള്‍ നയിക്കുന്നത് സ്ത്രീകളാണ്. സമരങ്ങള്‍ നടക്കുന്ന മറ്റിടങ്ങളിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതു തന്നെയാണ്. അതുകൊണ്ടുതന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള സമരങ്ങള്‍ സ്ത്രീമുന്നേറ്റമായി കരുതാം; പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ. എന്നാല്‍ മുസ്‌ലിം സ്ത്രീകളുടേത് മാത്രമായി ഞാനതിനെ ചുരുക്കിക്കാണുന്നില്ല. ഇന്ത്യ മുഴുവന്‍ ഇത്തരത്തിലാണ് സമരങ്ങള്‍ നടക്കുന്നത്. ഹൈദരാബാദില്‍ പോയി സംസാരിച്ചപ്പോള്‍ സമരരംഗത്തെ സ്ത്രീകളുടെ നിറസാന്നിധ്യം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സാധാരണ ഇത്തരം പ്രതിഷേധങ്ങളിലൊന്നും പുരുഷന്മാരെപോലെ സ്ത്രീകള്‍ പങ്കെടുക്കാറില്ല. എന്നാല്‍ ഇതങ്ങനെയല്ല എന്ന് അവരെല്ലാം മനസ്സിലാക്കിയിരിക്കുന്നു. ആ വീഡിയോ വൈറലായതോടെ നിരവധി പേര്‍ നിങ്ങള്‍ക്ക് അടികൊള്ളുന്നത് കണ്ടപ്പോഴാണ്, അല്ലെങ്കില്‍ നിങ്ങള്‍ പോലീസിനോട് വിരല്‍ ചൂണ്ടുന്നത് കണ്ടതാണ് ഞങ്ങള്‍ക്ക് പ്രചോദനമായത് എന്ന് പറഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സമരങ്ങളിലും എനിക്ക് സാന്നിധ്യമറിയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം കാണുന്ന സ്ത്രീകളുടെ മുന്നേറ്റം വളരെയധികം സന്തോഷം നല്‍കുന്നു.
ഇനിയും വിരലുകള്‍ ചൂണ്ടാതിരിക്കാനുള്ള ശ്രമങ്ങളാണ് പലഭാഗത്തുനിന്നും പലരും ചെയ്തുകൊണ്ടിരിക്കുന്നത്. അതൊന്നും പരിഗണിക്കുകയില്ല എന്നു മാത്രമല്ല, ഞങ്ങളിനിയും അനീതിക്കും അക്രമത്തിനും വര്‍ഗീയതക്കുമെതിരെ വിരലുകള്‍ ചൂണ്ടിക്കൊണ്ടേയിരിക്കും. അതില്‍ യാതൊരു മാറ്റവുമില്ല.
അധികാരികളുടെ ഇസ്‌ലാമോഫോബിക് ആയിട്ടുള്ള ഐഡിയോളജികള്‍ക്കെതിരെയും ഭരണഘടന തകര്‍ക്കാനുള്ള അജണ്ടകള്‍ക്കെതിരെയുമാണ് ഞങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതില്‍നിന്ന് പിന്നോട്ടില്ല. ഭരണഘടന തകര്‍ക്കുന്നതിനെതിരില്‍ പ്രതികരിക്കുക എന്നത് ഭരണഘടന തന്നെ നമുക്ക് മുന്നോട്ടു വെച്ചുതന്ന അവകാശമാണ്. ആ അവകാശവുമായി തീര്‍ച്ചയായും പോരാടും. സമരമുഖത്ത് സജീവമായിത്തന്നെ നിലയുറപ്പിക്കും.