പരീക്ഷ എഴുതും മുമ്പേ അറിയാന്‍
എന്‍.ടി നജ്‌ല
ഫെബ്രുവരി 2020
ഏതൊരു കാര്യത്തിന്റെയും വിജയം ആശ്രയിച്ചിരിക്കുന്നത് അതിന്റെ ആസൂത്രണത്തെയും തയാറെടുപ്പിനെയും തന്നെയാണ്
രക്ഷിതാക്കള്‍ അറിയാന്‍
- കുട്ടികളുടെ പരീക്ഷയെക്കുറിച്ചും പരീക്ഷാ സമയക്രമത്തെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.
- ഒരു ടൈംടേബ്ള്‍ ചിട്ടപ്പെടുത്താനും അതനുസരിച്ച് പഠനസമയം ക്രമീകരിക്കാനും അവരെ സഹായിക്കുക.
- ശബ്ദ കോലാഹലങ്ങളില്‍നിന്നകന്നതും നല്ല വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതുമായ ഒരു പഠനാന്തരീക്ഷം ഒരുക്കുക.
- ആരോഗ്യകരമായ ഭക്ഷണരീതി ക്രമപ്പെടുത്തുക. കൊഴുപ്പ് കൂടുതലടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍, മത്സ്യ-മാംസാഹാരങ്ങള്‍ തുടങ്ങിയവ പരീക്ഷാകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും പരമാവധി കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
- മൊബൈല്‍ ഫോണ്‍, ടി.വി, ലാപ്‌ടോപ്പ് തുടങ്ങിയ വിവിധ സ്‌ക്രീനുകളില്‍നിന്നും സോഷ്യല്‍ മീഡിയകളില്‍നിന്നും കുട്ടികള്‍ പരമാവധി മാറിനില്‍ക്കത്തക്ക രീതിയിലുള്ള സാഹചര്യം ഒരുക്കുക.
- രാത്രിയില്‍ നല്ല ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- അമിതപ്രതീക്ഷകള്‍ അവരില്‍ അടിച്ചേല്‍പിക്കാതിരിക്കുക. രക്ഷിതാക്കളുടെ പ്രതീക്ഷകള്‍, മാനസിക സമ്മര്‍ദങ്ങള്‍ എന്നിവ കുട്ടികളുമായി പങ്കുവെക്കാതിരിക്കുക.
ആസൂത്രണം
ഏതൊരു കാര്യത്തിന്റെയും വിജയം ആശ്രയിച്ചിരിക്കുന്നത് അതിന്റെ ആസൂത്രണത്തെയും തയാറെടുപ്പിനെയും തന്നെയാണ്. പരീക്ഷയിലും ഇത് വളരെ പ്രധാനം തന്നെ. പരീക്ഷക്ക് തയാറെടുക്കുന്ന ഒരു വിദ്യാര്‍ഥി ആദ്യം ചെയ്യേണ്ടത് വ്യക്തമായ ഒരു ടൈംടേബ്ള്‍ തയാറാക്കുക എന്നുള്ളതാണ്. മറ്റൊരാളുടെ ടൈംടേബ്ള്‍ പിന്തുടരാന്‍ ഒരിക്കലും ശ്രമിക്കരുത്. നമ്മുടെ സമയത്തിനും പഠനനിലവാരത്തിനും അനുസരിച്ച് ടൈംടേബ്ള്‍ ഒരുക്കുകയും അതനുസരിച്ച് പഠനം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക.
പരിശീലനം
എത്ര നന്നായി പഠിച്ചിരുന്നാലും ഉത്തരപ്പേപ്പറില്‍ അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് നമ്മുടെ മാര്‍ക്ക്. അതിനാല്‍ തന്നെ പരിശീലനം അത്യന്താപേക്ഷിതമാണ്. എല്ലാ മോഡല്‍ പരീക്ഷകളും എഴുതുകയും പഴയകാല ചോദ്യപ്പേപ്പറുകള്‍ പരിശീലിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന വിജയത്തിലേക്ക് നയിക്കും.
പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനും ഓര്‍മ നിലനിര്‍ത്തുന്നതിനും വിരസത ഒരു പരിധിവരെ കുറക്കുന്നതിനും ഗ്രൂപ്പ് സ്റ്റഡി വളരെ സഹായകരമാണ്. ഗ്രൂപ്പ് സ്റ്റഡി ഇഷ്ടപ്പെടാത്ത ആളാണെങ്കില്‍ പഠിച്ചു കഴിഞ്ഞ കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്കു മുന്നിലോ കൂട്ടുകാര്‍ക്ക് മുന്നിലോ പറഞ്ഞു കേള്‍പ്പിക്കുന്നത് നന്നായിരിക്കും.
ഉറക്കം
പഠനം പോലെ തന്നെ പ്രധാനമാണ് വിശ്രമവും. പരീക്ഷാ സമയത്ത് ചിലരില്‍ ഉറക്കക്കുറവും മറ്റു ചിലരില്‍ ഉറക്കക്കൂടുതലും വില്ലനാകാറുണ്ട്. മനസ്സിനും ശരീരത്തിനും ഒരുപോലെ വിശ്രമം നല്‍കുന്ന പ്രക്രിയയാണ് ഉറക്കം. അതിനാല്‍ പരീക്ഷാര്‍ഥികള്‍ 6-7 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. കൂടിയാലും കുറഞ്ഞാലും ഓര്‍മക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
- ഫ്‌ളോ ചാര്‍ട്ട്, ഡയഗ്രങ്ങള്‍, വിവിധ കോഡുകള്‍ രൂപീകരിക്കുക തുടങ്ങിയ പഠനതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുക.
- സോഷ്യല്‍ മീഡിയകളില്‍നിന്നും സ്‌ക്രീനുകളില്‍നിന്നും മാറിനില്‍ക്കുക.
- ഫാസ്റ്റ് ഫുഡുകളും ഹോട്ടല്‍ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.
- മറ്റൊരാളുടെ പഠനവുമായോ പഠന നിലവാരവുമായോ താരതമ്യം ചെയ്യുകയോ അത് പിന്തുടരാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുക.
- പഠനത്തിനിടയില്‍ ഇടവേളകള്‍ കണ്ടെത്തുകയും പഠന സമ്മര്‍ദങ്ങളെ കുറക്കാന്‍ സഹായിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
- നെഗറ്റീവ് ചിന്തകളെ മനസ്സില്‍നിന്നും മാറ്റിനിര്‍ത്തുക. ശുഭാപ്തി വിശ്വാസത്തോടെ മാത്രം പരീക്ഷയെ സമീപിക്കാന്‍ ശ്രമിക്കുക. ഇതിന് നമ്മെ സഹായിക്കുന്ന പ്രധാന ഘടകമാണ് പ്രാര്‍ഥന. ആത്മവിശ്വാസവും മനോധൈര്യവും നല്‍കാന്‍ പ്രാര്‍ഥനക്ക് സാധിക്കും.
- കുട്ടികളെ വെളുപ്പിന് എഴുന്നേറ്റു പഠിക്കാന്‍ മിക്ക രക്ഷിതാക്കളും നിര്‍ബന്ധിക്കാറുണ്ട്. രാവിലെ നേരത്തേ ഉണര്‍ന്നു പഠിച്ചാല്‍ വളരെ കുറച്ചു സമയം കൊണ്ട് തന്നെ കൂടുതല്‍ പഠിക്കുന്ന കുട്ടികളുണ്ട്. എന്നാല്‍ മറ്റു ചില കുട്ടികളാവട്ടെ, സന്ധ്യാസമയം കഴിഞ്ഞാവും സജീവമാകുന്നത്. രാത്രി വളരെ വൈകിയാവും ഇവര്‍ക്ക് നന്നായി പഠിക്കാന്‍ സാധിക്കുന്നത്. തന്റെ കുട്ടി പഠിക്കാന്‍ താല്‍പര്യപ്പെടുന്ന സമയം മനസ്സിലാക്കുകയും ആ സമയത്തേക്ക് അവന്റെ പഠനം ക്രമീകരിക്കുകയും ചെയ്യുക. താല്‍പര്യമില്ലാത്ത സമയത്ത് പഠിക്കാന്‍ ഒരിക്കലും കുട്ടിയെ നിര്‍ബന്ധിക്കരുത്.
- പഠനകാര്യങ്ങളിലെ അമിതമായ ഇടപെടല്‍, ശാസന എന്നിവ ഒഴിവാക്കുക. മറ്റു കുട്ടികളുമായുള്ള താരതമ്യം ഒഴിവാക്കുക.
- രക്ഷിതാക്കളുടെ സാമീപ്യം കുട്ടികളില്‍ നിറക്കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല. അതിനാല്‍ പരീക്ഷാസമയങ്ങളില്‍ കുട്ടികളുടെ അരികില്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം.
- പരീക്ഷക്കു വേണ്ടി വീട്ടില്‍നിന്നിറങ്ങുന്ന കുട്ടി വേണ്ട രീതിയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ഉറപ്പുവരുത്തുക.
- പരീക്ഷ കഴിഞ്ഞുവരുന്ന കുട്ടിയോട് കഴിഞ്ഞ പരീക്ഷയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട. പകരം അടുത്ത പരീക്ഷയെക്കുറിച്ചും അവര്‍ നടത്തിയ തയാറെടുപ്പിനെക്കുറിച്ചുമുള്ള അന്വേഷണമാവാം.
അധ്യാപകര്‍ ശ്രദ്ധിക്കേണ്ടത്
- പാഠഭാഗങ്ങള്‍ സമയാധിഷ്ഠിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
- ഓരോ പാഠഭാഗവും എങ്ങനെ വിലയിരുത്തപ്പെടും എന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ആ ഭാഗത്ത് പരിശീലനം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുക.
- പരീക്ഷാകാലങ്ങളില്‍ ഉടലെടുക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഓരോ വിദ്യാര്‍ഥിയിലും വിഭിന്നമായിരിക്കും. ഇവ തിരിച്ചറിയുകയും മാനസിക പിരിമുറക്കങ്ങളെ ലഘൂകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക.