സ്വന്തമായൊരു വരുമാനം ഏതൊരാളുടെയും ആഗ്രഹമാണ്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മടിയുള്ളവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വീട്ടിലിരുന്നും അല്ലാതെയും വരുമാനമുണ്ടാക്കാന്‍ നിരവധി തൊഴില്‍ സാധ്യതകള്‍ നിലവിലുണ്ട്.
സ്വന്തമായൊരു വരുമാനം ഏതൊരാളുടെയും ആഗ്രഹമാണ്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ മടിയുള്ളവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വീട്ടിലിരുന്നും അല്ലാതെയും വരുമാനമുണ്ടാക്കാന്‍ നിരവധി തൊഴില്‍ സാധ്യതകള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. തൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കാന്‍ സ്ത്രീകള്‍ തയാറാവുമ്പോള്‍ കുടുംബ സാമ്പത്തിക ഭദ്രതയാണ് ശക്തമാവുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയാറുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ റെഡിയാണ്. നിങ്ങളുടെ ആശയത്തിന് അനുസരിച്ച് ചെറുകിട സംരംഭം തുടങ്ങാന്‍ വിവിധ പദ്ധതികളിലൂടെ വിവിധ ഏജന്‍സികളുടെ സഹായം ഉണ്ടാകും. ഇനി ഒരു കഴിവുമില്ല എന്നാണ് തോന്നുന്നതെങ്കില്‍ നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള പരിശീലനവും നല്‍കും. ഒറ്റക്കോ സംഘമായോ നിങ്ങള്‍ക്ക് ഒരു സംരംഭം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ സമീപിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും.
സ്ത്രീകള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. അരിപ്പൊടിയും സാമ്പാര്‍പൊടിയും സോപ്പും മൈക്രോഫിനാന്‍സും മാത്രമല്ല ഇന്ന് കുടുംബശ്രീ. കുടുംബശ്രീ ട്രാവല്‍സ്, ഐ.ടി, പച്ചക്കറി കൃഷി, വസ്ത്രനിര്‍മാണം, മാലിന്യ സംസ്‌കരണം, കെട്ടിട നിര്‍മാണ രംഗം എന്നിവ മുതല്‍ ആരോഗ്യ സേവന രംഗത്തുവരെ വിപുലമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍
കുടുംബശ്രീയെ കേരളത്തില്‍ സൂപ്പര്‍ ഹിറ്റാക്കിയ പദ്ധതിയാണ് ഹോം ഷോപ്പ്. പലഹാരമായാലും നിത്യോപയോഗത്തിനുള്ള ഉല്‍പന്നങ്ങളായാലും ഒരു പ്രദേശത്തെ സംരംഭകരുടെ ഉല്‍പന്നങ്ങളെല്ലാം ഒരംഗത്തിന്റെ വീട്ടില്‍ സൂക്ഷിക്കുന്നു. അവ സംഘമായി പ്ലാന്‍ ചെയ്തു പ്രാദേശികമായി വില്‍ക്കുന്നു. വീടുവീടാന്തരമുള്ള വില്‍പനയുമുണ്ട്.
നാലു ലക്ഷത്തോളം സ്ത്രീകളാണ് സംഘങ്ങളായി കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ കുടുംബശ്രീയിലൂടെ പ്രവര്‍ത്തിക്കുന്നത്. ജൈവകൃഷി രീതി അവലംബിക്കുന്ന മലപ്പുറത്തെ കുടുംബശ്രീ കര്‍ഷകര്‍ 900 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. വിഷമില്ലാത്ത ഹരിത കേരളമാണ് ഇവരുടെ ലക്ഷ്യം.
കാര്‍ഷിക ഉല്‍പാദനവും മൂല്യവര്‍ധിത വിപണി കണ്ടെത്തലുമാണ് കുടുംബശ്രീയുടെ 'സമഗ്ര' പദ്ധതി. ഉദാഹരണത്തിന് നിങ്ങള്‍ പൈനാപ്പിള്‍ കൃഷിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍, ഇതുപയോഗിച്ച് ജാം, ശീതളപാനീയങ്ങള്‍ക്കുള്ള പള്‍പ്പ് ഇവ തയാറാക്കാന്‍ പരിശീലനം നല്‍കും. അപ്പോള്‍ ലാഭം വെറും പൈനാപ്പിള്‍ വില്‍ക്കുന്നതില്‍ ഒതുങ്ങുന്നില്ല. വിളവ് അധികമായാലും വിപണിയെ ഓര്‍ത്തുള്ള ഭയവും വേണ്ട. നാട്ടിലെ കാലാവസ്ഥക്കു ചേരുന്ന വിളവ് കണ്ടെത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.
ഒരു ജില്ലയിലെ 500 മട്ടുപ്പാവുകളില്‍ പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാം. ചെടി നട്ടുപിടിപ്പിച്ച 20 ഗ്രോ ബാഗുകള്‍ നല്‍കും. ചെറിയൊരു ഫീസ് നല്‍കിയാല്‍ പരിചരണത്തിനും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായവും ലഭിക്കും.
കുടുംബശ്രീക്ക് പുറമെ വ്യവസായ വകുപ്പ്, ഖാദി ബോര്‍ഡ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്..... തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട്. ഓരോരുത്തരുടെയും ആശയത്തിനനുസരിച്ച ചെറുകിട സംരംഭങ്ങളുണ്ട്. മൂലധനമുറപ്പാക്കാന്‍ പദ്ധതികളുമുണ്ട്. നമ്മുടെ നാട്ടില്‍തന്നെ വിജയിച്ച ധാരാളം സ്ത്രീകളുമുണ്ട്. പ്രയത്‌നിക്കാന്‍ തയാറാണെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് വലിയൊരു വിപണിയാണ്.
പെയിന്റിംഗില്‍ താല്‍പര്യമുള്ളവര്‍ക്കും സാധ്യതകളേറെയുണ്ട്. സാരികള്‍, ഷര്‍ട്ടുകള്‍, സെറ്റ് മുണ്ട്, കുട്ടികളുടെ വസ്ത്രങ്ങള്‍, ചുരിദാര്‍ തുടങ്ങി ഏത് വസ്ത്രത്തിലും ഫാബ്രിക് പെയ്ന്റ് ചെയ്ത് വരുമാനമുണ്ടാക്കാം. ഉപഭോക്താവ് നിര്‍ദേശിക്കുന്ന രീതിയില്‍ ഡിസൈനും പെയിന്റിംഗും ചെയ്തു നല്‍കാന്‍ സാധിക്കണം. കല്യാണ വസ്ത്രങ്ങളിലെ ഡിസൈനുകളും നല്ല ലാഭം നേടിത്തരും. ഗുണമേന്മയുള്ള പെയിന്റുകളും ബ്രഷുകളും, വരയ്ക്കാനുള്ള സ്റ്റാന്‍ഡും മതി സംരംഭം തുടങ്ങാന്‍.
സംരംഭകര്‍ വിപണിയിലെ പുതിയ ട്രെന്‍ഡുകള്‍, ഡിസൈനുകള്‍ എന്നിവ പഠിക്കണം. മ്യൂറല്‍ പെയിന്റിംഗുകള്‍ എക്കാലത്തും ട്രെന്‍ഡാണ്. വസ്ത്രങ്ങള്‍ കഴുകാവുന്ന രീതിയില്‍ വേണം ചെയ്യാന്‍. കൃത്യസമയത്തു തന്നെ നല്‍കാനും ശ്രദ്ധിക്കണം. കടകളിലൂടെ നേരിട്ട് വില്‍ക്കാം. എക്‌സിബിഷനുകളും നല്ലൊരു വിപണിയാണ്. സോഷ്യല്‍ മീഡിയയിലൂടെയും വിപണി കണ്ടെത്താം.
ഏതൊരു സംരംഭം വിജയിക്കാനും കുറുക്കു വഴികളൊന്നുമില്ല. തുടക്കത്തില്‍ ചെറിയ വിപണി വേണം ലക്ഷ്യമിടാന്‍. വിപണന കേന്ദ്രങ്ങളില്‍നിന്ന് മുന്‍കൂട്ടി ഓര്‍ഡര്‍ വാങ്ങാന്‍ ശ്രമിക്കണം. കൃത്യസമയത്ത് തന്നെ സപ്ലൈ നടത്താനും ശ്രദ്ധിക്കണം. വിലയിടുമ്പോള്‍ അവരുടെ ലാഭം കൂടി കണക്കിലെടുക്കണം. ഉപഭോക്താവിനെ വിശ്വാസത്തിലെടുക്കുകയാണ് പ്രധാനം. വാങ്ങുന്ന സാധനത്തിന് നല്‍കുന്ന വിലയേക്കാള്‍ മൂല്യമുണ്ടാകണം. ഗുണമേന്മ, ആദായകരമായ വില എന്നിവയും പ്രധാനമാണ്. ചെറിയ വിപണി പിടിച്ചുപറ്റുന്നത് ഗുണം ചെയ്യും. പരസ്യത്തിന് സോഷ്യല്‍ മീഡിയയും ഉപയോഗിക്കാം. വില്‍പ്പനക്കാരന്റെ വിശ്വാസമാര്‍ജിക്കലും സംരംഭം വിജയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
നമ്മുടെ നാട്ടില്‍ പ്രമേഹരോഗികള്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്കാവശ്യമായ ബ്രാന്റഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ ഇന്നിവിടെയില്ല. ഇതൊരു അവസരമായി സംരംഭകള്‍ക്ക് കാണാവുന്നതാണ്. പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തുകയാണ് ആദ്യപടി. ഇതിന് ഒരു ഫുഡ് ടെക്‌നീഷ്യന്റെ സഹായം തേടാം. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് എന്നിങ്ങനെ പ്രൊഡക്ടുകള്‍ പുറത്തിറക്കാം. ഇത് ആകര്‍ഷകമായി പാക്ക് ചെയ്ത് വിപണിയിലെത്തിക്കണം. വലിയ വില ഈടാക്കാതെ പ്രമേഹ രോഗികള്‍ക്കുള്ള ഹോംലി ഫുഡ് ആയിരിക്കണം സംരംഭം. സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയണമെന്ന് ചുരുക്കം.
ഇന്ന് കടകളില്‍ ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്ന ഒന്നാണ് ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍. 40 ശതമാനം ഉപഭോക്താക്കളും നാടന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തയാറാണ് എന്നതാണ് വസ്തുത. വലിയ മെഷിനറികളോ സാങ്കേതിക വിദ്യയോ ആവശ്യമില്ല. അസംസ്‌കൃത വസ്തുക്കളെയും പ്രാദേശികമായി ലഭിക്കും. ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്, ഫിനോയില്‍, ടോയ്‌ലറ്റ് ക്ലീനര്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാം. ഗുണമേന്മയാണ് പ്രധാനം. നേരിട്ടുള്ള വിപണനമാണ് തുടക്കത്തില്‍ നല്ലത്. കുടുംബശ്രീയുടെ മാസച്ചന്തകളും ഹോം ഷോപ്പുകളും പ്രയോജനപ്പെടുത്താം.
ഉല്‍പന്ന നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്ക് സെന്റര്‍ നല്‍കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് ലൈസന്‍സും ജി.എസ്.ടി രജിസ്‌ട്രേഷനും ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷനും നേടണം. ചെറിയ വാടകക്ക് മുറികള്‍ കിട്ടുമെങ്കില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാം. നാടന്‍ ഉല്‍പന്നങ്ങളാണെങ്കിലും ആകര്‍ഷകമായി പാക്ക് ചെയ്യാം. കൂടുതല്‍ വിറ്റഴിയും. ബാര്‍ കോഡും കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലതാണ്.
ഇപ്പോള്‍ പരിസ്ഥിതി ഉല്‍പന്നങ്ങളോടുള്ള താല്‍പര്യം ജനങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇത് വിപണിയിലും കാണാന്‍ സാധിക്കും. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത നോണ്‍ വോവ്ന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം നോണ്‍ വോവ്ന്‍ പാക്കിംഗിലേക്ക് മാറുകയാണ്. ഓപ്പറേഷന്‍ തിയേറ്ററിലെ ഗൗണ്‍, ഫെയ്‌സ് മാസ്‌ക്, ഹെയര്‍ ക്യാപ് എന്നിവക്കും സ്റ്റെറിലൈസ് ചെയ്ത നോണ്‍വോവ്ന്‍ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നു. ഇവ നിര്‍മിക്കാന്‍ പല കനത്തിലുള്ള മെറ്റീരിയലുകളാണ് തെരഞ്ഞെടുക്കുക. മെറ്റീരിയലുകള്‍ റോളുകളായി വാങ്ങാം. കിലോക്ക് 150-200 രൂപ നിരക്കില്‍ ലഭിക്കും. ബാഗുകള്‍ നിര്‍മിക്കുന്നതിനു മുമ്പ് സ്‌ക്രീന്‍ പ്രിന്റിംഗ് നടത്തിയാല്‍ വെയ്‌സ്റ്റേജ് കുറക്കാം. കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തില്‍ ഇത്തരം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനുവരി മുതല്‍ പ്ലാസ്റ്റിക് കവര്‍ കേരളത്തില്‍ നിരോധിച്ചതിനാല്‍ നോണ്‍ വോവ്ന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് വിപണിയില്‍ വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വനിതാ സംരംഭകര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന മേഖലയാണ് ബേബി കിറ്റ് നിര്‍മാണം. ഒരു മുറി വേണം. തിരുപ്പൂര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ഗുണമേന്മയുള്ള തുണി ചെറിയ തുകക്ക് ലഭിക്കും. ടൗവല്‍, പൗഡര്‍, സോപ്പ്, ബേബി ഓയ്ല്‍, ചെറിയൊരു കളിപ്പാട്ടം എന്നിവ സംഭരിക്കാം. ഒരു കുഞ്ഞുണ്ടായെന്നറിയുമ്പോള്‍ വിപണിയില്‍ കിട്ടുന്ന ഒരു ബേബി സെറ്റും വാങ്ങി കാണാന്‍ പോകുന്നവരിലേക്ക് നമ്മുടെ ഉല്‍പന്നം എത്തിക്കാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. ഗുണമേന്മയും പാക്കിംഗും ശ്രദ്ധിക്കണമെന്നു മാത്രം.
ചെറിയ പരിശീലനവും കരവിരുതും അധ്വാന ശീലവുമുണ്ടെങ്കില്‍ വിജയിക്കാവുന്ന മേഖലയാണ് ടെറാകോട്ട നിര്‍മാണം. വലിയ നിക്ഷേപമില്ലാതെ ആരംഭിക്കാവുന്ന ലഘുസംരംഭം. ലാംപ് ഷെയ്ഡുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. ബിംബങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ എന്നിവക്കും നല്ല വിപണിയുണ്ട്. ആര്‍ക്കിടെക്ചര്‍മാര്‍, ഇന്റീരിയല്‍ ഡിസൈനര്‍ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവ ധാരാളം ഓര്‍ഡര്‍ നല്‍കുന്നുണ്ട്. എക്‌സിബിഷനുകളും നല്ല വിപണിയാണ്. അതുവഴി സ്ഥിരം ഓര്‍ഡറുകളും ലഭിക്കും. കരകൗശല വിപണന സ്ഥാപനങ്ങളായ സുരഭി, കൈരളി, സര്‍ഗാലയ തുടങ്ങിയ ഏജന്‍സികള്‍ വഴിയും വില്‍ക്കാം. 40,000 രൂപ വരെ പ്രതിമാസം നേടാനാകും.
എന്റെ ഗ്രാമം
ഖാദി ബോര്‍ഡിന്റെ ഓഫീസുകള്‍ നടപ്പാക്കി വരുന്ന ഒരു സ്വയം തൊഴില്‍ പദ്ധതിയാണ് 'എന്റെ ഗ്രാമം.' ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സൂക്ഷ്മസംരംഭങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
വിദ്യാഭ്യാസം, വയസ്സ്, വാര്‍ഷിക വരുമാനം എന്നിവയില്‍ ഒരു നിബന്ധനയുമില്ല. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും.
ഖാദി ബോര്‍ഡിന്റെ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
വിലാസം: ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് ബോര്‍ഡ്, ഗ്രാമസൗഭാഗ്യ, വഞ്ചിയൂര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2471696, 2471694
കെസ്‌റു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടപ്പാക്കുന്ന പദ്ധതിയാണിത്. വളരെ ചെറിയ നിക്ഷേപത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ചെറിയ ബേക്കറി യൂനിറ്റുകള്‍, തയ്യല്‍ കേന്ദ്രങ്ങള്‍, ആട്, പശു, കോഴി ഫാമുകള്‍, ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ ആരംഭിക്കാം.
പ്രായം 21-നും 50-നും മധ്യേയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ താഴെയായിരിക്കണം. എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഒരു ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും. ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ആരംഭിക്കാവുന്നതാണ്. ഗ്രൂപ്പിലെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ വായ്പാ പദ്ധതിയാണിത് പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി (PMEGD). ഖാദി കമീഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും അഞ്ചുലക്ഷം രൂപവരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ലഭിക്കും. അപേക്ഷിക്കുന്ന വ്യക്തി എട്ടാം ക്ലാസ് ജയിച്ചിരിക്കണം.
ബന്ധപ്പെടേണ്ട ഓഫീസുകള്‍: ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകള്‍, ജില്ലാ ഖാദി ബോര്‍ഡ് ഓഫീസുകള്‍, ഖാദി കമീഷന്‍ ഓഫീസുകള്‍.
മുദ്രാ ബാങ്ക്
ലഘു സമ്പാദ്യങ്ങളിലൂടെ സാമ്പത്തിക വികസനം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ ദേശസാത്കൃത ബാങ്കുകള്‍, റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ വഴി ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. നിര്‍മാണ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനാണ് വായ്പ നല്‍കുക. നേരിട്ടുള്ള കാര്‍ഷിക പ്രവൃത്തികള്‍ക്കു വായ്പ ലഭിക്കില്ല.
2006-ലെ എം.എസ്.എം.ഇ.ഡി ആക്ട് അനുസരിച്ച് യോഗ്യരായ എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ സംരംഭകര്‍ക്കും നിലവിലുള്ളവ വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നവര്‍ക്കും വായ്പ ലഭിക്കും. വയസ്സ്, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല.