സ്വഫിയ്യ: പ്രവാചക പത്‌നീപദത്തിലേക്ക്
ശൈഖ് മുഹമ്മദ് കാരകുന്ന്
ഡിസംബര്‍ 2019
മദീനയിലെ പ്രമുഖ ജൂത ഗോത്രമായിരുന്നു ബനുന്നദീര്‍. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ അദ്ദേഹവുമായി
മദീനയിലെ പ്രമുഖ ജൂത ഗോത്രമായിരുന്നു ബനുന്നദീര്‍. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ അദ്ദേഹവുമായി കരാറിലെത്തിയ അവിടത്തെ പ്രമുഖ ഗോത്രങ്ങളില്‍ ജൂത ഗോത്രങ്ങളുമുണ്ടായിരുന്നു. അതനുസരിച്ച് അവര്‍ക്ക് തങ്ങളുടെ മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും അനുവാദവും സ്വാതന്ത്ര്യവും നല്‍കപ്പെടുകയുണ്ടായി. അതോടൊപ്പം പ്രസ്തുത കരാറില്‍ അവരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു നല്‍കപ്പെട്ടിരുന്നു. അതിലിങ്ങനെ കാണാം: 'നാമുമായി ചേര്‍ന്നു നില്‍ക്കുന്ന യഹൂദന്മാര്‍ നീതിക്കും സമത്വത്തിനും നമ്മുടെ സൗഹൃദത്തിനും സഹാനുഭൂതിക്കും അര്‍ഹരായിരിക്കും. അവരോട് അനീതിയോ പക്ഷപാതമോ കാണിക്കുന്നതല്ല. അവര്‍ അക്രമത്തിന് വിധേയരാവുകയുമില്ല. അവര്‍ക്കെതിരായി ആരും സഹായിക്കപ്പെടുന്നതുമല്ല.' 'ജൂതന്മാര്‍ക്ക് അവരുടെ മതമുണ്ട്. മുസ്‌ലിംകള്‍ക്ക് അവരുടേതും. എങ്കിലും ഇരു വിഭാഗവും ചേര്‍ന്ന് ഒരു ജനത ആയിരിക്കും. എന്നാല്‍ അക്രമവും കുറ്റകൃത്യവും കാണിക്കുന്നവര്‍ ഇതില്‍നിന്നൊഴിവായിരിക്കും. യഥാര്‍ഥത്തില്‍ സ്വശരീരത്തെയും സ്വന്തം കുടുംബത്തെയുമാണ് അവര്‍ നശിപ്പിക്കുന്നത്.' 'ജൂതന്മാര്‍ അവരുടെ ചെലവിലും മുസ്ലിംകള്‍ അവരുടെ ചെലവിലും ജീവിക്കും. എന്നാല്‍ ഈ കരാര്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇരു വിഭാഗവും പരസ്പരം സഹകരിക്കും.' 'ഈ പ്രമാണം അംഗീകരിച്ചവരോട് ആരെങ്കിലും യുദ്ധം ചെയ്താല്‍ ഈ പ്രമാണത്തിന്റെ ആള്‍ക്കാര്‍ അന്യോന്യം സഹകരിച്ച് പ്രത്യാക്രമണം നടത്തുന്നതായിരിക്കും.' 'ഈ പ്രമാണമംഗീകരിക്കുന്നവരുടെ പരസ്പര ബന്ധത്തിനാധാരം ഗുണകാംക്ഷയാണ്. അക്രമവും ദ്രോഹവും നല്ല.' 'മദീന ആക്രമിക്കപ്പെട്ടാല്‍ ഈ പ്രമാണമംഗീകരിക്കുന്നവര്‍ പരസ്പരം സഹകരിച്ച് ശത്രുവെ നേരിടും.'
ബനുന്നദീര്‍ ഗോത്രം ഈ കരാര്‍ പൂര്‍ണമായും ലംഘിച്ചു. മദീന ആക്രമിക്കപ്പെട്ടപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല; ശത്രുക്കളോട് ചേര്‍ന്നു ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ സമീപനം സ്വീകരിച്ചു. പ്രവാചകനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. അവരുടെ ഗൂഢാലോചനയും ചതിയും പുറത്തു വന്നു. അതോടെ പ്രവാചകന്‍ അവര്‍ക്ക് ഉത്തരം നല്‍കി: 'പത്തു ദിവസത്തിനകം മദീന വിട്ടു പോകണം. അത് ലംഘിച്ച് ഇവിടെത്തന്നെ കഴിയുന്നവര്‍ വധിക്കപ്പെടും.' ഈ ഘട്ടത്തില്‍ മദീനയിലെ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രശ്‌നത്തിലിടപെട്ടു. ബനുന്നദീര്‍ ഗോത്രക്കാരോട് മദീന വിട്ടുപോകരുതെന്ന് പറഞ്ഞു. മുസ്ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ രണ്ടായിരം സൈനികരെ നല്‍കി സഹായിക്കുമെന്ന് ഉറപ്പു നല്‍കി. ഖുറൈശികളും അവരെ സഹായിക്കുമെന്ന് അറിയിച്ചു. നജ്ദില്‍നിന്ന് പുറത്തു ഗത്ഫാന്‍ ഗോത്രക്കാരും പിന്തുണക്കാന്‍ ഉണ്ടാകുമെന്ന് ധരിപ്പിച്ചു. അതോടെ നദീര്‍ ഗോത്രം മദീന വിടാന്‍ തയാറായില്ല. പക്ഷേ, അബ്ദുല്ലാഹിബ്‌നു ഉബയ്യ് പറഞ്ഞപോലെ ആരും അവരുടെ സഹായത്തിന് എത്തിയില്ല. എന്നിട്ടും തിരുമേനി അവരോട് ദയ കാണിച്ചു. തങ്ങളുടെ സാധനസാമഗ്രികളെല്ലാം എടുത്ത് നാടുവിടാന്‍ അനുവദിച്ചു. അങ്ങനെ നദീര്‍ ഗോത്രക്കാര്‍ മദീനയില്‍നിന്ന് മുന്നൂറ്റി ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബര്‍ ജൂതന്മാരുടെ ഇടമായിരുന്നതിനാല്‍ നദീര്‍ ഗോത്രത്തിന് അവിടെ ഹൃദ്യമായ വരവേല്‍പ്പ് ലഭിച്ചു. ഏറെ കഴിയുംമുമ്പേ നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യുബ്‌നു അഖ്തബ് ഖൈബറിലെ മുഴുവന്‍ ജൂതന്മാരുടെയും നേതാവായി മാറി. ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ജൂതന്മാര്‍ തങ്ങള്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകയോ മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയോ ഇല്ലെന്ന് കരാര്‍ ചെയ്തിരുന്നു. എങ്കിലും അവര്‍ കരാര്‍ പാലിച്ചില്ല. അവര്‍ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. മദീനയെ അക്രമിക്കാന്‍ പരമാവധി സൈന്യത്തെ സജ്ജമാക്കി. ഖൈബറിലും വാദില്‍ ഖുറായിലും കുടിയേറിയ ജൂതഗോത്രങ്ങളായ നദീറും ഖൈനുഖാഉം വടക്കുനിന്നും ഗത്ഫാന്‍ ഗോത്രങ്ങള്‍ കിഴക്കുനിന്നും മദീനക്ക് നേരെ നീങ്ങി. തെക്കുനിന്ന് ഖുറൈശികളും മദീനയെ ആക്രമിക്കാന്‍ പുറപ്പെട്ടു. എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ നബി തിരുമേനി കിടങ്ങു കുഴിച്ചും മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയും മദീനയെ പ്രതിരോധിച്ചു. ഇതിനെ മറികടക്കാന്‍ നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യുബ്‌നു അഖ്തബ് ജൂത ഗോത്രമായ ഖുറൈദയെ സമീപിച്ച് പ്രവാചകനുമായുള്ള കരാര്‍ ലംഘിച്ച് യുദ്ധത്തില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവരും മദീനക്കെതിരെ തിരിഞ്ഞു. എന്നിട്ടും പ്രവാചകന്റെ അതി സമര്‍ഥമായ യുദ്ധതന്ത്രവും അല്ലാഹുവിന്റെ പ്രത്യേക ഇടപെടലും കാരണമായി സഖ്യകക്ഷികള്‍ക്ക് മദീന ആക്രമിക്കാതെ പിരിഞ്ഞുപോകേണ്ടിവന്നു. ഇത് ഹിജ്‌റ അഞ്ചാം വര്‍ഷം ശവ്വാല്‍ മാസത്തിലായിരുന്നു.
മദീനക്കെതിരെ അതിശക്തമായ അക്രമം അഴിച്ചുവിടാന്‍ സഖ്യകക്ഷികള്‍ ഒരുങ്ങിവന്ന പ്രതിസന്ധിഘട്ടത്തില്‍ കരാര്‍ ലംഘിച്ചും കൊടിയ വഞ്ചന കാണിച്ചും ശത്രുക്കളോട് കൂട്ടുകൂടിയ രാജ്യദ്രോഹികളായ ഖുറൈദ ഗോത്രത്തിനും അവരെ അതിന് പ്രേരിപ്പിച്ച ഹുയയ്യിനുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശാനുസാരം നബി തിരുമേനി തീരുമാനിച്ചു. പ്രവാചകന്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അവസാനം അവര്‍ തന്നെ തെരഞ്ഞെടുത്ത മാധ്യസ്ഥന്റെ തീരുമാനപ്രകാരം അവരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അതിനൊക്കെയും നേതൃത്വം നല്‍കിയ ഹുയയ്യു ബ്‌നു അഖ്തബും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മകളാണ് സ്വഫിയ്യ. ഖുറൈദ ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്‌നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിയും മുമ്പേ അത് വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് ഹുയയ്യ് സ്വഫിയ്യയെ കിനാനതു ബ്‌നു അബില്‍ ഹുഖൈഖിന് വിവാഹം ചെയ്തുകൊടുത്തു. അദ്ദേഹവും കവിയായിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. ഖൈബറില്‍നിന്ന് പിടികൂടപ്പെട്ടവരില്‍ സ്വഫിയ്യയും ഉണ്ടായിരുന്നു. പതിവനുസരിച്ച് അവരുടെ സംരക്ഷണം യോദ്ധാക്കള്‍ക്കിടയില്‍ വിഭജിച്ചു നല്‍കേണ്ടതുണ്ടിയിരുന്നു. അപ്പോഴാണ് ദഹയതുല്‍ കല്‍ബി ഒരു സ്ത്രീയെ തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അപ്പോള്‍ ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തെരഞ്ഞെടുത്തത് സ്വഫിയ്യയെയാണ്. ഇത് അക്കാലത്തെ പൊതു മര്യാദക്കും അംഗീകൃത നിയമത്തിനുമെതിരായിരുന്നു. ഏതെങ്കിലും നേതാവ് വധിക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മകളെ സംരക്ഷിക്കുക വിജയികളുടെ നേതാവാണ്. മറിച്ചായാല്‍ അതിലൂടെ രൂപപ്പെടുന്ന ദാമ്പത്യം വിജയിക്കുകയില്ല. അതിനാല്‍ നബി തിരുമേനിയുടെ അനുയായികള്‍ അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു: 'സ്വഫിയ്യ നദീര്‍ ഗോത്രത്തലവന്റെ മകളാണ്. അങ്ങേക്ക് അല്ലാതെ മറ്റാര്‍ക്കും അവര്‍ അനുയോജ്യയാവുകയില്ല.' അതോടൊപ്പം സ്വഫിയ്യയെപ്പോലെ ഒരാളെ യോദ്ധാക്കള്‍ക്കിടയില്‍ ആരെങ്കിലും ഒരാള്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നത് അനുയായികള്‍ക്കിടയില്‍ അസ്വാരസ്യത്തിന് കാരണമാവുകയും ചെയ്‌തേക്കാം. അതിനാല്‍ അനുയായികളെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് നബി തിരുമേനി സ്വഫിയ്യയെ തന്റെ മുന്‍പില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
സ്വഫിയ്യയെ പ്രവാചകന്‍ സ്വതന്ത്രയാക്കി. തുടര്‍ന്ന് നബി തിരുമേനി അവരുടെ ഗോത്രം ഉള്‍പ്പെടെ ജൂതന്മാര്‍ ചെയ്ത അതിക്രമങ്ങള്‍ ഒന്നൊന്നായി വിശദീകരിച്ചു. അവരുടെ പിതാവിനെയും ഭര്‍ത്താവിനെയും സഹോദരനെയും വധിച്ചത് തീര്‍ത്തും ന്യായമായ കാരണങ്ങളാലാണെന്ന് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അവരോടിങ്ങനെ പറഞ്ഞു: 'ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ ജീവിതപങ്കാളിയാകാം. അല്ലെങ്കില്‍ സ്വന്തം മതത്തില്‍തന്നെ ഉറച്ചു നിന്ന് നാട്ടില്‍ പോയി സ്വന്തം ജനതയോട് ചേരാം.' ഇതു കേട്ട് സ്വഫിയ്യ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഇസ്‌ലാമിനെ തെരഞ്ഞെടുക്കുന്നു. താങ്കള്‍ ക്ഷണിക്കുന്നതിന് മുമ്പേ തന്നെ ഞാന്‍ താങ്കളെ സത്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ജനതയിലേക്ക് മടങ്ങുന്നതിനേക്കാളും മറ്റെന്തിനേക്കാളും അല്ലാഹുവും അവന്റെ ദൂതനും എനിക്കേറെ പ്രിയപ്പെട്ടവയായിത്തീര്‍ന്നിട്ടുണ്ട്.' സ്വഫിയ്യയെ ഇതിന് പ്രേരിപ്പിച്ച ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. അവരുടെ മുഖത്ത് ഉണ്ടായിരുന്നു ചില പാടുകളെക്കുറിച്ച് പ്രവാചകന്‍ അന്വേഷിച്ചപ്പോള്‍ നല്‍കിയ മറുപടി ഇത് വ്യക്തമാക്കുന്നു. അവര്‍ പറഞ്ഞു: ''ആകാശത്തുനിന്ന് ചന്ദ്രന്‍ എന്റെ മടിയില്‍ അടര്‍ന്നു വീണതായി ഞാന്‍ സ്വപ്‌നം കണ്ടു. ഞാന്‍ ആ വിവരം പിതാവിനോട് പറഞ്ഞു. അതു കേട്ട് അദ്ദേഹത്തിന് കലശലായ കോപമുണ്ടായി. 'അറബികളുടെ റാണിയായി ലോകപ്രശസ്തിയാര്‍ജിക്കാനാണോ നിന്റെ ആഗ്രഹം?' എന്നു പറഞ്ഞ് ഊക്കോടെ എന്റെ മുഖത്തടിച്ചു. അതിന്റെ അടയാളമാണ് ഈ കാണുന്നത്.'' വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന പോലെ സ്വഫിയ്യയുടെ സമ്മതമോ സംതൃപ്തിയോ ഇല്ലാതെ നിര്‍ബന്ധപൂര്‍വം നബിതിരുമേനി വിവാഹം കഴിച്ചതാണെന്ന പ്രചാരണം തീര്‍ത്തും വ്യാജമാണ്. അവര്‍ക്ക് സ്വതന്ത്രയായി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അനുവാദം നബി തിരുമേനി നല്‍കിയിരുന്നു. പ്രവാചകന്റെ പത്‌നീപദം സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും അടുത്തവര്‍ വധിക്കപ്പെട്ടതില്‍ സ്വാഭാവികമായും അവര്‍ക്കുണ്ടായേക്കാവുന്ന ദുഃഖം ശമിക്കുന്നതുവരെ നബി അവരുമായി ദാമ്പത്യം പങ്കിട്ടില്ല. ഖൈബറില്‍ ഒന്നിച്ച് താമസിക്കുന്നത് ജൂതന്മാരെ പ്രകോപിപ്പിക്കാനും അക്കാരണത്താല്‍ നബി തിരുമേനിയെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് സ്വഫിയ്യയും ആശങ്കിച്ചിരുന്നു. അതിനാല്‍ അവരും ഖൈബറില്‍ ഒന്നിച്ചു താമസിക്കേണ്ടതില്ലെന്ന അഭിപ്രായക്കാരിയായിരുന്നു.
ഈ വിവാഹം ജൂത ഗോത്രങ്ങളുമായുള്ള നബി തിരുമേനിയുടെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. അതോടൊപ്പം ഇസ്‌ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്‍കാനും സ്വഫിയ്യ ബീവിക്ക് സാധിച്ചു. ചരിത്രത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കാനും അവസരം ലഭിച്ച ഭാഗ്യവതി കൂടിയാണ് അവര്‍. മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ ഉപരോധിക്കപ്പെട്ടപ്പോള്‍ ഹസനുബ്‌നു അലി വഴി അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചുകൊടുത്തത് അവരാണ്. ഹൃദയ വിശാലത, സത്യസന്ധത, നീതിനിഷ്ഠ, വിനയം, ആത്മാര്‍ഥത, ആത്മനിയന്ത്രണം, ക്ഷമ എന്നിവ സ്വഫിയ്യ(റ)യുടെ സവിശേഷതകളായിരുന്നു. ബുദ്ധിശക്തിയിലും അവര്‍ ആരുടെയും പിന്നിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക വിഷയങ്ങളില്‍ സംശയദൂരീകരണത്തിന് പ്രമുഖന്മാര്‍ പോലും അവരെ സമീപിച്ചിരുന്നു. ഇങ്ങനെ ഇസ്‌ലാമിനും സമൂഹത്തിനും മഹത്തായ നേട്ടങ്ങള്‍ക്ക് പ്രവാചകന്റെ സ്വഫിയ്യയുമായുള്ള വിവാഹം വഴിയൊരുക്കി. അവര്‍ വിശ്വാസികളുടെ മാതാവെന്ന നിലയില്‍ ചരിത്രത്തില്‍ അനശ്വരത നേടുകയും പരലോകത്ത് അല്ലാഹുവിന്റെ പ്രീതിക്കും മഹത്തായ പ്രതിഫലത്തിനും അര്‍ഹയാവുകയും ചെയ്തു.