- പുട്ടിന് പൊടി നനയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്താല്‍ പുട്ടിന് രുചിയും മാര്‍ദവവും കിട്ടും.
- കേക്ക് ഉണ്ടാക്കുമ്പോള്‍ അല്‍പം തേന്‍കൂടി ചേര്‍ക്കുക. കേക്ക് മാര്‍ദവമാവുകയും പൊടിയാതിരിക്കുകയും ചെയ്യും.
- പാലപ്പം ഉണ്ടാക്കുമ്പോള്‍ മുട്ടകൂടി ചേര്‍ത്താല്‍ രുചി കൂടുകയും കല്ലില്‍നിന്നും എളുപ്പത്തില്‍ ഇളകിവരികയും ചെയ്യും.
- നേര്‍ത്ത തക്കാളി ജ്യൂസില്‍ നൂഡില്‍സ് വേവിക്കുക. നിറവും രുചിയും കൂടും.
- വെളിച്ചെണ്ണ കേടാകാതിരിക്കാന്‍ അതില്‍ ഒരു കഷ്ണം ശര്‍ക്കര ഇട്ടുവെച്ചാല്‍ മതി.
- കറിക്ക് രുചിയും കൊഴുപ്പും കൂടാന്‍ അല്‍പം അണ്ടിപ്പരിപ്പ് അരച്ച് ചേര്‍ക്കുക.
- തക്കാളി കേടാവാതിരിക്കാന്‍ ഉപ്പുവെള്ളത്തില്‍ ഇട്ടുവെച്ചാല്‍ മതി.
- ഇഡ്ഡലി അരക്കാനുള്ള മാവില്‍ ഒരു പിടി അവല്‍ കൂടി കുതിര്‍ത്താല്‍ ഇഡ്ഡലി നന്നായി പൊങ്ങിവരികയും മയവും കിട്ടും.
- വട തയാറാക്കുന്ന മാവില്‍ അല്‍പം എണ്ണ ചേര്‍ത്താല്‍ നല്ല മയം കിട്ടുക മാത്രമല്ല എണ്ണ വടയില്‍ പിടിക്കുകയുമില്ല.
- പരിപ്പ് കുക്കറില്‍ വേവിക്കുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ എണ്ണ ചേര്‍ത്താല്‍ വെള്ളം പുറത്തേക്കു പതഞ്ഞുവരില്ല.
- പൂരി ഉണ്ടാക്കുമ്പോള്‍ അല്‍പം ചോളമാവ് ചേര്‍ത്താല്‍ പൂരിക്ക് രുചി മാത്രമല്ല നല്ല കരുകരുപ്പ് കിട്ടുകയും ചെയ്യും.
- തക്കാളി സൂപ്പ് ഉണ്ടാക്കുമ്പോള്‍ കോണ്‍ഫ്‌ളവര്‍ ഇല്ലെങ്കില്‍ പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മതി.
- ഇറച്ചിക്കറിയില്‍ വെള്ളം കൂടിയാല്‍ അല്‍പം മൈദ ചേര്‍ത്ത് തിളപ്പിക്കുക, കൊഴുപ്പും രുചിയും കൂടും.
- ചമ്മന്തിയില്‍ പുളിക്ക് പകരം ചെറുനാരങ്ങാ നീര് ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും.
****************************************************************************************
ആരോഗ്യത്തിന് ഒലീവ്
പി.എം കുട്ടി പറമ്പില്‍
രോഗങ്ങള്‍ ചികിത്സിക്കുന്നതിലും ചെറുക്കുന്നതിലും മറ്റേതൊരു ഔഷധത്തേക്കാളും ഒലീവിനുള്ള കഴിവ് അപാരമാണ്. ഇതില്‍ ഇരുപതു ശതമാനത്തോളം എണ്ണയും 45 ശതമാനം പ്രോട്ടീനും പത്തു ശതമാനം ഫോസ്ഫറസും ഇരുമ്പും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഒലീവെണ്ണയില്‍ ധാരാളമായി അടങ്ങിയ വിറ്റാമിന്‍-ഇ കൊളസ്‌ട്രോളിനോട് പൊരുതുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍-എ, ഡി, കെ എന്നിവയാല്‍ സമ്പുഷ്ടമാണ് ഒലീവെണ്ണ. ഒലീവെണ്ണ പ്രായമാകുന്നത് തടയുകയും കുടല്‍, കരള്‍, പിത്തരസം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത ചില അത്യാവശ്യ അമ്ലങ്ങള്‍ ഒലീവെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഒലീവെണ്ണ പാചകത്തിനും ഉത്തമമാണ്. ഇത് ഭക്ഷ്യവിഭവങ്ങളുടെ ഭാഗമായും ചികിത്സക്കായും പ്രവാചകന്‍ വളരെക്കാലം മുമ്പ് തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ഉപോദ്ബലകമായി ആധുനിക വൈദ്യശാസ്ത്രം ഒലീവിന്റെ ചികിത്സാപരവും പ്രതിരോധപരവുമായ കൂടുതല്‍ പ്രയോജനങ്ങള്‍ ഈയിടെയായി കണ്ടെത്തുകയാണ്. ഇതേ തുടര്‍ന്ന് ഒലീവ് വൃക്ഷത്തില്‍നിന്നും അതിന്റെ എണ്ണയില്‍നിന്നും അനേകം രോഗങ്ങള്‍ക്ക് ഔഷധ നിര്‍മാണത്തിനായുള്ള ഗവേഷണ പഠനങ്ങളിപ്പോള്‍ തകൃതിയായി നടക്കുന്നുണ്ടത്രെ.