എന്റെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടി
തസ്‌നീം പുത്തനത്താണി
ഡിസംബര്‍ 2019
ഏതൊരു ഉമ്മാക്കും തന്റെ മക്കളോടുള്ള സ്‌നേഹം- ആണായാലും പെണ്ണായാലും അത് അളന്ന് തിട്ടപ്പെടുത്താനാവാത്തതാണ്
''തരിശായ ഭൂമിയെ മഴനനച്ച് പച്ചപ്പുള്ളതാക്കി മാറ്റിയപോലെ ദുഃഖത്താല്‍ വരണ്ടുപോയ ഞങ്ങളുടെ മനസ്സിന് ആശ്വാസത്തിന്റെ തെളിനീര് തരുമെന്ന വിശ്വാസം ഉണ്ട്. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നു തന്നെയാണ് വിശ്വാസം. നീതി ലഭിക്കുന്നതുവരെ ഞാന്‍ വീട്ടില്‍ അടങ്ങിയിരിക്കുകയില്ല.''
ആള്‍ക്കൂട്ട കൊലക്കിരയായ ജുനൈദിന്റെ ഉമ്മ സംസാരിക്കുന്നു...
ഏതൊരു ഉമ്മാക്കും തന്റെ മക്കളോടുള്ള സ്‌നേഹം- ആണായാലും പെണ്ണായാലും അത് അളന്ന് തിട്ടപ്പെടുത്താനാവാത്തതാണ്. നല്ലരീതിയില്‍ പുറത്തേക്ക് പോയ എന്റെ മോന്റെ ശരീരം ജീവനറ്റ നിലയില്‍ തിരിച്ചുകൊുവന്നത് ഒരു മാതാവെന്ന നിലയില്‍ എത്രമാത്രം സങ്കടകരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. സ്വാഭാവികമായതോ അല്ലെങ്കില്‍ രോഗാവസ്ഥയില്‍ കിടന്നുള്ളതോ ആയ മരണം പോലും താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ ഇങ്ങനെയുള്ള മരണം ഏത് മാതാവിനാണ് താങ്ങാനാവുക? എന്റെ വേദന എനിക്കും അല്ലാഹുവിനും മാത്രമേ അറിയൂ. ഞാന്‍ അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിക്കുന്നു. എന്റെ മകനെ എനിക്ക് സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ.
ഉമ്മയും ഉപ്പയും എട്ട് മക്കളുമായി വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് ഞങ്ങളുടേത്. ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഉപ്പ ജലാലുദ്ദീന്‍ ഖാന്‍ അവന്റെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ഓരോ രോഗങ്ങള്‍ക്കടിപ്പെട്ട് ഇപ്പോള്‍ തീരെ അവശതയിലാണ്. മാനസിക പ്രയാസം കാരണം ഹൃദയസ്തംഭനമടക്കമുള്ള മാരക രോഗങ്ങള്‍ അദ്ദേഹത്തെ കീഴടക്കി. ഫരീദാബാദിലെ ബല്ലാഭ്ഗറിലെ വീട്ടില്‍ വിശ്രമത്തിലാണിന്നദ്ദേഹം. മറ്റു മക്കള്‍ എല്ലാവരും സ്‌നേഹത്തോടെ ജീവിക്കുന്നു. ജുനൈദില്ലാത്ത വിഷമം എല്ലാവരെയും അലട്ടുന്നുണ്ട്.
അവന്റെ മരണം അറിഞ്ഞ സമയത്ത് എനിക്ക് എന്തുചെയ്യണമെന്നറിയില്ലായിരുന്നു. രാവും പകലും ഞങ്ങള്‍ക്ക് കണ്ണീരായിരുന്നു. വളരെ നല്ല രീതിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് പിന്നീട് സന്തോഷിക്കാന്‍ എന്തവസരമാണുള്ളത്? മനസ്സിനേറ്റ ആഘാതം ശരീരത്തെയും വല്ലാതെ ബാധിച്ചു. രാത്രികള്‍ അവനെക്കുറിച്ച ചിന്തകളാല്‍ ഉറക്കമില്ലാത്തതായി മാറി. അതിനാല്‍തന്നെ രാവിലെ എണീക്കുമ്പോള്‍ തന്നെ തലവേദനയും മറ്റും വന്ന് ഞാന്‍ വളരെ അസ്വസ്ഥയാവുന്നു. എന്റെ തല രാവും പകലും വേദനിക്കുന്നു. സ്വുബ്ഹ് നമസ്‌കരിക്കാന്‍ ഞാന്‍ എങ്ങനെയാണ് നില്‍ക്കുന്നതെന്ന് പോലും പലപ്പോഴും മനസ്സിലാകുന്നില്ല. നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ജുനൈദിന്റെ ഓര്‍മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അവനുണ്ടായിരുന്ന കാലത്ത് ഞാന്‍ എല്ലായിടത്തും ഓടിനടക്കുമായിരുന്നു. ഇന്നിപ്പോ രണ്ടടി നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. മുമ്പ് രാവും പകലും ജോലി ചെയ്തിരുന്ന എനിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അവന്റെ പ്രായത്തിലുള്ള ഏത് കുട്ടിയെ കാണുമ്പോഴും എനിക്കു തോന്നും, എന്റെ മുന്നില്‍ ഇരിക്കുന്നത് എന്റെ മോനാണെന്ന്.
എന്നാലും എന്റെ പ്രയാസത്തോടൊപ്പം നിന്ന ഒരുപാട് പേരുണ്ട്. അവരാണ് എന്റെ ശക്തിയും നീതിതേടിയുള്ള അലച്ചിലില്‍ പ്രതീക്ഷയും. മാനസികമായി വളരെയധികം സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് ഗ്രാമവാസികള്‍ എല്ലാവരും എന്റെ സങ്കടത്തില്‍ കൂടെ ഉണ്ടായിരുന്നു. അന്നത്തെ പെരുന്നാള്‍ എല്ലാവര്‍ക്കും സങ്കടപ്പെടുന്നാള്‍ ആയിരുന്നു. എട്ടുദിവസം ആരും ശരിക്ക് ഭക്ഷണം പോലും കഴിച്ചിരുന്നില്ല. എനിക്ക് പരിചയമില്ലാത്ത ഇടമായ കേരളത്തിലെ ആളുകള്‍ പോലും എനിക്ക് കൂട്ടുണ്ടായിരുന്നു. എനിക്ക് ധൈര്യം തരാനും എന്റെ സങ്കടത്തില്‍ പങ്കുചേരാനും എന്റെ കൂടെ അവര്‍ നിന്നു. ഇത് എന്റെ മാത്രം അനുഭവമല്ല. ഇവിടെ ഇത്തരത്തില്‍ എത്രയോ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പെഹ്‌ലു ഖാന്‍, അഖ്‌ലാഖ്, ഉമര്‍ഖാന്‍, ആസിഫ, തബ്‌രീസ് അന്‍സാരി, നജീബ്, റക്ബര്‍ ഖാന്‍ തുടങ്ങിയവര്‍.... എന്നെ പോലെ തന്നെ അവരുടെ മാതാപിതാക്കളും കുടുംബങ്ങളും പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും എനിക്കും അവര്‍ക്കും നീതി ലഭിക്കാന്‍ വേി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞങ്ങളനുഭവിക്കുന്ന ഈ പ്രയാസങ്ങള്‍ക്ക് ദൈവം ഒരിക്കല്‍ പ്രതിഫലം തരും. തരിശായ ഭൂമിയെ മഴനനച്ച് പച്ചപ്പുള്ളതാക്കി മാറ്റിയപോലെ ദുഃഖത്താല്‍ വരണ്ടുപോയ ഞങ്ങളുടെ മനസ്സിന് ആശ്വാസത്തിന്റെ തെളിനീര് തരുമെന്ന വിശ്വാസം ഉണ്ട്. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നു തന്നെയാണ് വിശ്വാസം. നീതി ലഭിക്കുന്നതുവരെ ഞാന്‍ വീട്ടില്‍ അടങ്ങിയിരിക്കുകയില്ല.
മാശാ അല്ലാഹ്, എന്റെ കൂടെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുമുണ്ട്. പക്ഷേ, ഗവണ്‍മെന്റും അവരെ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടികളും ഞങ്ങളുടെ ആരുടെയും കൂടെ ഇല്ല. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറും രോഹിത് വെമുലയുമൊക്കെ ഹിന്ദുവാണല്ലോ. പക്ഷേ, ഇവരോടുപോലും അവര്‍ മനുഷ്യത്വം കാണിക്കുന്നില്ല. ഒരു കേസിലും നേരാംവണ്ണം അന്വേഷണവും വിധിയും നടക്കുന്നില്ല. എന്നു മാത്രമല്ല വീണ്ടും വീണ്ടും അവരുടെയൊക്കെ കുടുംബങ്ങളെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇവരുടെ തന്ത്രമാണ്. മതത്തിന്റെയും ജാതിയുടെയും പേരും പറഞ്ഞുള്ള തന്ത്രം. ദല്‍ഹിയിലെ ഏക വനിതാ എം.പിയായ മീനാക്ഷി ലേഖിയെ ഒരിക്കല്‍ ഞാന്‍ സമീപിക്കുകയുണ്ടായി. എന്റെ വിഷമം ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ മനസ്സിലാക്കും എന്ന് ഞാന്‍ കരുതി. എന്നാല്‍ അവര്‍ മറ്റുള്ളവരെ പോലെ തന്നെ കഠിനഹൃദയമുള്ളവരാണെന്ന് എനിക്ക് മനസ്സിലായി.
മോന്റെ സ്മരണാര്‍ഥം ഞങ്ങള്‍ തുടങ്ങിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് 'മക്തബ് ജുനൈദ്.' അതിന് ചില പരിമിതികളു്. ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ചെറിയ ഒറ്റമുറിയിലാണ് പ്രവര്‍ത്തനം. അതിന്റെ വിപുലീകരണത്തിന് പണം ആവശ്യമുണ്ട്. സ്വന്തമായി കെട്ടിടമായിട്ടില്ല. 35-ഓളം കുട്ടികള്‍ ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഖുര്‍ആന്‍, ഉര്‍ദു, ഇസ്‌ലാമിക വിഷയങ്ങള്‍ എന്നിവയൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കിയിട്ടുള്ളത്. എന്റെ മകളും അവളുടെ ഭര്‍ത്താവും ഞാനുമൊക്കെയാണ് പഠിപ്പിക്കുന്നത്. അവന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് ഖാസിം -അവനും ഹാഫിളാണ്- ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിപ്പിക്കുന്നുണ്ട്.
എന്റെ മോനെ കൊന്ന പ്രതികളെ പോലീസ് വിട്ടയക്കുകയാണുണ്ടായത്. കുറ്റവാളികളെ ശിക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടം തന്നെയാണ് അവരെ സംരക്ഷിക്കുന്നത്. കുറ്റവാളികള്‍ പുറത്ത് രാജാക്കന്മാരെപ്പോലെ സൈ്വരവിഹാരം നടത്തുന്നു. കേസ് നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഇടക്ക് ഫരീദാബാദിലും ദല്‍ഹിയിലും പോവണം. രണ്ടാഴ്ച കൂടുമ്പോള്‍ ഛണ്ഡീഗഢ് പോവണം. നോക്കൂ, ഛണ്ഡീഗഢ് പോവുക എന്നത് പറയുന്നപോലെ എളുപ്പമല്ലല്ലോ. യാത്രാ പ്രശ്‌നം മാത്രമല്ല, ആളും വേണം ചെലവും വേണം. ഇതിനൊക്കെ വേണ്ടി എല്ലാവരും അധ്വാനിക്കേണ്ടിവരുമല്ലോ. മനുഷ്യത്വം മരവിച്ചുപോവുകയും ജാതീയത വളര്‍ത്തുകയും ചെയ്ത ഭരണകൂടത്തില്‍നിന്ന് നീതിയുടെ തിരിനാളം ലഭിക്കുമെന്ന് കരുതുന്നില്ല. ഭരണകൂട ഭീകരതക്കെതിരെ ആര് ശബ്ദിച്ചാലും അവരെ തങ്ങളുടെ ശത്രുക്കളായി കണ്ട് വകവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കാണാന്‍ കഴിയുന്നത്. ഗവണ്‍മെന്റിന്റെ വര്‍ഗീയതയും ഭരണകൂട നിലപാടുകളുമാണ് യഥാര്‍ഥ പ്രശ്‌നം.
ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിക്കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. വീണ്ടും ഇതാവര്‍ത്തിക്കാതിരിക്കാന്‍ വോട്ടവകാശത്തെ കൃത്യമായി ഉപയോഗപ്പെടുത്തണം.
ഞാന്‍ എന്റെ മകന്റെ കാര്യത്തില്‍ അസ്വസ്ഥതയിലാണ്. എന്നാലും കേസിന്റെ കാര്യത്തിനും മറ്റും പല സ്ഥലത്തും പോകേണ്ടിവരും. അതിന് എനിക്ക് ആരെയും പേടിയില്ല. ഞാന്‍ ആരെയും അക്രമിച്ചിട്ടില്ല. ഞാന്‍ കളവ് പറഞ്ഞിട്ടില്ല. എന്റെ മകന്റെ കാര്യത്തില്‍ അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ മറ്റാരാണ് ഇറങ്ങുക? ഇതേ സാഹചര്യങ്ങളില്‍ കഴിയുന്ന ധാരാളം മാതാപിതാക്കള്‍ക്ക് ഭരണകൂടത്തെ ചോദ്യം ചെയ്ത് നീതി നേടിയെടുക്കാന്‍ എന്റെ പ്രവര്‍ത്തനം ഒരു പ്രചോദനവുമെന്നാണ് എന്റെ പ്രതീക്ഷ. അതുകൊണ്ട് എന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വേണ്ടിയാണ്.