നബി(സ)ക്ക് ഖദീജ(റ)യില്‍ പിറന്ന മൂന്നാമത്തെ പുത്രിയാണ് ഉമ്മുകുല്‍സൂം. ഹ്രസ്വമായ ഒരു ജീവിതരേഖയില്‍ ഒതുക്കിയാണ് ഇസ്‌ലാമിക ചരിത്രം ഈ സഹോദരിയെ പരിചയപ്പെടുത്തുന്നത്. കാരണം, ആകെ ഇരുപത്തിയേഴ് വര്‍ഷത്തെ ജീവിതം! അതില്‍ അവസാനത്തെ ആറുവര്‍ഷത്തില്‍ പരിമിതമായ, മാതൃത്വാനുഭവങ്ങളില്ലാത്ത ദാമ്പത്യം! ഇത്രയല്ലേ ഉള്ളൂ എന്ന് ധരിച്ചതിനാലാവാം ഈ മഹാത്യാഗിനിയെ കുറിച്ചുള്ള ജീവിതാവിഷ്‌കാരങ്ങള്‍ ഏതാനും കുറിയ വരികളില്‍ ചുരുങ്ങിപ്പോയത്.
'ഉമ്മുകുല്‍സൂം' എന്നത്, നമുക്കറിയാവുന്നതുപോലെ, ഒരു അതൃപ്പപ്പേരാണ് (കുന്‍യത്ത്). അപ്പോള്‍ അവരുടെ യഥാര്‍ഥ നാമധേയം എന്തായിരുന്നു? ഇത് ഒരു ചോദ്യമായി പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും ആരും ഉത്തരം പറഞ്ഞിട്ടില്ല.
ഒരു വ്യാഴവട്ടത്തിലേറെ ദീര്‍ഘിച്ച, മക്കയിലെ ഇസ്‌ലാംവിരുദ്ധ ഭീകരരുടെ ദുഷ്ടതകളെ, ആദ്യത്തെ പത്തുവര്‍ഷം മാതാപിതാക്കളോടൊപ്പവും, ഖദീജ(റ)യുടെ മരണശേഷം പ്രവാചകനോടു ചേര്‍ന്നുനിന്നും പൂര്‍ണമായും അനുഭവിച്ച ഏക മകളാണ് ഉമ്മുകുല്‍സൂം. കാരണം, പ്രവാചകത്വ ലബ്ധിക്കു മുമ്പേ മൂത്ത സഹോദരി സൈനബ് ഭര്‍തൃവീട്ടിലെത്തിയിരുന്നു. റുഖിയ്യ കുറേക്കാലം പ്രവാസത്തിലും. ഫാത്വിമ ചെറുപ്പവും.
മറ്റു സഹോദരിമാരുടേതെന്നതുപോലെ, ഉമ്മുകുല്‍സൂമിന്റെ ജീവിതവും പിറവി തൊട്ട് ബാല്യം വരെ സന്തോഷഭരിതമായിരുന്നു. അബൂലഹബിന്റെ പുത്രന്‍ ഉതൈബക്ക് ഉമ്മുകുല്‍സൂമിനെ ഏഴോ എട്ടോ വയസ്സില്‍ വിവാഹം ചെയ്തുകൊടുത്തു. അവര്‍ ദാമ്പത്യജീവിതം തുടങ്ങിയിരുന്നില്ല.
ഇസ്‌ലാമിനെതിരെ അബൂലഹബും ഭാര്യയും നിലപാട് കടുപ്പിക്കുകയും ഖുര്‍ആന്‍ അത് നിശിതമായി പരാമര്‍ശിക്കുകയും ചെയ്തപ്പോള്‍, ഈ യുവാവ് തിരുമേനിയുടെ ബദ്ധവൈരിയായി.
ഒരു ദിവസം പ്രഭാതത്തില്‍, കഅ്ബയുടെ പരിസരത്ത് നില്‍ക്കുകയായിരുന്ന റസൂലിന്റെ അടുത്തേക്ക് ഉതൈബ ഓടി വന്നു. താന്‍ വ്യാപാരാര്‍ഥം സിറിയയിലേക്ക് പോവുകയാണെന്നും മാസങ്ങള്‍ കഴിഞ്ഞേ മടങ്ങിവരൂ എന്നും അതിനാല്‍, മുഹമ്മദിനെ പരമാവധി അപമാനിച്ചേ പോകൂ എന്നും വീമ്പിളക്കി കാഴ്ചക്കാരെയും കൂട്ടി വന്നതായിരുന്നു അയാള്‍. പ്രവാചകന്റെ മുന്നില്‍ വന്നുനിന്ന് ഒറ്റ ശ്വാസത്തില്‍ ഉതൈബ ഇങ്ങനെ പൊട്ടിത്തെറിച്ചു; ''താങ്കള്‍ ഈയിടെ 'വ ന്നജ്മി ഇദാ ഹവാ' എന്ന് തുടങ്ങുന്ന സൂക്തങ്ങളിലൂടെ പരിചയപ്പെടുത്തിയ ദൈവത്തെ ഞാനിതാ നിഷേധിക്കുന്നു. താങ്കളുടെ പ്രവാചകത്വവാദത്തെയും നിരാകരിക്കുന്നു. താങ്കളുടെ പുത്രി ഉമ്മുകുല്‍സൂമുമായുള്ള വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തുന്നു. താങ്കളെ ഇനി മേലില്‍ ഞാന്‍ സ്‌നേഹിക്കുകയില്ല. എന്നെ താങ്കളും സ്‌നേഹിക്കേണ്ടതില്ല.''
ആ പ്രഖ്യാപനം സ്വയം നടത്തുന്നതുവരെ ഉതൈബ അവരുടെ ഭര്‍ത്താവായിരുന്നു. ഔപചാരികമായി മണിയറ പ്രവേശം നടന്നിട്ടുണ്ടായിരുന്നില്ലെങ്കിലും, ഒരു ഭാഗത്ത് ഒരേ ഭിത്തി പങ്കിടുകമൂലം തൊട്ടുരുമ്മി സ്ഥിതിചെയ്യുന്ന വീടകങ്ങളില്‍ താമസിച്ചുവരുന്നവര്‍. വിവാഹത്തിനു മുമ്പുതന്നെ ഏറ്റവും അടുത്ത കുടുംബബന്ധുക്കള്‍. നിത്യേന പലതവണ പരസ്പരം കാണാറുള്ളവര്‍. വധൂവരന്മാരാകയാല്‍ എത്രയോ പ്രണയാര്‍ദ്രങ്ങളായ സ്‌നേഹകടാക്ഷങ്ങളും കളിചിരികളും കുസൃതികളും കൈമാറിയവര്‍. ഭാവിയെക്കുറിച്ച് വര്‍ണസ്വപ്‌നങ്ങള്‍ നെയ്തവര്‍. എന്നിട്ടും എന്തു പറ്റി ഉതൈബക്ക്! നബിതിരുമേനിയെ ആദ്യമായി കൈയേറ്റം ചെയ്ത കൊടും പാതകിയായി അയാള്‍ എങ്ങനെ മാറി? ഇസ്ലാമിനോട് ശത്രുത ഉണ്ടെങ്കിലും, ആ നിമിഷം വരെ സ്വന്തം ഭാര്യയായ തന്നെയിത്ര തരംതാണ രീതിയില്‍ ജനമധ്യത്തില്‍ നാണം കെടുത്താന്‍ അയാള്‍ക്കെങ്ങനെ കഴിഞ്ഞു! ഈവക കദനചിന്തകള്‍ എത്ര രാവുകളില്‍ ഉമ്മുകുല്‍സൂമിന്റെ നിദ്രയെ ഭംഗപ്പെടുത്തിയിട്ടുണ്ടാവും?
ഉതൈബ ഏതാനും സഹയാത്രികരോടൊപ്പം, സിറിയയിലേക്കു പോയി. 'ബല്‍ഖാഇ'ല്‍ എത്തി. അവിടെ വിശ്രമിക്കവെ പാതിരാവില്‍ ഒരു ഹിംസ്രമൃഗം അയാളെ തേടി വന്നു. ഉടലില്‍നിന്ന് തല കടിച്ചു വേര്‍പ്പെടുത്തി, തന്റെ ദൗത്യം നിര്‍വഹിച്ച മട്ടില്‍ തിരികെപ്പോയി.
റുഖിയ്യയുടെ പുനര്‍വിവാഹം നടന്നപ്പോള്‍, ഉമ്മുകുല്‍സൂമിന്റെ വിവാഹവും നടന്നിരുന്നെങ്കില്‍ എന്ന് മാതാവ് ഖദീജ പ്രത്യേകം ആശിച്ചു. അപ്പോഴേക്കും ഖുറൈശികളുടെ എതിര്‍പ്പ് ഉഛസ്ഥായിയിലായി. നബികുടുംബത്തിന് ഒന്നിനും സൈ്വരം കിട്ടാത്ത ദുരവസ്ഥ വന്നുചേര്‍ന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിശ്വാസികളുടെ ജീവനില്‍തന്നെ കൈ വെക്കാന്‍ തുടങ്ങി.
ഈ പശ്ചാത്തലത്തിലാണ് അബ്‌സീനിയയിലേക്കുള്ള പലായനം ഉണ്ടാകുന്നത്. ആദ്യസംഘത്തില്‍ ഉള്‍പ്പെട്ട ജ്യേഷ്ഠ സഹോദരി റുഖിയ്യക്ക് ഉമ്മുകുല്‍സൂം നിറകണ്ണുകളോടെ യാത്രക്കുള്ള ഒത്താശകള്‍ ചെയ്തുകൊടുത്തു. അവരെ നെഞ്ചോടു ചേര്‍ത്ത് യാത്രയാക്കി. മക്കയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി തുടര്‍ന്നു. അങ്ങനെ പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കിരാതമായ ഉപരോധകാലം വന്നു. കഅ്ബയുടെ പരിസരത്തു നിന്ന് നോക്കെത്തുംദൂരത്ത് കിടക്കുന്ന, അബൂത്വാലിബിന്റെ പേരിലുള്ള ഊഷരമായ താഴ്‌വരയില്‍, ദീര്‍ഘമായ മൂന്നു വര്‍ഷത്തോളം ആ ഉപരോധം നീണ്ടു. അത്രയുംകാലം ഒരു രാവോ പകലോ ഒഴിയാതെ ഉമ്മുകുല്‍സൂം, സ്വയം കഷ്ടതകളെല്ലാം അനുഭവിക്കുമ്പോഴും മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുകയും അനിയത്തി ഫാത്വിമയെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്തു.
ഉപരോധം അവസാനിച്ചു വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് ഉമ്മുകുല്‍സൂം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദുഃഖം കടിച്ചിറക്കി കഴിഞ്ഞുകൂടിയത് എന്ന് തോന്നുന്നു. കാരണം സ്വന്തം പിതാവിന്റെയും താനടക്കമുള്ള മക്കളുടെയും മൊത്തം മുസ്‌ലിം സമൂഹത്തിന്റെയും എല്ലാമെല്ലാമായ ഖദീജ രോഗിണിയായി. അവരെ ജാഗ്രതയോടെ ശുശ്രൂഷിച്ചുകൊണ്ടിരിക്കെ, അവര്‍ എന്നന്നേക്കുമായി കണ്ണടക്കുന്ന രംഗത്തിനും സാക്ഷിയാകേണ്ടി വന്നു.
മാതാവിന്റെ മരണശേഷം പ്രവാചകഗൃഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സ്വാഭാവികമായും വന്നു ചേര്‍ന്നത് ഉമ്മുകുല്‍സൂമിലേക്കു തന്നെ.
അല്‍പകാലം കഴിഞ്ഞ് നബി (സ) മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍ ഉമ്മുകുല്‍സൂമും ഫാത്വിമയും, പ്രവാചകന്റെ പുതിയ ഭാര്യമാരായ സൗദയും ആഇശയും മക്കയില്‍ തന്നെയായിരുന്നു. ഒരു മാസം കഴിഞ്ഞാണ് ഇവരെല്ലാം മദീനയില്‍ എത്തുന്നത്. ഉമ്മുകുല്‍സൂമിനെ സംബന്ധിച്ചേടത്തോളം, ഒരാണ്‍തുണയുമില്ലാതെ ഫാത്വിമയെയും ചേര്‍ത്തുപിടിച്ച് ശത്രുക്കള്‍ക്ക് മധ്യേ തള്ളിനീക്കിയ ആ ഒരു മാസം വല്ലാത്ത ഉത്കണ്ഠയുടെ നാളുകളായിരുന്നു.
മക്കയില്‍നിന്ന് മക്കളെയും പത്‌നിമാരെയും മദീനയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നബി(സ) ആളെ അയച്ചു. അങ്ങനെ ഉമ്മുകുല്‍സൂം, മറ്റു കുടുംബാംഗങ്ങളോടൊപ്പം ഹിജ്‌റ ചെയ്ത് മദീനയിലെത്തി. പ്രവാചക കുടുംബാംഗങ്ങള്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നതില്‍ ഇസ്‌ലാമിക മദീന പുളകംകൊണ്ടു. ആദ്യകാല മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട വനിതകള്‍ അവരെ, നബി(സ) നായകനായ നവജാത ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്തു. പ്രവാചക പുത്രിമാര്‍ മദീനയിലെ ഇസ്‌ലാമിക ജിഹാദില്‍ സര്‍വാത്മനാ പ്രവര്‍ത്തനനിരതരായി.
ഹിജ്‌റ രണ്ടാം വര്‍ഷത്തെ റമദാനില്‍ സഹോദരി റുഖിയ്യയെ ബാധിച്ച ഗുരുതര രോഗവും അവരുടെ ആകസ്മിക വിയോഗവും ഉമ്മുകുല്‍സൂമിനെ ഏറെ വ്യഥിതയാക്കി. എന്നാല്‍ ആ ദുഃഖവേളയില്‍ ഉമ്മുകുല്‍സൂമിന്റെ പ്രത്യുല്‍പന്നമതിത്വത്തോടെയുള്ള സാന്നിധ്യം വളരെയേറെ ശ്രദ്ധേയമായി.
അടുത്തവര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ കന്യകയായ ഉമ്മുകുല്‍സൂമിനെ ഉസ്മാനുബ്‌നു അഫ്ഫാന്‍ വിവാഹം ചെയ്തു. അന്നത്തെ സമ്പ്രദായമനുസരിച്ച് വളരെ വൈകിയാണ്, ഉമ്മുകുല്‍സൂമിന് പൂര്‍ണമായ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാനായത്. ഉതൈബയുമായുള്ള നാമമാത്ര ദാമ്പത്യബന്ധം വേര്‍പ്പെടുത്തിയ ശേഷം, പന്ത്രണ്ടു വര്‍ഷത്തോളം യുവതിയായ ഉമ്മുകുല്‍സൂം വൈധവ്യം അനുഭവിച്ചു. പ്രവാചകപുത്രിമാരില്‍ മറ്റാര്‍ക്കും ഇങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല.
റസൂലിന്റെ (സ) രണ്ടു പുത്രിമാരെ വിവാഹം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ച ആള്‍ എന്ന നിലയില്‍ ഉസ്മാനെ ഇസ്‌ലാമിക ലോകം 'ദുന്നൂറൈന്‍' എന്ന ആദരപ്പേര് സമ്മാനിച്ച് ബഹുമാനിരിച്ചിരിക്കുന്നു. ഇവര്‍ തമ്മിലുള്ള ദാമ്പത്യം ആറു വര്‍ഷത്തോളം നീണ്ടുനിന്നു. സന്താനങ്ങള്‍ ഒന്നും ജനിച്ചില്ല.
ഹിജ്‌റ ഒമ്പതാം വര്‍ഷം ശഅ്ബാന്‍ മാസത്തില്‍ ഇസ്‌ലാമിക മദീനയെ ഞെട്ടിച്ചുകൊണ്ട് ഉമ്മുകുല്‍സൂം നിര്യാതയായി.
അങ്ങനെ, പ്രിയ മാതാവിന്റെയും രണ്ട് സഹോദരികളുടെയും അന്ത്യരംഗങ്ങള്‍ക്ക് സാക്ഷിയായ ഉമ്മുകുല്‍സൂം ലോകാന്ത്യം വരെയുള്ള സത്യവിശ്വാസികള്‍ക്ക് ഒരുപാട് സുഗന്ധ സ്മരണകള്‍ സമ്മാനിച്ചുകൊണ്ട് കടന്നുപോയി.
പ്രവാചകന് പ്രിയങ്കരിയായ പിതൃവ്യപുത്രി സ്വഫിയ്യ, അബൂബക്ര്‍ സിദ്ദീഖ്, ഭാര്യ അസ്മാ ബിന്‍ത് ഉമൈസ്, നബിതിരുമേനിയുടെ കൂടെ ഏഴ് സമരങ്ങളില്‍ പങ്കെടുത്ത ഉമ്മുഅത്വിയ്യ എന്നിവര്‍ ചേര്‍ന്ന് മൃതശരീരത്തിന് അന്ത്യസ്‌നാനം നിര്‍വഹിച്ചുകൊടുക്കുകയും മരണപ്പുടവ അണിയിക്കുകയും ചെയ്തു. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചുകൊണ്ട് നബി (സ) അടുത്തു തന്നെയുണ്ടായിരുന്നു. അലി, അബ്ബാസിന്റെ പുത്രന്‍ ഫദ്ല്‍, സൈദിന്റെ പുത്രന്‍ ഉസാമ, അബൂത്വല്‍ഹ എന്നീ പ്രമുഖര്‍ മൃതദേഹം ഖബ്‌റില്‍ വെക്കുന്നതിനു നബി(സ)യെ സഹായിച്ചു.