വിചാരണ പോലുമില്ലാതെ കാരാഗൃഹ ഭിത്തിക്കുള്ളില്‍ ജീവിതം തളച്ചിട്ടവര്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍.
വിചാരണ പോലുമില്ലാതെ കാരാഗൃഹ ഭിത്തിക്കുള്ളില്‍ ജീവിതം തളച്ചിട്ടവര്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് നീ നിരപരാധിയാണ് പൊയ്‌ക്കോ എന്ന് പറഞ്ഞ് വിട്ടയക്കുമ്പോള്‍ തന്റേതായി ഈ ലോകത്തുണ്ടായിരുന്നതെല്ലാം -ബന്ധങ്ങള്‍, ജോലി, പഠനം- എല്ലാം നഷ്ടപ്പെട്ടവര്‍. ഇത്തരം ചില ജീവിതങ്ങളിലൂടെ ഒരു വായന...
2019 സെപ്റ്റംബര്‍ 18-നാണ് ആലുവ കുഞ്ഞുണ്ണിക്കരയിലെ അബ്ദുര്‍റസാഖ് മരണപ്പെട്ടത്. ഭോപ്പാല്‍ ജയിലില്‍ നീണ്ട കാലം തടവുകാരനായി കഴിയുന്ന മകന്‍ അന്‍സാര്‍ നദ്‌വിയെ കാണാന്‍ പോകുന്ന വഴി ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു മരണം. ഭോപ്പാല്‍ ജയിലില്‍ കൊടും പീഡനങ്ങള്‍ക്ക് വിധേയനായി കഴിയുന്ന മകനെ ഒരുനോക്ക് കാണാന്‍ കൊതിച്ച് അവന് നല്‍കാന്‍ സംസം വെള്ളവും കരുതിയായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. പക്ഷേ അദ്ദേഹത്തിന് അവനെ കാണാനുള്ള വിധിയുണ്ടായില്ല. മരിക്കുന്നതിനു മുമ്പ് വാപ്പയെ ഒന്ന് കാണാന്‍ അവനും അനുമതി ലഭിച്ചില്ല. വാപ്പയെ ജീവനോടെ കാണാന്‍ കഴിയാത്ത മകന്‍ വാപ്പയുടെ മയ്യിത്തെങ്കിലും കാണാന്‍ കോടതിയോട് അനുവാദം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. പിന്നീട് വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി 35 ദിവസത്തെ പൂര്‍ണ ജാമ്യം നല്‍കി. അന്‍സാര്‍ നദ്‌വിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്‍പം ആശ്വാസം നല്‍കുന്നതായിരുന്നു ആ വിധി.
പക്ഷേ ആ വിധിയുടെ പകര്‍പ്പുമായി ഭോപ്പാല്‍ ജയില്‍ അതോറിറ്റിയെ സമീപിച്ചപ്പോള്‍ അവര്‍ തടഞ്ഞു. മറ്റ് ധാരാളം കേസുകളുണ്ടെന്നും മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റൂ എന്നും ന്യായവാദം ഉന്നയിച്ചു പോക്ക് തടഞ്ഞു. മറ്റൊരു കേസില്‍ ഗുജറാത്ത് ട്രയല്‍ കോര്‍ട്ടില്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ പത്ത് ദിവസത്തെ എസ്‌കോര്‍ട്ടിംഗ് പരോള്‍ ഉപാധികളോടെ അനുവദിച്ചു. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ വീട്ടില്‍ തങ്ങിയ ശേഷം രാത്രി തൊട്ടടുത്ത ജയിലില്‍ കഴിയണം എന്നതായിരുന്നു ഉപാധി. ആ വിധിയുമായി ജയിലധികൃതരെ സമീപിച്ചപ്പോള്‍ കേരളത്തിലെ വാഗമണ്‍ കേസിന്റെ വിവരമറിയിക്കാനാണ് പറഞ്ഞത്. കേസിന്റെ കാലാവധി കഴിഞ്ഞെങ്കിലും നിശ്ചയിച്ച പിഴ അടച്ചിരുന്നില്ല. കുടുംബം 50000 രൂപ പിഴയും അടച്ചു. അവസാന തടസ്സവാദമുന്നയിച്ചത് വെറുതെ വിട്ട ഹുബ്ലി കേസുമായി ബന്ധപ്പെട്ടാണ്. ആ കേസില്‍ വീണ്ടും അപ്പീല്‍ പോയിട്ടുണ്ടെന്നും അതുകൊണ്ട് നാട്ടിലേക്ക് വിടാന്‍ പറ്റില്ല എന്നും കോടതി തടസ്സം ഉന്നയിച്ചെങ്കിലും അവസാന ശ്രമത്തില്‍ ഒരു ദിവസത്തെ എസ്‌കോര്‍ട്ടിംഗ് പരേഡ് അനുവദിച്ചു. 11 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അന്‍സര്‍ നദ്‌വിക്ക് ഭോപ്പാലില്‍ നിന്ന് 1970 കിലോ മീറ്റര്‍ താണ്ടി വിട്ടിലെത്തി ഏതാനും മണിക്കൂര്‍ ചെലവഴിച്ച് തിരിച്ച് പോകണം. അതിന് കടുത്ത ഉപാധികള്‍ വേറെയും ഉണ്ട്.
ഉമ്മയെ കാണാന്‍ കൊതിച്ച ഇബ്‌റാഹീം മൗലവി ഖബ്ര്‍ കണ്ട് മടങ്ങി
ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണാ തടവുകാരനായ ഇബ്‌റാഹീം മൗലവിയോട് കൊടും ക്രൂരതയാണ് കോടതി കാട്ടിയത്. വര്‍ഷങ്ങളേറെയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ഇബ്‌റാഹീം മൗലവിയുടെ ഉമ്മ മകനെ കാണാന്‍ കൊതിച്ച് 9 വര്‍ഷത്തിലേറെ കാലം കാത്തിരുന്നെങ്കിലും പൊന്നുമോന്റെ മുഖം കാണാനാകാതെയാണ് ആ ഉമ്മ മരണത്തിന് കീഴടങ്ങിയത്. വാര്‍ധക്യപ്രശ്‌നത്താലും മകന്റെ വേര്‍പാടിനാലും തളര്‍ന്ന ഉമ്മക്ക് ഇന്ന് ആ മുഖം കാണാനുള്ള കാഴ്ച പോലുമില്ലാതായി. തന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുന്നതിന് മുമ്പായി മകനെ ഒരു നോക്ക് കാണാന്‍ ആ ഉമ്മ അതിയായി കൊതിച്ചിരുന്നു. വീട്ടിലെത്തി ഉമ്മയെ കാണാന്‍ ഇബ്‌റാഹീം മൗലവിയും ആഗ്രഹിക്കുകയും അതിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ കോടതി ആ ഉമ്മയോടും മകനോടും കനിഞ്ഞില്ല. ഉമ്മയുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടമായി ശരീരം തളര്‍ന്നു. തന്റെ ശരീരത്തില്‍നിന്നും ജീവന്‍ വിടവാങ്ങുന്നതിന്റെ അവസാന സമയവും മകന്റെ വരവും പ്രതീക്ഷിച്ച് ആ ഉമ്മ രോഗക്കിടക്കയില്‍ കിടന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഉമ്മയുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോടതി അത് കേള്‍ക്കാന്‍ സന്നദ്ധമായില്ല. അവസാനം മകനെ കാണാനുള്ള ആഗ്രഹം പൂവണിയാതെ ആ ഉമ്മ മരിച്ചു. ഉമ്മയുടെ മയ്യിത്തെങ്കിലും കാണണമെന്നാഗ്രഹിച്ച് ജഡ്ജിയോട് കെഞ്ചിയപ്പോഴും അനുകൂലമായിരുന്നില്ല വിധി. ദിവസങ്ങള്‍ക്കു ശേഷം രണ്ടു ദിവസം വീട്ടില്‍ തങ്ങാന്‍ ഇളവ് അനുവദിച്ചു. ഈ ഇളവും അനുഭവിക്കാന്‍ ഇബ്‌റാഹീം മൗലവിക്ക് സാധിച്ചില്ല. ബംഗളൂരു പോലീസിന്റെ അലംഭാവം കൊണ്ട് ഒരു ദിവസമാണ് വീട്ടില്‍ കഴിയാന്‍ ഭാഗ്യം ലഭിച്ചത്.
ഉമ്മയെ കാണാന്‍ വിലയിട്ട നീതിപീഠം
കഴിഞ്ഞ മാസം ബംഗളൂരുവിലെ സ്പെഷല്‍ കോടതിയില്‍ അഡ്വ. ബാലന്‍ ജഡ്ജിയോട് ശക്തിയായി വാദിക്കുന്നു; 9 വര്‍ഷത്തിലേറെയായി വിചാരണ തടവുകാരനായി ജയിലിലടച്ച സകരിയ്യക്ക് വേണ്ടി. നൂറുകണക്കിന് കള്ളസാക്ഷികളെ ഉണ്ടാക്കി വര്‍ഷങ്ങളെടുത്ത് അവരുടെ വിസ്താരവും പൂര്‍ത്തീകരിച്ചെങ്കിലും പിന്നെയും പല പല കാരണവും പറഞ്ഞ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് സകരിയ്യയുടെ ജയില്‍വാസം. അതിനിടയില്‍ ജ്യേഷ്ഠന്‍ എന്നന്നേക്കുമായി അവനെവിട്ട് ഈ ലോകത്തുനിന്നും പോയി. തന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മയെക്കുറിച്ചുള്ള ആകുലതയും കടുത്ത ജയില്‍ വാസവും സകരിയ്യയെ കൂടുതല്‍ ക്ഷീണിപ്പിച്ചിരുന്നു. എന്നെങ്കിലും പോയി പൊന്നുമ്മയെ കണ്‍നിറയെ കാണണമെന്നാഗ്രഹിച്ച സകരിയ്യക്ക് മുന്നില്‍ ഉമ്മാക്ക് സ്‌ട്രോക്ക് ബാധിച്ച് ഹോസ്പിറ്റലിലാക്കിയെന്ന വിവരമാണെത്തിയത്. ആ വിവരം സകരിയ്യയെ വീണ്ടും പ്രയാസത്തിലാക്കി. നിരന്തരം മകനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ഉമ്മയുടെ സങ്കടവും തളര്‍ന്നുപോയ ഉമ്മയെ കാണാനുള്ള സകരിയ്യയുടെ ആഗ്രഹവും അറിയിച്ച് കൊണ്ട് കുറഞ്ഞ ദിവസം ഇളവ് ചോദിച്ച് കോടതിയെ സമീപിച്ചപ്പോഴും ജഡ്ജിയുടെ മറുപടി സാധ്യമല്ല എന്നായിരുന്നു. ഈ 'കൊടും ഭീകരവാദി'യെ കേരളത്തിലേക്ക് കൊണ്ടുപോവാന്‍ ആവശ്യമായ പോലീസില്ല എന്ന വിചിത്ര മറുപടിയാണ് നീതിപീഠം നടത്തിയത്. വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ ജഡ്ജിയുടെ പ്രതികരണം വേണമെങ്കില്‍ സ്വന്തം ചെലവില്‍ പോവാം. ഒരു പകല്‍ വീട്ടില്‍ നില്‍ക്കാം എന്നായിരുന്നു വിധി. അതിനര്‍ഥം അവനെയും കൊണ്ടുവരുന്ന പോലീസ് വണ്ടിക്കും കൂടെ വരുന്ന ഉദ്യോഗസ്ഥര്‍ക്കും എല്ലാം കൂടി ഒരു ലക്ഷം ചെലവാക്കണം എന്നാണ്. തളര്‍ന്നുപോയ ഉമ്മയെ കാണാനുള്ള ആഗ്രഹം ലക്ഷങ്ങളുടെ ചെലവ് പറഞ്ഞ് തടസ്സപ്പെടുത്താനായിരുന്നു കോടതിയുടെ തീരുമാനം. അവന്റെ ഉമ്മയോടൊത്ത് ചെലവഴിക്കുന്ന മിനിറ്റുകള്‍ക്കാണ് ജഡ്ജ് ലക്ഷങ്ങള്‍ വിലപറഞ്ഞത്.
ഇങ്ങനെ നീതിപീഠത്തോട് കെഞ്ചിയും യാചിച്ചും തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും ആങ്ങളമാരെയും കാണണമെന്നാഗ്രഹിച്ചു നടക്കുന്നവര്‍. നീതിക്കായി ഓടിത്തളര്‍ന്ന് കാരാഗൃഹ വാതില്‍ തുറന്ന് മക്കളും ഉറ്റവരും വരുന്നത് ഒന്ന് കാണാന്‍ പോലുമാകാതെ എന്നന്നേക്കുമായി ലോകത്തുനിന്ന് വിടപറഞ്ഞവര്‍. ഇത്തരം ജീവിതങ്ങള്‍ നിരവധിയാണ്. കണ്ണീര്‍ തോരാത്ത ഉമ്മമാരെയും ഭാര്യമാരെയും നിലനിര്‍ത്തിക്കൊണ്ടാണ് നാം മനുഷ്യാവകാശ ദിനം ആചരിച്ചുകൊണ്ടേയിരിക്കുന്നത്.