എന്റെ പേരു തന്നെ പ്രശ്‌നമാണ്....

No image

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി കീലോതറയില്‍ ഫാത്തിമ ലത്തീഫ് ഇന്ന് നമ്മോടൊപ്പമില്ല. അക്കാദമിക മികവിന്റെ കേന്ദ്രമായ മദ്രാസ് ഐ.ഐ.ടിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറികളിലൊന്നായ 346-ാം നമ്പര്‍ മുറിയില്‍ വെച്ച് എല്ലാ അക്കാദമിക സ്വപ്‌നങ്ങളെയും ബാക്കിയാക്കി ജീവിതം അവസാനിപ്പിച്ച കുട്ടിയാണവള്‍.
കോളേജ് കാമ്പസുകളിലെ ആത്മഹത്യാ മരണങ്ങളില്‍ ഒന്നുമാത്രമായി എഴുതുമായിരുന്ന ആ വിയോഗം കുടുംബത്തിന്റെ ഇടപെടല്‍ മൂലമാണ് ഐ.ഐ.ടി മദ്രാസ് എന്ന ഉന്നത പഠനകേന്ദ്രത്തിന്റെ നിഗൂഢതാല്‍പര്യങ്ങളിലേക്ക് പൊതു ശ്രദ്ധ കൊണ്ടുവന്നത്. പത്തിലധികം മലയാളികള്‍ ഉള്‍പ്പെടെ 35-ഓളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ സ്ഥാപനത്തില്‍നിന്നും ആത്മഹത്യയില്‍ അഭയം തേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഠനഭാരത്തിന്റെയും അതോടനുബന്ധിച്ച മാനസിക സമ്മര്‍ദത്തിന്റെയും ഫലമാണെന്നു വിധിയെഴുതിയ ഈ ആത്മഹത്യകളൊക്കെ സ്ഥാപനവല്‍കൃത മരണമായിരുന്നു എന്ന സംശയമാണ്് ഫാത്തിമയുടെ മരണത്തോടെ പുറത്തുവന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ഒരു കഷ്ണം കയറില്‍ തൂങ്ങി ജീവന്‍ വിട്ടേച്ച് പോയ രോഹിത് വെമുല പൊതുസമൂഹത്തിനു മുന്നില്‍ ഒരുപാട് സംശയങ്ങള്‍ ബാക്കിയാക്കിയാണ് കടന്നുപോയത്. ഉന്നത കാമ്പസുകളിലെ ജാതീയ ഉച്ചനീചത്വങ്ങളുടെയും വംശീയ നെറികേടുകളുടെയും കഥകളായിരുന്നു ആ മരണം അനാവരണം ചെയ്തത്.  മുസ്‌ലിം വംശീയ ദലിത് ജാതീയ  ഉച്ചനീചത്വങ്ങളെ ഊട്ടിയുറപ്പിക്കുന്ന കാമ്പസിന്റെ നിഗൂഢ തന്ത്രങ്ങളെ കുറിച്ച് സൂചിപ്പിച്ചാണ് രോഹിത് വെമുല മൗനമായി  കടന്നുപോയത്. 
ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും അധീനതയിലാക്കി മുന്നേറുന്ന ഫാഷിസ്റ്റ് ദേശീയതാ മനോഭാവം ഉന്നത കലാലയങ്ങളും അക്കാദമിക രംഗങ്ങളും എങ്ങനെയാണ് വരുതിയിലാക്കിയത് എന്നതിന്റെ  സാക്ഷ്യമാണ് ഇത്തരം ആത്മഹത്യകളെന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും. ഇസ്‌ലാമോഫോബിയയുടെയും മുസ്‌ലിം വിരുദ്ധതയുടെയും ദലിത് അരികുവല്‍ക്കരണത്തിന്റെയും പോറ്റില്ലങ്ങളായി മാറുകയാണ് നമ്മുടെ ഉന്നത കലാലയ കാമ്പസുകള്‍.   അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാനും അനീതിയോട് രാജിയാവാനും അഴിമതിയെ പൊറുപ്പിക്കാനും തയാറില്ലാത്ത കൃത്യമായ അവബോധവും ലക്ഷ്യബോധവുമുള്ള ഒരു കൂട്ടം ദലിത് മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട് എന്ന തിരിച്ചറിവാണ് ഫാഷിസം അതിന്റെ ദംഷ്ട്രങ്ങളെ അറിവുല്‍പ്പാദന കേന്ദ്രങ്ങളിലേക്കു കൃത്യമായ ലക്ഷ്യത്തോടെ കണ്ണുവെക്കുന്നതിനു കാരണം. വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ ശ്രമിക്കുമ്പോഴും ജോലിയിലൂടെ ഉന്നതങ്ങളിലെത്താന്‍ ശ്രമിക്കുമ്പോഴും അതിനുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുമ്പോഴുമൊക്കെ ഈ ഫാഷിസം ദലിത് മുസ്‌ലിം വിഭാഗങ്ങള്‍ക്കു നേരെ സകലമാന തന്ത്രങ്ങളുമായി പാഞ്ഞടുക്കുന്നതു കാണാം. അധീശത്വ മ്ലേഛത രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവരാണ് നമ്മുടെ പല അക്കാഡമീഷ്യന്മാരും. ജാതിയിലധിഷ്ഠിത ഉച്ചനീചത്വങ്ങളിലാണ് നമ്മുടെ ജനാധിപത്യം കെട്ടിപ്പടുത്തിട്ടുള്ളത്. ഇതിനെ ജനാധിപത്യശക്തികള്‍ ഒന്നിച്ചെതിര്‍ക്കണം. ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒരു ജനതയെ നിലനിര്‍ത്തിക്കൊണ്ട് ഒരു ജനാധിപത്യരാജ്യത്തിന്റെ പുരോഗതി സാധിച്ചെടുക്കാമെന്ന അക്കാദമിക ചിന്ത ശുദ്ധ അസംബന്ധമാണ.് 
മറ്റൊന്ന്, പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ നൂറുമേനിയുമായി വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പോലും എന്തുകൊണ്ടു ലക്ഷ്യപ്രാപ്തിയെത്തും മുന്നേ ജീവിത സാഹചര്യങ്ങളെ നേരിടാനാകാതെ എല്ലാം ഇട്ടേച്ചുപോകുന്നു എന്നതും പഠന വിഷയമാക്കണം. പാഠഭാഗങ്ങളോട് പൊരുതി ജയിക്കുന്നവര്‍ക്ക് നിലവിലെ സാമൂഹിക ജീവിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഉള്‍ക്കരുത്ത് എന്തുകൊണ്ടു നഷ്ടപ്പെട്ടുപോകുന്നു? മനശ്ശാസ്ത്രപരമായ ഒരു സമീപനം ഇവിടെ ആവശ്യമുണ്ട്. നാളെയുടെ ഭാവികളായ ഇന്നിന്റെ വിദ്യാര്‍ഥി സമൂഹത്തിന്റെ ദുര്‍ബലമായ മാനസികാവസ്ഥയെ അഡ്രസ് ചെയ്യുന്ന ഒരു മനശ്ശാസ്ത്ര സമീപനം സാമൂഹിക ശാസ്ത്രകാരന്മാര്‍ ആലോചനാ വിധേയമാക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top