ജലം കൊണ്ടും ഹിമം കൊണ്ടും ആലിപ്പഴം കൊണ്ടും

സജദില്‍ മുജീബ് No image

രാത്രിയുടെ ഏതോ യാമത്തിലാണ് ഒരു ഉണര്‍ച്ചയുണ്ടായത്. അപ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. ജനല്‍ചില്ലുകളെ വെളിച്ചം കൊണ്ടും ശബ്ദം കൊണ്ടും പ്രകമ്പനം കൊള്ളിച്ച് പ്രകൃതിയുടെ ജീവതാളം മുറുകുകയാണ്. ആ മഴയിലേക്ക്   ഞാന്‍ ജനാലകള്‍ തുറന്നു. 
മുറ്റത്തേക്ക് പരന്നൊഴുകുന്ന എല്‍.ഇ.ഡി ലാമ്പിന്റെ വെട്ടത്തില്‍ ഒരു ഉന്മാദിനിയെപ്പോലെ, ലാസ്യവതിയെപ്പോലെ മഴ കൊതിപ്പിക്കുന്നു. എന്തൊരു തണുപ്പാണീ മഴക്ക്! 
താഹിയുടെ ശ്വാസനിശ്വാസങ്ങളും ഞരക്കങ്ങളും കേള്‍ക്കുന്നില്ലായെന്ന് ശ്രദ്ധിച്ചത് അപ്പോഴാണ്. കിടക്കയില്‍ താഹി ഇല്ല.  
''താഹീ'' ഞാനുറക്കെ വിളിച്ചു. 
മറുപടിയില്ല. 
ഉള്ളില്‍നിന്നുമൊരാന്തല്‍ വൈദ്യുതപ്രവാഹമായി  നെഞ്ചിലേക്കെത്തി. 
വീണ്ടും പലതവണ ഉച്ചത്തില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. മഴ  തകര്‍ത്തു  പെയ്യുകയാണ്. 
അപ്പോഴാണ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്. പൂമുഖത്തുനിന്നും അകത്തേക്ക് കടക്കാനുള്ള പ്രധാന വാതിലിന്റെ ശബ്ദമാണത്. 'കിറുകിറാ' എന്ന ഒച്ചയോടെയാണ് അതെപ്പോഴും തുറക്കപ്പെടാറ്. ഞാനവിടേക്ക് ഓടിയെത്തിയപ്പോഴേക്കും താഹി മഴയിലേക്കിറങ്ങിയിരുന്നു. 
''താഹീ'' 
എന്റെ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞുനോക്കി. അവളുടെ മുഖത്തിനപ്പോള്‍ വല്ലാത്തൊരു പ്രകാശമുണ്ടായിരുന്നു. വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്ത ഒരു അനുഭൂതിയാണ് എന്നിലപ്പോള്‍ നിറഞ്ഞത്. ആ പ്രകാശധാരയില്‍ മുത്തുമണികള്‍ കോര്‍ത്ത മാല പോലെ  ജലത്തുള്ളികളിറങ്ങുന്ന അതിസുന്ദരമായ കാഴ്ച! കുറച്ചുനേരം ഞാനവളെത്തന്നെ നോക്കിനിന്നു. പിന്നെ പെട്ടെന്ന് യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിയെത്തി. 
''എന്താ ഈ കാട്ടണത്? മഴയത്തിറങ്ങിയാ അസുഖം കൂടൂലേ.. കേറിവന്നേ..'' 
അവളപ്പോള്‍ മഴനൂലുകള്‍ക്കിടയിലൂടെ എന്നെ  നോക്കിച്ചിരിച്ചു. 
''അമീ..നീയും വാടാ. നല്ല രസമാ'' 
എനിക്കപ്പോള്‍ ദേഷ്യമാണ് വന്നത്. 
''കേറി വരണുണ്ടോ.. ചുമ്മാ മനുഷ്യനെ വിഷമിപ്പിക്കാന്‍.'' 
അപ്പോളവള്‍ മെല്ലെ എന്റെയടുത്തേക്ക് വന്നു. 
''ഈ മഴയുണ്ടല്ലോ.. ഇത് എന്നെത്തേടിയെത്തിയ മഴയാ.. എനിക്കുവേണ്ടി മാത്രമായി പെയ്യുന്ന  മഴ!''
പിന്നെയവള്‍ പൊട്ടിച്ചിരിച്ചു. ആ വാക്കുകളോരോന്നും കാതില്‍ പിന്നെയും പിന്നെയും മാറ്റൊലിച്ചുകൊണ്ടേയിരുന്നു. 
''എന്തൊരു ഒറക്കമാണെടാ ഇത്.'' 
ആ വാക്കുകള്‍ കേട്ട് ഞെട്ടിയെഴുന്നേറ്റപ്പോള്‍ കണ്ടത്  കട്ടിലിനരികില്‍ കസേരയില്‍ എന്നെത്തന്നെ നോക്കി പുഞ്ചിരി തൂകിയിരിക്കുന്ന താഹിയെയാണ്. 
കണ്ണുതിരുമ്മി മൊബൈലിലെ ക്ലോക്കില്‍ നോക്കി. സമയം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. 
''ഇതിപ്പൊ നീയാണോ ബൈസ്റ്റാന്ററ് അതോ ഞാനോ?'' 
അവളെന്നെ കളിയാക്കി.
''ഞാന്‍ അത്രനേരം ഉറങ്ങിയോ?'' എന്റെ ശിരസ്സ് കുനിഞ്ഞു. 
''സാരല്ലടാ, കുറേ ദെവസായില്ലേ നീ ഓടണ്. അതാണ് പിന്നെ ഞാനും വിളിക്കാഞ്ഞത്.'' 
''ഫര്‍സു എവിടെ?'' 
''അവള് നഴ്‌സുമാരെ വിളിക്കാന്‍ പോയതാ.'' 
''ഇപ്പൊ പെട്ടെന്ന് എന്താ ഇണ്ടായത്?'' 
''ഒന്നൂല്ലടാ.. ഒന്ന് ഛര്‍ദ്ദിച്ച്.. അതിനാണ് അവള്.'' 
അപ്പോഴേക്കും വാതില്‍ തുറന്ന് ഫര്‍സാനയുമെത്തി. കൂടെ നഴ്‌സുമാരും.
ഉറക്കച്ചടവുള്ള അവളുടെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു. ദിവസങ്ങളായുള്ള ഉറക്കമിളക്കല്‍ അവളെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്. എന്നാലും അതൊന്നും കാര്യമാക്കാതെയാണ് അവളുടെ ചലനങ്ങള്‍. അവള്‍ കണ്ണുകള്‍ കൊണ്ടെന്നെ പുറത്തേക്ക് വിളിച്ച ശേഷം വാതില്‍ തുറന്ന് പുറത്തേക്കു നടന്നു. 
പിറകെ ഞാനും. 
''എന്തേ ഫര്‍സൂ.. എന്തുപറ്റി?'' 
അവള്‍ കിതച്ചു. 
'അതേയ്.. ഇത്താക്ക് വളരെ കൂടുതലാണ്. ഇപ്പോ ഛര്‍ദ്ദിച്ചപ്പോ ബ്ലഡുണ്ടായിരുന്നു' എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു. 
എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചുനില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു: 
''അളിയനോട് വരാന്‍ പറയണം. എല്ലാം എല്ലാരും അറിയണം.'' 
മറുപടിക്ക്  കാത്തുനില്‍ക്കാതെ അവള്‍ തിരികെ നടന്നു. പിറകെ ഞാനും റൂമിലേക്ക് നടക്കുമ്പോള്‍ നഴ്‌സ് ഒരു ലിസ്റ്റ് കൈയിലേല്‍പ്പിച്ച് പറഞ്ഞു: 
''ഇതിപ്പൊത്തന്നെ ഫാര്‍മസീന്ന് വാങ്ങിക്കണം. പിന്നെ ബ്ലഡ് കൗണ്ട് വല്ലാതെ കുറവാണ്. ബ്ലഡ് വേണ്ടിവരും.'' 
മരുന്ന് വാങ്ങിച്ച് റൂമിലെത്തിയപ്പോള്‍ ഒന്നും സംഭവിച്ചില്ലാത്ത മട്ടില്‍ അവള്‍ ചോദിച്ചു: 
''എന്താടാ നിന്റെ മുഖത്ത് വല്ലാതെ കാറ് കൂടിയിട്ടുണ്ടല്ലോ..'' 
''ഏയ്.. ഇല്ല.. അത് താഹിക്ക് വെറുതെ തോന്നണതാ.'' 
''ഇല്ലെടാ..പേടിക്കേണ്ട.. ഇന്നൊരു നല്ല പകലായിരിക്കും. കാരുണ്യത്തിന്റെ മഴയിറങ്ങുന്ന ശാന്തമായ പകല്‍.'' 
ഒരു ദാര്‍ശനികയെപ്പോലെ താഹിയത് പറഞ്ഞപ്പോള്‍ മറുപടി നല്‍കാനാകാതെ ഞാന്‍ അവളുടെ കവിളില്‍ ചുംബിച്ചു. ഒരു നീര്‍കണം കവിളിലൂടെ അവളുടെ കണ്ണിലേക്കൊഴുകി. 
''സുബൈര്‍ക്ക പുറപ്പെട്ടിട്ടുണ്ട്. ഏഴു മണിയാകുമ്പോഴെത്തും.'' 
''ഊം. ഇന്‍ശാ അല്ലാഹ്.'' 
പിന്നെ കുറേനേരം ഞങ്ങള്‍ക്കിടയില്‍ മൗനം  തളം കെട്ടിനിന്നു. ബോട്ടിലില്‍നിന്നും ട്യൂബിലൂടെ ഇറ്റുവീഴുന്ന മരുന്നുതുള്ളികളെ നോക്കി പുഞ്ചിരി തൂകി അവള്‍ കിടന്നു. 
''അവളോട് പൊയ് കെടക്കാന്‍ പറ മോനേ. വെര്‍തെ ഒറക്കിളച്ച് സൂക്കേട് വരുത്തിവെക്കണ്ട.' 
പക്ഷേ നാലു കണ്ണുകള്‍ അവളെത്തന്നെ നോക്കിക്കൊണ്ട് ഇമയടക്കാതെ പുലരിയിലേക്ക് യാത്ര തുടര്‍ന്നു. 
അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബ്ലഡ്ബാങ്കില്‍നിന്ന് എ ബി നെഗറ്റീവ് രക്തസഞ്ചികളുമായി ഓട്ടോറിക്ഷയില്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് സുബൈര്‍ക്കയുടെ ഫോണ്‍കാള്‍ വന്നത്: 
''അമീ.. നീ എവിടെത്തി?'' 
''ഞാനിപ്പോ അങ്ങെത്തും സുബൈര്‍ക്കാ. ഒരഞ്ചു മിനിട്ട്.'' 
''ഡോക്ടര്‍ വാര്‍ഡിലെത്തീട്ടുണ്ട്. വേഗം വാ.'' 
ഡോക്ടര്‍ മുറിയിലെത്തുംമുമ്പേ ഞാനെത്തി. ബ്ലഡ് ബാഗുകള്‍ നഴ്‌സിംഗ് സ്റ്റേഷനിലേല്‍പ്പിച്ചു. 
''എന്താ താഹിറാ.. ഇപ്പോ എങ്ങനെയുണ്ട്?'' 
കുശലം ചോദിച്ച് ഡോക്ടര്‍ അവളുടെ അടുത്തിരുന്നു. 
''കുഴപ്പമില്ല സാറേ..'' 
''പേടിയുണ്ടോ താഹിറക്ക്?'' സ്റ്റെതെസ്‌കോപ്പ് നെഞ്ചിലമര്‍ത്തി ഡോക്ടര്‍ ചോദിച്ചു. 
''എന്തിന്?'' 
പിന്നെ ഡോക്ടര്‍ അവളോടൊന്നും പറഞ്ഞില്ല.  
വരാന്തയില്‍ വെച്ച് ഞങ്ങളോട് മൂന്നു പേരോടുമായി ഡോക്ടര്‍ പറഞ്ഞു: 
''ലിസണ്‍.. താഹിറയുടെ കണ്ടീഷന്‍ മോശമായിവരികയാണ്. ഇപ്പോ മഞ്ഞപ്പിത്തത്തിന്റെ അളവും കൂടിയിരിക്കുന്നു. മരുന്നുകളോട് വേണ്ടത്ര പ്രതികരിക്കുന്നില്ല.. ഈ അവസ്ഥയില്‍ ഒരുപക്ഷേ ഐസിയുവിലേക്ക് മാറ്റേണ്ടതായിവരും.'' 
നിസ്സഹായതയോടെയും നിസ്സംഗതയോടെയുമാണ് ഞങ്ങളത് കേട്ടുനിന്നത്. 
ഡോക്ടര്‍ തിരിച്ചുപോയ ശേഷം സുബൈര്‍ക്ക  എന്റെ കൈ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞു: 
''മക്കളോട് വരാന്‍ പറഞ്ഞിട്ടുണ്ട്.'' 
എന്തു പറഞ്ഞാണ് ഞാനാ മനുഷ്യനെ ആശ്വസിപ്പിക്കുക! 
എന്നാലും പറഞ്ഞു:
''വിഷമിക്കേണ്ട, നമ്മള്‍ അതിജീവിക്കും.'' 
''ഊം..'' 
ഒരിക്കലും വറ്റിവരളാത്ത നദികളാണ് ഓര്‍മകള്‍. ചിലപ്പോള്‍ പോക്കുവെയിലേറ്റ് തിളങ്ങിയും മറ്റുചിലപ്പോള്‍ കാണാവിഷാദച്ചുഴികളൊളിപ്പിച്ചും അത് ഒഴുകിക്കൊണ്ടേയിരിക്കും. 
ഇരുപത്തിയൊമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് പുതുമണവാട്ടിയായി സുബൈര്‍ക്കയുടെ കൈപിടിച്ച് താഹി പടിയിറങ്ങുമ്പോള്‍ എനിക്കന്ന് പതിനെട്ട് വയസ്സാണ് പ്രായം. ഭര്‍തൃവീട്ടിലെത്തിയതിന്റെ മൂന്നാംനാള്‍ എന്നെത്തേടി താഹിയുടെ ഒരു കത്ത് വന്നു. അടുത്തകാലം വരെ ഞാനത് സൂക്ഷിച്ചുവെച്ചിരുന്നു. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആഴം വിളിച്ചോതുന്നതാണ് ആ ലിഖിതം. ആ കത്ത് ലഭിച്ച പിറ്റേന്നുതന്നെ താഹിയെക്കാണാനായി അവളുടെ വീട്ടിലെത്തി. കണ്ണുനീര്‍ ആലിംഗനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചാണ് അന്നവളെന്നെ സ്വീകരിച്ചത്. അന്ന് താഹി എന്റെ കവിളില്‍ നല്‍കിയ കണ്ണീരുമ്മ തിരികെ  നല്‍കാന്‍ എനിക്കിപ്പോള്‍ മാത്രമാണ് കഴിഞ്ഞത് എന്ന ചിന്ത മനസ്സില്‍ ഒരു നൊമ്പരമാണിപ്പോഴും.  
കൂടപ്പിറപ്പുകളെ പരിഗണിക്കാനും ആലിംഗനം ചെയ്യാനും നാമൊരിക്കലും ഒട്ടും അമാന്തിക്കരുതെന്ന പാഠം ഇപ്പോഴാണ് ശരിക്കും പഠിച്ചത്. ഓരോ ചേര്‍ത്തുനിര്‍ത്തലുകളും പങ്കുവെക്കലുകളുമാണ് എന്നും  അവരുടെയും നമ്മുടെയും ഉള്ളില്‍ പൂത്തിരികളായി കത്തിനില്‍ക്കുക. നഷ്ടപ്പെടലുകള്‍ക്കു ശേഷവും നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണത്. 
മുറിയിലേക്ക് കടന്നപാടെ താഹിയുടെ മുഖത്തുനോക്കി ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: 
''ഹൗ യു ഫീല്‍ ഡാര്‍ലിംഗ്.'' 
''ബെറ്റര്‍'' താഹി മൃദുമന്ദഹാസത്തോടെ മറുപടി നല്‍കി. 
അവളുടെ തലയില്‍ വിരലുകള്‍ കൊണ്ട് തലോടി ഞാന്‍ ആശ്വസിപ്പിച്ചു: 
''പേടിക്കണ്ടട്ടോ.. ഒന്നും സംഭവിക്കില്ല.'' 
അവളുടെ മറുപടിയില്‍ തുടിച്ചുനിന്ന ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തി. 
''പേടി നിനക്കല്ലേ.. ഞാന്‍ കണ്ടു, എന്നെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയപ്പോഴത്തെ നിന്റെ മുഖം.. പേടിത്തൊണ്ടന്‍.'' 
പിന്നെയവള്‍ ഉച്ചത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു. 
''ടാ.. നീ മഞ്ഞില്‍ കുളിച്ചിട്ടുണ്ടോ?'' 
പെട്ടെന്നുള്ള ആ ചോദ്യം എന്നെ ഒരു നിമിഷം സ്തബ്ദനാക്കി. 
''മഞ്ഞിലോ.. അതിനിവിടെവിടെയാ മഞ്ഞ്?'' 
ഞാന്‍ പകപ്പ് ഉള്ളിലൊതുക്കി ചോദിച്ചു. 
''ഉണ്ടെടാ.. എനിക്കും ചുറ്റും മഞ്ഞുമലകളാണ്. മഞ്ഞുനീര്‍ത്തുള്ളികള്‍ എന്റെ ഉച്ചി മുതല്‍ കാല്‍പാദം വരെ നനച്ചൊഴുകുകയാണ്. വല്ലാത്തൊരു തണുപ്പാണതിന്.''
എനിക്കൊന്നും മിണ്ടാന്‍ പോലുമായില്ല. 
''ഇത്ത എന്തൊക്കെയാണ് പറയുന്നത്?'' 
ഫര്‍സാന വിതുമ്പി. 
''ഫര്‍സൂ.. മോളേ.. നീയെന്നെയൊന്ന് പുതപ്പിക്ക്... എവിടെ എന്റെ ഇക്ക.. എന്റെ മക്കള്‍.. എന്റെ ഉപ്പച്ചി.. എന്റെ... എന്റെ.. '' 
പിന്നെ ഉച്ചത്തില്‍ ശ്വാസം ആഞ്ഞുവലിക്കാന്‍ തുടങ്ങി. 
'സിസ്റ്റര്‍' എന്നുച്ചത്തില്‍ വിളിച്ചുകൊണ്ട് ഫര്‍സാന പുറത്തേക്കോടി. 
നഴ്‌സുമാര്‍ വന്ന് ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ചു. ആരോടെന്നില്ലാതെ അവര്‍ പറഞ്ഞു: 
''സാര്‍, ഐസിയുവിലേക്ക് മാറ്റാന്‍ പറഞ്ഞിട്ടുണ്ട്. ട്രോളി ഇപ്പോ വരും.'' 
''താഹിറയുടെ ബൈസ്റ്റാന്റര്‍ ആരാ?'' 
ഐസിയുവിന്റെ വാതില്‍ തുറന്ന് നഴ്‌സ് എത്തിനോക്കി. 
ഞങ്ങള്‍ മൂന്നു പേരും മുന്നോട്ടാഞ്ഞു. 
''നിങ്ങളെ സാറ് വിളിക്കുന്നു.'' 
വാതില്‍ തുറന്ന് ഞങ്ങള്‍ അകത്തു കടന്നു. 
''ഞാന്‍ പറഞ്ഞല്ലോ മിസ്റ്റര്‍ അമീന്‍, മരുന്നുകള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട്. ഈ ട്യൂമര്‍ വളരെ പഴക്കം ചെന്നതാണ്. ഇനിയും ഇവിടെ കിടത്തുന്നതില്‍ ഒരര്‍ഥവുമില്ല. യു ഡിസൈഡ്.'' 
ആംബുലന്‍സിനുള്ളില്‍ താഹി ശാന്തമായുറങ്ങുകയാണ്. മുഖം പ്രഭാപൂരിതമാണ്. 
''നല്ല മഴയാണല്ലോ സാറേ.. റോഡും ബ്ലോക്കാണ്. സൈറണിട്ട് പോയാലോ.'' 
''ഉം'' ഡ്രൈവര്‍ക്കനുവാദം നല്‍കി വീണ്ടും ചിന്തകളിലേക്കൂളിയിട്ടു. 
സൈറന്റെ ശബ്ദം വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. മരണത്തിന്റെ വിളിയാളം പോലെ.. 
''താനാ സൈറണ്‍ നിര്‍ത്തിയേ.'' 
അയാളുടനെത്തന്നെ അത് ഓഫ് ചെയ്തു. 
മുഖം മൂടിയ തുണി നീക്കി ഞാനവളെ ഒരിക്കല്‍കൂടി കണ്ടു. 
''വിഷമിക്കണ്ടടാ..'' ഞാനാ ശബ്ദം ശരിക്കും കേട്ടു. 
''മയ്യിത്ത് നിസ്‌കാരത്തിന് നീ ഇമാമാകണം. എന്നെക്കൊണ്ടതിന് കഴിയൂല.'' 
സുബൈര്‍ക്ക കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ഇക്കയെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ വിതുമ്പി: 
''എല്ലാം അവന്റെ തീരുമാനം. ഇന്നാ ലില്ലാഹ്.''
ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്കാണ് ആംബുലന്‍സ് ചെന്നുനിന്നത്. പുരുഷാരം ഒന്നുലഞ്ഞു. സമയം അപ്പോള്‍ എട്ടു മണി ആകുന്നതേയുള്ളൂ. ഇശാ ബാങ്കിന്റെ മധുരനാദം അന്തരീക്ഷത്തില്‍ മാറ്റൊലിക്കെ അവള്‍ തറവാട്ടിലേക്ക് തിരിച്ചെത്തുകയാണ്. 
അപ്പോഴൊരു തണുത്ത കാറ്റ് ഞങ്ങളെ തഴുകുവാനെത്തി. 
''മഴ വരേണ്ന്ന് തോന്നണ്.'' 
ആള്‍ക്കൂട്ടത്തിലാരോ പറഞ്ഞു. പറഞ്ഞുതീരും മുമ്പേ ശക്തമായ പെരുക്കത്തോടെ മഴത്താളം മുറുകി. 
ആലിപ്പഴമാണ് പെയ്തത്. സ്‌ട്രെച്ചറില്‍ അകത്തേക്കെടുക്കുമ്പോള്‍ അവള്‍ ആലിപ്പഴങ്ങളാല്‍ നനഞ്ഞു. ആകാശത്തേക്ക് നാവുനീട്ടി ഓരോ ആലിപ്പഴവും അകത്താക്കാന്‍ വെമ്പുന്ന കുട്ടികളായി മാറി  ഞങ്ങളപ്പോള്‍. 
''മയ്യത്താകെ നനഞ്ഞു.'' കൂട്ടത്തിലാരോ പരിതപിച്ചു. അവര്‍ക്കറിയില്ലല്ലോ ആകാശമവളെ ആലിപ്പഴങ്ങള്‍ കൊണ്ട് കുളിപ്പിച്ചതാണെന്ന്. 
''അഗ്‌സില്‍ഹാ ബില്‍മാഇ വസ്സല്‍ജി വല്‍ബറദി'' (ജലം കൊണ്ടും ഹിമം കൊണ്ടും ആലിപ്പഴം കൊണ്ടും അവളെ നീ കുളിപ്പിക്കേണമേ... - മയ്യിത്ത് നമസ്‌കാരത്തില്‍ ചൊല്ലുന്ന പ്രധാന പ്രാര്‍ഥനകളിലൊന്ന്).
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top