ഇംറാന്‍ കുടുംബം എന്നര്‍ഥമുള്ള ആലുഇംറാന്‍ എന്ന പേരിലെ ഖുര്‍ആനിലെ ഒരധ്യായം.
ഇംറാന്‍ കുടുംബം എന്നര്‍ഥമുള്ള ആലുഇംറാന്‍ എന്ന പേരിലെ ഖുര്‍ആനിലെ ഒരധ്യായം. സദ്‌വൃത്തരായ ദൈവത്തിന്റെ ദാസന്മാരെ/ ദാസികളെ വിശദമായി പരിചയപ്പെടുത്തുന്നതാണ് അധ്യായത്തിന്റെ ഇതിവൃത്തം. പ്രസ്തുത ചരിത്രകഥനം കേന്ദ്രീകരിക്കപ്പെട്ടത് ഇംറാന്‍ കുടുംബത്തില്‍നിന്ന് രണ്ട് മഹതികളിലാണ്. ഇംറാന്റെ പത്‌നിയെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച 'ഹന്ന ബിന്‍ത് ഫാഖൂദാ'യാണ് അവരില്‍ ഒന്നാമത്തേത്. ഗര്‍ഭിണിയായ ഹന്നാ, ഭൂമിയില്‍ ജീവിക്കുന്ന സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്‌നമെന്തായിരിക്കണമെന്ന പാഠമാണ് പകര്‍ന്നു നല്‍കിയത്: ''ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ നാഥാ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിന്റെ സേവനത്തിനായി ഉഴിഞ്ഞിടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയതു സ്വീകരിക്കേണമേ? നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ'' (ആലുഇംറാന്‍ 35).
പള്ളിയും ആരാധനകളും മതവും പുരുഷന്മാരുടെ കുത്തകയായിരുന്ന കാലത്ത്, തനിക്ക് പിറക്കാനിരിക്കുന്നത് ആണ്‍കുഞ്ഞായിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഹന്നാ ബിന്‍ത് ഫാഖൂദാ വയറ്റിലുള്ള കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസില്‍ ആരാധനക്കായി നേര്‍ച്ചയാക്കിയത്. അത്ഭുതകരമെന്നോണം, പിറന്നു വീണത് പെണ്‍തരിയായിരുന്നു. ഹന്നാ തന്റെ നേര്‍ച്ചയില്‍നിന്നും അതുവഴി തന്റെ സ്വപ്‌നത്തില്‍നിന്നും പിന്മാറിയില്ല. താന്‍ പ്രാര്‍ഥിച്ച ദൈവം കനിഞ്ഞുനല്‍കിയ മകള്‍ക്ക് 'ആരാധിക' എന്നര്‍ഥം വരുന്ന മര്‍യം എന്ന് പേര് വിളിക്കുകയും, പിശാചിനെ തൊട്ട് അവള്‍ക്ക് ദൈവത്തിന്റെ കാവലിന്ന് വേണ്ടിയിരക്കുകയും ചെയ്തു: ''ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു'' (ആലുഇംറാന്‍ 36).
ഹന്നായുടെ പ്രാര്‍ഥന, ഏഴ് ആകാശങ്ങള്‍ക്കപ്പുറം ദൈവസന്നിധിയില്‍ ഇടമുറപ്പിച്ചു. അനുഗ്രഹത്തിന്റേ പേമാരിയായി ആ കുടുംബത്തിന് മേല്‍ പെയ്തിറങ്ങി. ഹന്നായുടെ നേര്‍ച്ച ചരിത്രത്തിലെ ഏറ്റവും അനുഗൃഹീതമായതെന്ന് വിലയിരുത്തപ്പെട്ടു, മഹതിയായ മര്‍യമും, മര്‍യമിന്റെ മകന്‍ ഈസായും ആ നേര്‍ച്ചയുടെ തുടര്‍ച്ചകളായിരുന്നു: ''അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി''(ആലുഇംറാന്‍ 37).
ഹന്നായുടെ പെണ്‍കൊടി, സമൂഹത്തിലെ സാധാരണ പെണ്‍മക്കളെപ്പോലെയായിരുന്നില്ല. മതവും ആരാധനയും ദൈവികഗേഹവും ദൈവിക ദൃഷ്ടാന്തങ്ങളും പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്ന് മര്‍യം ദിനംപ്രതി തെളിയിച്ചുകൊണ്ടിരുന്നു. പിശാചിനെ തൊട്ട് കാവല്‍ ചോദിച്ച അവള്‍ക്ക്, മാലാഖമാരുടെ കൂട്ട് ദൈവമൊരുക്കിക്കൊടുത്തു. ''സകരിയ്യ മിഹ്‌റാബില്‍ അവളുടെ അടുത്ത് ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: 'മര്‍യം, നിനക്കെവിടെനിന്നാണ് ഇത് ലഭിക്കുന്നത്?' അവള്‍ പറഞ്ഞു: ഇത് അല്ലാഹുവിങ്കല്‍നിന്നുള്ളതാണ്. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു'' (ആലുഇംറാന്‍ 37).
ദൈവത്തിന്റെ സാക്ഷാല്‍ പ്രവാചകന്‍ സകരിയ്യാ(അ) പോലും അത്ഭുതപ്പെട്ട ദൃഷ്ടാന്തങ്ങള്‍! പള്ളിമൂലക്ക് പകരം മിഹ്‌റാബ് തെരഞ്ഞെടുക്കുകയും, മാലാഖമാരെ അവിടേക്ക് വരുത്തുകയും ചെയ്ത മര്‍യം! ദൈവിക ഭവനങ്ങളുടെ മര്‍മമാണ് മിഹ്‌റാബ്, ഇസ്രാഈല്‍ സന്തതികള്‍ ആരാധനയില്‍ മുഴുകി ഭജനമിരിക്കാന്‍ തെരഞ്ഞെടുത്തിരുന്ന സ്ഥലം. പിശാചിനോട് പടവെട്ടുന്ന ഇടം എന്നാണ് മിഹ്‌റാബ് എന്ന പദത്തിന്റെ അര്‍ഥം.
മര്‍യം തയാറെടുപ്പിന്റെ ഘട്ടത്തിലായിരുന്നു. വലിയ, ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള മുന്നൊരുക്കം. അതിനു വേണ്ട ഊര്‍ജം ശേഖരിക്കുകയായിരുന്നു അവര്‍. മര്‍യം പാകപ്പെട്ടപ്പോള്‍, പൂര്‍ണസജ്ജയായതിന് ശേഷം മാലാഖമാര്‍ വീണ്ടും വന്നു: ''മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീയേക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു'' (ആലുഇംറാന്‍ 42).
മര്‍യമിന്റെ മഹത്വം വിളിച്ചോതുന്ന വചനങ്ങളാണിവ. പ്രസ്തുത അധ്യായത്തിന്റെ പ്രാരംഭത്തില്‍ ആദം, നൂഹ്, ഇബ്‌റാഹീം കുടുംബം, ഇംറാന്‍ കുടുംബം എന്നിവരോട് ചേര്‍ത്തു പറഞ്ഞ പ്രയോഗമാണ് മര്‍യമിലേക്ക് ചേര്‍ത്തിരിക്കുന്നത്. പ്രസ്തുത പ്രവാചകന്മാരുടെ പാരമ്പര്യമാണ് മര്‍യം മുറുകെ പിടിച്ചതെന്നും, പ്രവാചകന്മാരുടെ ദൗത്യത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന കര്‍മമായിരുന്നു അവര്‍ നിര്‍വഹിച്ചതെന്നും ഖുര്‍ആന്‍ ഇതിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. പൂര്‍വ പ്രവാചകന്മാര്‍ അനുഭവിച്ച അതികഠിനമായ പരീക്ഷണങ്ങള്‍ക്കും മാലാഖമാരുടെ പ്രിയ മര്‍യം വിധേയമായെന്ന് മാത്രമല്ല, അവയെ ഇബ്‌റാഹീമിയന്‍ മാതൃകയില്‍ മറികടക്കുകയും, അദ്ദേഹത്തെപ്പോലെ ലോകവിശ്വാസികള്‍ക്ക് മാതൃകയായി അവരോധിക്കപ്പെടുകയും ചെയ്തു. പുണ്യപ്രവാചകന്മാരുടെ നാമങ്ങള്‍ കൊണ്ട് അലങ്കരിച്ച ഖുര്‍ആനിക അധ്യായങ്ങളിലൊന്ന് മര്‍യമിന്റെ നാമത്താല്‍ അലങ്കരിക്കപ്പെട്ടു. ''ഇംറാന്റെ പുത്രി മര്‍യമിനെയും നാം വിശ്വാസികള്‍ക്ക് ഉദാഹരിക്കുന്നു. അവര്‍ തന്റെ ചാരിത്ര്യം കാത്തുസൂക്ഷിച്ചു. നാം അവരില്‍ നമ്മില്‍നിന്നുള്ള ആത്മാവിനെ പകര്‍ന്ന് നല്‍കി. അവളെ തന്റെ നാഥനില്‍നിന്നുള്ള വചനങ്ങളെയും വേദങ്ങളെയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍പ്പെട്ടവളായിരുന്നു'' (അത്തഹ്‌രീം 12).
അല്ലാഹുവുമായുള്ള അടുപ്പം കൂടുന്നതനുസരിച്ച്, കൂടുതല്‍ ത്യാഗസന്നദ്ധത പ്രകടിപ്പിക്കുന്നതിന് അനുസരിച്ച് അവന്‍ തന്റെ അടിമകളെ കൂടുതല്‍ പരീക്ഷിച്ചുകൊണ്ടിരിക്കും. ഭൂമിയില്‍ ജീവിക്കുന്ന ഒരു സ്ത്രീ അതികഠിനമായി ഭയക്കുന്ന അപമാനമായിരുന്നു മര്‍യമിന്റെ മേല്‍ പരീക്ഷണമായി വന്നിറങ്ങിയത്. വിശുദ്ധയായ, പതിവ്രതയായ മര്‍യമിന് മകന്‍ പിറക്കണമെന്നതാണ് അല്ലാഹുവിന്റെ തീരുമാനം. ആരാധനയും ഭയഭക്തിയും കൊണ്ട് സല്‍പേര് സമ്പാദിച്ച മര്‍യമിന് ഇണയില്ലാതെ ഗര്‍ഭം ധരിക്കേണ്ടിവരികയെന്നത് അസഹ്യമായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ പരീക്ഷണം അതിജീവിക്കുകയെന്നത് തന്നെയായിരുന്നു മര്‍യം പഠിച്ച പാഠം.
ഈസാ പ്രവാചകനെ ഗര്‍ഭം ധരിച്ച മര്‍യം, അപമാനം ഭയന്ന് ബൈത്തുല്‍ മുഖദ്ദസ് ഉപേക്ഷിച്ച്, ജനങ്ങളില്‍നിന്ന് അകന്നു കഴിയാനായി ഇറങ്ങിത്തിരിച്ചു. ബത്‌ലഹേമിലെ ഒരു ഈന്തപ്പന മരത്തണലില്‍ അവര്‍ തളര്‍ന്നിരുന്നു. വേദനയും അപമാനവും പേറി അവരവിടെ ഈസാ പ്രവാചകന് ജന്മം നല്‍കി. ആരോരുമില്ലാതെ, ഒളിഞ്ഞിരിക്കാന്‍ ഒരു മറ പോലുമില്ലാതെ, ഇണയുടെ പരിചരണമില്ലാതെ, ബന്ധുക്കളുടെ പരിഗണനയില്ലാതെ കഴിഞ്ഞ ആ നിമിഷങ്ങളില്‍ മര്‍യം മരണമാഗ്രഹിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു: ''പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ പറഞ്ഞു; അയ്യോ കഷ്ടം, ഇതിനു മുമ്പെ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്നെ മറന്നുപോയിരുന്നെങ്കില്‍'' (മര്‍യം 23).
നിര്‍ണായക നിമിഷങ്ങളില്‍ സാന്ത്വനമായി ദൈവിക സഹായം മര്‍യമിന് അന്നപാനീയങ്ങളുടെ രൂപത്തില്‍ വന്നിറങ്ങി. മാലാഖമാര്‍ അവരെ ആശ്വസിപ്പിച്ചു. മകന്റെ ശുഭകരമായ ഭാവിയെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിച്ചു. മര്‍യം ജന്മം നല്‍കിയ ഈസാ (അ) ചരിത്രത്തിലെന്നും വിവാദനായകനായിരുന്നു. ദൈവത്തിന്റെ ദൂതനും മര്‍യമിന്റെ പുത്രനുമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈസായെ, പിറന്നുവീണ വേളയില്‍തന്നെ യഹൂദര്‍ ജാരസന്തതിയെന്ന് ആരോപിക്കുകയാണ് ചെയ്തത്. ഈസായെ ഇണയില്ലാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ മര്‍യമിനെ ക്രൂശിച്ച യഹൂദര്‍ക്ക് മുന്നില്‍ പില്‍ക്കാലത്ത് വിമോചന സന്ദേശവുമായി ഈസാ പ്രവാചകന്‍ തലയുയര്‍ത്തി നിന്നു.
പോരാട്ടത്തിന്റെയും വിമോചനത്തിന്റെയും ഖുര്‍ആന്‍ വരച്ചുവെച്ച സ്ത്രീ പ്രതിനിധാനമാണ് മര്‍യം. ബൈത്തുല്‍ മുഖദ്ദസിലെ ആരാധനകളെ അലങ്കാരമാക്കി, മഹാന്മാരായ പ്രവാചകന്മാരുടെ പരീക്ഷണങ്ങളാല്‍ വിശ്വാസത്തെ വേവിച്ചെടുത്ത്, പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഈസാ പ്രവാചകന് വിമോചനത്തിന്റെ മേല്‍വിലാസം നല്‍കിയത് അവരായിരുന്നു. അതിനാലായിരിക്കാം പ്രവാചക നാമങ്ങളുടെ കൂടെ മാതാപിതാക്കളെ ചേര്‍ത്തു പറയാത്ത വിശുദ്ധ ഖുര്‍ആന്‍ നിരവധി ഇടങ്ങളില്‍ ഈസാ പ്രവാചകനെ മാതാവ് മര്‍യമിലേക്ക് ചേര്‍ത്ത് ഈസ ബിന്‍ മര്‍യം എന്ന് നീട്ടി വിളിച്ചത്.
മര്‍യമിന്റെ പുത്രന്‍ ഈസായുടെ പാരമ്പര്യം അവകാശപ്പെടുന്ന, ഈസായെയും മര്‍യമിനെയും വര്‍ഷാവര്‍ഷം മാറിമാറി ആഘോഷിക്കുന്ന ക്രൈസ്തവതയാണ് ലോകത്ത് സ്ത്രീവിമോചനത്തിന്റെ മഹാവിപ്ലവങ്ങള്‍ തീര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രവാചകന്‍ ഈസായെ മര്‍യമിലേക്ക് ചേര്‍ത്ത് ദൈവം പറയാനാഗ്രഹിച്ചതിന്റെ നേര്‍വിപരീതമെന്നോണം ലോകസമക്ഷം സ്ത്രീവിരുദ്ധതയുടെ മഹാഭാണ്ഡങ്ങള്‍ കെട്ടഴിച്ചുവെക്കുകയാണ് ഉല്‍പത്തിയിലെ ഒന്നാമത്തെ വചനം മുതല്‍ ക്രൈസ്തവ ദര്‍ശനം പകര്‍ന്നു നല്‍കിയത്. ആദിപാപത്തിന്റെ ഉത്തരവാദിത്തം ആദിമസ്ത്രീയായ ഹവ്വയിലേക്ക് ചാര്‍ത്തി, അവളുടെ പാപത്തില്‍ മുങ്ങിക്കുളിച്ച മാനവരാശിയുടെ മോക്ഷത്തിനായുള്ള അവതാരമായി ഈസായെ ചിത്രീകരിക്കുമ്പോള്‍ നന്നെ ചുരുങ്ങിയത് മര്‍യമിന്റെ പുത്രന്‍ ഈസാ എന്ന വിശേഷണത്തോട് പോലും നീതി പുലര്‍ത്തുന്നതില്‍ ക്രൈസ്തവ ദര്‍ശനം പരാജയപ്പെടുകയാണുണ്ടത്.
അവിടെയാണ്, ഈസാ പ്രവാചകനു ശേഷം ഏകദേശം ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ വിശുദ്ധയായ, പതിവ്രതയായ, സത്യസന്ധയായ, ത്യാഗിയും പോരാളിയുമായ മര്‍യമിനെയും, പാരമ്പര്യ മതസങ്കല്‍പങ്ങളെ മാറ്റിമറിച്ച മര്‍യമിന്റെ ചോരയില്‍ പിറന്ന ഈസ ബിന്‍ മര്‍യമിനെയും കൃത്യമായി അവതരിപ്പിക്കുകയും മാതൃകയാക്കുകയും ചെയ്ത് ഖുര്‍ആനിക സന്ദേശങ്ങള്‍ അവതരിക്കുന്നത്. ദൈവിക ഭവനത്തില്‍ ഭജനമിരുന്ന്, ആരാധനകളില്‍ മുഴുകി, ഊര്‍ജം സമ്പാദിച്ച്, പൊതുസമൂഹത്തിന്റെ പരിഹാസവും ഉപദ്രവവും അവഗണിച്ച് സാമൂഹികദൗത്യം വളരെ ഭംഗിയായി നിര്‍വഹിച്ച, ഈസായുടെ കൂടെ ചേര്‍ന്നു നിന്ന് തിളങ്ങുന്ന നക്ഷത്രം തന്നെയാണ് മര്‍യം ബിന്‍ത് ഇംറാന്‍.