വളരെ ആശങ്കയുള്ളതും ഭീതിപ്പെടുത്തുന്നതുമായ മാറ്റത്തിലൂടെയാണ് ഇന്ത്യയടക്കമുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നത്. നവ ഫാഷിസം പുതിയ രീതിയിലും ഭാവത്തിലുമാണ് പടര്‍ന്നുകയറിയിരിക്കുന്നത്. മനുഷ്യന്റെ നീതിബോധത്തില്‍ കാതലായ മാറ്റം ഉണ്ടാക്കുന്ന കടന്നാക്രമണമാണ് അത് നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ പൊതുവായ വിശ്വാസ പ്രമാണങ്ങളിലും ജീവിത രീതികളിലും സംസ്‌കാരങ്ങളിലും കടന്നുകയറി നിര്‍ബന്ധപൂര്‍വം ഭയപ്പെടുത്തിയോ ഭീഷണി മുഴക്കിയോ ആക്രമിച്ചോ നിശ്ശബ്ദരാക്കുന്ന രീതിയായിരുന്നു ഒരു കാലത്ത് ഫാഷിസം അനുവര്‍ത്തിച്ചിരുന്നത്. എന്നാലിന്ന് സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഷയുടെയും രാഷ്ട്രീയത്തിന്റെയും ഉള്ളില്‍ കടന്നുകയറി, ഒറ്റ നോട്ടത്തില്‍ തികച്ചും ജനാധിപത്യമെന്നും രാജ്യസ്‌നേഹമെന്നും തോന്നിപ്പിക്കുന്ന രീതിയില്‍ തങ്ങളുടേതാക്കി മാറ്റി, സാധാരണക്കാരനെ അനീതികള്‍ തിരിച്ചറിയാത്തവിധം സംശയാലുക്കളാക്കിയാണ് നവ ഫാഷിസം മുന്നേറുന്നത്.
ജനാധിപത്യത്തിന്റെ വഴികളിലൂടെ തന്നെയാണ് ഫാഷിസം കടന്നുവരുന്നത് എന്നര്‍ഥം. പലവിധത്തിലുള്ള അവകാശ ധ്വംസനങ്ങളും ഭരണകൂടവും അതിനോടനുബന്ധിച്ചുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളും നടത്തുമ്പോള്‍ അത് അനീതിയാണെന്നു പോലും സമൂഹത്തിനു തോന്നാത്ത വിധമാണ് ഫാഷിസം അതിന്റെ ലക്ഷ്യം നടപ്പിലാക്കുന്നത്. സമൂഹത്തില്‍ സ്വീകാര്യതയും വിഷയങ്ങളില്‍ മിതത്വവും കാണിക്കുന്നവരെക്കൊണ്ട് തന്നെ ഫാഷിസത്തിന്റെ അഭിപ്രായവും തീരുമാനങ്ങളും പറയിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അടുത്തിടെയുണ്ടായ ബാബരി വിധിയില്‍ പോലും ഇത് കാണാവുന്നതാണ്. ആഗോളവ്യാപകമായുള്ള ഒരു തരം തന്ത്രം തന്നെയാണിത്. നീതിന്യായ സംവിധാനങ്ങളെയും ഭരണകൂടങ്ങളെയും മറ്റും സ്വാധീനിച്ചാണ് ഫാഷിസം അതിന്റെ കാര്യം നേടുന്നത്. സകല അവകാശങ്ങളും ഹനിക്കുമ്പോള്‍ പോലും അത് പൊതു സമൂഹത്തിനു മേല്‍ സ്വീകാര്യത ഉണ്ടാക്കാനും അതുപോലെ ഇരകള്‍ക്ക് അതിനെ കുറിച്ച് ബോധവാന്മാരാകാനും പ്രതികരിക്കാനും കഴിയാത്തത്ര ജനാധിപത്യത്തെ ദുര്‍ബലമാക്കിക്കൊണ്ടാണ് ഫാഷിസം മുന്നേറുന്നത്.
കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നവരെ പൊതുധാരയില്‍ എത്തിച്ചു സാമാന്യജനത്തിന് ശരിതെറ്റുകള്‍ മനസ്സിലാകാത്ത വിധം ഫാഷിസം അതിന്റെ ലക്ഷ്യത്തിലേക്ക് മെല്ലെ കടന്നുകയറുന്നു. ഹിംസയെയും അന്യവല്‍ക്കരണത്തെയും അംഗീകരിക്കുന്നവരെ സര്‍ഗാത്മകതയോടും സാഹിത്യത്തോടും പൊതു രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളോടും ബന്ധിപ്പിച്ചുനിര്‍ത്തി സാമൂഹിക സ്വീകാര്യത നേടിക്കൊടുക്കാനുള്ള ശ്രമമാണ് ആഗോളതലത്തിലടക്കം നടക്കുന്നത്. പൊതുബോധത്തില്‍ ഉണ്ടായി വരുന്ന ഈ മാറ്റം അത്യന്തം ആശങ്കാജനകമാണ്. വിശാലമായ നൈതിക മൂല്യബോധങ്ങളില്‍നിന്നും മാറി സങ്കുചിതമായ ജീവിത വീക്ഷണം നിലനിര്‍ത്താനുള്ള ശ്രമമാണ് അധികാരി വര്‍ഗത്തില്‍ നിന്നും പലപ്പോഴും ഉണ്ടാകുന്നത്.
ഒരു ജനതയുടെ നഷ്ടപ്പെട്ടുപോയ അവകാശവും അധികാരവും വീണ്ടെടുക്കാന്‍ സഹായിച്ച് അവരെ പൊതുധാരയില്‍ എത്തിക്കുന്നതിനു പകരം കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ശൈലിയായ ചെറിയ തുകയും ഭക്ഷണവും നല്‍കി ഒരിക്കലും സ്വയം പര്യാപ്തരാകാതെ അധീശത്വവര്‍ഗത്തിനു കീഴില്‍ വിധേയരാക്കി നിര്‍ത്തുകയാണ് പുതിയ ജനാധിപത്യ ക്രമം.
ചൂഷണാത്മകമായ മുതലാളിത്തത്തിനു പരിക്കേല്‍പിക്കാതെ എങ്ങനെ ഒരു ജനാധിപത്യ രാഷ്ട്രസങ്കല്‍പം നിലനിര്‍ത്താമെന്ന ചിന്ത വളരെ അപകടകരമാണ്. പാവപ്പെട്ടവരെ നിരന്തരം ആക്രമിക്കുക, അവരുടെ ജീവന്റെ നിലനില്‍പിന് അടിസ്ഥാനമായ ഘടകങ്ങളെ ഇല്ലാതാക്കുക, അതിനുശേഷം വലിയ ഒരു തുക നഷ്ടപരിഹാരമായി അവരുടെ കുടുംബത്തിന് നല്‍കുക, നല്‍കിയവരെ പ്രകീര്‍ത്തിക്കുക എന്ന രീതിയാണവലംബിച്ചു പോരുന്നത്. ആക്രമണങ്ങളും സംഘര്‍ഷങ്ങളും അനാചാരങ്ങളും അഴിമതിയും ഇല്ലാതാക്കുന്നതിനു പകരം മുതലാളിത്തത്തോട് വേദനിക്കുന്നവരുടെ വിധേയത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ രീതി. ഇത് ജനാധിപത്യത്തിന് അപകടകരമാണ്.
സമാധാനവും സാമൂഹികബോധവും തകര്‍ക്കെത്തന്നെ സമാധാനത്തെ കുറിച്ചും അഹിംസയെ കുറിച്ചും സംസാരിച്ച് അതിന്റെ വക്താക്കളായി മാറുന്ന ലോകക്രമമാണ് നിലവിലുള്ളത്. ലോക പ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ പോലും ഇങ്ങനെയുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ ധനസഹായത്തോടെ അവികസിത രാഷ്ട്രങ്ങളില്‍ അവരുടെ നയം നടപ്പിലാക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിധേയരാക്കപ്പെട്ടവരുടെയും എണ്ണം കൂടുന്നു. ഈ അവസ്ഥയിലാണ് ശരിതെറ്റുകള്‍ തിരിച്ചറിയാതെ നവ ഫാഷിസത്തോടൊപ്പം ചേരേണ്ട ഗതികേട് പലര്‍ക്കും ഉണ്ടാവുന്നത്. മതേതരത്വം യൂറോപ്പില്‍ നിന്ന് കടമെടുത്തതാണെന്നും ഏകദേശീയതയാണ് നമ്മുടെ സംസ്‌കാരമെന്നും അവ നൂറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായതാണെന്നും അത് ശാസ്ത്രത്തിനപ്പുറം ഒരു സംസ്‌കാരവും ധര്‍മവുമാണെന്നും ഐ.ഐ.ടികള്‍ പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ പോലും ചര്‍ച്ച ചെയ്യുന്നു. ശാസ്ത്ര-സാങ്കേതിക അറിവുകളുടെ വേരുകള്‍ നമ്മുടെ പുരാണ ഇതിഹാസങ്ങളില്‍ ഉണ്ടെന്നും അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം അവയും നിര്‍ബന്ധമായും പഠിക്കേണ്ടവയാണെന്നുമുള്ള വാദങ്ങള്‍ ഉന്നതവിദ്യാഭ്യാസമുള്ളവരിലൂടെ പ്രചരിപ്പിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ രീതിയിലൂടെ ഫാഷിസ്റ്റ് ശൈലിയിലുള്ള പുതിയ ജനാധിപത്യ ക്രമം മെല്ലെമെല്ലെ ജനങ്ങളിലേക്ക് എത്തുകയാണ്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്; നമ്മുടെ ജനാധിപത്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം അത്ര ആശാവഹമല്ല. സ്വയം സംസ്‌കരിക്കപ്പെട്ട് ധര്‍മത്തെയും നീതിയെയും മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് ജനാധിപത്യബോധമുള്ളവര്‍ നേടേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ.് നമ്മുടെ മത സംഘടനകളും രാഷ്ട്രീയ-സാമൂഹിക -സാംസ്‌കാരിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതും ഇത് തന്നെയാണ്.
ജനാധിപത്യത്തിന്റെ പൂര്‍ണത അതിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലാണ്. ലോകത്തിലെ ഏത് പ്രത്യയശാസ്ത്രങ്ങളെടുത്തു പരിശോധിച്ചാലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനം സാധ്യമാവുക, ആത്മാഭിമാനമുള്ള ഒരു സമൂഹം നിലനില്‍ക്കുമ്പോഴാണെന്നു മനസ്സിലാക്കാം. പൗരന്‍ ഗവണ്‍മെന്റിനു കീഴിലെ ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും തൊഴിലാളിയോ ആരായാലും അവനവനു കിട്ടേണ്ട അധികാരങ്ങളും അംഗീകാരങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കിട്ടുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. ‘Rights are the major indicator for the progressiveness and human development' എന്നാണ് ഐക്യരാഷ്ട്രസഭ അവകാശ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്.
സ്വന്തം അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടാത്ത നാട്ടില്‍ അഭിമാന ബോധമുള്ള ഒരു ജനത എങ്ങനെ ഉണ്ടാവുമെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. അവകാശധ്വംസനം ബുദ്ധിപരമായ അടിമത്തത്തിലേക്ക് ഒരു സമൂഹത്തെ നയിക്കുന്നു. ഒരു ജനതക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ തികഞ്ഞ നിരാശയും അപകര്‍ഷബോധവും സൃഷ്ടിക്കപ്പെടും. ഇത്തരം അവഗണനകളാണ് ഒറ്റപ്പെടലിലേക്കും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിലേക്കും നയിക്കുന്നത്.
അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ അവകാശ സംരക്ഷണം നിലനിര്‍ത്താന്‍ ഭരണഘടന കൃത്യമായി മൗലിക അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്. 2005-ല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്ന വിവരാവകാശനിയമം ഇത്തരത്തിലുള്ളതാണ്. എന്നാല്‍ ഇതൊന്നും പൂര്‍ണമായി നടപ്പിലാവുന്നില്ല എന്ന തോന്നലും അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടാനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വളരെ സങ്കീര്‍ണവും പക്ഷപാതിത്വവും ആവുമ്പോഴും സാദാ പൗരനെ സംബന്ധിച്ചേടത്തോളം സങ്കടവും അമര്‍ഷവും ബാക്കിയാക്കി നിരാശയോടെ ജീവിക്കേണ്ടി വരുന്നു. ഒരു ജനത അവരുടെ അവകാശ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളെയും അതിനോടനുബന്ധിച്ച സംവിധാനത്തെയുമാണ്. ഇത്തരം സംവിധാനത്തിനകത്ത് ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ പാവപ്പെട്ടവനും പണക്കാരനുമടക്കമുള്ളവര്‍ക്ക് നീതി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കോടതികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരത്തിലുള്ള ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമ്പോഴാണ് ഒരു ജനതയുടെ ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനാവുക. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ ആയിട്ടും ഒരു സര്‍ക്കാര്‍ ഫയലില്‍ തീര്‍പ്പ് കല്‍പിക്കേണ്ടതിന് വ്യക്തമായ സമയക്രമമോ രീതികളോ ഇല്ലെങ്കില്‍ എന്ത് സദ്ഭരണമാണ് ഒരു ജനതക്ക് ലഭിക്കുക? അറിയാനുള്ള ഒരാളുടെ അവകാശം, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എന്നിവ ഓരോ പൗരനും ലഭിച്ചേ മതിയാവൂ. അധികാരങ്ങളും ചുമതലകളും കേന്ദ്രീകൃതമായ ഒരൊറ്റ ഭരണ സംവിധാനത്തില്‍ നടപ്പിലാക്കുന്നതിന് പകരം പ്രാദേശികമായി രൂപപ്പെട്ടുവരുന്ന സേവന കൈമാറ്റം വ്യക്തികളുടെ അവകാശ സംരക്ഷണം വേഗത്തിലാക്കും. ഏതൊരു ജനതയും അവര്‍ വിശ്വസിക്കുകയും അവരെ കാത്തു രക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വ്യവസ്ഥ അവര്‍ക്ക് അന്യമായി എന്ന തോന്നലുണ്ടാകുമ്പോള്‍ അവരിലെ ജനാധിപത്യബോധം കൂട്ടം ചേര്‍ന്ന് രാഷ്ട്രീയ ഭരണം ഏറ്റെടുക്കുന്ന രീതി (Mobocracy) യിലേക്ക് നയിക്കും. അത് ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രത്തെ വീണ്ടും പ്രാദേശിക ചിന്തയിലേക്കും വിഭാഗീയതയിലേക്കും കോളനിവത്കരണത്തിലേക്കും തള്ളിവിടും.
പ്രതീക്ഷകളും സ്വപ്‌നവും അഭിമാനബോധവും പുലരുന്ന ഒരു ജനതയാണ് രാഷ്ട്രപുരോഗതിക്കാവശ്യം. സ്വാതന്ത്ര്യവും അഭിമാന ബോധവുമുള്ള ഒരു രാഷ്ട്രം, ഉണ്ടാവുന്നത് അധികാരം കൈയാളുന്നവര്‍ മാത്രമുണ്ടാവുമ്പോഴല്ല, മറിച്ച് അവര്‍ കാണിക്കുന്ന അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്യപ്പെടാനുള്ള ഒരു ശക്തി ഒരു ജനതക്ക് ഉണ്ടാകുമ്പോള്‍ കൂടിയാണ്. അത് ചോദ്യം ചെയ്യാനുള്ള അധികാരം ഭരണഘടന നല്‍കുമ്പോഴാണ്. കോടതികള്‍ അത് നിലനിര്‍ത്തുമ്പോഴാണ്. അംഗീകരിക്കപ്പെടുന്നു എന്ന വ്യക്തിയുടെയും സമൂഹത്തിന്റെയും തോന്നലാണ് ജനാധിപത്യത്തിന് ശക്തിപകരുക.