'ചെറുപ്പം മുതലേ എനിക്ക് തോന്നിയിരുന്നു, ഞാന്‍ സാധാരണ പെണ്‍കുട്ടികളെപോലെയല്ലെന്ന്, വ്യത്യസ്തയാണെന്ന്. ജെനറ്റിക്കലി സ്‌ട്രോംഗ് ആണെന്ന്. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്.
'ചെറുപ്പം മുതലേ എനിക്ക് തോന്നിയിരുന്നു, ഞാന്‍ സാധാരണ പെണ്‍കുട്ടികളെപോലെയല്ലെന്ന്, വ്യത്യസ്തയാണെന്ന്. ജെനറ്റിക്കലി സ്‌ട്രോംഗ് ആണെന്ന്. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. കളിച്ചിരുന്നത് മുഴുവന്‍ കുടുംബത്തിലെ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു. വലുതായി തുടങ്ങിയപ്പോള്‍ വിലക്കായി. കാഴ്ചക്കാരി മാത്രമായി. എന്നിട്ടും കായികമായ കളികളില്‍ നിന്നും മാറി നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ചെറുപ്പത്തില്‍ മരംകയറ്റമായിരുന്നു വീക്‌നെസ്സ്. തെങ്ങുവരെ ഞാന്‍ ഒറ്റക്ക് കയറിയിട്ടുണ്ട്...'- ഒരു കുസൃതി ചിരിയോടെ അവള്‍ പറഞ്ഞു തുടങ്ങി.
ഇതാണ് മജിസിയ ബാനു... കേരളത്തിന്റെ ഉരുക്കുവനിതയെന്നും സ്‌ട്രോംഗ് വിമണ്‍ എന്നുമൊക്കെയുള്ള പേര് ചാര്‍ത്തിക്കിട്ടിയ കേരളത്തിന്റെ സ്വന്തം പുലിക്കുട്ടി. ആം റസ്‌ലിംഗ് രംഗത്തും, പവര്‍ ലിഫ്റ്റിംഗ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവള്‍. രാജ്യത്തിന് വേണ്ടി ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയെടുത്തിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി.
കോഴിക്കോട് ജില്ലയില്‍ വടകരക്കടുത്ത് ഓര്‍ക്കാട്ടിരി എന്ന നാട്ടുപ്രദേശത്ത് ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് മജിസിയ ബാനു ജനിച്ചത്. മൊയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മൂത്തമകള്‍. അനുജന്‍ നിസാമുദ്ദീന്‍ കൊറിയോഗ്രാഫറാണ്. കുട്ടിക്കാലം തൊട്ടേ മജിസിയക്ക് കായിക ഇനങ്ങളോടായിരുന്നു താല്‍പര്യം. മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവളുടെ സ്വപ്‌നങ്ങള്‍ക്കുള്ള ചിറകുകള്‍ തുന്നിക്കൊടുത്തു.
'കോളേജില്‍ രണ്ടാംവര്‍ഷം ബി.ഡി.എസിന് പഠിക്കുമ്പോഴാണ് ബോക്‌സിംഗ് പഠിക്കാനുള്ള ആഗ്രഹം കലശലായത്. അന്ന് സിറ്റികളില്‍ ഉള്ള പോലത്തെ ഗെയിംസ് ഒന്നും ഞങ്ങടെ നാട്ടുപ്രദേശത്തില്ലാരുന്നു. അങ്ങനെ ഒരു അവധിക്കാലത്താണ് ഉമ്മയോട് ബോക്‌സിംഗ് പഠിക്കാനുള്ള താല്‍പര്യത്തെക്കുറിച്ച് പറയുന്നത്. എല്ലാരും അവധിക്കാലത്ത് സ്‌പോകണ്‍ ഇംഗ്ലീഷ് ക്ലാസിനും മറ്റും ചേര്‍ന്നപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്തത് ബോക്‌സിംഗായിരുന്നു. ഉമ്മ എല്ലാവിധ പിന്തുണയും നല്‍കി. അങ്ങനെയാണ് കോഴിക്കോടുള്ള പൂളാടിക്കുന്ന് ജിമ്മിലെത്തിയത്. അവിടെയായിരുന്നു ആദ്യകാല പരിശീലനം. ഒരുപക്ഷേ അത് തന്നെയായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവും. നമ്മുടെ ഉള്ളിലെ യഥാര്‍ഥ നമ്മളെ കണ്ടെത്തി തരുന്ന ഒരാളുണ്ടാവുമല്ലോ എല്ലാവരുടെയും ജീവിതത്തില്‍, എനിക്ക് അത് എന്റെ ബോക്‌സിംഗിന്റെ സാര്‍ ആയിരുന്നു, രമേശ് കുമാര്‍. സാര്‍ ആണ് പറയുന്നത് എനിക്ക് ബോക്‌സിംഗിനേക്കാള്‍ നല്ലത് പവര്‍ ലിഫ്റ്റിംഗ് ആണെന്ന്. അങ്ങനെ സാര്‍ തന്നെയാണ് കൈയോടെ കൊണ്ടുപോയി ജയ ജിമ്മില്‍ ചേര്‍ക്കുന്നത്. അവിടെ നിന്നും ജയദാസ് മാഷിന്റെ ശിക്ഷണത്തില്‍ പരിശീലനം. അവിടെ നിന്നും തുടങ്ങിയതാണ് മജിസിയ എന്ന പവര്‍ലിഫ്റ്ററുടെ യാത്ര...'
ജിമ്മിലൊരു പെണ്‍കുട്ടി
'സാധാരണയായി ബോഡി ബില്‍ഡിംഗിനായി ജിമ്മില്‍ പോവുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്. അങ്ങനെയുള്ള സമയത്താണ് വടകരയുള്ള ജിമ്മിലേക്ക് ഞാന്‍ ചെല്ലുന്നത്. പിന്നെ പറയണ്ടല്ലോ, ജിമ്മില്‍ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാവുന്ന ഒരു കൗതുകം. പ്രത്യേകിച്ചും ഹിജാബ് ധരിച്ച പെണ്‍കുട്ടി. അപ്പോള്‍ പിന്നെ അവരുടെ കൗതുകം അവസാനിക്കുകയില്ല. ആദ്യമൊക്കെ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നതെന്നറിയുമ്പോള്‍ പെണ്‍കുട്ടിയെന്ന രീതിയില്‍ ചെറിയ ചമ്മലൊക്കെയുണ്ടായിരുന്നു. പിന്നെ പതിയെ പതിയെ ആ ചമ്മലൊക്കെ കുറഞ്ഞുവന്നു. ആളുകള്‍ ഞാന്‍ പവര്‍ ലിഫ്റ്റിംഗ് ചെയ്യുന്നത് നോക്കിനില്‍ക്കുകയും വീഡിയോസ് എടുക്കുകയും ചെയ്യുമ്പോള്‍ അതെന്റെ ആത്മവിശ്വാസത്തിന്റെ ആക്കം കൂട്ടി. ജയ ജിമ്മിലെ ജയദാസ് സാര്‍ ആവട്ടെ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നു...'
കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന വിമന്‍സ് മോഡല്‍ ഫിസിക്കില്‍ 'സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരള'യായി തെരഞ്ഞെടുക്കപ്പെട്ട മജിസിയ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയായിരുന്നു. ശരീരത്തിന്റെ ശക്തിയും സൗന്ദര്യവും വ്യക്തമാക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ അണിഞ്ഞെത്തിയ മത്സരാര്‍ഥികള്‍ക്കിടയില്‍ ഹിജാബും ഫുള്‍സ്ലീവ് സ്‌പോര്‍ട്‌സ് ഫിറ്റുമണിഞ്ഞ് വേദിയിലെത്തിയ മജിസിയ വേറിട്ടുനിന്നു. അവള്‍ ആത്മവിശ്വാസത്തോടെ റാമ്പില്‍ ചുവടുകള്‍ വെച്ചു. കാണികള്‍ക്കിത് ശരീരസൗന്ദര്യ മത്സരവേദികളിലൊന്നും ഇന്നേവരെ കാണാത്ത കാഴ്ചയായിരുന്നു. ഒടുവില്‍ മത്സരഫലം പുറത്തുവന്നപ്പോള്‍ ഒന്നാംസ്ഥാനത്ത് ഈ മിടുക്കിയായിരുന്നു. ശരീര സൗന്ദര്യസങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതുകയായിരുന്നു ഈ ഇരുപത്തിനാലുകാരി. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള മജിസിയയെ തേടി അനേകം പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്.
2018-ല്‍ നടന്ന പവര്‍ ലിഫ്റ്റിംഗ് വേള്‍ഡ് ബെസ്റ്റ് ലിഫ്റ്റര്‍ അവാര്‍ഡ്, തുര്‍ക്കിയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആം റസ്‌ലിംഗില്‍ ആറാം റാങ്ക്, റഷ്യയില്‍ വെച്ച് നടന്ന പവര്‍ ലിഫ്റ്റിംഗ് വേള്‍ഡ് കപ്പില്‍ ഗോള്‍ഡ് മെഡല്‍, 2018 ബെസ്റ്റ് ലിഫ്റ്റര്‍ അവാര്‍ഡ്, 2017-ല്‍ കണ്ണൂരിലും ചേര്‍ത്തലയിലും സ്‌ട്രോംഗ് വുമണ്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു- അങ്ങനെ ഒട്ടനേകം പുരസ്‌കാരങ്ങള്‍. വീടകം നിറയെ അവള്‍ നേടിയെടുത്ത പുരസ്‌കാരങ്ങളാണ്.
മജിസിയ എന്ന പേര്
ജീവിതം കൊണ്ട് വേറിട്ട് നില്‍ക്കുന്നതുപോലെ തന്നെ പേര് കൊണ്ടും വ്യത്യസ്തയാണ് മജിസിയ. ആ പേരിന്റെ അര്‍ഥമറിയാന്‍ കൗതുകം പൂണ്ടപ്പോള്‍ ലളിതമായൊരു മറുപടിയാണ് അവള്‍ പറഞ്ഞത്, മജീദില്‍ നിന്നും റസിയയില്‍ നിന്നുമുണ്ടായ പേരാണ് മജിസിയ എന്ന്.. 'ഉമ്മയാണ് പേര് കണ്ടെത്തിയത്...' മാതാപിതാക്കള്‍ നല്‍കിയ ഊര്‍ജമാണ് അവളുടെ കരുത്ത്. പെണ്‍കുട്ടിയാണെന്ന് കരുതി അവളുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ല. കളിയാക്കുന്നവര്‍ക്ക് മുന്നിലും കുറ്റപ്പെടുത്തിയവര്‍ക്കുമുന്നിലും അവര്‍ പതറാതെ പിടിച്ചു നിന്നു. കാരണം അവര്‍ക്കറിയാമായിരുന്നു അവളുടെ മകള്‍ ഒരുനാള്‍ ചരിത്രം സൃഷ്ടിച്ചേക്കുമെന്ന്. ഒരിക്കല്‍ അവളെ നിസ്സാരയാക്കി കണ്ടവരെല്ലാം അവള്‍ക്ക് വേണ്ടി കൈയടിക്കുന്ന നിമിഷം വരുമെന്ന്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് മജിസിയ എന്ന പവര്‍ ലിഫ്റ്ററുടെ കൈമുതല്‍. ഉറച്ച തീരുമാനവും എന്തും നേരിടാനുള്ള ധൈര്യവുമുണ്ടെങ്കില്‍ ആര്‍ക്കും നമ്മളെ തളര്‍ത്താന്‍ കഴിയില്ലെന്ന് മജിസിയ പറയുന്നു,
ബി.ഡി.എസ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മജിസിയ, തുടര്‍പഠനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പക്ഷേ, ഡോക്ടര്‍ എന്നതിലുപരി ഒരു പവര്‍ ലിഫ്റ്റര്‍ എന്നറിയപ്പെടാനാണ് മജിസിയക്കിഷ്ടം. അത്‌ലറ്റ് എന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നുമൊക്കെ പറയുന്നതാണ് അവര്‍ക്ക് കൂടുതല്‍ അഭിമാനം. എന്ന് കരുതി ബി.ഡി.എസ് പഠനം ഉപേക്ഷിക്കുന്നില്ല, മജിസിയ. അതിന്റെ കൂടെ തന്നെ ഫിറ്റ്‌നസ് മേഖലകളില്‍ ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കണം. വെയിറ്റ് ലിഫ്റ്റിംഗില്‍ ചെറുതായിട്ട് ട്രെയിനിംഗ് തുടങ്ങിയിട്ടുണ്ട്. വെയിറ്റ് ലിഫ്റ്റിംഗില്‍ പങ്കെടുത്തിട്ട് കേരളത്തിലേക്ക് ഒരു ഒളിമ്പിക് മെഡല്‍ കൊണ്ടുവരണമെന്ന അതിയായ ആഗ്രഹത്തിലാണവള്‍..
കായിക വിശേഷങ്ങള്‍ തത്കാലം മാറ്റിവെച്ച് മജിസിയയെകുറിച്ച് ചോദിക്കുമ്പോള്‍, അവള്‍ ഓര്‍ക്കാട്ടിരിയിലെ തനി നാട്ടിന്‍പുറത്തുകാരിയാവും. മജിസിയയുടെ ഉമ്മക്ക് 30-ഓളം ആടുകളുണ്ട്. അവയുമായി സമയം ചെലവഴിക്കുന്നതും അവക്ക് പിണ്ണാക്ക് കൊടുക്കുന്നതും ആസ്വദിച്ചു ചെയ്യുന്ന തനി നാട്ടിന്‍പുറത്തുകാരി പെണ്ണ്. പാട്ടാണ് മജിസിയയുടെ മറ്റൊരു വീക്‌നെസ്. വര്‍ക്ക്ഔട്ട് ചെയ്യുന്നത് പോലും ചെവിയില്‍ ഹെഡ്‌ഫോണ്‍ വെച്ചിട്ടാണ്. മെലഡിയാണ് പ്രിയം.. പാട്ടു വെറുതെ കേള്‍ക്കുക മാത്രമല്ല, നല്ലൊരു പാട്ടുകാരി കൂടിയാണ് നമ്മുടെ ഈ സ്‌ട്രോംഗ് വുമണ്‍... ഈ അയണ്‍ ലേഡി നല്ലൊരു സ്വരമാധുരിയുടെ ഉടമയാണെന്ന രഹസ്യം അധികമാര്‍ക്കും അറിയാനിടയില്ല. മാത്രമല്ല, ചെറിയ ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഈ ചെറുപ്രായത്തില്‍ തന്നെ മജിസിയയുടെ ജീവിതത്തിന്റെ ഭാഗമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമാണതെന്നും ഒരുപാട് മനുഷ്യരുടെ പ്രാര്‍ഥന കൂടിയാണ് തനിക്ക് അതിലൂടെ ലഭിക്കുന്നതെന്നും മജിസിയ പറയുന്നു. പിന്നെയുള്ള ഇഷ്ടങ്ങളില്‍ നിറയെ യാത്രകളാണ്.. ഓരോ ചാമ്പ്യന്‍ഷിപ്പിന് പോവുമ്പോഴും യാത്രകളെല്ലാം ആസ്വദിക്കാറുണ്ട്. മെഡല്‍ വരും, വരാതിരിക്കും. പക്ഷേ, നമുക്ക് കിട്ടിയ ആ ഒരു അവസരത്തെ എന്തിന് ഉപയോഗിക്കാതിരിക്കണം. അതുകൊണ്ട് മത്സരത്തിനായി പോകുന്ന എല്ലാ യാത്രകളും ഞാന്‍ മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്യാറുണ്ട്. പുതിയ കാഴ്ചകള്‍, പുതിയ മനുഷ്യര്‍ -എല്ലാം ഊര്‍ജം നല്‍കുന്നവ തന്നെയാണ്.
ന്യൂ ജനറേഷനോട്
വളര്‍ന്നുവരുന്ന പുതിയ തലമുറയോടും പ്രത്യേകിച്ച് പെണ്‍കുട്ടികളോടും മജിസിയക്ക് ഒന്നേ പറയാനുള്ളൂ- മടി മാറ്റിവെക്കണം. കാരണം ഏറ്റവും റിസ്‌ക് ഫാക്ടറിന്റെ അപ്പുറത്താണ് വിജയം എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. റിസ്‌ക് എടുക്കാന്‍ റെഡി ആണോ, നമ്മള്‍ വിജയിച്ചിരിക്കും. എന്റെ ജീവിതം തന്നെ എന്നെ പഠിപ്പിച്ചത് അതാണ്. നമ്മുടെ ചിന്തക്കനുസരിച്ച് നമ്മളായി മുന്നോട്ട് പോവുക, നമ്മുടെ വിധി മറ്റൊരാളുടെ തീരുമാനങ്ങളാവരുത് പ്രത്യേകിച്ചും പെണ്‍കുട്ടികളോട്.
നമ്മള്‍ ജീവിക്കേണ്ടത് നമുക്ക് വേണ്ടി, നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയായിട്ടാവണം. ഇനി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി വെക്കുന്നവര്‍ സ്‌നേഹിക്കുന്നത് നമ്മളെയല്ല. അവര്‍ സ്‌നേഹിക്കുന്നത് അവരുടെ ജീവിതമാണ്. ചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ തന്നെ നമ്മള്‍ ജീവിതത്തില്‍ പാതി വിജയിച്ചെന്നാണ് അര്‍ഥം.
ഇനിയും ബാക്കിവെച്ച സ്വപ്‌നങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാര്‍ഷല്‍ ആര്‍ട്‌സ് ഒക്കെ പഠിപ്പിക്കുന്ന ഒരു അക്കാദമിയാണ് തന്റെ സ്വപ്‌നമെന്ന് പറയുന്നു മജിസിയ. അവസരങ്ങളില്ലാത്തത് കൊണ്ട് മാത്രം ഒരു കായികതാരത്തെയും നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല. ആ അക്കാദമി ഒരു ബ്രാന്‍ഡ് ആയിട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അപ്പോ അതിന്റെ കൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങളും കൊണ്ടു പോകാലോ.... അങ്ങനെ ബല്യ ബല്യ സ്വപ്‌നങ്ങളാണെന്നേ ആ മുഖത്ത്.. കൂടെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസവുമുണ്ട്.