ആടിനെ പോറ്റിയാല്‍ ദായം അനവധി

ഡോ. പി.കെ മുഹ്‌സിന്‍, താമരശ്ശേരി
ജനുവരി 2019
മാംസത്തിനും പാലിനും പുറമെ ആടുകളില്‍നിന്ന് ലഭിക്കുന്ന ഉപോല്‍പന്നമായ ആട്ടിന്‍തോല്‍, രോമം, എല്ല്, കാഷ്ഠം എന്നിവയില്‍നിന്നും ആദായം ഉണ്ടാക്കാം.

മാംസത്തിനും പാലിനും പുറമെ ആടുകളില്‍നിന്ന് ലഭിക്കുന്ന ഉപോല്‍പന്നമായ ആട്ടിന്‍തോല്‍, രോമം, എല്ല്, കാഷ്ഠം എന്നിവയില്‍നിന്നും ആദായം ഉണ്ടാക്കാം.

ആട്ടിന്‍രോമം
മൂന്നുതരം രോമങ്ങള്‍ ആടുകളില്‍നിന്നും ലഭിക്കുന്നു. അങ്കോറ ഇനത്തില്‍പെട്ട ആടുകളില്‍നിന്നും ലഭിക്കുന്ന മൃദു രോമമാണ് മൊഹെയര്‍. പലതരം വസ്ത്രങ്ങള്‍, പരവതാനികള്‍ എന്നിവ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നു. കശ്മീരീ ആടുകളുടെ നേര്‍ത്ത രോമമാണ് കശ്മീര്‍ അഥവാ പശ്മിന. കൊടും തണുപ്പുള്ള ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന വിവിധ ജനുസ്സുകളില്‍പെട്ട ആടുകളാണ് കശ്മീരീ ആടുകള്‍.
മുകളില്‍ പറഞ്ഞ രണ്ടുതരം കൂടാതെ മറ്റൊരു തരം രോമം കൂടി ആടുകളില്‍നിന്നും ലഭിക്കുന്നുണ്ട്. മേല്‍പറഞ്ഞ രണ്ടുതരം രോമങ്ങള്‍ക്കും ഇടക്കുള്ള ഒരുതരം രോമമാണ് കാഷ്‌ഗോറ എന്ന പേരിലറിയപ്പെടുന്ന മൂന്നാമതൊരെണ്ണം.

തുകല്‍
അറവുശാലയിലെ മറ്റൊരു പ്രധാനപ്പെട്ട ഉപോല്‍പന്നമാണ് തുകല്‍ അഥവാ തൊലി. ലോക രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ആട്ടിന്‍തോലിന്റെ 23 ശതമാനവും ഇന്ത്യയില്‍നിന്നാണ്. ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്രദമായ ഒട്ടേറെ വസ്തുക്കള്‍ ഇത്തരം തോലുകള്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്.

എല്ല്
ആടിന്റെ ശരീരഭാഗത്തിന്റെ 15 ശതമാനവും എല്ലാണ്. എല്ലില്‍നിന്നും എല്ലുപൊടി, ബോണ്‍മീല്‍ എന്നിവ ഉണ്ടാക്കുന്നു. എല്ലുപൊടിയില്‍നിന്നാണ് ഗ്ലൂ, ഒസീന്‍, ജലാറ്റിന്‍ എന്നിവ ഉണ്ടാക്കുന്നത്. എല്ലുപൊടി വളമായും കന്നുകാലികള്‍ക്കുള്ള ധാതുലവണ മിശ്രിത നിര്‍മാണത്തിനും ഉപയോഗിക്കുന്നു.

രക്തം
അറവുശാലയില്‍നിന്ന് ലഭിക്കുന്ന മറ്റൊരു പ്രധാന ഉല്‍പന്നമാണ് രക്തം. പ്ലാസ്മ, കോഴിത്തീറ്റയില്‍ ചേര്‍ക്കുന്ന ബ്ലഡ് മീല്‍ എന്നിവ ആട്ടിന്‍രക്തത്തില്‍നിന്നാണ് ലഭിക്കുന്നത്. അറവുശാലയിലെ എല്ല്, രക്തം എന്നിവ ചേര്‍ത്ത് നായ്ക്കള്‍ക്കുള്ള തീറ്റ ഉണ്ടാക്കാം. ഇതിനെ മീറ്റ് കം ബോണ്‍ മീല്‍ എന്ന് പറയുന്നു.

ആട്ടിന്‍ കാഷ്ഠം
മണ്ണിന്റെ അമ്ലത്വം ക്രമീകരിച്ച് ഫലഭൂയിഷ്ഠി നിലനിര്‍ത്തുന്ന നല്ലൊരു ജൈവവളമാണ് ആട്ടിന്‍ കാഷ്ഠം. ഒരു മുതിര്‍ന്ന ആടില്‍നിന്നും ഒരു ദിവസം ഒരു കി.ഗ്രാം കാഷ്ഠം ലഭിക്കുന്നു.
ഓപ്പറേഷനു ശേഷം തുന്നാന്‍ ഉപയോഗിക്കുന്ന നൂല്‍ ആടിന്റെ ചെറുകുടലില്‍നിന്നുണ്ടാക്കുന്നതാണ്. സോസേജ് നിര്‍മാണത്തിനും ചെറുകുടല്‍ ഉപയോഗിക്കുന്നു. ആടിന്റെ കുടലിലെ ഭാഗികമായി ദഹിച്ച തീറ്റകള്‍ കമ്പോസ്റ്റാക്കി മാറ്റാം. ആടിന്റെ കൊമ്പും കുളമ്പും നന്നായി പൊടിച്ച് വേവിച്ചാല്‍ കാലിത്തീറ്റയില്‍ ചേര്‍ക്കാം.

 

****************************************************************************
ടെറ്റനസ് ആടുകളില്‍

മനുഷ്യരിലെന്നപോലെ ആടുമാടുകളെയും ബാധിക്കുന്ന ഒരു മാരകരോഗമാണ് 'ടെറ്റനസ്' അഥവാ 'വില്ലുപനി'. 'കുതിര സന്നി', 'ക്ഷത സന്നി' എന്നീ പേരുകളിലും ഈ രോഗം അറിയപ്പെടുന്നു. മനുഷ്യരില്‍ ടെറ്റനസ് ഉണ്ടാക്കുന്ന 'ക്ലോസ്ട്രീഡിയം ടെറ്റനി' എന്ന് പേരായ ബാക്ടീരിയ തന്നെയാണ് മൃഗങ്ങളിലും ഈ രോഗം ഉണ്ടാക്കുന്നത്.
ആടുകളില്‍ പ്രസവ സമയത്ത് ജനനേന്ദ്രിയത്തിലുണ്ടാകുന്ന മുറിവുകളിലൂടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ആണിപോലെ കൂര്‍ത്തതും നീളത്തിലുള്ളതുമായ വസ്തുക്കള്‍ കൊണ്ടുണ്ടാകുന്ന മുറിവുകളിലൂടെയാണ് രോഗാണുബാധ കൂടുതലായി ഉണ്ടാകുന്നത്. ഇടുങ്ങിയതും ആഴത്തിലുള്ളതുമായ മുറിവുകളില്‍ വായുസഞ്ചാരം കുറയുന്നത് രോഗാണുക്കള്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ഇങ്ങനെയുള്ള മുറിവുകളില്‍ രോഗാണുക്കള്‍ വളരുകയും ചില വിഷാംശങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷാംശം ഞരമ്പുകള്‍ വഴി തലച്ചോറിലെത്തി രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. ശ്വാസകോശ തളര്‍ച്ചയെ തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. ആട്ടിന്‍കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടിയിലൂടെയുള്ള അണുബാധമൂലം രോഗമുണ്ടാകാം.

രോഗലക്ഷണങ്ങള്‍ 
രോഗാരംഭത്തില്‍ പനിക്കുകയും ശരീരത്തിലെ പേശികള്‍ വിറക്കുകയും വലിഞ്ഞു മുറുകുകയും ചെയ്യുന്നു. കൈകാലുകള്‍ മടങ്ങാതെ വടി പോലെയിരിക്കും. വായ അടച്ചിരിക്കുകയും വായില്‍നിന്ന് പതയുള്ള ഉമിനീര് ധാരാളം ഒലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴുത്ത് ദൃഢമാക്കുക, വാല്‍പൊക്കിപ്പിടിക്കുക, ചെവി ഉയര്‍ത്തിപ്പിടിക്കുക, വയര്‍ വീര്‍ക്കുക, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. ചെറിയ ശബ്ദമോ സ്പര്‍ശനമോ ഉണ്ടായാല്‍ പോലും അമിതമായി പ്രതികരിക്കുന്നു.
രോഗചികിത്സക്കായി ആന്റിബയോട്ടിക്, പേശിവലിച്ചില്‍ കുറക്കാനുള്ള മരുന്ന് എന്നിവ നല്‍കാം.

പ്രതിരോധ മാര്‍ഗങ്ങള്‍
പ്രസവശേഷം ഉണ്ടാകുന്ന മുറിവുകള്‍ യഥാവിധി ചികിത്സിക്കണം. പൊക്കിള്‍കൊടിയില്‍ ടിങ്ചര്‍ അയഡിന്‍ പുരട്ടിയാല്‍ അണുബാധ ഒഴിവാക്കാം.
ആടുകളില്‍ മുറിവുണ്ടാകുമ്പോള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കി ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടുകയും ടെറ്റനസ് ടോക്‌സോയ്ഡ് കൊടുക്കുകയും വേണം.
ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമാകുമ്പോള്‍ ആദ്യത്തെ ടി.ടിയും നാലാം മാസത്തില്‍ രണ്ടാമത്തേതും വര്‍ഷംതോറും ബൂസ്റ്റര്‍ കുത്തിവെപ്പും വേണം.
ഗര്‍ഭമുള്ളവക്കാകട്ടെ ഗര്‍ഭത്തിന്റെ മൂന്നാം മാസത്തിലും നാലാം മാസത്തിലും ടെറ്റനസ്സിനെതിരെ കുത്തിവെപ്പിക്കണം. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media