എനിക്ക് വാസുവേട്ടനെയാണ് ഏറെയിഷ്ടം. പഞ്ഞിപോലെ നരച്ച മുടിയും അതേപോലെ മേല്‍മീശയുമുള്ള വാസുവേട്ടന്‍. നിറം മങ്ങിയ കാക്കിപാന്റും കാക്കി ഷര്‍ട്ടുമാണ് എപ്പോഴും ധരിക്കാറുള്ളത്. രാവിലെ പത്തുമണിയാകുമ്പോഴും ഉച്ചക്കു 12-നും എനിക്കും ജാക്കിക്കുമുള്ള ഭക്ഷണം നല്‍കുന്നത് വാസുവേട്ടനാണ്. ഭക്ഷണം തന്നത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വാസുവേട്ടന്‍ കഥ പറയാറുണ്ട്. ഓരോ ദിവസവും ഓരോ കഥ. പല കഥാപാത്രങ്ങളും എനിക്ക് അറിയാത്തവരായിരുന്നു. എന്നാലും അദ്ദേഹം കഥ പറഞ്ഞുകൊണ്ടേയിരുന്നു. എന്നെ വാസുവേട്ടന്‍ പാറു എന്നാണ് വിളിച്ചിരുന്നത്. എനിക്ക് ആ വിളിപ്പേര് വലിയ ഇഷ്ടവുമായിരുന്നു. ഒരു വലിയ വണ്ടിയില്‍ കയറ്റി അമ്മയെ കൊണ്ടുപോയപ്പോള്‍ മുതലാണ് ഞാനും വാസുവേട്ടനും കൂട്ടായത്. അമ്മയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് എനിക്ക് അറിയില്ലായിരുന്നു. വാസുവേട്ടനാണ് പറഞ്ഞത് മൈസൂരിലേക്കാണ് കൊണ്ടുപോയത് എന്ന്. എന്തിനാണെന്നു മാത്രം പറഞ്ഞില്ല. വാസുവേട്ടന്‍ സങ്കടത്തോടെ പറഞ്ഞു.
''പാറൂ... എനിക്കറിയാം നിന്റെ സങ്കടം. പക്ഷേ, എന്തു ചെയ്യാം. വിധിയുടെ കളിപ്പാട്ടമാണു നമ്മള്‍. നിനക്കു വിശക്കുമ്പോഴൊക്കെ ഞാന്‍ ഭക്ഷണം കൊണ്ടുതരാം. നല്ല കുട്ടിയായി നില്‍ക്കണം ട്ടോ. എന്റെ ഭാനുമതി പോയിട്ട് എത്ര വര്‍ഷമായീന്ന് നിനക്കറിയ്വോ? അവളുടെ സഹോദരന്മാര്‍ അവളെ വിളിച്ചുകൊണ്ടുപോയി. എനിക്കു ഇവിടന്നു കിട്ടുന്ന തുഛമായ വരുമാനത്തില്‍ ജീവിക്കാന്‍ അവള്‍ക്കു പറ്റില്ലത്രേ. വേണ്ട പോട്ടെ. പോകുന്നവരെല്ലാം പോകട്ടേ. എനിക്ക് നീയും ജാക്കീം ഉണ്ടല്ലോ മിണ്ടാനും പറയാനും.''
ഞാന്‍ ജാക്കിയെ ഒന്നേറുകണ്ണിട്ടു നോക്കി. വാസുവേട്ടനോടു മാത്രമേ ഇഷ്ടമുള്ളൂ എന്നാണ് അവന്റെ പരിഭവം.
എനിക്കു നിന്നെ വല്യ ഇഷ്ടാ പാറു. അന്നുമുതല്‍ ഞാന്‍ വാസുവേട്ടനെ കൂടുതലിഷ്ടപ്പെട്ടു. വാസുവേട്ടനേയും കാത്തിരിക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു. ഇവിടെയിരുന്ന് അകലേക്ക് നോക്കിയിരിക്കുമ്പോള്‍ താഴെയായി മാന്‍കൂട്ടങ്ങള്‍ ഓടിക്കളിക്കുന്നതു കാണാം. നീലാകാശത്തിനിടയില്‍ അതിന്റെ ഭംഗി കൂട്ടുന്നതിനായി ചിതറിക്കിടക്കുന്ന വെണ്‍മേഘങ്ങള്‍ ചില നേരങ്ങളില്‍ ആകാശത്തെ നോക്കിയിരിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. നനുത്ത സുഖം. പരുന്തിന്‍ കൂട്ടങ്ങള്‍ കരഞ്ഞുകൊണ്ട് പറക്കുന്നതു കാണാം. ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ക്കിടയില്‍ അവര്‍ മറയും. പിന്നെ ഒരു സമയത്താണ് വരിക. അപ്പോഴും അവര്‍ താഴെയുള്ളവരെ പരിഹസിക്കും പോലെ കരയാറുണ്ട്.
വളഞ്ഞുപുളഞ്ഞ റോഡിലൂടെ നടന്നുവരുന്ന വാസുവേട്ടന്റെ പഞ്ഞിക്കെട്ടു പോലുള്ള മുടി കാണുമ്പോഴേ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താന്‍ തുടങ്ങും. അദ്ദേഹം ഒരു കല്ലിന്റെ പുറത്തിരിക്കും. ആത്മഗതം പോലെ ഒരു ദിവസം പറഞ്ഞു.
''ഭാനുമതിയുടെ കത്തു വന്നു. പാറൂ.''
ഞാന്‍ ആഹാരം കഴിക്കുന്നതു നിര്‍ത്തി അദ്ദേഹത്തെ നോക്കി, ചുളിവുകള്‍ വീണ മുഖത്ത് വലിയ സന്തോഷം അദ്ദേഹം അത് ശ്രദ്ധിച്ചു.
''പാറൂ നീ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ, അവള്‍ക്ക് എന്റെ അടുക്കലേക്ക് വരണമെന്ന്. അവള്‍ക്കിനി എന്റെ കൂടെത്തന്നെ ജീവിക്കണമെന്ന്.''
എനിക്ക് വലിയ സന്തോഷം തോന്നി.
''ആയമ്മക്ക് ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. അല്ലെങ്കിലും ഈ ഏകാന്തത ഒരു വലിയ ദുരിതം തന്നെയാണ്.''
ഞാന്‍ മുരണ്ടു. ജാക്കി പരിഹാസത്തോടെ പിറുപിറുത്തു.
''എന്നിട്ടാ എന്നെ ഗൗനിക്കുക പോലും ചെയ്യാത്തത്.''
ജാക്കിയെ എനിക്കിഷ്ടമാണ്. പക്ഷേ, ചില നേരത്തുള്ള അവന്റെ സംസാരമാണ് എനിക്കു പിടിക്കാത്തത്. വാസുവേട്ടന്‍ തുടര്‍ന്നു.
''അവളുടെ പേരിലുള്ളതെല്ലാം ഒപ്പിട്ട് വാങ്ങിയിട്ട് അവന്മാര്‍ക്ക് ഇപ്പോള്‍ അവളെ വേണ്ടെന്ന്. യൗവനം മുഴുവനും പാഴായി. ഈ വയസ്സാം കാലത്ത് നഷ്ടമായ ദിവസങ്ങള്‍ തിരികെ കിട്ടുമോ? ഒരു കുഞ്ഞിനെ പോലും തരാതെയാ അവള്‍ പോയത്. ഇനി ഈ പ്രായത്തില്‍....''
അദ്ദേഹം നിശ്വസിച്ചു. പിന്നെ പറഞ്ഞു.
എനിക്ക് വളര്‍ത്താന്‍ നീ ഒരു കുഞ്ഞിനെ തര്വോ... പാറൂ..... ആ ചോദ്യം കേട്ടപ്പോള്‍ ലജ്ജയാല്‍ ഞാന്‍ തരളിതയായി. അതുവരെ ആ വക ചിന്തയില്ലാതെ എന്റെ കൂടാരത്തില്‍ കഴിയുകയായിരുന്നു. ഞാന്‍ അടുത്ത മുറിയില്‍ അലസനായി കിടന്ന ജാക്കിയെ നോക്കി. അവന്‍ ലാസ്യച്ചിരിയോടെ എന്നെ നോക്കാറുണ്ട്. മിക്കവാറും ഞാന്‍ തിരിഞ്ഞുകളയുകയാണ് പതിവ്. എന്റെ അമ്മയെ കൊണ്ടുപോയിക്കഴിഞ്ഞ് മൈസൂരില്‍നിന്നും അതേ വണ്ടിയില്‍ തിരികെ കൊണ്ടുവന്നതാണവനെ. അതുകൊണ്ടുതന്നെ ഞാനവനോടു മിണ്ടാറേയില്ല.
പക്ഷേ, ഇത്തവണ ഞാന്‍ സ്‌നേഹത്തോടെയാണ് അവനെ നോക്കിയത്. വാസുവേട്ടനതു കണ്ടുവെന്നു തോന്നി. അവന് എന്റെ മുറിയിലേക്കു വരാനുള്ള വഴി തുറന്നുകൊടുത്തു. എന്റെ അരികിലേക്ക് അവന്‍ ഓടിവന്നു. സ്‌നേഹത്തോടെ, അരുമയായി അവന്‍ എന്നെ ഉരുമ്മി നിന്നു. അവന്റെ ദേഹത്തെ വരകള്‍ക്ക് തിളക്കവും മൃദുത്വവുമുണ്ടായിരുന്നു. ജാക്കി എന്നെ ചുംബിച്ചപ്പോള്‍ അവന്റെ മീശരോമം എന്നെ ഇക്കിളിപ്പെടുത്തി. ഞാന്‍ മെല്ലെ അവന്റെ അരികില്‍നിന്നും തെന്നിമാറി കിടന്നു. അവന്‍ വീണ്ടും എന്നെ പ്രണയത്തോടെ വന്നു തലോടി. ലജ്ജയോടെ ഞാന്‍ വീണ്ടും അവനില്‍നിന്നും അകന്നുമാറി. ജാക്കി എന്റെ മുന്നില്‍ വന്നുനിന്നു. ''കണ്ടനാള്‍ മുതല്‍ നിന്നെ എനിക്ക് എന്തിഷ്ടമായിരുന്നുവെന്നോ.''
അവനെ ചുംബിച്ചു കൊണ്ടു ഞാന്‍ നാണത്തോടെ പറഞ്ഞു.
ജാക്കീ..... എനിക്ക് ഒരു കുഞ്ഞിനെ വേണം. ജാക്കി അതിശയത്തോടെ എന്നെ നോക്കി. ഇത്ര പെട്ടെന്നെന്തേ ഇങ്ങനെ തോന്നാന്‍.
എന്റെ വാസുവേട്ടന്‍ എന്നോട് ഒരു കുഞ്ഞിനെ ചോദിച്ചു. അദ്ദേഹത്തിനു വളര്‍ത്താനാ. എനിക്കദ്ദേഹത്തിനെ വളരെ ഇഷ്ടമാണ്.
ജാക്കി അല്‍പം തീക്ഷ്ണമായി മുരണ്ടു.
മനുഷ്യനെ വിശ്വസിക്കരുത് പാറൂ. സൂത്രശാലിയാണ് അവന്‍. കടുവകള്‍ക്കു മാത്രമല്ല എല്ലാ വന്യമൃഗങ്ങള്‍ക്കും മനുഷ്യന്‍ ശത്രുവാണ്. അവനെ സ്‌നേഹിക്കരുത്.
എനിക്ക് ശുണ്ഠി വന്നു. കോപത്തോടെ ഞാന്‍ പറഞ്ഞു.
വാസുവേട്ടന്‍ എല്ലാ മനുഷ്യരെയും പോലല്ല, സ്‌നേഹമുള്ളവനാണ്.
കോപിക്കല്ലേ പെണ്ണേ.....
ജാക്കി മയത്തില്‍ അടുത്തുകൂടി. എന്നിലെ പെണ്ണ് അവനെ സ്വീകരിക്കാന്‍ തയാറായി. അവന്‍ എന്നെ ആലിംഗനം ചെയ്തു. പ്രണയത്തിന്റെ മേച്ചില്‍പുറങ്ങളില്‍ വഴിവിട്ട ഏതോ ഒരു വേളയില്‍ ജാക്കി എന്നില്‍ പാകിയ വിത്തുമുളച്ചു. എന്റെ വയര്‍ അല്‍പാല്‍പമായി തടിച്ചു തുടങ്ങി. ജാക്കിയെ അവന്റെ മുറിയിലേക്കു മാറ്റാന്‍ കാഴ്ചബംഗ്ലാവിലെ ജീവനക്കാര്‍ പരിശ്രമിച്ചതെന്തിനെന്ന് എനിക്കും അവനും മനസ്സിലായില്ല. ജാക്കി ശക്തമായ അമര്‍ഷം അറിയിച്ചു, രണ്ടു ദിവസം ഭക്ഷണം കഴിച്ചില്ല. വാസുവേട്ടനാണ് പറഞ്ഞത്. ''നീ ഗര്‍ഭം ധരിച്ചു പാറൂ. കുഞ്ഞുങ്ങള്‍ക്കൊന്നും പറ്റാതിരിക്കാനാ അവനെ നിന്റെയടുത്തുന്നു മാറ്റിയത്.''
വാസുവേട്ടന്‍ എന്റെ നല്ലതിനു വേണ്ടിയാണ് അങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ജാക്കിക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്റെ വയറ്റില്‍ ജാക്കിയുടെ കുഞ്ഞുങ്ങള്‍ ഉരുണ്ടുമറിയുന്നത് അറിയാന്‍ കഴിയുമായിരുന്നു.
ഇപ്പോള്‍ കാഴ്ചബംഗ്ലാവില്‍ വരുന്ന സന്ദര്‍ശകരോട് എനിക്കു വെറുപ്പില്ല. അവരെ സന്തോഷത്തോടെ നോക്കി നില്‍ക്കാറുണ്ട്, ചിരിക്കാറുണ്ട്, കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു പറയും.
''ദാ ആ കടുവ എന്നെ നോക്കി.''
എല്ലാവരോടും സന്തോഷത്തോടെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ വാസുവേട്ടന്‍ പറഞ്ഞു.
''നീ ഒറ്റപ്പെട്ടു നില്‍ക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. ഇപ്പോഴാ സങ്കടമില്ല പാറൂ. നോക്കൂ നിനക്കിപ്പോള്‍ ഭംഗി വെച്ചൂട്ടോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മരുന്നു സേവിക്കണം. എങ്കിലേ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ പറ്റൂ. ഈ ഇറച്ചിക്കഷ്ണത്തില്‍ ലേശം മരുന്നു പുരട്ടീട്ടൊണ്ട്. ഇഷ്ടമില്ലാന്നു പറയരുത്.'' ശരിയാണ്, അല്‍പം കയ്പുണ്ട്. എന്റെ വാസുവേട്ടന്‍ പറഞ്ഞതല്ലേ, കണ്ണടച്ച് ഞാന്‍ ആ ഭക്ഷണം കഴിച്ചു കമ്പിയഴികള്‍ക്കിടയിലൂടെ പൈപ്പിട്ട് കുളിപ്പിക്കുമ്പോഴും ഞാന്‍ എതിരു കാണിക്കാറില്ല. വാസുവേട്ടനപ്പോള്‍ സന്തോഷത്തോടെ പറയും, ''എന്റെ ചക്കരക്കുട്ടി.''
ജാക്കി എന്നെ നോക്കി. ചെറിയൊരു ശബ്ദം പുറപ്പെടുവിച്ചു. അവന്റെ കണ്ണില്‍ സ്‌നേഹത്തിന്റെ നീര്‍മാതളപ്പൂവുകള്‍. അവന്റെ കുഞ്ഞുങ്ങളെ ഞാന്‍ ഗര്‍ഭം ധരിച്ചിരിക്കയാണെന്ന് അവനറിയാം.
ഒരു ദിവസം ഒരു പാത്രവും കൈയില്‍ പിടിച്ചാണ് വാസുവേട്ടന്‍ വന്നത്. വന്നപാടേ പറഞ്ഞു ഭാനുമതി വന്നുട്ടോ. അവള്‍ക്ക് ഒരുപാട് വയസ്സായി. ഇപ്പോള്‍ ഞാനൊറ്റക്കല്ല പാറൂ. ഇതല്‍പം പാല്‍പ്പായസാ, നിനക്കിഷ്ടമാകും. ആരും അറിയേണ്ടാട്ടോ. പുറത്തുന്നുള്ള ഭക്ഷണം കൊടുക്കാന്‍ പാടില്ലാന്നാ മോളിലത്തെ ഓര്‍ഡറ്.
ഒരു കുഴിഞ്ഞ പാത്രത്തില്‍ അല്‍പം ഒഴിച്ച് കൂട്ടിലേക്ക് വെച്ചു തന്നപ്പോള്‍ ഞാനതു കുടിച്ചുനോക്കി. നല്ല പായസം. ഞാന്‍ ചിറിനക്കിത്തുടച്ചു കൊണ്ട് ജാക്കിയെ നോക്കി. ഇത്രയും നല്ല പായസം അവനും കൊടുത്തില്ലല്ലോ. അതു മനസ്സിലാക്കി വാസുവേട്ടന്‍ പറഞ്ഞു.
''നോക്കണ്ട, നിന്റെ ചെക്കനും ഞാന്‍ കൊടുത്തോളാം'' അവനും ആ പായസം രുചിച്ചുനോക്കി. ജാക്കിക്കും അതിഷ്ടമായീന്നു തോന്നി. ഇത്തരം നല്ല സ്വാദുള്ള ഭക്ഷണം കഴിച്ചിട്ടാവും ഈ മനുഷ്യര്‍ക്ക് ഇത്രയും ബുദ്ധിയെന്ന് എനിക്കു തോന്നി.
ഒരു ദിവസം എനിക്ക് കലശലായ വയറുവേദന തുടങ്ങി. എന്റെ കുഞ്ഞിന്റെ വരവറിയിക്കുന്ന ആദ്യനൊമ്പരം. ഞാന്‍ കൂട്ടില്‍ക്കിടന്നമറി. ഞെളിപിരികൊണ്ടു. ജാക്കി കൂട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കുഞ്ഞിന്റെ മുഖമൊന്നു കാണാനുള്ള ആകാംക്ഷ കൊണ്ട് ആ വലിയ വേദന ഞാന്‍ കടിച്ചൊതുക്കി. എങ്കിലും ഇടക്കിടെ കരഞ്ഞു. എന്റെ വെപ്രാളം കണ്ട് വാസുവേട്ടന്‍ ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. അപ്പോഴേക്കും ഞാന്‍ പ്രസവിച്ചുകഴിഞ്ഞിരുന്നു. ഒന്നല്ല, മൂന്നു കുഞ്ഞുങ്ങള്‍. അനക്കമില്ലാതെ കിടന്ന കുഞ്ഞുങ്ങളെ ഞാന്‍ നക്കിത്തോര്‍ത്തി. കുഞ്ഞുവരകളുള്ള കുഞ്ഞുങ്ങളെ ഞാന്‍ അരുമയായി ചുംബിച്ചു.. അവര്‍ അനങ്ങുന്നുണ്ടായിരുന്നില്ല. എപ്പോഴോ ഞാന്‍ മയങ്ങി വീണു. ജാക്കിയുടെ അലര്‍ച്ച മാത്രം ഉപബോധ മനസ്സില്‍ കേള്‍ക്കാമായിരുന്നു. ഇടക്കെപ്പോഴോ ഡോക്ടറുടെ സ്വരം ഒരു ചാട്ടുളി പോലെ ഞാന്‍ കേട്ടു.
''കുഞ്ഞുങ്ങളെല്ലാം മരിച്ചുപോയി.''
മയക്കത്തില്‍നിന്നുണരുമ്പോള്‍ വാസുവേട്ടന്‍ മാത്രം എന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ''പാറൂ എന്റെ കുട്ടീ അദ്ദേഹം കരയുകയായിരുന്നു. നീ കരയരുത്‌ട്ടോ കുഞ്ഞ് മരിച്ചുപോയീ.....''
ഞാന്‍ നിര്‍വികാരതയോടെ വാസുവേട്ടനെ നോക്കി. വിങ്ങലോടെ പറഞ്ഞു: ''വാസുവേട്ടനു വളര്‍ത്താന്‍ എനിക്ക് കുഞ്ഞിനെ തരാന്‍ കഴിഞ്ഞില്ലല്ലോ.'' എന്റെ പറച്ചില്‍ ഒരു കടുവയുടെ മുരളല്‍ പോലെ വാസുവേട്ടനു തോന്നിക്കാണും. അതോ അദ്ദേഹത്തിനു മനസ്സിലായോ! വാസുവേട്ടന്‍ തേങ്ങിക്കരഞ്ഞു. അടുത്ത കൂട്ടില്‍ ജാക്കി തളര്‍ന്നു കിടന്നു. അവന്‍ തല തറയില്‍ അമര്‍ത്തി കണ്ണടച്ച് കിടക്കുകയായിരുന്നു. അവന് എന്നെയൊന്നു നോക്കിക്കൂടേ... ജാക്കിക്ക് എന്നെ അഭിമുഖീകരിക്കാനാവില്ല, അതാവണം.
പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ആഹാരം ഉപേക്ഷിച്ചു. ഇറച്ചിക്കഷ്ണങ്ങള്‍ ഈച്ചയരിക്കാന്‍ തുടങ്ങുമ്പോള്‍ ജീവനക്കാര്‍ അത് മാറ്റും. എനിക്കതൊന്നും വേണ്ട. ആ കുഞ്ഞുങ്ങളെ ഒരു നോക്കു കാണാന്‍, ഒന്നു മുലയൂട്ടാന്‍ തന്നില്ലല്ലോ ദൈവം. പാല്‍തിങ്ങി നിറഞ്ഞ് എനിക്ക് വേദനയെടുക്കാന്‍ തുടങ്ങി. ഞാന്‍പൊട്ടിക്കരഞ്ഞു. പട്ടിണി കിടന്ന് മെലിഞ്ഞുമെലിഞ്ഞ് വന്നു. ആരെയും എനിക്കറിയില്ല. വാസുവേട്ടന്‍ പോലും എന്റെ സ്മൃതിപഥത്തില്‍നിന്നും മറഞ്ഞു. അപരിചിതരായവര്‍ എല്ലാവരും അപരിചിതര്‍. എന്റെ മുന്നില്‍ ജാക്കിയില്ല, വാസുവേട്ടനില്ല. കാഴ്ചബംഗ്ലാവിലെ ജീവനക്കാരായ മത്തായിയും കൃഷ്ണനുമില്ല. സന്ദര്‍ശകരില്ല. ആരുമില്ല, ആരും.
ചിലപ്പോള്‍ അലറി. മറ്റു ചിലപ്പോള്‍ കൂട്ടിനുള്ളില്‍ ഓടി. ഡോക്ടര്‍ പറയുന്നതു കേട്ടു. കുട്ടി മരിച്ച ഷോക്കാണ്. പിന്നെ ഞാനൊന്നും കേട്ടില്ല. കൂട്ടിനുള്ളില്‍ തളര്‍ന്നു കിടന്നു. വാസുവേട്ടന്‍ എന്നും വന്ന് എന്റെ മുന്നില്‍ നിന്നു കരഞ്ഞു. ഒരു ദിവസം ആലസ്യത്തോടെ കണ്ണു തുറക്കുമ്പോള്‍ മൂന്നു കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നു. സ്വപ്‌നമോ, സത്യമോ? ദൂരെ നിന്ന് എല്ലാവരും എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഡോക്ടറും വാസുവേട്ടനും കാഴ്ചബംഗ്ലാവിലെ ജീവനക്കാരും. ഞാന്‍ കാലുയര്‍ത്തി ആ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. ചുംബിച്ചു. മെല്ലെ സ്‌നേഹത്തോടെ അവരെ നക്കി.
വാസുവേട്ടനും ഡോക്ടര്‍ക്കും സന്തോഷമായി. ഞാന്‍ മെല്ലെമെല്ലെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു..... കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങി.
എനിക്കറിയാം, എന്റെ കുട്ടികളല്ല അവര്‍ എന്ന്. കടുവയുടെ തോലുടുപ്പിച്ച പന്നിക്കുഞ്ഞുങ്ങളെ ഒരു കടുവക്ക് തിരിച്ചറിയാനാവില്ലേ. എങ്കിലും ഞാനത് ആസ്വദിക്കുന്നു. അവര്‍ എന്റെ കുഞ്ഞുങ്ങളാണ്. എന്റെ മാത്രം. ഏതു ജാതിയിലോ ഏതു വംശത്തിലോ ആകട്ടെ വളര്‍ത്താനായി എനിക്കു വാസുവേട്ടന്‍ നല്‍കിയ അമൂല്യനിധിയാണവര്‍. ഞാനവരുടെ സ്‌നേഹമുള്ള അമ്മ തന്നെയായിരിക്കും. ജാക്കി എന്നെ നോക്കി ചിരിച്ചു. ആ ചിരിയില്‍ എനിക്കൊപ്പം പങ്കുചേര്‍ന്ന് വാസുവേട്ടനുമുണ്ടായിരുന്നു.