'ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലോ സഖീ....' പ്രമുഖ കവി എന്‍.എന്‍ കക്കാടിന്റെ
'ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലോ സഖീ....' പ്രമുഖ കവി എന്‍.എന്‍ കക്കാടിന്റെ 'സഫലമീ യാത്ര'യിലൂടെ മിഴികള്‍ കടന്നുപോകവെ 'വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം' എന്ന വരികളില്‍ ഏവരുടെയും മനസ് ഒന്ന് ഉടക്കി നില്‍ക്കുമെന്നതില്‍ സംശയമില്ല. കലണ്ടറിനെ കുറിച്ചുള്ള ഈ ലേഖനത്തില്‍ ഈ വരികള്‍ സൂചിപ്പിക്കാതെ തരമില്ല.
'കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം' എന്ന പ്രശസ്ത വരികളിലൂടെ കവി ചിത്രീകരിച്ചിരിക്കുന്ന മനോധര്‍മം സത്യമാണെങ്കിലും കാലത്തിന്റെ ഗതിവിഗതികള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായത്തിന് പ്രാചീനകാലത്തോളം പഴക്കമുണ്ട്.
കാരണം കാലവും സമയവും തീയതിയുമൊക്കെ ഓരോ മനുഷ്യരുടെയും നിത്യജീവിതത്തില്‍ അത്രമേല്‍ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കൃഷി സംബന്ധമായ കാര്യങ്ങള്‍ക്കായിരുന്നു നാളുകള്‍ എണ്ണുന്നതിന്റെ പ്രസക്തി. എന്നാല്‍ കാലം മാറവെ വിവിധ ശാസ്ത്ര മേഖലകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂടുതല്‍ രംഗങ്ങളിലേക്ക് കലണ്ടറിന്റെ പ്രസക്തി വര്‍ധിച്ചു. ജനനം, വിവാഹം ഇത്യാദി ചടങ്ങുകള്‍ക്ക് പുറമെ മതപരമായ ആഘോഷ നാളുകള്‍ ഓര്‍ത്തുവെക്കാനും അവ കൊണ്ടാടാനും മറ്റും കലണ്ടറിന്റെ സഹായം തേടാത്തവരായി ആരുണ്ടീ ദുന്‍യാവില്‍!
കലണ്ടറിന്റെ പ്രാരംഭകാലത്തിലേക്ക് ഒരെത്തിനോട്ടം
ലോകമെമ്പാടുമുള്ള ഒട്ടേറെ സമൂഹങ്ങള്‍ തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് കലണ്ടറില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ഭരണപരവും മതപരവുമായ മേഖലകളിലെ പുരോഗതി ഇതിന് ആക്കം കൂട്ടി. ദിവസം, ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ പ്രത്യേകമായി തരം തിരിച്ച് അവക്ക് ഓരോരോ പേരുകള്‍ നല്‍കുന്നതില്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ അതീവ താല്‍പര്യം പുലര്‍ത്തി. ഇപ്പോഴിതാ പുതുപുത്തന്‍ ടെക്‌നോളജിയുടെ കടന്നുവരവിലൂടെ നിലവിലെ കലണ്ടര്‍ സമ്പ്രദായം പുതുരൂപങ്ങള്‍ നേടിയിരിക്കുന്നു.
'കണക്കുകൂട്ടുക' എന്ന് അര്‍ഥം വരുന്ന 'കലന്‍ഡേ' എന്ന പദത്തില്‍നിന്നാണ് 'കലണ്ടര്‍' എന്ന പദം ഉരുത്തിരിഞ്ഞത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ജ്യോതിശാസ്ത്രമാണ് പ്രധാനമായും കാലഗണനത്തിന് ആധാരമായത്. ഇന്നത്തെ ഇറാഖിന്റെ ഭാഗവും പൗരാണിക സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നുമായ തെക്കന്‍ മെസപ്പൊട്ടോമിയയിലെ സുമേറിയന്‍ സംസ്‌കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടര്‍ സംവിധാനം ആവിഷ്‌കരിച്ച് ഉപയോഗിച്ചതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 29.5 ദിവസം വേണ്ടിവരുന്ന ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവര്‍ത്തനചക്രമായിരുന്നു സുമേറിയന്‍ സംസ്‌കാരത്തിന്റെ കാലഗണനക്ക് അടിസ്ഥാനമായിരുന്നത്.
എന്നാല്‍ ഈജിപ്തുകാര്‍ സൂര്യനൊപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെ നിരീക്ഷിച്ച് സൂര്യനെ അടിസ്ഥാനമാക്കിയ സൗര കലണ്ടറുകള്‍ക്ക് രൂപം നല്‍കി. കാലക്രമേണ ഗ്രീക്ക്-റോമന്‍ നാഗരികതക്ക് മേല്‍ ഈ കലണ്ടര്‍ രീതി സ്വാധീനം ചെലുത്തി. എന്നാല്‍ സൗര കലണ്ടറുകള്‍ക്കു പകരം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളിലൂടെ മാസങ്ങള്‍ കണക്കുകൂട്ടുന്ന രീതിയില്‍ നിലവില്‍ വന്ന ചാന്ദ്രകലണ്ടറാണ് മത-സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് ഇസ്‌ലാം രാജ്യങ്ങള്‍ ഇന്നും ആശ്രയിക്കുന്നത്.
നക്ഷത്ര ഗോളങ്ങള്‍ക്കു പുറമെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാസംബന്ധിയുമായ പ്രതിഭാസങ്ങളും ആദ്യകാല കലണ്ടര്‍ സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായി. ഉദാഹരണത്തിന്, നൈല്‍ നദിയില്‍ വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കവും പ്രാചീന ഈജിപ്തുകാരുടെ കലണ്ടര്‍ രൂപവത്കരണത്തെ സ്വാധീനിച്ചിരുന്നു.
കാലഗണനാ സമ്പ്രദായം പ്രാചീന ഭാരതത്തില്‍
ജ്യോതിശാസ്ത്രത്തില്‍ അതീവ ശ്രദ്ധാലുക്കളായ നമ്മുടെ പൂര്‍വികരിലും കാലഗണനാ സമ്പ്രദായം വളരെ ശക്തി പ്രാപിച്ചിരുന്നതായി മനസ്സിലാക്കാം. പ്രാചീന ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്ന ഒരു കാലഗണനാ രീതിയായിരുന്നു 'സപ്തര്‍ഷി വര്‍ഷം.' വേദാദി ശാസ്ത്രങ്ങളില്‍ വസന്ത ഋതു മുതല്‍ സംവത്സരം അഥവാ കാലഗണന ആരംഭിക്കാന്‍ നിര്‍ദേശമുള്ളതിനാല്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് പുതിയ സംവത്സരം ചൈത്രശുക്ലത്തിലെ പ്രതിപദം മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ചിന്റെ അവസാനവും ഏപ്രിലിന്റെ ആദ്യവും സംഭവിക്കുന്ന വസന്താരംഭമാണ് ഭാരതീയരുടെ വര്‍ഷാരംഭം.
ഹൈന്ദവ വിശ്വാസപ്രകാരം കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്തിരിക്കുന്നു. ഓരോ ഘട്ടത്തെയും കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളായി വിഭജിച്ചിട്ടുണ്ട്. എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങള്‍ ചേരുന്നതാണ് ഒരു മന്വന്തരമെന്നും കല്‍പ്പിച്ചിട്ടുണ്ട്. ഋതുക്കള്‍ ആവര്‍ത്തിക്കുന്നതു പോലെ ഈ ചതുര്‍യുഗങ്ങള്‍ അഥവാ മഹായുഗങ്ങളും ആവര്‍ത്തിക്കപ്പെടുന്നതായി ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നു. യജ്ഞത്തിനു മുന്നോടിയായി വൈദികര്‍ സങ്കല്‍പപാഠം ചൊല്ലവെ സൃഷ്ടിയുണ്ടായിട്ട് ഇന്നേക്ക് ഏകദേശം 197,29,59,118 വര്‍ഷങ്ങളായി എന്ന് സൂചിപ്പിക്കാറുണ്ട്. ഋഗ്വേദം ഉള്‍പ്പെടെയുള്ള വേദങ്ങളില്‍ പന്ത്രണ്ടു മാസങ്ങളുടെയും ആറ് ഋതുക്കളുടെയും വര്‍ണനകളുണ്ട്.
കാലം കൈമാറിയ കലണ്ടറുകള്‍
ക്രമാനുഗതമായ തിരുത്തലുകളുടെയും കൂട്ടിച്ചേര്‍ക്കലുകളുടെയും ഫലമായി ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടറുകള്‍ രൂപം കൊണ്ടു. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയന്‍ കലണ്ടറും ഇന്ത്യയില്‍ മാത്രം നിലവിലുള്ള ശകവര്‍ഷവും മലയാളികള്‍ മാത്രം ഉപയോഗിക്കുന്ന കൊല്ലവര്‍ഷവും പോലെയുള്ള ഒട്ടനവധി കലണ്ടറുകളും ഇപ്പോഴും നിലവിലുണ്ട്. പുരാതന മായന്‍ സംസ്‌കാരം ഉപയോഗിച്ച മായന്‍ കലണ്ടര്‍ ഗ്വാട്ടിമാലയിലെ ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു.
ജപ്പാനില്‍ പാശ്ചാത്യരീതിയിലുള്ള കലണ്ടര്‍ പൊതുവായി പ്രചാരത്തിലുണ്ടെങ്കിലും അതോടൊപ്പം ക്രി. വ. 604-ല്‍ ചൈനയില്‍നിന്ന് സ്വീകരിച്ച ഒരു പുരാതന ചാന്ദ്രപഞ്ചാംഗവും ജപ്പാനിലെ ആളുകള്‍ മിക്കപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ കര്‍ഷകര്‍ ഋതുക്കളെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഓരോ വര്‍ഷത്തെയും മഞ്ഞുകാലം, പ്രളയകാലം, വേനല്‍ക്കാലം എന്നിങ്ങനെ മൂന്നു ഋതുക്കളായി വിഭജിച്ചിട്ടുള്ള ഈ കലണ്ടര്‍ അവരുടെ പ്രാദേശിക ആഘോഷങ്ങളായ നൈലിലെ വെള്ളപ്പൊക്കൗത്സവം, വസന്തകാല ഉത്സവമായ 'ഷാം എല്‍ നസ്സിം' എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കലണ്ടറിന്റെ പരിഷ്‌കരണ വേളകള്‍
പ്രാചീന ഈജിപ്ഷ്യന്‍ കലണ്ടര്‍ പ്രകാരം 30 ദിനങ്ങളുള്ള 12 മാസങ്ങള്‍ ചേര്‍ന്നതാണ് ഒരു വര്‍ഷം. ഇതിന്റെ കൂടെ വര്‍ഷാവസാനം 5 ദിനങ്ങള്‍ കൂടുതലായും ചേര്‍ത്തിരിക്കുന്നു. അങ്ങനെ ആകെ 365 ദിനങ്ങള്‍ ചേര്‍ന്ന ഈജിപ്ഷ്യന്‍ വര്‍ഷം സൗരവര്‍ഷത്തേക്കാള്‍ ഏതാണ്ട് കാല്‍ ദിനം കുറവാണ്. നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഓരോ വര്‍ഷത്തിലെ കലണ്ടറിലും മാറിമാറി വരുമെന്നതാണ് പ്രധാന പ്രത്യേകത. ജൂലിയന്‍ കലണ്ടറിലെ 139 സി.ഇയിലെ ജൂലൈ 20 ആണ് ഈജിപ്തിലെ പുതുവര്‍ഷം. ഈജിപ്തില്‍ സൂര്യോദയത്തിനു മുമ്പുള്ള സിറിയസ് നക്ഷത്രത്തിന്റെ ഉദയ സമയമാണിത്.
ടോളമി ഭരണാധികാരികളുടെ കലണ്ടര്‍
ഓരോ നാലാം വര്‍ഷവും 365-നു പകരം 366 ദിനങ്ങള്‍ ഉള്ളതായി കണക്കാക്കണമെന്ന് ടോളമി ഭരണാധികാരികള്‍ 238 ബി.സിയില്‍ ഉത്തരവിട്ടു. എന്നാല്‍ 'കാനോപ്പിക് റിഫോം' എന്നറിയപ്പെട്ട ഈ ഉത്തരവ് അനുസരിക്കാന്‍ ഈജിപ്തിലെ ഭൂരിപക്ഷം കര്‍ഷകരും തയാറായില്ല. കാരണം അവര്‍ തുടര്‍ന്നു വന്നിരുന്ന കലണ്ടര്‍ കൃഷിയുമായി ബന്ധപ്പെട്ട ഋതുക്കളെ സൂചിപ്പിക്കുന്നതായിരുന്നു.
ജൂലിയന്‍ കലണ്ടറും സീസറും
ഇന്ന് പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആദിമരൂപമായ 'ജൂലിയന്‍ കലണ്ടര്‍' ജൂലിയസ് സീസറിന്റെ കാലത്ത് നിലവില്‍ വന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന റോമന്‍ കലണ്ടര്‍ സംവിധാനം പരിഷ്‌കരിച്ചാണ് 46 ബി.സിയില്‍ ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നത്. ജൂലിയന്‍ കലണ്ടര്‍ പിന്തുടരണമെന്ന് ജൂലിയസ് സീസറിന്റെ റോമന്‍ റിപ്പബ്ലിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചു. തുടര്‍ന്ന് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ജൂലിയന്‍ കലണ്ടര്‍ പ്രചരിച്ചു.
ഗ്രിഗോറിയന്‍ കലണ്ടര്‍
ഏകദേശം 2100-ഓളം വര്‍ഷങ്ങള്‍ക്കു മുമ്പ് പരിഷ്‌കരിച്ച സൗര കലണ്ടറായ 'ജൂലിയന്‍ കലണ്ടര്‍' താരതമ്യേന മികച്ചതായിരുന്നെങ്കിലും വര്‍ഷത്തിന്റെ ദൈര്‍ഘ്യം ശരിയായിരുന്നില്ല. അതില്‍ 130 വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം കൂടുതലായിരുന്നു. കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഋതുക്കളുമായി യോജിച്ച ക്രിസ്തീയ ആചാരങ്ങളുടെ സീസണും കലണ്ടര്‍ ദിനങ്ങളും ഒത്തുപോകാതെയായി. തന്മൂലം ഈസ്റ്റര്‍ പോലുള്ള ആഘോഷ ദിനങ്ങള്‍ മാറി മറിഞ്ഞു.
തുടര്‍ന്ന് പോപ്പ് ഗ്രിഗറിയുടെ നിര്‍ദേശത്താല്‍ ജസ്യൂട്ട് പാതിരിയും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ക്രിസ്റ്റഫര്‍ ക്ലേവിയസ് 'ഗ്രിഗോറിയന്‍' കലണ്ടറിന് രൂപം നല്‍കി. നാലു വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടാകുമെങ്കിലും നൂറ്റാണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400-ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമേ ഫെബ്രുവരിയില്‍ 29 ദിവസം ആവശ്യമുള്ളൂ എന്ന് ക്രിസ്റ്റഫര്‍ ക്ലേവിയസ് വ്യക്തമാക്കിയതോടെ ഈ കലണ്ടറിന് വ്യക്തതയും കൃത്യതയും കൈവന്നു.
വിഡ്ഢിദിനത്തിന്റെ ചരിത്രം
അങ്ങനെ ചാള്‍സ് ഒമ്പതാമന്റെ ഭരണകാലത്ത് ക്രിസ്തുമത വിശ്വാസികള്‍ക്കായി പോപ്പ് ഗ്രിഗറി 1562-ല്‍ പുതിയ കലണ്ടര്‍ പ്രാബല്യത്തില്‍ വരുത്തി. അതുവരെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെയാണ് പുതുവത്സരമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1-നാണ് പുതുവത്സരം. പുതിയ കലണ്ടര്‍ പ്രാബല്യത്തില്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1-ന് പുതുവത്സരം ആഘോഷിക്കുന്നവരെ 'ഏപ്രില്‍ ഫൂളുകള്‍' എന്നു വിളിച്ച് കളിയാക്കാന്‍ തുടങ്ങി.
വിഡ്ഢിദിനത്തില്‍ വിഡ്ഢികളാക്കപ്പെടുന്നവരെ 'ഏപ്രില്‍ ഫിഷ്' എന്ന് ഫ്രഞ്ചുകാര്‍ വിളിക്കുമ്പോള്‍ 'ഏപ്രില്‍ ഗോക്ക്' എന്നാണ് ഇത്തരക്കാരെ സ്‌കോട്ട്ലന്റുകാര്‍ വിളിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ടില്‍ വിഡ്ഢിദിനാഘോഷം ആരംഭിച്ചു. വിഡ്ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ 'നൂഡി' എന്നും ജര്‍മനിയില്‍ 'ഏപ്രിനാര്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്.
മാസങ്ങളുടെ നാമകരണം
ഫെബ്രുവരി ഒഴികെയുള്ള ആദ്യ മാസങ്ങള്‍ക്കെല്ലാം റോമന്‍ ദൈവങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. റോമന്‍ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ 'ജാനസ് ലാനുയാരിയസ്' എന്ന ദേവന്റെ നാമം ജനുവരിക്ക് നല്‍കി. 'ഫെബ്രുവ' എന്ന ശുദ്ധീകരണ പെരുന്നാളിന്റെ സ്മരണക്കായി രണ്ടാമത്തെ മാസത്തിന് 'ഫെബ്രുവരി' എന്ന പേരാണ് നല്‍കിയത്. 'മാര്‍ച്ച്' എന്ന മാസത്തിന് ആ നാമം കൈവന്നത് റോമക്കാരുടെ യുദ്ധദേവനായിരുന്ന മാര്‍സില്‍നിന്നായിരുന്നു. 'വസന്തത്തിന്റെ തുടക്കം' എന്ന സൂചനയേകാനായി.
'തുറക്കുക' എന്നര്‍ഥം വരുന്ന 'അപേറെയ്ര്‍' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് 'ഏപ്രില്‍' എന്ന പേര് രൂപപ്പെട്ടത്. ഗ്രീക്ക് ദേവതയായ 'മായിയ'യുടെ പേര് മെയ് മാസത്തിന് ലഭിച്ചപ്പോള്‍ ജൂപ്പിറ്റര്‍ ദേവന്റെ ഭാര്യയായ 'ജൂനോ'യില്‍നിന്ന് 'ജൂണ്‍' എന്ന നാമം സ്വീകരിച്ചു.
'ക്വിന്റിലസ്' എന്ന് ആദ്യം പേര് നല്‍കപ്പെട്ടിരുന്ന മാസത്തെ ജൂലിയസ് സീസറിന്റെ ബഹുമാനാര്‍ഥം 'ജൂലൈ' എന്ന് പുനര്‍നാമകരണം ചെയ്തു. ജൂലിയസ് സീസര്‍ ജനിച്ചത് ഈ മാസത്തിലായതിനാലാണ് ഇതിന് ഇത്തരമൊരു പേര് ലഭിച്ചതെന്ന് സൂചനയുണ്ട്. പുരാതന റോമന്‍ കലണ്ടറില്‍ ആറാമത്തെ മാസമായി കരുതിയിരുന്ന മാസത്തിന് 'ആറാമത്' എന്നര്‍ഥം വരുന്ന 'സെക്റ്റിലിസ്' എന്ന ലാറ്റിന്‍ വാക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് അഗസ്റ്റസ് സീസറിനോടുള്ള ബഹുമാനസൂചകമായി ഈ മാസത്തിന് 'ആഗസ്റ്റ്' എന്നു പേരിട്ടു.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ഏഴാമത്തെ മാസം, എട്ടാമത്തെ മാസം എന്നിങ്ങനെ അര്‍ഥം വരുന്ന പേരുകള്‍ നല്‍കി. ലാറ്റിനില്‍ 'ഏഴ്' എന്ന് അര്‍ഥം വരുന്ന 'സെപ്റ്റം' എന്ന വാക്കാണ് 'സെപ്റ്റംബര്‍' എന്ന പേരിനടിസ്ഥാനം. 'എട്ട്' എന്നര്‍ഥം വരുന്ന 'ഒക്‌റ്റോ' എന്ന പദത്തില്‍നിന്ന് ഒക്‌ടോബറും 'ഒമ്പത് ' എന്നര്‍ഥം വരുന്ന 'നോവം' എന്ന പദത്തില്‍ നിന്ന് 'നവംബര്‍' എന്നും പേരുകള്‍ സ്വീകരിച്ചു. 'പത്ത്' എന്നര്‍ഥം വരുന്ന 'ഡിസംബര്‍' മാസം റോമന്‍ കലണ്ടറില്‍ പത്താമത്തെ മാസമായിരുന്നതിനാലാണ് പന്ത്രണ്ടാമത്തെ മാസമായിരുന്നിട്ടും അതിന് ആ നാമം കൈവന്നത്.
ഇന്ത്യന്‍ ദേശീയ കലണ്ടര്‍
ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടറായ ശക വര്‍ഷം അഥവാ ഇന്ത്യന്‍ ദേശീയ കലണ്ടര്‍ ഭാരത സര്‍ക്കാറിന്റെ കലണ്ടര്‍ പരിഷ്‌കാര സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ സിവില്‍ കലണ്ടറായി 1957-ല്‍ അംഗീകരിക്കപ്പെട്ടു.
മലയാള വര്‍ഷം
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയായ കൊല്ലവര്‍ഷം മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. ഇതിന് കേരള സര്‍ക്കാറിന്റെ അംഗീകാരമുണ്ട്.
ഹിജ്‌റ കലണ്ടര്‍
മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷമാണ് 'ഹിജ്റ വര്‍ഷം' ആരംഭിക്കുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടറില്‍ 12 മാസങ്ങളും ഏകദേശം 354 ദിവസങ്ങളുമുണ്ട്. കേരളത്തില്‍ 'അറബി മാസം' എന്നും ഇത് അറിയപ്പെടുന്നു. സുഊദി അറേബ്യ ഈ കലണ്ടറിനെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് - ജൂത കലണ്ടറുകളില്‍ സൂര്യാസ്തമയത്തോടെയാണ് ആഴ്ചയിലെ ദിവസങ്ങള്‍ ആരംഭിക്കുന്നത്.
ഫ്രഞ്ച് റിപ്പബ്ലിക്കന്‍ കലണ്ടര്‍
ഫ്രാന്‍സിലെ പ്രഥമ റിപ്പബ്ലിക് സര്‍ക്കാരാണ് 'ഫ്രഞ്ച് റിപ്പബ്ലിക്കന്‍ കലണ്ടര്‍' നടപ്പിലാക്കിയത്. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം പഴയകാല രാജവാഴ്ചയുടെ എല്ലാ ചിഹ്നങ്ങളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'ഫ്രഞ്ച് വിപ്ലവ കലണ്ടര്‍' എന്നും അറിയപ്പെടുന്ന പുതിയ കലണ്ടര്‍ അവതരിപ്പിക്കപ്പെട്ടത്.
രസകരമായ കലണ്ടര്‍ വിശേഷം
ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനായി ഉപയോഗിക്കുന്ന വളരെ പ്രാചീനമായ ചൈനീസ് രീതിയാണ് ചൈനീസ് ഗര്‍ഭധാരണ കലണ്ടര്‍. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നും ഏറെപ്പേര്‍ വിശ്വസിക്കുന്ന ചൈനീസ് ഗര്‍ഭധാരണ കലണ്ടറിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഒരു വശത്ത് മാസങ്ങളും മറ്റൊരു വശത്ത് അമ്മയുടെ പ്രായവും രേഖപ്പെടുത്തിയ കലണ്ടറില്‍ അവ രണ്ടും ലംബമായും തിരശ്ചീനമായും കൂട്ടിമുട്ടുന്ന ചതുരത്തില്‍ 'പു' എന്ന അക്ഷരമാണെങ്കില്‍ കുട്ടി ആണും അതല്ല 'സ്ത്രീ' എന്നാണെങ്കില്‍ ജനിക്കുന്ന കുട്ടി പെണ്ണും ആയിരിക്കുമെന്നാണ് ചൈനീസ് കലണ്ടര്‍ നല്‍കുന്ന സൂചന. ട