സമൂഹത്തിന്റെ നല്ലപാതിയായ സ്ത്രീകള്‍ അംഗീകാരത്തിന്റെ പുതിയ പടവുകളേറിയതിന്റെ കഥകള്‍ നിരവധി പറയാനുണ്ട് 2018-ന്.
സമൂഹത്തിന്റെ നല്ലപാതിയായ സ്ത്രീകള്‍ അംഗീകാരത്തിന്റെ പുതിയ പടവുകളേറിയതിന്റെ കഥകള്‍ നിരവധി പറയാനുണ്ട് 2018-ന്. പോയ വര്‍ഷം അവര്‍ കൂടുതല്‍ ഇടങ്ങളില്‍ വിജയക്കൊടി നാട്ടി. വിവേചനത്തിനും പീഡനങ്ങള്‍ക്കുമെതിരായ മീ ടൂ കാമ്പയിനില്‍ നിരവധി പുരുഷ കേസരികളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. സാധാരണക്കാരികളായ സ്ത്രീകള്‍ പോലും കൂടുതല്‍ ശാക്തീകരിക്കപ്പെട്ടതിന്റെ ദൃശ്യപ്രസ്താവനയുമായി 100 പ്രബല വനിതകളെ അവതരിപ്പിച്ചുകൊണ്ട് ബി.ബി.സി രംഗപ്രവേശം ചെയ്തു. ആ പട്ടികയില്‍ കോഴിക്കോട്ടുകാരി പി. വിജി ഇടം പിടിച്ചത് മലയാളി മങ്കമാരുടെ ഭാഗ്യവും അന്തസ്സുമായി കരുതാം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി വിജി നടത്തിയ യത്‌നങ്ങളാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്.
ഒപ്പം രാഷ്ട്രീയത്തിലും സാഹിത്യത്തിലും സയന്‍സിലും പുരുഷന്മാരെ വെല്ലാന്‍ കരുത്തുള്ളവര്‍ തന്നെ തങ്ങളെന്ന് തെളിയിക്കാനും അവര്‍ക്ക് സാധ്യമായിരിക്കുന്നു.
നൊബേല്‍ പുരസ്‌കാരങ്ങള്‍
ഊര്‍ജതന്ത്ര നൊബേലിനു ഇത്തവണ അര്‍ഹയായത് കാനഡക്കാരി പ്രഫ. ഡോണസ്ട്രിക് ലാന്‍ഡ് ആണ്. 53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഊര്‍ജതന്ത്രത്തില്‍ ഒരു വനിത ഈ പ്രഖ്യാത പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. ഊര്‍ജതന്ത്രത്തിന്റെ പേരില്‍ പരസ്യമായി അഹംഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇറ്റാലിയന്‍ പ്രഫസറും ശാസ്ത്രജ്ഞനുമായ അലക്‌സാഡ്രോ സ്ട്രൂമിയ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന്റെ തൊട്ടുപിറ്റേ ദിവസമായിരുന്നു ഡോണ നൊബേലിനു തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തു വന്നത്. ഊര്‍ജതന്ത്രം പൂര്‍ണമായും പുരുഷന്മാര്‍ സ്ഥാപിച്ച് വളര്‍ത്തിയെടുത്ത ശാസ്ത്ര ശാഖയാണെന്ന സ്ത്രീകളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് ഈ ശാസ്ത്രജ്ഞന്റെ സസ്‌പെന്‍ഷനു വഴിയൊരുക്കിയത്. അതേ സമയം ശാസ്ത്ര ശാഖകളില്‍ പുരസ്‌കാരം നിര്‍ണയിക്കുമ്പോള്‍ അവാര്‍ഡ് സമിതി സ്ത്രീകള്‍ക്കെതിരെ വിവേചനം തുടരുന്നതായി ആരോപണം നിലവിലുണ്ട്. മേരിക്യൂറിക്ക് നൊബേല്‍ നല്‍കി ദശകങ്ങള്‍ പിന്നിട്ട ശേഷം ഇതു രണ്ടാമതാണ് ഒരു സ്ത്രീ ഫിസിക്‌സില്‍ നൊബേല്‍ കരസ്ഥമാക്കുന്നതെന്ന വസ്തുത നടുക്കമുളവാക്കുന്നതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജീം അല്‍ ഖലീലി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.
കണ്ണിന്റെ ചികിത്സക്ക് സഹായകമായ ലേസര്‍ പള്‍സ് ആവിഷ്‌കരിച്ചത് മുന്‍നിര്‍ത്തിയാണ് വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷക കൂടിയായ ഡോണ ആദരിക്കപ്പെട്ടത്.
രസതന്ത്ര നൊബേല്‍ പങ്കിടാനും ഇത്തവണ ഒരു സ്ത്രീക്ക് ഭാഗ്യം സിദ്ധിച്ചു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ആര്‍നോള്‍ഡാണ് മറ്റ് രണ്ടു ശാസ്ത്രജ്ഞരോടൊപ്പം നൊബേല്‍ പങ്കിട്ടത്. എന്‍സൈമുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന പദ്ധതിയായിരുന്നു ഇവരെ നൊബേലിന് അര്‍ഹയാക്കിയത്. വിദ്യാര്‍ഥിനിയായിരിക്കെ വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പ്രകടിപ്പിച്ച വ്യക്തിയാണിവര്‍. ഡ്രൈവറായും വെയ്റ്ററായും ജോലിചെയ്ത് പഠനാവശ്യങ്ങള്‍ക്ക് പണം സ്വരൂപിച്ച ആവേശദായകമായ ചരിത്രവും അവര്‍ക്ക് പറയാനുണ്ട്.
സമാധാന നൊബേല്‍ ഇക്കുറി പങ്കിട്ടതും ഒരു വനിത ആയിരുന്നു. വടക്കന്‍ ഇറാഖിലെ കുര്‍ദ് വംശക്കാരി നാദിയ മുറാദ്. ഐ.എസ് ഭീകര ഗ്രൂപ്പിനാല്‍ റാഞ്ചപ്പെട്ട് മാനഭംഗത്തിനിരയായ യുവതി. ഐ.എസിന്റെ ബന്ധനങ്ങള്‍ ഭേദിച്ച് ജര്‍മനിയിലേക്ക് പലായനം ചെയ്ത നാദിയ സ്വാനുഭവങ്ങള്‍ കുറിച്ചിട്ട 'ലാസ്റ്റ് ഗേള്‍' ഇപ്പോള്‍ ലോകപ്രശസ്തമായിക്കഴിഞ്ഞു. പീഡിതരായ സ്ത്രീകള്‍ക്കുവേണ്ടിയും യുദ്ധക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്കുവേണ്ടിയും ധീരോദാത്തമായ പോരാട്ടപാതയിലാണിപ്പോള്‍ നാദിയ.
യു.എസ് തെരഞ്ഞെടുപ്പില്‍
പുരുഷ മേധാവിത്വ വ്യവസ്ഥയുടെ അപ്പോസ്തലനായ ഡൊണാള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ 2018 നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് പുതിയ ദിശാസൂചകമായി നിരീക്ഷകര്‍ കരുതുന്നു. ട്രംപിന്റെ ആശയങ്ങള്‍ക്കെതിരെ ശക്തമായ സ്ത്രീമുന്നേറ്റം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമായി. 2016-ല്‍ ട്രംപിന്റെ അധികാരാരോഹണ ദിനത്തില്‍ തന്നെ യു.എസ് തെരുവുകള്‍ വനിതാ പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു. 237 വനിതകള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സര ഗോദയിലെത്തി. ഇതില്‍ 90 പേര്‍ വിജയിച്ചു. വനിതകളില്‍ ഭൂരിപക്ഷവും ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ക്കാണ് വോട്ടുനല്‍കിയത്. മുസ്‌ലിംകള്‍, ആദിമ വംശജര്‍, കുടിയേറ്റക്കാര്‍ തുടങ്ങിയ വിഭാഗങ്ങളും ട്രംപിനെതിരെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതോടെ യു.എസ് കോണ്‍ഗ്രസിലേക്ക് ഇതാദ്യമായി രണ്ട് മുസ്‌ലിം വനിതകള്‍ ജയിച്ചുകയറി. ഡെമോക്രാറ്റിക് കക്ഷിക്കാരായ റശീദാ താലിബും ഇല്‍ഹാന്‍ ഉമറുമാണ് ചരിത്രം തിരുത്തിക്കുറിച്ച വനിതകള്‍. അമേരിക്കന്‍ പാര്‍ലമെന്റില്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ വനിതയാകും ഇല്‍ഹാന്‍ ഉമര്‍. സോമാലിയന്‍ കുടിയേറ്റ കുടുംബത്തില്‍ പിറന്ന ഇല്‍ഹാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. അഭിഭാഷക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് ഫലസ്ത്വീന്‍ വംശജയായ റശീദ താലിബ്.
അമേരിക്കന്‍ ആദിമനിവാസി വിഭാഗത്തിലെ രണ്ട് വനിതകളും ചരിത്രത്തിലാദ്യമായി യു.എസ് കോണ്‍ഗ്രസിലെത്തി എന്ന സവിശേഷതയും ഈ തെരഞ്ഞെടുപ്പില്‍ കാണാനിടയായി. ന്യൂ മെക്‌സിക്കോ മണ്ഡലത്തില്‍നിന്ന് വിജയിച്ച ഡെബ് ഹാലന്‍സും കന്‍സാസ് മണ്ഡലത്തിലെ ഷാറൈസ് ഡേവിഡ്‌സുമാണ് തദ്ദേശീയ വംശജരുടെ ഈ പ്രതിനിധികള്‍.
പ്രമുഖ അറബ് വനിത
സുഊദി ശൂറാ അംഗവും വൈദ്യശാസ്ത്ര ഗവേഷകയുമായ ഹയാത് സിന്ധിയെ പോയ വര്‍ഷം അറേബ്യന്‍ ബിസിനസ് മാസിക ലോകത്തെ പ്രമുഖ അറബ് വനിതകളില്‍ ഒരാളായി തെരഞ്ഞെടുക്കുകയുണ്ടായി. വൈദ്യശാസ്ത്ര മേഖലക്കും ജനകീയാരോഗ്യ പദ്ധതികള്‍ക്കും ശ്ലാഘനീയമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന ഹയാത് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രഫസര്‍ എന്ന നിലയിലും പഠിതാക്കളുടെ പ്രേരക സ്രോതസ്സായി വിരാജിക്കുന്നു. യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ ആമിന ജെ. മുഹമ്മദും ഫിഫയുടെ പ്രഥമ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഫാത്വിമ സമൂറയും ലോക ജനതയുടെ ഉന്നമനത്തിനായി പോയവര്‍ഷം ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തി.
ഫുട്‌ബോള്‍ ലോകകപ്പ് വീക്ഷിക്കാനും തന്റെ ടീമിന് ആവേശം പകരാനും മോസ്‌കോയിലെത്തിയ ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബറുടെ പ്രകടനം മാധ്യമങ്ങളില്‍നിന്ന് വാനോളം പ്രശംസ നേടി. സ്വന്തം ടീമംഗങ്ങള്‍ക്കു മാത്രമല്ല എതിര്‍ ടീമിലെ (ഫ്രഞ്ച്) അംഗങ്ങളെ ഹസ്തദാനം ചെയ്ത് പരിചയപ്പെടാനും ഫ്രഞ്ച് പ്രസിഡന്റിനെ സ്‌നേഹവായ്‌പോടെ സ്വീകരിക്കാനും തയാറായ കോളിന്‍ഡ ഏറ്റവും മാധ്യമശ്രദ്ധ കവര്‍ന്ന ഭരണാധികാരിയായി മാറി.
വടക്കന്‍ അയര്‍ലന്റുകാരി അന്നബേണ്‍സ് നിരവധി പുരുഷ പ്രതിഭകളെ തറപറ്റിച്ചുകൊണ്ട് ഇക്കുറി മാന്‍ബുക്കര്‍ പ്രൈസ് നേടുകയുണ്ടായി. ഇരയാക്കപ്പെടുന്ന സ്ത്രീയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന 'മില്‍ക്ക്മാന്‍' എന്ന നോവലാണ് അന്നയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കഥാപാത്രങ്ങള്‍ക്കോ നഗരദേശങ്ങള്‍ക്കോ പേരു നല്‍കാതെ ആവിഷ്‌കരിക്കുന്ന വിചിത്രമായൊരു നോവലാണ് 'മില്‍ക്ക്മാന്‍' .70-കളിലെ ബെല്‍ഫാസ്റ്റിലെ വിഘടനവാദ കലാപം പശ്ചാത്തലമായി തോന്നാമെങ്കിലും സമകാലിക ലോകത്തെ ഏതു നഗരത്തിലും അരങ്ങേറാവുന്ന സംഭവ വികാസങ്ങളാണ് ഈ കൃതിയില്‍ ചുരുള്‍ നിവരുന്നത്.
ഇന്ത്യന്‍ മുന്നേറ്റങ്ങള്‍
വിദ്വേഷ പ്രവര്‍ത്തനങ്ങളിലൂടെ അധികാര രാഷ്ട്രീയത്തില്‍ സ്ഥിരവാസം ഉറപ്പിക്കാനുള്ള സംഘ് പരിവാര ശക്തികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കരുത്തു കാട്ടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മാതൃകകള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ യു.പി മുഖ്യമന്ത്രി മായാവതി തുടങ്ങിയവരിലൂടെ ദര്‍ശിക്കാന്‍ ഇന്ത്യക്ക് 2018-ല്‍ അവസരം ലഭിച്ചു. ജനങ്ങളെ ധ്രുവീകരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബംഗാളില്‍ കലാപം കുത്തിപ്പൊക്കാനുള്ള ആര്‍.എസ്.എസ്സിന്റെ ശ്രമങ്ങളെ ധീരമായി തുറന്നുകാട്ടിയ മമത ബാനര്‍ജി അമിത് ഷായുടെ രഥയാത്രക്ക് സംസ്ഥാനത്ത് വിലക്കു പ്രഖ്യാപിച്ചതോര്‍ക്കുക.
2010-ല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം മേരികോം ഈ വര്‍ഷം മെഡല്‍ കൊയ്ത്തില്‍ റെക്കോര്‍ഡിട്ടു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിത എന്ന ചരിത്രമാണ് ഈ 35-കാരി 2018-ല്‍ രചിച്ചത്. അയര്‍ലന്റുകാരി കെയറ്റി ടെയ്‌ലര്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു മണിപ്പൂര്‍ സംസ്ഥാനക്കാരിയായ അവര്‍. പത്മഭൂഷണ്‍, ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ നല്‍കി രാഷ്ട്രം ഇതിനകം അവരെ ആദരിക്കുകയുണ്ടായി.
ധീരമായ പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ അനുദിനം ദുഷ്‌കരമായിക്കൊണ്ടിരിക്കെ ഈ രംഗത്തെ ധീരതക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ പത്രപ്രവര്‍ത്തക സ്വാതി ചതുര്‍വേദി 2018-ല്‍ സ്വന്തമാക്കി. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന മാധ്യമ സംഘടനയുടെ പ്രസ് ഫ്രീഡം അവാര്‍ഡ് ഫോര്‍ കവറേജ് ആണ് സ്വാതിയെ തേടിയെത്തിയത്. 'അയാം എ ട്രോള്‍ ഇന്‍സൈഡ് ദി സീക്രട്ട് വേള്‍ഡ് ഓഫ് ദി ബി.ജെ.പീസ് ഡിജിറ്റല്‍ ആര്‍മി' എന്ന അന്വേഷണാത്മക പുസ്തകമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
പ്രഗത്ഭ അഭിഭാഷക ഇന്ദു മല്‍ഹോത്ര ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നവാധ്യായമായി മാറിയ വര്‍ഷമായും 2018 അടയാളപ്പെടുന്നു. ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുകയായിരുന്നു. ഒരു മുതിര്‍ന്ന അഭിഭാഷക ഈ രീതിയില്‍ പരമോന്നത നീതിപീഠത്തില്‍ നിയമിതയാകുന്നത് ഇതാദ്യം.
ഫൈറ്റര്‍ ജെറ്റ് (യുദ്ധവിമാനം) പറത്താനുള്ള വൈഭവം സ്ത്രീകള്‍ക്കുണ്ടെന്ന് പോയ വര്‍ഷം തെളിയിക്കപ്പെട്ടു. അവനി ചതുര്‍വേദിയാണ് ഫൈറ്റര്‍ ജെറ്റ് പറത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ലോകത്തെ വിസ്മയിപ്പിച്ചത്.
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ കേരള സ്ത്രീത്വം
സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പെണ്‍ ശൗര്യങ്ങള്‍ക്കും എന്നും പ്രോത്സാഹനമരുളുന്ന കേരളം ഇത്തവണ സ്ത്രീസ്വാതന്ത്ര്യ പ്രശ്‌നത്തില്‍ ഇരുചേരികളായി. ശബരിമലയില്‍ ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടും അതിന് അവസരം നല്‍കില്ലെന്ന ദുശ്ശാഠ്യവുമായി സ്ത്രീകള്‍ അടക്കം തെരുവുകളിലിറങ്ങിയത് സംസ്ഥാനത്ത് കലാപാന്തരീക്ഷത്തിന് കളമൊരുക്കി. ശബരിമലയുടെ സമീപ പ്രദേശങ്ങളില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും അറസ്റ്റുകളും നടന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അനാചാരത്തിന് അറുതി വരുത്തുകയാണ് കോടതി വിധിയുടെ ലക്ഷ്യമെന്ന് സര്‍ക്കാറും വിധി, വിശ്വാസകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് മറുവിഭാഗവും വാദിക്കുന്നതിനാല്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ മലചവിട്ടുമെന്ന് പ്രതിജ്ഞ ചെയ്ത് എത്തിയ തൃപ്തി ദേശായ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ നിരാശരായി മടങ്ങി.
സംഘ്പരിവാറിന്റെ ഈ ധ്രുവീകരണ പദ്ധതികള്‍ക്കും ഏകശിലാ സംസ്‌കാര സൃഷ്ടികള്‍ക്കുമെതിരെ ധീരമായി ശബ്ദമുയര്‍ത്തി ശ്രദ്ധ കവര്‍ന്ന ദീപ നിശാന്ത് എന്ന കോളേജ് അധ്യാപിക വിവാദക്കുരുക്കില്‍ അകപ്പെട്ടത് സാംസ്‌കാരിക ലോകത്തെ ദുഃഖസ്മൃതിയായി. മറ്റൊരാളുടെ കവിത പ്രത്യേക സാഹചര്യത്തില്‍ സ്വന്തം പേരിലിറക്കി കബളിപ്പിക്കപ്പെട്ട ദീപ ട്രോള്‍ മഴയില്‍ കണ്ണീരണിഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ബാലികയെ അഛന്‍ ഉള്‍പ്പെടെയുള്ളവര്‍ മാനഭംഗം ചെയ്തതിന്റെ ലജ്ജിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായാണ് ഡിസംബര്‍ പിറന്നുവീണത്.
സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തുന്ന സംഭവവികാസങ്ങള്‍ നമ്മുടെ പ്രത്യാശകള്‍ക്ക് ശക്തി പകരുന്നു. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്ത് അവര്‍ക്ക് പഠനം പൂര്‍ത്തീകരിക്കാനും വിവാഹ ജീവിതം തുടരാനും അനുവദിച്ച സുപ്രീംകോടതി മനുഷ്യസ്വാതന്ത്ര്യത്തിന്റെ അനേക വശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു.
ചലച്ചിത്രമേഖലയില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മക്കും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതകള്‍ പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത് 2018-ലെ ആശാവഹമായ മാറ്റമായി കാണാം. ഏറ്റവും കടുത്ത ഒരു പ്രളയാനുഭവത്തിലൂടെ കടന്നുപോയ കേരളം ജീവകാരുണ്യദുരിതാശ്വാസ ദൗത്യങ്ങളില്‍ ഐതിഹാസിക സേവനങ്ങള്‍ കാഴ്ചവെച്ചതും പോയ വര്‍ഷത്തിന്റെ മേന്മ തന്നെ.