കോട്ടയം വയലാലില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസം ആദ്യത്തിലാണ്. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥന്‍ തൂങ്ങി
കോട്ടയം വയലാലില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസം ആദ്യത്തിലാണ്. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ബാലുശ്ശേരിയില്‍നിന്ന് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്തുകൊന്നുവെന്ന വാര്‍ത്ത കേട്ടത് കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ്. ആ ഞെട്ടല്‍ മാറും മുമ്പേ അടുത്ത ദിവസം മലപ്പുറം കൂട്ടിലങ്ങാടിയില്‍നിന്ന് വീണ്ടും കേട്ടു മറ്റൊരു ചോരപ്പൈതലിനെ കഴുത്തറുത്ത് കശാപ്പുചെയ്ത കഥ. കേസില്‍ അറസ്റ്റിലായതും മാതാവും സഹോദരനും തന്നെ. മുലയൂട്ടുന്നതിനിടെ വേദന തോന്നിയപ്പോള്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ കുളത്തിലെറിഞ്ഞാണ് 27-കാരിയായ ഉമ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിന് ചെന്നൈയില്‍നിന്നായിരുന്നു ആ വാര്‍ത്ത.
എത്രവേണമെങ്കിലുമുണ്ട് പെറ്റമ്മമാര്‍ തന്നെ കൊന്നുതള്ളിയ പിഞ്ചോമനകളുടെ കണക്ക് പറയാന്‍, സ്വന്തം പിതാവ് തന്നെ ചവിട്ടിയരച്ച പിഞ്ചു പൈതങ്ങളുടെ ചരിത്രം നിരത്താന്‍. ആ കൊലവിളികളുടെ തിരക്കഥ തയാറാക്കിയതും വധശിക്ഷ വിധിച്ചതും ആരാച്ചാരായതും ശവക്കല്ലറ ഒരുക്കിയതും നൊന്തുപെറ്റ അമ്മമാര്‍ തന്നെ.
എന്തുകൊണ്ട് സ്വന്തം ചോരയോടിങ്ങനെ കലി തുള്ളുന്നു? അമ്മേ എന്ന വിളി കേള്‍ക്കും മുമ്പ്, അമ്മിഞ്ഞപ്പാലിന്റെ മധുരം ചുരത്തും മുമ്പേ ചോരപ്പൈതങ്ങളുടെ കഴുത്തില്‍ കൊലക്കത്തിവെക്കുന്ന അമ്മമാരുടെ എണ്ണം ഉയരുന്നു? ചിലര്‍ക്കെങ്കിലും ഉന്മാദത്തില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന മാനസികരോഗമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വിഷാദരോഗമാവാം. എങ്കില്‍ എല്ലാവരുടെയും കഥ അങ്ങനെയാണോ...? അല്ലേയല്ല.
സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറിന്റെ നിറവിനെക്കുറിച്ച് മാത്രം സ്വപ്‌നം കണ്ടവരായിരുന്നു പണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍നിന്നും ചോരകിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനകളുടെ കടലുകളെക്കുറിച്ച് എത്രയെത്ര ഇതിഹാസങ്ങള്‍! മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത് സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. ആ അമ്മമാരുടെ പിന്‍തലമുറക്കാരാണിന്ന് അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക് കാളകൂടവും നല്‍കുന്നത്. ആറ്റുനോറ്റുണ്ടായ മക്കളെ തലയില്‍ വെക്കാതെയും താഴത്ത് വെക്കാതെയും താരാട്ട് പാടിയുറക്കുന്ന മാതൃത്വത്തെക്കുറിച്ച് പഴകിത്തേഞ്ഞ ആ പല്ലവിയിനി പാടുന്നതില്‍ അര്‍ഥമില്ലാതാവുകയാണോ?
മാതൃ-പിതൃ വാസനകള്‍ നഷ്ടപ്പെടുന്ന യുവത്വം
ഒരു കാര്യം ഉറപ്പാണ്. മാതൃ-പിതൃ വാസനകള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ് സ്വന്തം കുഞ്ഞുങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന പ്രവണതകളുണ്ടാകുന്നത്, സ്വന്തം പിതാവ് തന്നെ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത്, അറിഞ്ഞോ അറിയാതെയോ മാതാവ് അതിനു കൂട്ടു നില്‍ക്കുന്നത്, ചിലപ്പോഴെങ്കിലും സ്വന്തത്തെ കൂട്ടിക്കൊടുത്തതിന്റെ വിഹിതം പറ്റി ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ജീവിക്കുന്നത്. മാതാവും പിതാവും സ്വന്തക്കാരും തന്നെ ഇത്തരം കേസുകളില്‍ പലപ്പോഴും അറസ്റ്റിലാകുന്നത്.
കേരളത്തില്‍ ദിനംപ്രതി എട്ട് കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നു എന്നാണ് കണക്ക്. ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കെടുത്താല്‍ കുട്ടികള്‍ക്കുനേരെ 2031 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 3478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മാത്രമാകുമ്പോഴേക്കും അത് 1931-ഉം കടന്നു. കുറ്റകൃത്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് നിയമ ബോധവത്കരണം കൂടുന്നതുകൊണ്ടാണെന്ന വിശകലനമുണ്ടെങ്കിലും ജീവിത വിശുദ്ധിയെയും ധാര്‍മികതയെയും കുറിച്ചുള്ള കാഴ്ചപ്പാടിലേക്ക് തന്നെയാണത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
വേലിതന്നെ വിളവു തിന്നുമ്പോള്‍ പിന്നെ ഈ പെണ്‍കുട്ടികള്‍ എന്തു ചെയ്യും? ആരോട് പറയും? കുറ്റബോധത്തിന്റെ ചുമട് എവിടെയെങ്കിലും ഇറക്കിവെച്ച് ഉറക്കെയൊന്ന് പൊട്ടിക്കരയാനെങ്കിലും ഇവര്‍ക്ക് സാധിക്കുമോ?
ലാളന ലഭിക്കാതെ വളര്‍ന്നാല്‍ മക്കളെ ലാളിക്കാനാവില്ല
കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വാസന എല്ലാ ജീവിവര്‍ഗങ്ങളിലുമുണ്ട്. ഇഴജന്തുക്കള്‍ മുതല്‍ നാല്‍ക്കാലികളില്‍ വരെ അത് പ്രകടമാണ്. പ്രസവാനന്തരം അവ കൂടുതല്‍ ജാഗരൂകമാകുന്നു. അവയുടെ അരികിലെത്തുന്ന ആരെയും ആക്രമിക്കുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണവ അക്രമകാരികളാകുന്നത്. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചുള്ള ജന്മവാസനയാണ് അവയുടെ പെരുമാറ്റം. സ്നേഹം, വാത്സല്യം തുടങ്ങിയ വികാരങ്ങള്‍ നമ്മളില്‍ ഉണര്‍ത്തുന്നത് അവ നമുക്ക് മാതാപിതാക്കളും മറ്റുള്ളവരും തന്നിട്ടുള്ളതുകൊണ്ടു മാത്രമാണ്. ചെറുപ്പം മുതലേ അത്തരം സ്നേഹവാസനകള്‍ രൂപപ്പെട്ടിട്ടില്ലാത്തവരാണ് മിക്കപ്പോഴും ക്രിമിനലുകളായി ത്തീരുന്നത്.
കുഞ്ഞു പ്രായത്തില്‍ ലാളന ലഭിക്കാതെ വളരുന്നവര്‍ക്ക് അവരുടെ കുട്ടികളെയും ലാളിക്കാനാവില്ല. അവര്‍ക്ക് കുട്ടികളെ വളര്‍ത്താനും അറിയാതെ പോകുന്നു. ഇതാണ് പല സ്ത്രീകളിലും സംഭവിക്കുന്നതെന്നാണ് കോഴിക്കോട് യൂനിവേഴ്സിറ്റിയിലെ ഡോ. ജോണ്‍ ബേബി പറയുന്നത്. ബ്രോയ്‌ലര്‍ കോഴികള്‍ക്ക് മുട്ടയിടാനേ അറിയൂ. ഒരിക്കലും കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിക്കാനോ വളര്‍ത്താനോ സാധിക്കില്ല. ജനിതക വാസനകള്‍ ചില പ്രത്യേക വളര്‍ച്ചാഘട്ടങ്ങളില്‍ മനസ്സിലും ശരീരത്തിലും പതിപ്പിക്കപ്പെടുകയാണ്. ആ ഘട്ടത്തില്‍ വേണ്ടതു കിട്ടാതെ പോയാല്‍ ഉണ്ടാകുന്ന പെരുമാറ്റത്തകരാര്‍ അവര്‍ ജീവിതകാലം മുഴുവന്‍ കാണിക്കും.
അവിഹിത ഗര്‍ഭങ്ങള്‍, ദുരഭിമാനക്കൊലകള്‍
2009-ലെ ആദ്യ നാലുമാസത്തിനിടെ കേരളത്തിലെ അമ്മമാരും ബന്ധുക്കളും കൊന്നുതള്ളിയത് 47 കുഞ്ഞുങ്ങളെയായിരുന്നു. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയും ആദ്യ നാലു മാസത്തിനിടെ ഇരുപത് കുഞ്ഞുങ്ങളുടെ ജീവിതമാണ് കുരുതികഴിച്ചത്. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു; കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത് ഇരുപത് അമ്മമാരാണ്.
അവിഹിത ഗര്‍ഭങ്ങളായിരുന്നു ചിലതിന്റെ കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നും ഉറുമ്പരിച്ചും പട്ടി കടിച്ചും ലഭിച്ച കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു വേണ്ടി അവിഹിത ഗര്‍ഭങ്ങളാണ് കൂടുതലും സാക്ഷി പറയാനെത്തിയത്.
അമ്മത്തൊട്ടിലിന്റെ നിലവിളികള്‍
മലപ്പുറം തിരൂരിലെ അമ്മ ത്തൊട്ടിലില്‍ ഇപ്പോള്‍ 12 കുഞ്ഞുങ്ങളുണ്ട്. നാല് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളും. ഇവിടെ ലഭിക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മലപ്പുറത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. പലരും കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നു. പന്ത്രണ്ടാമത് കുഞ്ഞെത്തിയ വിവരം അധികൃതരെ അറിയിച്ചത് തെരുവു നായ്ക്കളായിരുന്നു. നേരിട്ടെത്തി കുഞ്ഞിനെ ഏല്‍പ്പിക്കാനുള്ള സന്മനസ്സുപോലും പലരും കാണിക്കുന്നില്ല. എന്നാല്‍ സാമൂഹിക കാരണങ്ങളാല്‍ വളര്‍ത്താന്‍ സാധിക്കില്ലെന്നറിയിച്ച് മാതാവ് കഴിഞ്ഞ ഒക്ടോബര്‍ 26-ന് ഒരു കുഞ്ഞിനെ കൈമാറി. ആ ഒരാഴ്ചക്കിടെ ഇത്തരത്തില്‍ അഞ്ച് കുട്ടികളെയാണ് മലപ്പുറത്തെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്. അവരിലൊരാളുടെ മാത്രം കഥ ഇങ്ങനെയാണ്:
ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിയുടെ കുഞ്ഞായിരുന്നു അത്. ഭര്‍ത്താവ് ആയിടെ ഭാര്യയെ ഗള്‍ഫിലേക്കും കൊണ്ടുപോയി. ഈ സമയത്താണ് ഗര്‍ഭിണിയായതെന്ന് യുവതി വീട്ടുകാരെയും ഭര്‍ത്താവിനെയും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ഏഴാം മാസം പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിനെ യുവതി പ്രസവിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. സംഭവത്തില്‍ എട്ടുപേര്‍ക്ക് പങ്കുണ്ടെന്നാണ് ഒടുവിലറിഞ്ഞത്. വനിതാ കമീഷനില്‍ പരാതിയെത്തിയപ്പോള്‍ ഡി.എന്‍.എ പരിശോധനക്കു വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ കാര്യത്തില്‍ മാത്രമേ വനിതാ കമീഷന് ഡി.എന്‍.എ പരിശോധനക്ക് ഉത്തരവിടാനാകൂ എന്നതില്‍ തട്ടിത്തടഞ്ഞു നിന്നു. അങ്ങനെയാണ് കുഞ്ഞിനെ കേന്ദ്രത്തിലേക്ക് കൈമാറിയത്.
മാതാപിതാക്കള്‍ ചവിട്ടിയരച്ച ബാല്യങ്ങള്‍
2004-ല്‍ റിപ്പോര്‍ട്ട് ചെയ്ത 17 കൂട്ട ആത്മഹത്യകളില്‍ കൊല്ലപ്പെട്ടത് 46 പേര്‍. ഇവരില്‍ കുഞ്ഞുങ്ങളുടെ എണ്ണം 36. അമ്മമാരാണ് കൊലപ്പെടുത്തിയത്. 2007-ലെ 39 കൂട്ട മരണങ്ങളില്‍ 155 ആളുകളാണ് മരണപ്പെട്ടത്. ഇതില്‍ 72 കുട്ടികളെ കൊലപ്പെടുത്തിയതും മാതാപിതാക്കള്‍. ശേഷം അവരും ആത്മഹത്യ ചെയ്തു. 2008-ല്‍ 71 കേസുകളുടെ ചരിത്രവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
2011-ന്റെ ആദ്യമാസത്തില്‍ തുടങ്ങിയ കൂട്ട ആത്മഹത്യാ പ്രതിഭാസം 2018 അവസാനിക്കാറാകുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഘാതകര്‍ അമ്മമാര്‍ തന്നെയായിട്ടും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മലയാളികള്‍ ഒരുക്കമായിട്ടില്ല. ജനിക്കാന്‍ മാത്രം വിധിയുണ്ടായ ആ കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് ജീവിക്കാനുള്ള അവകാശവും കൂടിയാണ്. ആരാണത് ഇല്ലാതാക്കിയത്? എന്തുകൊണ്ടാണ് പ്രബുദ്ധകേരളത്തില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്? ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍പോലും ഒരു ചര്‍ച്ച വരാത്തത് എന്തുകൊണ്ടാണ്?
പൊട്ടിത്തെറിക്കുന്ന ബന്ധങ്ങള്‍
പല പൊട്ടിത്തെറികളുടെയും കാരണം ഭര്‍ത്താക്കന്മാരുടെ മദ്യപാനമാണ്. സ്ത്രീധന പീഡനവും സാമ്പത്തിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം പ്രതിപ്പട്ടികയിലുണ്ട്. ഭര്‍ത്താവിനോടോ കുടുംബാഗങ്ങളോടോ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക് മുമ്പില്‍ അരിഞ്ഞുവീഴ്ത്താന്‍ ഇരകളായി തീരുകയാണ് ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഗാര്‍ഹിക പീഡനങ്ങള്‍ ദുസ്സഹമാകുമ്പോഴാണ് പല വീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച് കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ കൊന്നോ ചത്തോ തീരുന്നത്.
തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന നിര്‍ബന്ധവുമാണ് കുഞ്ഞുങ്ങളെയും ആത്മഹത്യയിലേക്ക് വിളിക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്(ആല്‍ട്രൂയിറ്റ് സൂയിസേര്‍ഡ്). ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ മാത്രമേ പോംവഴിയുള്ളൂ എന്ന് കരുതുന്നവരാണ് ജീവിതം അവസാനിപ്പിക്കാന്‍ ഇത്തരം വഴികള്‍ തെരഞ്ഞെടുക്കുന്നത്. കുഞ്ഞുങ്ങളുടെ നന്മക്കു കൂടിയാണിതെന്നാണ് അവരുടെ ധാരണ. എന്നാല്‍ വികലമായ ഈ ധാരണയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയും ശക്തമായ ബോധവത്കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടുംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ല.
താളപ്പിഴകളുടെ കുടുംബം
കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍ തന്നെയാണ് പലയിടത്തും വില്ലനാകുന്നത്. ആയുസ്സുള്ളിടത്തോളം കാലം മനുഷ്യന് ആശയുമുണ്ട്, സ്വാര്‍ഥതയും. ഈ സ്വാര്‍ഥതയാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കുടുംബ കോടതികളുടെ അകത്തളങ്ങള്‍ ഇപ്പോള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെ കൊണ്ട് നിറഞ്ഞുകവിയുകയാണ്. വനിതാ കമീഷനിലും നാട്ടു മധ്യസ്ഥന്മാര്‍ക്കിടയിലുമെത്തുന്ന കേസുകള്‍ വേറെ. പൊട്ടിത്തെറിക്കാന്‍ കാത്തുനില്‍ക്കുന്നവ അതിലേറെ. അവരോടൊപ്പം നിഷ്‌കളങ്കരായ കുഞ്ഞുമുഖങ്ങളുണ്ട്. കരയാന്‍ പോലും കരുത്തില്ലാതായ അമ്മമാരുണ്ട്. പരസ്പര വിശ്വാസവും സ്നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്മാരുണ്ട്.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍- പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പം ഒരു താല്‍ക്കാലിക സംവിധാനമല്ല. മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍... ഇവരെല്ലാവരും ജീവിതത്തില്‍ നിര്‍ണായക സ്വാധീനങ്ങളാണ് ചെലുത്തുന്നത്. ചെലുത്തേണ്ടതും. മാതാവിനൊരിക്കലും പിതാവോ സഹോദരനോ ആകാനാകില്ല. സുഹൃത്തിന്റെ റോളില്‍ സഹോദരനും വരാനാകില്ല. എന്നാല്‍ അവര്‍ക്ക് പലപ്പോഴും ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും പച്ചത്തുരുത്തുകളാവാന്‍ സാധിക്കും.
പൊട്ടിത്തകരുന്ന പ്രണയങ്ങള്‍
പ്രണയ വിവാഹങ്ങളാണ് പൊട്ടിത്തകരുന്നവയില്‍ ഏറെയും. വലിയ പങ്കും വിവാഹമോചനത്തിലൊടുങ്ങുന്നു. അല്ലെങ്കില്‍ കൂട്ട ആത്മഹത്യയിലൊടുങ്ങുന്നു. 2009 ജനുവരിക്കും 2011 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കളാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. 413 കേസുകള്‍ പോലീസ് തന്നെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആത്മഹത്യ ചെയ്തവരില്‍ തെക്കന്‍ കേരളമാണ് മുന്നില്‍. തിരുവനന്തപുരം പോലീസ് സര്‍ക്കഌനു കീഴില്‍ 193, തൃശൂര്‍ 111, കണ്ണൂര്‍ 109 എന്നിങ്ങനെയാണ് കമിതാക്കളുടെ ആത്മഹത്യാ നിരക്ക്. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം 277 ആണെങ്കില്‍ കാമുകന്മാര്‍ അമ്പത്തിയെട്ടേ വരുന്നുള്ളൂ.
പ്രണയകാലത്ത് ഏറെ സ്വപ്നങ്ങള്‍ കണ്ടു നടക്കുകയും എതിര്‍പ്പുകളെ കാറ്റില്‍പറത്തിയും വിവാഹിതരായവര്‍ പോലും വഴിപിരിയാന്‍ കോടതി വരാന്തകളില്‍ കയറിയിറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്യുകയാണ്. സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്പരം അറിഞ്ഞും അറിയിച്ചും സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കൂടെക്കരഞ്ഞും തുഴഞ്ഞുനീങ്ങുന്ന ഒരു ദാമ്പത്യബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക് ചിന്തിക്കാനേ കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെന്നു വെക്കുന്നതിലും ഇവരെ ഭരിക്കുന്നത് നൈമിഷിക ചിന്തകളാണ്.
വളരെ സ്നേഹത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസത്തിന്റെ തണല്‍ച്ചില്ലയില്ലാതെ വരുന്നതാണ് പല പ്രശ്നങ്ങളുടെയും കാതല്‍. പ്രതിസന്ധികളെ നേരിടാനോ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനോ മോശപ്പെട്ട രക്ഷാകര്‍തൃത്വത്തില്‍ വളര്‍ന്നുവരുന്നവര്‍ക്കാവില്ല. സമൂഹത്തില്‍ തികഞ്ഞ പരാജയമായി മാറാന്‍ മാത്രമേ ഇവര്‍ക്കാവുകയുള്ളൂ. നമ്മുടെ മക്കളെ ഒരു കഴുകനും റാഞ്ചികൊണ്ടുപോകാനാകാത്ത വിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്. മക്കളുടെ മനസ്സ് കാണുക. അവര്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏതു വിഷയത്തിനും കാത് കൊടുക്കുക. മനസ്സ് തുറന്ന് ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്ജനത്തിന്റെ വാതില്‍ തുറക്കപ്പെടും.
ആത്മഹത്യകള്‍ ജീവിക്കാനുള്ള മുറവിളികള്‍
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ഒരു കോടി മനുഷ്യരാണ് ആത്മഹത്യ ചെയ്യുന്നത്. ഓരോ മിനിറ്റിലും രണ്ടു പേര്‍. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ആത്മഹത്യ ചെയ്തവര്‍ 30 ശതമാനമാണെങ്കില്‍ മുസ്ലിംകള്‍ എട്ട് ശതമാനമാണ്. ഏറ്റവും കുറവ് ആത്മഹത്യ രേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്. തൊട്ടുമുകളില്‍ കോഴിക്കോടും. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 258 കൂട്ട ആത്മഹത്യകളിലായി 768 പേരാണ് മരണപ്പെട്ടത്. ഇവരില്‍ അറുപത് ശതമാനവും പത്തു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരെ കുരുതികൊടുത്തശേഷം അഛനോ അമ്മയോ ആത്മഹത്യചെയ്യുകയായിരുന്നു. പത്തു വര്‍ഷത്തിനിടെയുണ്ടായ ആത്മഹത്യകള്‍ക്ക് 30 ശതമാനവും കുടുംബപരമായ പ്രശ്നങ്ങളാണ് കാരണമായത്.
ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ 30 ശതമാനത്തിനും കാരണമായി. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമുണ്ടായ ആത്മഹത്യ 10.5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ 1.49 ശതമാനവും പരീക്ഷാത്തോല്‍വി .71 ശതമാനമായും താണു. പ്രണയനൈരാശ്യം 1.12 ശതമാനവും കാരണങ്ങള്‍ വ്യക്തമല്ലാത്തത് 24 ശതമാനവുമാണ്. ഈ കണക്കുകള്‍ പറയുന്നത് കുടുംബപരമായ പ്രശ്നങ്ങളാണ് സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതെന്നു തന്നെയാണ്. മറ്റു പ്രധാന കാരണങ്ങള്‍ മാനസികരോഗങ്ങളും ശാരീരിക അവശതകളുമാണ്. വീട്ടകങ്ങളിലെ പുഴുക്കുത്തുകള്‍ പരിഹാരം കാണാതെ പുകഞ്ഞു നീറിക്കൊണ്ടേയിരിക്കുന്നു. നൂറ് വീടുകളില്‍ 40 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത് ദാമ്പത്യങ്ങളിലും പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാണെന്നതും വസ്തുതയായി മാറിയിരിക്കുന്നു.
നൂറില്‍ എണ്‍പത് സ്ത്രീകളും കുടുംബത്തിനകത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കുവെക്കാന്‍ ആഗ്രഹിക്കാത്തവരാണ്. പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടും ദുരഭിമാനവും എല്ലാം അതിന് കാരണമാകുന്നുണ്ടെന്ന് മലപ്പുറത്തെ അഭിഭാഷകയായ സുജാത എസ്. വര്‍മ പറയുന്നു. ഗാര്‍ഹിക നിയമം, വനിതാ കമീഷന്‍, സ്ത്രീവിമോചക സംഘടനകള്‍ ഒക്കെയുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരിയായ ഒരു വീട്ടമ്മക്ക് തുണയാകാത്തതിന്റെ കാരണവും മറ്റൊന്നല്ല അവര്‍ - പറയുന്നു.
ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന് പലപ്പോഴും ലളിതമായ ഒരു കാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്. പല വ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറയുന്നത്. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരു വ്യക്തി തനിച്ചായിപോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൂചിപ്പിക്കുന്ന ആശയവിനിമയമാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേ സമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളി കൂടിയാണ്. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ് ആ വ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്.
എന്നാല്‍ പ്രശ്നങ്ങളിലകപ്പെട്ട വ്യക്തിക്ക് മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന് ലഭ്യമാണ്. തക്കസമയത്ത് ശരിയായ രീതിയില്‍ അവര്‍ക്ക് മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന് കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതാണ്.