ചരിത്രം അവന്റെ മാത്രം കഥയല്ല

കെ.കെ ശ്രീദേവി No image

കേരളത്തിലെ സ്ത്രീകള്‍

പുരാതന ബാബിലോണിയന്‍ സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചവരായിരുന്നു. വിവാഹവേളയില്‍ നല്‍കുന്ന സ്ത്രീധനം കൈകാര്യം ചെയ്യാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീക്ക് വ്യാപാരങ്ങളിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പക്ഷേ, സദാചാര മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതില്‍ ബാബിലോണിയ പുറകിലായിരുന്നു. വീനസ് ദേവതയെ ആരാധിച്ചിരുന്ന ബാബിലോണിയന്‍ സ്ത്രീകള്‍, വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. വിവാഹമോചനത്തിനുള്ള അധികാരം സ്ത്രീക്കും പുരുഷനും തുല്യമായിരുന്നുവെങ്കിലും കുട്ടികളെ അമ്മമാര്‍ക്ക് വിട്ടുകൊടുത്തിരുന്നു. വിവാഹമോചന വേളയില്‍, സ്ത്രീധനത്തുക പിതൃഗൃഹത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍ ഗ്രീസിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നിഷിദ്ധമായിരുന്നു. പിതാവിന്റെ അന്തഃപുരങ്ങളില്‍ വസിച്ചിരുന്ന ഗ്രീക്ക് വനിതകള്‍ വിവാഹത്തോടെ ഭര്‍തൃഗൃഹത്തിലെ അടിമത്വത്തിലേക്ക് മാറ്റപ്പെടുന്നു. അവര്‍ അടുക്കളയില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു. മെസോപ്പൊട്ടാമിയയിലും സ്ത്രീകള്‍ക്ക് ഉന്നത പദവി ലഭിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ അടിമകളായി സ്ത്രീകളെ സൂക്ഷിക്കുന്ന സമ്പ്രദായവും അവിടെ നിലനിന്നു. വിവാഹ വേളയില്‍, സ്ത്രീയുടെ താല്‍പര്യങ്ങള്‍ക്ക് യാതൊരു പരിഗണനയും പിതാവ് നല്‍കിയിരുന്നില്ല. അവിടെ, സ്വാതന്ത്ര്യം അനുഭവിച്ചവര്‍ തെരുവു വേശ്യകള്‍ മാത്രമായിരുന്നു. ഇഷ്ടാനുസരണം പുറത്തിറങ്ങിനടക്കുന്നതില്‍ ആരും തടഞ്ഞിരുന്നില്ല. പുരുഷന്റെ അമിതമായ ലൈംഗികാസക്തിയും മേധാവിത്വ മനോഭാവവും കുടുംബബന്ധങ്ങളെ ശിഥിലമാക്കി.
സ്ത്രീക്ക്, തൃപ്തികരമായ ഒരു പദവി നല്‍കാന്‍ റോമന്‍ സാമ്രാജ്യം ശ്രദ്ധിച്ചിരുന്നതായി ചരിത്രം പറയുന്നു. പുരോഹിതകളുണ്ടായിരുന്ന റോമില്‍, കന്യകാത്വം വിലമതിക്കപ്പെട്ടിരുന്നു. റോമന്‍ നിയമങ്ങളുടെ കാര്‍ക്കശ്യം വിവാഹമോചനങ്ങള്‍ പൊതുവെ കുറച്ചു. വിവാഹമോചിതയായ സ്ത്രീക്ക് പുനര്‍ വിവാഹം സാധ്യമായിരുന്നില്ല. സ്പാര്‍ട്ടയില്‍, സ്ത്രീകള്‍ ആദരിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ മൊത്തം പുരോഗതിക്ക് സ്ത്രീയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് വിശ്വസിച്ചവരായിരുന്നു സ്പാര്‍ട്ടയിലെ ഭരണാധികാരികള്‍. പൊതുരംഗങ്ങളിലും കായികാഭ്യാസങ്ങളിലും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ സ്പാര്‍ട്ടയിലെ സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പുരാതന ചൈനയിലെ സ്ത്രീകളുടെ സ്ഥിതി പരിതാപകരമായിരുന്നു. തങ്ങളുടെ എല്ലാ ഐശ്വര്യവും കെടുത്തിക്കളയുന്ന ഒരു അപശകുനമായി ചൈനക്കാര്‍ സ്ത്രീകളെ വീക്ഷിച്ചു. വിധവയാകുന്ന സ്ത്രീക്ക് പിതൃഗൃഹത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അടിമകളായ സ്ത്രീകളുടെ സംഖ്യ, ചൈനയില്‍ താരതമ്യേന വര്‍ധിച്ച തോതിലായിരുന്നു. നീളം കുറഞ്ഞ കാല്‍പ്പാദങ്ങള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചിരുന്ന ചൈനക്കാര്‍ പെണ്‍ശിശുക്കളുടെ കാല്‍പ്പാദങ്ങള്‍ കെട്ടിവെക്കുക പതിവായിരുന്നു (ഈ അനാചാരം ഭാവിയില്‍ പല സ്ത്രീകളെയും വികലാംഗരാക്കി മാറ്റിയിരുന്നു.) ഭര്‍തൃഗൃഹത്തിലെത്തുന്ന സ്ത്രീക്ക് ഒരു പരിചാരികയുടെ സ്ഥാനം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോടൊപ്പം തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അര്‍ഹത പോലും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളുടെ ജനനം ഇഷ്ടപ്പെട്ടിരുന്ന ചൈനക്കാര്‍ യുവതികള്‍ വീടുവിട്ട് പുറത്തു പോകുന്നത് വിലക്കിയിരുന്നു. എന്നാല്‍ പുരുഷന്മാരാകട്ടെ ഇഷ്ടാനുസരണം വെപ്പാട്ടികളെ കൈവശം വെച്ചിരുന്നു. ജപ്പാനില്‍ പുരാതന കാലത്ത്, സ്ത്രീകള്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നുവെങ്കിലും പാട്രിയാര്‍ക്കല്‍ കുടുംബസ്ഥിതി, സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടെന്നു കാണാം. ഭരണരംഗത്ത് ചക്രവര്‍ത്തിനിമാര്‍ ശോഭിച്ചിരുന്നുവെങ്കിലും ക്രമേണ സ്ത്രീക്ക് പദവി നഷ്ടപ്പെട്ടുവന്നു. നര്‍ത്തകികളായ 'ഗെയ്ഷ'കള്‍ പുരുഷന്മാരെ പ്രീതിപ്പെടുത്തുന്നവരെന്ന കുപ്രസിദ്ധി നേടിയവരാണ്. എങ്കിലും പുരാതന ജപ്പാനിലെ ഭൂരിഭാഗം സ്ത്രീകളും പൊതുവെ ഉയര്‍ന്ന സാന്മാര്‍ഗിക നിലവാരം പുലര്‍ത്തുന്നവരായിരുന്നു.

വിചിത്രമായ ആചാരങ്ങള്‍ പുലര്‍ത്തിയിരുന്ന ജനതയാണ് ആഫ്രിക്കക്കാര്‍. വിവാഹിതനായ ഒരു മകനുള്ള അമ്മക്ക് പിന്നെയും കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ടായാലും ഗര്‍ഭം ധരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. നക്യൂഷ (Nyakyusa)  വര്‍ഗത്തില്‍പെട്ട ആദിവാസികളിലാണ് ഈ വിലക്ക് കണ്ടുവന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചില വര്‍ഗക്കാര്‍ക്കിടയില്‍ ഗോത്രത്തിന് പുറത്തുള്ള സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ അനുവാദം ഉണ്ടായിരുന്നുവെങ്കിലും പ്രസ്തുത യുവതികളെ വിവാഹം കഴിക്കാന്‍ അധികാരമുണ്ടായിരുന്നില്ല. സുലു (Zulu) വര്‍ഗത്തില്‍പെട്ട ആദിവാസി സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല. ഭര്‍തൃഗൃഹത്തിലെത്തുന്നതോടെ സ്ത്രീയുടെ സ്ഥാനം വീണ്ടും അധഃപതിക്കും. ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ വിവാഹിതയായി എത്തുന്ന യുവതികള്‍ക്ക് ഗ്രാമം വിലകല്‍പ്പിച്ചിരുന്നില്ല. സ്വതന്ത്രമായ വ്യാപാരം നടത്താനും അടിമകളെ സൃഷ്ടിക്കാനുമുള്ള സ്വാതന്ത്ര്യം സുമേരിയയില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. വലത്തെ തോളൊഴികെ ദേഹം കഴുത്തു മുതല്‍ കണങ്കാല്‍ വരെ മൂടുന്ന നീണ്ട സാരികളായിരുന്നു സ്ത്രീകള്‍ ധരിച്ചിരുന്നത്. മരിച്ചവരുടെ ആത്മാവ് പാതാളത്തില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. വിവാഹ ശേഷവും തന്റെ നിയന്ത്രണത്തില്‍ തന്നെ സ്ത്രീധനം കൈവശം വെക്കാന്‍ അധികാരം ഉള്ളവരായിരുന്നു അവിടത്തെ സ്ത്രീകള്‍. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഭാര്യമാരെ കച്ചവടം നടത്താന്‍ ഭര്‍ത്താവിന് കഴിഞ്ഞിരുന്നു. പുരുഷന്റെ അസാന്മാര്‍ഗികതയെ ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അധികാരമുണ്ടായിരുന്നില്ല. അതേസമയം ഭര്‍ത്താവിനെ വഞ്ചിക്കുന്ന സ്ത്രീക്ക് വധശിക്ഷപോലും വിധിച്ചിരുന്നു. ചിലര്‍ തങ്ങളുടെ പെണ്‍മക്കളെ ക്ഷേത്രങ്ങള്‍ക്ക് ദാനം ചെയ്യാറുണ്ടായിരുന്നു. ഇപ്രകാരം ദാനം ചെയ്യുന്ന യുവതികളെ പൂജാരികള്‍ ചൂഷണം ചെയ്തിരുന്നു. മദ്യഷാപ്പുകള്‍ ഭൂരിഭാഗവും സ്ത്രീകളുടെ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ടുതന്നെ കര്‍ശനമായ വിലക്കുകളും ഉണ്ടായിരുന്നു. പുരോഹിതകളെ മദ്യഷാപ്പിലേക്ക് പ്രവേശിപ്പിക്കുന്ന സ്ത്രീയെ ചുട്ടുകളയാനും തെമ്മാടികള്‍ക്ക് അഭയം നല്‍കുന്നവരെ വധിക്കാനും നിയമം അനുവദിച്ചിരുന്നു.
സമുന്നതമായ സ്ഥാനം നല്‍കി, സ്ത്രീയെ ആദരിച്ച ഒരു സംസ്‌കാരമാണ് ഈജിപ്തിലുള്ളത്. വ്യവസായങ്ങളില്‍ സ്വതന്ത്രമായി ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ സ്വയം സ്വത്തുവാങ്ങി കൈവശം വെച്ചിരുന്നു. വിചിത്രമായ ഒരു സവിശേഷത, ഈജിപ്തിലെ സഹോദരി - സഹോദര ബന്ധമാണ്. അവിടെ സഹോദരന്മാര്‍ സഹോദരികളെ വിവാഹം കഴിക്കാന്‍ സന്നദ്ധരായിരുന്നു! എങ്കിലും സഹോദരി-സഹോദരന്മാര്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല. പൊതുരംഗങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന വനിതകള്‍ കര്‍മരംഗങ്ങളില്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഇടകലര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകള്‍ ഭരണരംഗത്തും ഉയര്‍ന്ന പദവി അലങ്കരിച്ചിരുന്നു. ആശയവിനിമയം നടത്തുന്നതിനും ആചാര മര്യാദകള്‍ പാലിക്കുന്നതിനും ഈജിപ്തിലെ സ്ത്രീകള്‍ക്കുള്ള കഴിവ് പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. സ്ത്രീത്വം ആദരിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ ഒരു സാംസ്‌കാരിക പൈതൃകം അവകാശപ്പെടാവുന്ന ഏക രാജ്യവും ഈജിപ്തായിരുന്നു.
ബുദ്ധമതം വൈവാഹിക ജീവിതത്തെ വിമര്‍ശിച്ചിരുന്നുവെങ്കിലും ബുദ്ധന്റെ കാലഘട്ടത്തില്‍ സ്ത്രീ അടിമയായിരുന്നില്ല. ബുദ്ധന്റെ അനുയായികളില്‍ സന്യാസിനിമാരുണ്ടായിരുന്നു. പക്ഷേ, ധര്‍മം പ്രചരിപ്പിക്കാനായി ഈ സന്യാസിനികളെ ബുദ്ധന്‍ തെരഞ്ഞെടുത്തില്ല. അവര്‍ സ്വമേധയാ രംഗത്തിറങ്ങിയതാണ്. പ്രവാചകനായ മുഹമ്മദ് നബിക്കു മുമ്പ് അറേബ്യന്‍ രാജ്യങ്ങളില്‍ ലൈംഗിക അരാജകത്വം മൂലം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ഖുര്‍ആന്‍ അടിസ്ഥാനപരമായി സ്ത്രീക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ആരാധന നടത്താനും വിജ്ഞാനം സമ്പാദിക്കാനും ഔദ്യോഗിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും ഖുര്‍ആന്‍ സ്വാതന്ത്ര്യം നല്‍കുന്നു. പര്‍ദാ സമ്പ്രദായം (വസ്ത്രധാരണം) സ്ത്രീയുടെ സാംസ്‌കാരിക പുരോഗതിക്ക് തടസ്സം നില്‍ക്കുന്നുമില്ല. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് ചില മതപണ്ഡിതന്മാര്‍ തന്നെ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് മൂലമാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് ചില സ്ഥലങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്. ബഹുമുഖമായ പുരോഗതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ ഹിന്ദുമതവും സ്ത്രീയെ വിലക്കുന്നുണ്ട്. വേദങ്ങള്‍ സ്ത്രീയെ വാഴ്ത്തുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കുന്നത് സ്ത്രീയുടെ കടമകള്‍ക്കാണ്. സ്ത്രീ പ്രകൃതിയാണെന്നും ശക്തിസ്വരൂപിണിയാണെന്നും വാഴ്ത്തുന്ന പുരാണേതിഹാസങ്ങള്‍ക്കും പുരുഷന് മുകളില്‍ സ്ത്രീയെ പ്രതിഷ്ഠിക്കാന്‍ വിമുഖതയുണ്ട്. സംഹാരതാണ്ഡവമാടുന്ന ശക്തിസ്വരൂപിണിയായ കാളിയെ നിയന്ത്രിക്കാന്‍, ശിവനെ പറഞ്ഞയക്കുകയാണ് ദേവന്മാര്‍ ചെയ്യുന്നത്. ശിവന്റെ സാന്നിധ്യം കാളിയുടെ കോപാഗ്നിയെ കെടുത്തി പുരുഷനെന്ന 'സംസ്‌കാരത്തി'ന്റെ മുന്നില്‍ സ്ത്രീയെന്ന 'പ്രകൃതി' കീഴടങ്ങുന്നു. 'സ്ത്രീ' സൃഷ്ടിക്കപ്പെട്ടതുതന്നെ പുരുഷനു വേണ്ടിയാണെന്ന് ബൈബിള്‍ പറയുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ച സ്ത്രീയാണ് പാപത്തിന് തുടക്കമിടുന്നതെന്ന് ചിത്രീകരിക്കുന്ന ബൈബിള്‍ സ്ത്രീയെ തരം താഴ്ത്തുന്നുണ്ടെങ്കിലും മഗ്ദലന മറിയത്തെ പരമോന്നത പദവിയിലേക്ക് ഉയര്‍ത്തുന്ന ക്രിസ്തു, സ്ത്രീയുടെ അന്തസ്സിന് മങ്ങലേല്‍പ്പിക്കാത്ത മനോഹരമായ ചിത്രം കാഴ്ചവെക്കുന്നുണ്ട്.
വേദങ്ങളിലും പുരാണങ്ങളിലും സാഹിത്യഗ്രന്ഥങ്ങളിലും ശിലാലിഖിതങ്ങളിലുമൊക്കെ ഉറങ്ങിക്കിടക്കുന്ന ചരിത്രം കേരളത്തെ സംബന്ധിച്ചേടത്തോളം വികാസം പ്രാപിച്ചുകഴിഞ്ഞ ഒരു ഗവേഷണ മേഖലയായിരുന്നില്ല. ചരിത്രാതീത കാലത്തെക്കുറിച്ചും മനുഷ്യവര്‍ഗത്തിന്റെ പ്രാചീനകഥകളെക്കുറിച്ചും അപഗ്രഥിക്കാനിറങ്ങുമ്പോള്‍ നമുക്ക് കണ്ടെത്താനാവുക അപൂര്‍ണമായ ചരിത്രരേഖകളാണ്. മരണമടഞ്ഞവരുടെ ഓര്‍മക്കായി ഈജിപ്തുകാര്‍ പിരമിഡുകള്‍ നിര്‍മിച്ചതുപോലെ കേരളത്തിലും ഒറ്റക്കല്‍ സ്മാരകങ്ങളുണ്ടായിരുന്നു. 'തൊല്‍ക്കാപ്പിയം' എന്ന തമിഴ് ഗ്രന്ഥത്തില്‍ യോദ്ധാക്കളുടെ സ്മാരകങ്ങളെ വര്‍ണിച്ചിട്ടുണ്ട്. മലയാളികള്‍ 'പടക്കല്ല്' എന്ന് വിളിക്കുന്ന ഇത്തരം ഒരു സ്മാരകം ദേവീകുളത്തുനിന്നും കണ്ടെടുക്കാന്‍ പുരാവസ്തുഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പടക്കല്ലിന്റെ ചുവട്ടിലായി ഒരു മണ്‍ഭരണിയും ചെറിയ പാത്രങ്ങളും ഇരുമ്പു മഴുവും കണ്ടിരുന്നു. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഒരു പ്രാചീന സംസ്‌കാരത്തിന്റെ സ്മാരകങ്ങളാണ് ഈ കല്ലുകള്‍. മൃതദേഹം ഭരണിയില്‍ നിക്ഷേപിച്ച് സംസ്‌കരിക്കുന്ന ചടങ്ങും കേരളത്തിലുണ്ടായിരുന്നു. മൃതദേഹം നന്നങ്ങാടി(മണ്‍ഭരണി)യിലാക്കി അഞ്ചോ ആറോ അടി താഴ്ചയില്‍ കുഴിച്ചിടും. ഈ കുഴിമാടങ്ങള്‍ക്കു മുകളില്‍ പലക വെച്ചുകൊണ്ടാണത്രെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുക. തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തുനിന്നും കണ്ടെടുത്ത ഒരു നന്നങ്ങാടിയില്‍ മണ്‍പാത്രങ്ങളിലാക്കി സൂക്ഷിച്ചിരുന്ന ഇരുമ്പുകത്തികളും മരുന്നും കണ്ടിരുന്നു. സതിയനുഷ്ഠിച്ച സ്ത്രീകളുടെ സ്മാരകങ്ങളായി അറിയപ്പെടുന്നവയാണ് 'പുലച്ചിക്കല്ലുകള്‍'. ഈ മഹാശിലാ സ്മാരകങ്ങളിലെ അലങ്കാര വസ്തുക്കളില്‍നിന്നും പരേതര്‍ സ്ത്രീയോ പുരുഷനോ എന്ന് ഏകദേശം ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നത്തെ ആദിവാസികളുടെ പൂര്‍വികന്മാരായി നരവംശശാസ്ത്രം വിശേഷിപ്പിക്കുന്നത് പ്രോട്ടോ ആസ്ട്രലോയ്ഡുകളായ (Proto Australoid)  കാടര്‍, ചെറുമര്‍, പുലയര്‍ എന്നിവരെയും നെഗ്രിറ്റോ വംശജരെയുമാണ്. നെഗ്രിറ്റോ വര്‍ഗത്തിന്റെ പ്രത്യേകതകളായ കറുത്ത നിറവും തടിച്ച ചുണ്ടും ഉള്ളതുകൊണ്ടാവും പ്രാചീന കേരളത്തിലെ ആദിമ ദ്രാവിഡ വര്‍ഗത്തെയും പഴയ നെഗ്രിറ്റോ വര്‍ഗത്തിന്റെ പിന്‍തലമുറക്കാരായി കരുതിവന്നത്.
പുരാതന ശിലായുഗത്തിന്റെയും (Palaeolithic Age) നവീന ശിലായുഗത്തിന്റെയും (Neolothic Age) അവശിഷ്ടങ്ങള്‍ കേരളത്തില്‍നിന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ശിലായുഗ മനുഷ്യര്‍ കേരളത്തില്‍ അധിവസിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ആര്യന്മാര്‍ ഭാരതത്തില്‍ കുടിയേറി ദക്ഷിണേന്ത്യയിലെത്തിയപ്പോഴേക്കും ആര്യസംഘത്തിലുണ്ടായിരുന്ന സ്ത്രീകളുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. സ്വവര്‍ഗത്തില്‍പെട്ട സ്ത്രീകള്‍ കുറവായതിനാല്‍ ദക്ഷിണേന്ത്യയിലെ ആദിമ ദ്രാവിഡ സ്ത്രീകളെ വിവാഹം കഴിച്ച് ആര്യന്മാര്‍ കേരളത്തിലെത്തിയത് ഒരു സങ്കരവര്‍ഗമായാണ്. ആര്യന്മാരുടെ ആഗമനം ആദിമ ദ്രാവിഡരുടെ പതനത്തിന് വഴിതെളിച്ചു. കേരളത്തിലെ ആദിമ നിവാസികള്‍ ചെറുമരായിരുന്നുവെന്നത് തര്‍ക്കമറ്റ ഒരു വസ്തുതയാണ്. 'ഈ നാട് വളരെക്കാലം ചെറുമരുടെ കീഴിലായിരുന്നു'വെന്ന് അച്യുത മേനോനും ദ്രാവിഡരോ ആര്യന്മാരോ ആയ ചിലര്‍ ഈ ആദിമ നിവാസികളെ ആക്രമിക്കുകയും നാടു കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് കെ.പി പത്മനാഭ മേനോനും, നായന്മാരുടെ വാഴ്ചയിലേക്ക് നാട് വഴുതിവീഴുന്നതിനു മുമ്പ് അവിടത്തെ ആദിമ നിവാസികള്‍ ഈ വര്‍ഗമായിരുന്നുവെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് ലോഗനും ചെറുമരെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് കേരളത്തിന്റെ ഭരണാധികാരികളായ ചെറുമര്‍, പക്ഷേ, വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിലായിരുന്നു. ട

(തുടരും)


നാഷ്ണല്‍ ജേര്‍ണലിസം എജുക്കേഷന്‍ ട്രസ്റ്റിന്റെ പ്രഥമ ഫെല്ലോഷിപ്പ് നേടിയ മുന്‍ ആരാമം സബ്എഡിറ്റര്‍ കെ.കെ ശ്രീദേവിയുടെ പഠനം 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top