ട്രെയ്‌നില്‍ എന്റെ എതിര്‍വശത്തിരുന്നത് ഷൊര്‍ണൂരില്‍ ഇറങ്ങേണ്ട അഛനും അമ്മയും മകളുമാണ്. കൃഷ്ണന്‍, സരള, അവരുടെ പതിനെട്ടുകാരിയായ മകള്‍ ആതിര. പതിനെട്ടുകാരിയെങ്കിലും പത്തു വയസ്സുകാരിയുടെ ഭാവങ്ങളും കളിയും കൈകൊട്ടിപ്പാട്ടും ചിരിയും വര്‍ത്തമാനങ്ങളും. മൂന്ന് വയസ്സു കഴിഞ്ഞതോടെയാണ് മകളിലെ മാറ്റം തങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് അമ്മ. 'കാണിക്കാത്ത ഡോക്ടര്‍മാരില്ല. കഴിക്കാത്ത മരുന്നുകളില്ല. ആണായും പെണ്ണായും ദൈവം ഞങ്ങള്‍ക്ക് തന്ന ഈ മോളെ എങ്ങനെയെങ്കിലും വകതിരിവുള്ള ഒരു കുട്ടിയാക്കി മാറ്റണമെന്ന മോഹമേ ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളൂ. കൂലി വേലക്കാരനായ ഇവളുടെ അഛന്റെ വരുമാനമത്രയും ചികിത്സക്കാണ് ഉപയോഗിക്കുന്നത്.' അമ്മ കദനക്കഥ വിവരിക്കുമ്പോഴും ഒന്നും അറിയാത്ത മട്ടില്‍ ആതിര പുറംകാഴ്ചകള്‍ കണ്ട് മതിമറന്നു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമാണ് മോള്‍ക്കെന്ന് ദുഃഖത്തോടെ അഛന്‍.
ഈ ചിത്രം മനസ്സില്‍ കനലായി കത്തുമ്പോഴാണ് കോഴിക്കോട് പയ്യോളിക്കടുത്ത പുറക്കാട് ശാന്തിസദനത്തില്‍ വ്യവസായി സുഹൃത്തുക്കളോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തത്. ചിരിക്കുകയും കരയുകയും കളിക്കുകയും ആര്‍ത്തട്ടഹസിക്കുകയും അലറുകയും മല്‍പിടിത്തം നടത്തുകയും പാട്ടുപാടുകയും ചെയ്യുന്ന കുറേ ബാല്യങ്ങളും കൗമാരങ്ങളും പകലന്തിയോളം കഴിയുന്ന വിദ്യാലയത്തിന്റെ തിരുമുറ്റത്താണ് ഞങ്ങള്‍. ആ മുഖങ്ങളില്‍ മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങള്‍, തങ്ങളുടേത് മാത്രമായ ഒരു ലോകത്തേക്ക് ഞങ്ങളെ സ്വാഗതം ചെയ്താനയിച്ചു.
ഓട്ടിസം ബാധിച്ച മകനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു ഉമ്മ- സറീന മസ്ഊദും അവരുടെ ഭര്‍ത്താവ് ഹബീബ് മസ്ഊദും തുടക്കമിട്ട പുനരധിവാസ കേന്ദ്രം. സാധാരണ സ്‌കൂളില്‍നിന്ന് വേണ്ടത്ര പരിഗണനയും ശ്രദ്ധയും കിട്ടുന്നില്ലെന്ന് ബോധ്യമായപ്പോള്‍ മകനു വേണ്ടി ഒരു സ്‌കൂള്‍ തന്നെ തുടങ്ങി അവര്‍. ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ മകന്‍ നാദിറിനെ പോലെയുള്ള നൂറ്റിമുപ്പത്തിയഞ്ച് കുട്ടികള്‍ക്ക് അഭയ സങ്കേതമായിത്തീര്‍ന്നു ശാന്തിസദനം വിദ്യാലയം. രാവും പകലും തന്റെ മോനെപോലെയുള്ള അനേകം കുഞ്ഞുങ്ങളോടൊപ്പം ജീവിക്കുന്ന സറീന തങ്ങളുടെ ജീവിതം അപ്പാടെ മാറ്റിമറിച്ച ആ സംഭവം വിവരിക്കുന്നു: 'ചെറുപ്പത്തില്‍ മറ്റ് കുട്ടികളേക്കാള്‍ മിടുക്കനായിരുന്നു നാദിര്‍. മുതിര്‍ന്നവര്‍ ചൊല്ലിക്കൊടുക്കുന്ന പാട്ടും കഥയുമെല്ലാം ഏറ്റു ചൊല്ലി അവന്‍ എല്ലാവരുടെയും സ്‌നേഹഭാജനമായി വളരുകയായിരുന്നു. മൂന്നര വയസ്സ് പിന്നിട്ടപ്പോള്‍ ഞങ്ങളെ ഞെട്ടിച്ച ഒരു മാറ്റം മോനില്‍ കണ്ടു. അതുവരെ ഏറെ പ്രസരിപ്പോടെ കളിച്ചു ചിരിച്ചു വളര്‍ന്ന മകനില്‍ പെട്ടെന്നൊരു ശ്രദ്ധക്കുറവ്. ഡോക്ടര്‍മാര്‍ പറഞ്ഞത് ഏഴെട്ടു വയസ്സാകുമ്പോള്‍ എല്ലാം നേരെയാകുമെന്നാണ്. ഞങ്ങള്‍ മകനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിലെത്തി. ഒരു ദിവസം 23 ഗുളികകള്‍. ഭക്ഷണത്തേക്കാള്‍ മരുന്നു കഴിച്ച് മൂന്നരവയസ്സുകാരന്റെ ശരീരവും മനസ്സും നന്നേ ക്ഷീണിച്ചു. പിന്നെ പ്രതീക്ഷയോടെ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്ക് പുറപ്പെട്ടു. അവിടെ കാത്തിരുന്നത് സുഖമുള്ള വാര്‍ത്തയായിരുന്നില്ല. മുന്നിലുള്ള ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനിരുന്ന അക്കാര്യം നിംഹാന്‍സിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി, കുഞ്ഞിന് ഓട്ടിസമാണ്. അന്ന് ആദ്യമായാണ് ഞാന്‍ ഓട്ടിസമെന്ന വാക്ക് കേള്‍ക്കുന്നത്. ആദ്യമൊന്ന് പകച്ചു. കണ്ണില്‍ ഇരുട്ട് പടര്‍ന്നു. ഭൂഗോളം എനിക്ക് ചുറ്റും കറങ്ങുന്ന പോലെ. ദൈന്യത മുറ്റിയ മുഖഭാവത്തോടെ നില്‍ക്കുന്ന മോന്റെ മുഖത്തേക്കും കണ്ണീര്‍ തുടക്കുന്ന ഭര്‍ത്താവ് ഹബീബ് മസ്ഊദിന്റെ മുഖത്തേക്കും കണ്ണയച്ച ഞാന്‍ ഉറച്ച തീരുമാനമെടുത്തു. മരുന്നല്ല മോന് നിംഹാന്‍സില്‍നിന്ന് കിട്ടിയ ചികിത്സ. മറിച്ച് കുട്ടിയെ എങ്ങനെ പരിചരിക്കണം എന്ന നിര്‍ദേശമടങ്ങിയ പുസ്തകമായിരുന്നു. മകനെ മനസ്സിലാക്കി അവനായി ജീവിതം ഒരുക്കുന്നതിന്റെ ഏക ചിന്തയായി പിന്നെ. മോന്‍ നാദിറടക്കം മൂന്നു കുട്ടികളുമായി 2010 ഡിസംബര്‍ 23-ന് പുറക്കാട് ഗ്രാമത്തില്‍ തുടങ്ങിയ ശാന്തിസദനത്തില്‍ എട്ടു വര്‍ഷം പിന്നിടുമ്പോള്‍ കുട്ടികളുടെ എണ്ണം 135 ആണ്. കുട്ടികളെന്ന് പറഞ്ഞുകൂടാ. മനസ്സിന് ചെറുപ്പം ബാധിച്ചവരാണ് പലരും. കിടന്ന കിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്തവരും നടക്കാനാവാത്തവരും കാഴ്ചയില്ലാത്തവരും സംസാരിക്കാന്‍ കഴിയാത്തവരുമുണ്ട് ശാന്തിസദനത്തില്‍. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം, മള്‍ട്ടിപ്പ്ള്‍ ഡിസബിലിറ്റി, ലേണിംഗ് ഡിസബിലിറ്റി തുടങ്ങി വിവിധ പേരുകളുള്ള നോവുകള്‍ അനുഭവിക്കുന്നവരാണ് പലരും.' അവര്‍ പറഞ്ഞു നിര്‍ത്തി. ഹബീബ് മസ്ഊദ്-സറീന ദമ്പതികള്‍, സലാം ഹാജി ഈ സ്ഥാപനത്തിന്റെ ജീവനാഡികളാണ്.
എന്താണ് ഓട്ടിസം? അതൊരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ആശയ വിനിമയം, ആശയ ഗ്രഹണം, സാമൂഹികത എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി. യഥാര്‍ഥ ലോകത്തുനിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്‌ന ലോകത്ത് വിഹരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. അത് ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70 ശതമാനം പേരും ബുദ്ധിപരിമിതിയുള്ളവരാണ്.
ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ സാധാരണ ദൈനംദിന ജീവിതവൃത്തികള്‍ക്ക് പ്രയാസം അനുഭവിക്കുന്നവരാണ് ഭിന്നശേഷിഗണത്തില്‍ പെടുന്നത്. പരിഭവവും പരാതിയുമില്ലാതെ തങ്ങളുടെ വൈകല്യം മറ്റാര്‍ക്കും ഭാരമാവാതെ ജീവിച്ചു മുന്നേറുന്നവരാണ് അവരില്‍ ഏറിയ പങ്കും. ഇത്തരം ആളുകളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ പതിയുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ മൂന്നിന് ഭിന്നശേഷി ദിനം ആചരിച്ചത്.
പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ആദ്യവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ലൈഫ് സ്‌കില്‍ ക്ലാസ് എടുക്കവെയാണ് തലയുയര്‍ത്താതെ ഓരോ വാക്കും ശ്രദ്ധയോടെ ഒപ്പിയെടുക്കുന്ന ഒരു വിദ്യാര്‍ഥിനി ശ്രദ്ധയില്‍പെട്ടത്; ശരീഫ. ജന്മനാ അന്ധയാണ്. പഠനത്തില്‍ മിടുക്കിയായ ശരീഫ ബ്രെയ്ല്‍ ലിപിയുടെ സഹായത്തോടെ വായിച്ചു, പഠിച്ചു, പരീക്ഷകളില്‍ പാസായി; ഇവിടം വരെയെത്തി. ക്ലാസില്‍ കേട്ടത് ചുരുക്കി പറയാമോ എന്ന അന്വേഷണം കേട്ട മാത്രയില്‍ എഴുന്നേറ്റുനിന്ന് ഓരോ പോയന്റും കൃത്യമായി വിശദീകരിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. ശരീഫയുടെ കൂട്ടുകാരികള്‍ക്കത് പുതുമയല്ല. ശരീഫയെന്ന സമര്‍ഥയായ പെണ്‍കുട്ടിയെ അവര്‍ക്ക് നന്നായറിയാം. ശരീഫയോട് ഞാന്‍ ചോദിച്ചു: 'അന്ധതയുടെ ഈ അവസ്ഥയില്‍ മോളോടൊപ്പം നിന്ന്, മോള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുതരുന്ന, മോള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും കടപ്പാടോടെ ഓര്‍ക്കുകയും ചെയ്യുന്ന കൂട്ടുകാരിയുടെ പേര് പറയാമോ?' അരികത്തിരുന്ന കുട്ടിയുടെ ചുമലില്‍ കൈവെച്ചു ശരീഫ: 'ഇതാ ഈ ഇരിക്കുന്ന രാജ്ഷാ.' പിന്നെ ആരെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിന് ശരീഫയുടെ മറുപടി: 'ഉണ്ട്, അപര്‍ണ.'
ഈ മറുപടി കേട്ടുനിന്ന എല്ലാരുടെയും കണ്ണ് നിറച്ചു. മുസ്‌ലിമായ ശരീഫയെന്ന കൂട്ടുകാരിയെ ഹിന്ദുമതവിശ്വാസികളായ രാജ്ഷായും അപര്‍ണയും പൊന്നുപോലെ നോക്കി സംരക്ഷിക്കുന്ന ഈ അനുഭവം, മതത്തിന്റെയും സമുദായത്തിന്റെയും പേരു പറഞ്ഞ് ധ്രുവീകരണത്തിന് ശ്രമിക്കുന്ന ആസുരതയുടെ ഈ കെട്ടകാലത്ത് വേറിട്ട സംഭവമായി അടയാളപ്പെടുത്തേണ്ടതുണ്ട്. 'മാനവികതയുടെ ഉദാത്ത മാതൃകക്ക് ജീവിതത്തിലൂടെ ഭാഷ്യമെഴുതുന്ന നമ്മുടെ മൂന്ന് കൂട്ടുകാരികള്‍, എന്റെ മക്കള്‍ ഇരുള്‍ മുറ്റിയ ഈ കാലത്ത് പ്രഭചൊരിയുന്ന പ്രകാശ ഗോപുരങ്ങളാണ്.' ഞാനിത് സാക്ഷ്യപ്പെടുത്തിയപ്പോള്‍ ക്ലാസ് ഒന്നടങ്കം നിറകണ്‍ചിരിയോടെ അതില്‍ പങ്കുചേര്‍ന്നു. രാജ്ഷായുടെയും അപര്‍ണയുടെയും ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളായിരുന്നു അത്; ശരീഫയുടെ ജീവിതത്തിലെ തിളക്കമുള്ള ഓര്‍മയും.