കൂട്ടുകുടുംബ വ്യവസ്ഥ ഉണ്ടായിരുന്ന കാലത്തെ കഥയാണ്. ഒരു തറവാട്ടില്‍ വൃത്തിയാക്കല്‍ പരിപാടി നടക്കുകയാണ്. എല്ലാ പഴയ സാധനങ്ങളും എടുത്ത് പുറത്തിടുകയായിരുന്നു ആദ്യപടി. ഏകദേശം വീട് മുഴുവന്‍ വൃത്തിയായി. നേരത്തേ ചട്ടം കെട്ടിയതനുസരിച്ച് ഒരു ആക്രിക്കാരന്‍ മുറ്റത്ത് വന്ന് നില്‍പ്പുണ്ട്. ഇത്രയുമായപ്പോഴാണ് വല്യമ്മ മുറ്റത്തേക്കിറങ്ങിയത്. അവിടെ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളില്‍നിന്ന് ഒരു വലിയ ചുവന്ന ഫഌസ്‌ക് എടുത്ത് കെട്ടിപ്പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു: 'എന്റെ പൊന്നാങ്ങള ആദ്യമായി ഗള്‍ഫീന്നു വരുമ്പൊ കൊണ്ടുവന്ന ഫഌസ്‌കാണിത്. ഇതെന്തായാലും ഞാന്‍ കൊടുക്കില്ല.' അതു കേട്ടുകൊണ്ടുനിന്ന അവരുടെ മൂത്ത മകന്‍ വലിയ റേഡിയോ എടുത്ത് കക്ഷത്ത് വെച്ചു. 'നാട്ടിലെവിടെയും റേഡിയോ ഇല്ലാതിരുന്ന കാലത്ത് അമ്മാമ കൊണ്ടുവന്ന റേഡിയോ ആണിത്. ഇത് ഞാനാര്‍ക്കും കൊടുക്കില്ല.' അങ്ങനെ ആ തറവാട്ടിലെ ഓരോരുത്തരായി തങ്ങളുടെ ഓര്‍മയില്‍നിന്ന് വിട്ടുപിരിയാത്ത ഓരോ സാധനങ്ങളുമെടുത്ത് അകത്തേക്ക് കയറി. അവസാനം വലിയ പ്രതീക്ഷയോടെ ചിരിച്ചുകൊണ്ടുനിന്ന ആക്രിക്കാരനു കൊടുക്കാന്‍ ഒരു ഇരുമ്പു കസേര മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാ സാധനങ്ങളും പഴയപടി തട്ടിന്‍പുറത്ത് കയറി വിശ്രമിച്ചു തുടങ്ങി!
പഴയ പല സാധനങ്ങളും വീടിന്റെ ഒരുപാട് സ്ഥലം കവരുകയും അതുകൊണ്ട് ആര്‍ക്കും ഒരുപകാരവും ഇല്ലാതിരിക്കുകയും ചെയ്താലും നാം അവയെ ഉപേക്ഷിക്കാറില്ല. കാരണം അത് നമ്മുടെ ഏതോ ഓര്‍മയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രിയപ്പെട്ട വസ്തുവായിരിക്കും.
ഒരു ചെറിയ സ്‌ക്രൂ പോയാല്‍തന്നെ പല സാധനങ്ങളും ഉപയോഗശൂന്യമായിത്തീരും. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ആ ഒരു സ്‌ക്രൂ നാം വാങ്ങുകയോ അത് നന്നാക്കിയെടുക്കുകയോ ചെയ്യില്ല. പകരം കുറച്ച് കഴിയുമ്പോള്‍ പുതിയൊരെണ്ണം വാങ്ങിയേക്കാം. അങ്ങനെ പഴയത് പാഴ്‌വസ്തുവായി മൂലയിലെവിടെയെങ്കിലും കിടക്കും. ഇടക്കെപ്പോഴെങ്കിലും അത് കാണുമ്പോള്‍ എന്തിനാ വെറുതെ കളയുന്നത്, ഒരു സ്‌ക്രൂ വാങ്ങിയിട്ടാല്‍ ഇനിയും ഉപയോഗിക്കാമല്ലോ എന്ന് ചിന്തിക്കുകയും ചെയ്യും. പാഴ്‌വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കാം എന്നതാണ് അതിന്റെ പ്രതിവിധി.
പഴമക്കൊരു പുതുമോടി
ചെറിയ ചില സൂത്രങ്ങളുപയോഗിച്ച് പഴയ സാധനങ്ങളെ ഉപയോഗയോഗ്യവും അലങ്കാര വസ്തുവുമാക്കി മാറ്റാം. ഉദാഹരണത്തിന് പഴയ ഗള്‍ഫുകാരുടെ വീട്ടില്‍ പത്തേമാരി സിനിമയില്‍ കണ്ടതുപോലെ ഒരു പെട്ടി കാണാതിരിക്കില്ല. അതിനെ നേരെ നിര്‍ത്തി നാലു കാലുകള്‍ പിടിപ്പിച്ചാല്‍ ഒരുപാട് സാധനങ്ങള്‍ കൊള്ളുന്ന ഷെല്‍ഫാക്കി മാറ്റാം.
നിറയെ വലിപ്പുകളുള്ള വാര്‍ഡ്രോബാണോ പ്രശ്‌നം? ഇഷ്ടമുള്ള നിറത്തില്‍ പെയിന്റടിച്ച് മണ്ണ്‌നിറച്ച് ഗാര്‍ഡനില്‍വെച്ച് ചെടികള്‍ നടാം. അല്ലെങ്കില്‍ തിളക്കമുള്ള പിടികള്‍ വെച്ച് ചുവരില്‍ പലയിടത്തായി ഘടിപ്പിക്കാം. എന്തെങ്കിലുമൊക്കെ ഇട്ടു വെക്കാമല്ലോ.
ഒരുകാലത്ത് തലയെടുപ്പോടെ നിന്നിരുന്ന ഡബ്ള്‍കോട്ട് കട്ടിലുകള്‍ പുതിയ വീടിന്റെ കുഞ്ഞുമുറികളില്‍ കിടന്ന് സ്ഥലം കവരുന്നുവോ? പകുതിക്ക് വെച്ച് മുറിച്ച് ഹെഡ് ബോര്‍ഡിന്റെ താഴെ ഭാഗത്ത് കുഷ്യനിട്ടാല്‍ അടിപൊളി സോഫ റെഡിയായി.
തേക്കിന്റെയും വീട്ടിയുടെയും വിലയറിയാവുന്നതുകൊണ്ടു മാത്രം കളയാന്‍ കഴിയാത്ത വലിയ വാതിലുകളെ ഇങ്ങോട്ടെടുത്തോളൂ. പെയിന്റടിച്ച് ഗാര്‍ഡനിലെ ഒരു മൂലയില്‍ വെക്കാം. ആരും ഒന്നു നോക്കാതിരിക്കില്ല.
വീടിന്റെ മച്ചിനു മുകളില്‍ എന്തായാലും ഒരു മര ഗോവണി കാണാതിരിക്കില്ല. നിറമൊന്ന് മാറ്റിയടിച്ചാല്‍ ആര്‍ക്കാണ് ഗമ വരാത്തത്! അതിനെ വിലങ്ങനെ ചുമരില്‍ പിടിപ്പിച്ചോളൂ, നല്ലൊരു പുസ്തക ഷെല്‍ഫാക്കാം. വീതിയുണ്ടെങ്കില്‍ കുത്തനെയും വെക്കാം.
ഒരു തക്കാളി പെട്ടിയാണോ? കളയാന്‍ വരട്ടെ. മുറിക്ക് ചേരുന്ന നിറം നല്‍കി കുട്ടികള്‍ക്ക് എത്താവുന്ന ഉയരത്തില്‍ ഘടിപ്പിച്ചാല്‍ അവര്‍ ഷൂസിന്റെ ഒറ്റയന്വേഷിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അതില്‍ സൂക്ഷിച്ച് വെച്ചുകൊള്ളും.
പഴയ ട്രങ്ക് പെട്ടി ഒരു തലവേദനയായി മാറിയോ. നല്ല മരത്തിന്റെ നിറം നല്‍കി അരികുകള്‍ക്കും പിടിക്കും ഗോള്‍ഡന്‍ ടച്ച് നല്‍കി സ്വീകരണ മുറിയില്‍ വെച്ചോളൂ, അതിഥികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് അവനവിടെ മിണ്ടാതിരുന്നുകൊള്ളും.
അല്‍പം മെനക്കേടും ചെലവും സഹിക്കാമെങ്കില്‍ എല്ലാ പാഴ്‌വസ്തുക്കളെയും ആരെയും അത്ഭുതപ്പെടുത്താവുന്ന പുതിയൊരു വസ്തുവാക്കി മാറ്റാവുന്നവതാണ്.
വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ചിട്ടും ഒരുപകാരവുമില്ലാത്ത പാഴ്‌വസ്തുക്കളെ നിര്‍ദയം ഒരു ചാക്കില്‍കെട്ടി കിട്ടുന്ന വിലയ്ക്ക് കൊടുത്തേക്കണം. ആ പൈസകൊണ്ട് വീട്ടിലേക്കെന്തെങ്കിലും പുതിയ സാധനം വാങ്ങാമല്ലോ. വീട്ടമ്മക്കിത്തിരി സന്തോഷമായിക്കോട്ടെ.