സ്‌നേഹത്തുള്ളികളൊഴിച്ചുതന്ന ചേച്ചി

ഐസക് ഈപ്പന്‍ No image

ചെങ്ങന്നൂരാണെന്റെ സ്വദേശം. അഛന്‍ ഈപ്പന്‍. അമ്മ ശോശാമ്മ ഈപ്പന്‍. അഞ്ച് പെങ്ങന്മാരുടെ അനുജനാണ് ഞാന്‍. മൂത്ത ചേച്ചി ഏലിയാമ്മ, രണ്ടാമത്തേത് സൂസമ്മ, മൂന്നാമത്തേത് സാറ, നാലാമത്തേത് മറിയം, ഏറ്റവും ഇളയ ചേച്ചി എലിസബത്ത്. പ്രായവ്യത്യാസം കൊണ്ട് പലരും മുതിര്‍ന്നവരായിരുന്നു. മൂത്ത ചേച്ചിയും ഞാനും തമ്മില്‍ പതിനഞ്ച് വയസ്സിന്റെയെങ്കിലും വ്യത്യാസം കാണും. ഞാന്‍ ബാല്യകാലം പിന്നിടുമ്പോഴേക്കും പലരും ജോലി കിട്ടിയോ വിവാഹം കഴിഞ്ഞോ പോയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരുമായി നല്ല ആത്മബന്ധം പുലര്‍ത്താനായിട്ടില്ല.
എന്നാല്‍ എന്റെ കുട്ടിക്കാലത്തെ ഓര്‍മയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു ചേച്ചിയുണ്ട്. എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ആള്‍. എന്റെ മറിയാമ്മ ചേച്ചി.
ഞങ്ങളുടെ നാട്ടില്‍ പെങ്ങളെ വിളിക്കുക അമ്മാമ്മയെന്നാണ്. ചിലയിടങ്ങളില്‍ ഓപ്പോള്‍ എന്നു പറയുന്നതുപോലെ. എന്നാല്‍ ഇപ്പോഴാ വിളിപ്പേര് കുറഞ്ഞു വരുന്നുണ്ട്. മറ്റുള്ളവരോട് ചേച്ചിയെന്നു പറയുമെങ്കിലും പെങ്ങന്മാരടുത്തെത്തുമ്പോള്‍ അമ്മാമ്മയെന്നാണ് ഞാന്‍ വിളിക്കുക. മൂത്ത ചേച്ചിയെ വലിയമ്മാമ്മയെന്നും ഇളയ ചേച്ചിയെ കൊച്ചമ്മാമ്മയെന്നും വിളിക്കും. മറിയാമ്മ ചേച്ചിയെ മറിയമ്മാമ്മ എന്നാണ് വിളിച്ചിരുന്നത്. എന്റെ കൂടെ ഏറ്റവും കൂടുതല്‍ കാലം ഉണ്ടായിരുന്ന ചേച്ചിയാണവര്‍.
കുട്ടിക്കാലത്ത് ഞാന്‍ വികൃതികള്‍ കാണിക്കുമായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സിഗരറ്റ് വലി തുടങ്ങിയത്. കൂട്ടുകാരുടെ സ്വാധീനമായിരുന്നു കാരണം. അന്നത്തെ സ്‌കൂള്‍ കുട്ടികള്‍ സകല കുരുത്തക്കേടുകളും ഉള്ളവരായിരുന്നു. നമ്മളും അവരുടെ കൂട്ടത്തില്‍ പെട്ടുപോകും. ഞാനും ആ വലയത്തില്‍പെട്ടു. എന്നാല്‍ എന്റെ പുകവലി മറിയാമ്മ ചേച്ചി താമസിയാതെ കണ്ടുപിടിച്ചു. അഛനെയോ അമ്മയെയോ ആരെയും അറിയിക്കാതെ എന്നോട് സ്വകാര്യമായി ചോദിച്ചു:
'എടാ നീ സിഗരറ്റ് വലിച്ചോ....?'
ഞാനാദ്യമത് നിഷേധിച്ചു. അതല്ലേ അപ്പോള്‍ ആരും ചെയ്യുക. ചേച്ചി എന്നോടു പറഞ്ഞു:
'മോനേ നീയിങ്ങനെ ചെയ്യരുത്. പിന്നീട് നിനക്കത് മാറ്റാന്‍ കഴിയാതെ വരും. പിന്നെയത് വലിയ പ്രശ്‌നമായി മാറും. ഇങ്ങനെയൊക്കെയാ അസുഖങ്ങള്‍ വരുന്നത്.'
എന്നെ ചേര്‍ത്തു നിര്‍ത്തി സ്‌നേഹത്തോടെ ഇങ്ങനെയെല്ലാം ചേച്ചി പറഞ്ഞപ്പോള്‍ എനിക്ക് സങ്കടമായി. ഞാനിനി പുകവലിക്കില്ലെന്ന് പെങ്ങള്‍ക്ക് വാക്കുകൊടുത്തു. കോളേജില്‍ പഠിക്കുമ്പോഴും മറ്റും പുകവലിക്കാന്‍ കൂട്ടുകാരുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത് ചേച്ചിയുടെ സ്വാധീനമാണ്. ഇന്നും ഞാനാ വാക്കു പാലിക്കുന്നുണ്ട്. ഈ വിഷയം പെങ്ങള്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്.
എന്റെ ജീവിതത്തെ, സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ ചേച്ചിയുടെ പങ്ക് വലുതാണ്. ഒരു സാമൂഹിക ജീവിയെന്ന നിലയില്‍ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചുതന്നത് മറിയാമ്മ ചേച്ചിയാണ്. അവരുടെ ഒരു പ്രത്യേകത ഏത് തെറ്റ് കണ്ടാലും എതിര്‍ക്കുന്ന സ്വഭാവമാണ്. അനീതിയെ ചോദ്യം ചെയ്യും.
കുട്ടിക്കാലത്ത് എന്നെ പള്ളിയില്‍ കൊണ്ടു പോയിരുന്നത് മറിയാമ്മ ചേച്ചിയായിരുന്നു. പള്ളിയാണെങ്കില്‍ പോലും അവിടെ ചില ആളുകള്‍ക്ക് പരിഗണന കൂടുതല്‍ കിട്ടും. പ്രത്യേകിച്ചും പണക്കാര്‍ക്ക്. അവരോടാണ് പള്ളീലച്ചന്‍ ആദ്യം വിശേഷം ആരായുക, പാവങ്ങള്‍ക്കെന്നും രണ്ടാം സ്ഥാനമേയുള്ളൂ. ഈ വകതിരിവിനെ ചേച്ചി എതിര്‍ക്കും. പള്ളീലച്ചനോട് ചോദ്യം ചെയ്യാന്‍ ചേച്ചിക്ക് മടിയോ പേടിയോ ഇല്ലായിരുന്നു. അന്നവര്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന പ്രായം. ചെറുപ്രായത്തില്‍ ചേച്ചി കാണിക്കുന്ന ധൈര്യം അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. ഇതെന്നെയും സ്വാധീനിച്ചു. അതുകണ്ട് വളര്‍ന്നതുകൊണ്ടാവാം ഞാനും പ്രതികരിക്കുന്നവനായി മാറി.
ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ചേച്ചിക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചത്. വടക്കേ ഇന്ത്യയിലായിരുന്നു നിയമനം. വീടു വിട്ട് മറുനാട്ടിലേക്ക് ചേച്ചി ജോലിക്ക് പോകുന്ന ആ സമയത്ത് ഞാനനുഭവിച്ച സങ്കടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്നില്‍ ഗദ്ഗദങ്ങള്‍ ഉയരും. ഒരുപക്ഷേ, അമ്മ മരിച്ചിട്ടുപോലും ഞാനത്ര വേദനിച്ചിട്ടില്ല. ചേച്ചി എന്നെ വിട്ടുപോകുന്നത് എനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
പിന്നീട് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം ചേച്ചി അവധിക്ക് നാട്ടില്‍ വരുമ്പോഴായിരുന്നു. മറിയമ്മാമ്മ നാട്ടിലെത്തിയാല്‍ എനിക്കാഘോഷമാണ്. തിരിച്ചു പോകുമ്പോള്‍ സങ്കടങ്ങളാല്‍ ഞാന്‍ തളരും.
ഒരുപക്ഷേ, എന്നെ കഥാകാരനാക്കിയതില്‍ ചേച്ചിക്ക് വലിയ പങ്കുണ്ട്. കുട്ടിക്കാലത്ത് ഒരുപാട് കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ഉപദേശിക്കും. എന്തു ചെറിയ തെറ്റു ചെയ്താലും വഴക്കു പറയാതെ അതിന്റെ തെറ്റും ശരിയും എന്താണെന്ന് എനിക്ക് പറഞ്ഞുതരും. ക്രിസ്ത്യാനികള്‍ ചില പ്രാര്‍ഥനകള്‍ നിര്‍ബന്ധമായും കാണാതെ പഠിക്കണം. അന്നും ഇന്നും അതിനോടെല്ലാം എനിക്ക് എതിര്‍പ്പായിരുന്നു. എന്നിട്ടും അതെല്ലാം സാവകാശം എന്നെ പഠിപ്പിച്ചുതന്നത് ചേച്ചിയാണ്.
കുട്ടിക്കാലത്ത് ചേച്ചിയായിരുന്നു എന്നെ കുളിപ്പിക്കുക. അസുഖം വന്നാല്‍ എന്റെയടുക്കല്‍ വന്നിരുന്ന് ശുശ്രൂഷിക്കാന്‍ പ്രത്യേക താല്‍പര്യമായിരുന്നു. ഒരിക്കല്‍ മറിയാമ്മ ചേച്ചി അസുഖബാധിതയായി. ഒരു മാസം വിശ്രമം വേണമെന്ന് വൈദ്യന്‍ പറഞ്ഞു. അരിയാഹാരം നല്‍കരുതെന്നും ഗോതമ്പോ മറ്റോ നല്‍കിയാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം. അമ്മ ഗോതമ്പിന്റെയോ മറ്റോ ആഹാരം ചേച്ചിക്ക് ഉണ്ടാക്കിക്കൊടുക്കും. ഇതിന്റെയൊരു വിഹിതം മാറ്റിവെച്ച് ചേച്ചി എനിക്ക് തരും. അമ്മയറിഞ്ഞാല്‍ വഴക്കു പറയുമെന്നതിനാല്‍ ആരും കാണാതെയാണ് തരുക. അസുഖം വന്നു കിടക്കുമ്പോള്‍ പോലും എന്നോടൊരു കരുതലുണ്ടായിരുന്നു ചേച്ചിക്ക്. അന്ന് അതിന്റെ വിലയൊന്നുമറിയില്ല. ഓരോ പ്രാവശ്യവും വായിലെന്തെങ്കിലും ഭക്ഷണപദാര്‍ഥം വെച്ചു തരുമ്പോള്‍ അതിലൊരു കരുതലും സ്‌നേഹവുമുണ്ടെന്ന് നാം തിരിച്ചറിയുന്നത് ഒത്തിരിക്കാലം കഴിഞ്ഞാണ്.
പിന്നീട് പഠിക്കാന്‍ ഞാനും വടക്കേ ഇന്ത്യയിലേക്ക് പോയി. റായ്പൂര്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു പഠനം. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു കുടുംബം. എന്നെ എങ്ങനെ പഠിപ്പിക്കും എന്ന ആശങ്കയിലായി മാതാപിതാക്കള്‍. അപ്പോഴും പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാനുള്ള ധൈര്യം നല്‍കിയതും പഠിക്കാനുള്ള ഊര്‍ജം പകര്‍ന്നുതന്നതും മറിയാമ്മ ചേച്ചിയാണ്. 'നീ ധൈര്യമായിട്ട് പോയ്‌ക്കോ, ആവശ്യമായ പണമെല്ലാം ഞാനയച്ചുതരാ'മെന്ന് ചേച്ചി പറഞ്ഞു. ശമ്പളം കിട്ടുമ്പോള്‍ കൃത്യമായ ഒരു തുക എനിക്കയച്ചുതന്നു. പഠിക്കുന്ന കാലത്ത് പലപ്പോഴും ഞാന്‍ ചേച്ചിയെ കാണാന്‍ ലഖ്‌നോവില്‍ പോകുമായിരുന്നു. തിരിച്ചു വരുമ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന എനിക്ക് ആവശ്യത്തിനുള്ള പണവും രണ്ടോ മൂന്നോ മാസം കഴിക്കാനുള്ള കേടുവരാത്ത ഭക്ഷണ സാധനങ്ങളും തന്നുവിടുക പതിവാണ്. അമ്മ ചെയ്യുന്നതിലും എത്രയോ കരുതലോടെയാണ് ചേച്ചി എന്നെ നോക്കിയിരുന്നത്. അതൊക്കെ ഇന്നും മധുരമൂറുന്ന ഓര്‍മകളാണ്. ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അവകാശവും മറിയാമ്മ ചേച്ചിക്കാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നും ഊഷ്മളബന്ധമാണ്. അതുകൊണ്ടായിരിക്കാം ഞാന്‍ ഞാനായത്. അതെനിക്ക് നല്ലതുപോലെ അറിയാം.
ഞാന്‍ പഠിക്കുന്ന കാലത്തായിരുന്നു ചേച്ചിയുടെ വിവാഹം. അതൊരു പ്രണയ വിവാഹമായിരുന്നു. മലയാളിയായ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. വരന്‍ അന്യമതസ്ഥനായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തു. പ്രശ്‌നങ്ങളായി. എന്നാല്‍ ചേച്ചിക്ക് എല്ലാ പിന്തുണയും നല്‍കിയത് ഞാനായിരുന്നു. അത് ചേച്ചിക്ക് വലിയ ധൈര്യമായി. ഞാനൊരു ഇടനിലക്കാരനായി നിന്നുകൊണ്ട് അഛനോടും അമ്മയോടും ചേച്ചിക്കുവേണ്ടി വാദിക്കുകയും അവരുടെ സങ്കടങ്ങള്‍ മാറ്റുകയും ചെയ്തു. വിവാഹശേഷം ലഖ്‌നോവിലേക്ക് തിരിച്ചുപോയെങ്കിലും ചേച്ചി എനിക്ക് പഠന ചെലവിനുള്ള പണം കൃത്യമായി അയച്ചുതരുന്നതില്‍ വീഴ്ച വരുത്തിയില്ല.
ഞാനെഴുതി തുടങ്ങിയ കാലം. എന്റെ കഥകള്‍ മാസികകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ വിവരം ചേച്ചിയെ അറിയിച്ചെങ്കിലും ആദ്യമത് വിശ്വസിച്ചിരുന്നില്ല. കഥകള്‍ വന്ന പ്രസിദ്ധീകരണങ്ങള്‍ ഞാനയച്ചു കൊടുത്തപ്പോള്‍ ചേച്ചിക്ക് വളരെ സന്തോഷമായി. പിന്നീട്, കഥകള്‍ അച്ചടിച്ചുവരുന്ന മാസികയേതാണെന്ന് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ ഭര്‍ത്താവിനെക്കൊണ്ട് അത് വാങ്ങിപ്പിച്ച് വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക പതിവായി. ഒരിക്കല്‍ അമ്മയെക്കുറിച്ച് ഞാനൊരു ലേഖനമെഴുതിയത് കണ്ടപ്പോള്‍ അത് വായിച്ച്, 'അമ്മയെ നീ ഇങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ' എന്നുപറഞ്ഞ് സങ്കടപ്പെട്ട് കരയുകയുണ്ടായി.
ഞാനെഴുതിയ 'ജീവപുസ്തകത്തില്‍ പേരുള്ളവര്‍' എന്ന നോവലില്‍ ചേച്ചി ഒരു കഥാപാത്രമാണ്. ജീവിതത്തോട് എന്നും പൊരുതി നില്‍ക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് മറിയാമ്മ ചേച്ചിയാണ്. ആ നോവലിന് എന്റെ ജീവിതവുമായി ബന്ധമുണ്ട്. എന്റെ എല്ലാ പുസ്തകങ്ങളും ഞാനയച്ചുകൊടുക്കും.
മറിയാമ്മ ചേച്ചിയുടെ സ്‌നേഹം എല്ലാവരിലേക്കും ഒഴുകിയിരുന്നു. അവരുടെയൊരു പ്രത്യേകത മനുഷ്യസ്‌നേഹത്തിന്റെ തലം പ്രകടമായിരുന്നു എന്നതാണ്. മൂത്ത ചേച്ചിക്ക് സാമ്പത്തികമായി പ്രയാസമുണ്ടായപ്പോള്‍ ഞങ്ങള്‍ പോലുമറിയാതെ സഹായിച്ചു. മനുഷ്യസ്‌നേഹം എന്താണെന്നു ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഇപ്പോഴും നാട്ടില്‍ വന്നാല്‍ അയല്‍വീടുകളിലെ എല്ലാവരെയും പ്രത്യേകിച്ചും പ്രായമായവരെ ചെന്നു കാണാനും അവരുമായി പഴയ ബന്ധം പുതുക്കാനും ശ്രമിക്കുക പതിവാണ്.
എന്റെ തൊട്ട് മൂത്ത ചേച്ചിയും ഞാനും കൂട്ടുകാരെ പോലെയായിരുന്നു. രണ്ട് വയസ്സിന്റെ വ്യത്യാസമായിരുന്നു ഞങ്ങള്‍ തമ്മില്‍. അവരെ എനിക്ക് പേരും 'എടീ' എന്നൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സ്‌നേഹം വരുമ്പോള്‍ മാത്രമാണ് ചേച്ചിയെന്നു വിളിക്കുക.
പെങ്ങന്മാരുടെ സ്‌നേഹവും ശാസനകളും സ്വാധീനങ്ങളുമായി അവരുടെ ഇടയില്‍ വളര്‍ന്ന മനുഷ്യരില്‍ ഞാന്‍ കണ്ട പ്രത്യേകത, അവര്‍ പിന്നീട് സ്ത്രീകളോട് ബഹുമാനവും സ്‌നേഹവുമുള്ളവരായിരിക്കുമെന്നതാണ്. മറ്റ് സ്ത്രീകളിലും സ്വന്തം പെങ്ങന്മാരെ അവര്‍ക്ക് കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഒട്ടും തന്നെ സഹോദരിമാരോട് ഇടപഴകാത്ത പലരിലും ഞാന്‍ കാണുന്ന ദോഷം, അവര്‍ പിന്നീട് സ്ത്രീകളെ അപമാനിക്കുകയും സ്ത്രീയെ അപൂര്‍വ വസ്തുവായിക്കണ്ട് മാന്യതയില്ലാതെ പെരുമാറുന്നതും കണ്ടിട്ടുണ്ട്. സ്ത്രീകളെ ബഹുമാനത്തോടെയും കരുതലോടെയും കാണാനുള്ള ഒരു ജീവിതപാഠം കിട്ടുന്നത് വീട്ടിലെ സഹോദരിമാരോടൊപ്പം ജീവിക്കുമ്പോഴാണ്.
ജീവിതത്തിന്റെ സഞ്ചാരങ്ങള്‍ക്കിടയില്‍ സ്‌നേഹം കിട്ടുന്നതുകൊണ്ടാണ് നാം തഴച്ചു വളരുന്നത്. സ്‌നേഹം കിട്ടിയില്ലെങ്കില്‍ നാം മുരടിച്ചു പോകും. ആരൊക്കെയോ ഒഴിച്ചുതരുന്ന സ്‌നേഹത്തിന്റെ തുള്ളികളാണ് നമ്മുടെ ജീവജലം. അതിലേറ്റവും പ്രധാനമായി തോന്നുന്ന ഒരാളാണ് എന്റെ പെങ്ങള്‍ മറിയാമ്മ ചേച്ചി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top