പരീക്ഷ മറന്ന് എഴുതിയ കഥകള്‍ 

അത്തീഫ് കാളികാവ് No image

പത്താം ക്ലാസ് പരീക്ഷാച്ചൂടിലും അവള്‍ കഥയെഴുതുകയായിരുന്നു; സ്‌കൂളില്‍ പോകാതെ, പാഠഭാഗങ്ങള്‍ വായിക്കാതെ. പഠന സമയത്തും അവധിക്കാലത്തുമായി പൂര്‍ത്തിയാക്കിയതാകട്ടെ രണ്ടു പുസ്തകങ്ങളും. 
കൂട്ടുകാരെല്ലം പാഠപുസ്തകങ്ങള്‍ ചൊല്ലിപ്പഠിക്കുന്ന സമയത്ത് ബിഷര്‍ കഥകളുടെ ലോകത്ത് അല്ലലില്ലാതെ വിഹരിക്കുകയായിരുന്നുവല്ലോ. തകഴിയും ബഷീറും ബെന്യാമിനും മീരയുമൊക്കെ ഇളം മനസ്സില്‍ ആകുലതകള്‍ തീര്‍ക്കുമ്പോള്‍ അക്ഷരക്കൂട്ടില്‍ പുതിയ കഥകളും പിറന്നുവീണു.
മകളുടെ വായനാ ലോകം ഉമ്മ ബുഷ്റക്ക് ഉള്ളില്‍ ആധി നിറച്ചെങ്കിലും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പിതാവ് ഹംസ ആലുങ്ങല്‍ മകളെ എഴുത്തിന്റെ വഴിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു. എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച ഫാത്തിമ ബിഷര്‍ ഇളംപ്രായത്തിലേ രണ്ട് പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവായി മാറുകയായിരുന്നു.
വായിച്ചുകൂട്ടിയ സാരോപദേശ കഥകളില്‍നിന്നും ഏറെ ഇഷ്ടപ്പെട്ട ഒന്‍പത് കഥകളുടെ പുനരാഖ്യാനമാണ് കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍. 
'അനന്തരം അവനൊരു നക്ഷത്രമായി'എന്നാണ് നോവലിന് പേരിട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന റാക്കറ്റിന്റെ കുരുക്കില്‍പെട്ട ഭിന്നശേഷിക്കാരനായ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ദാരുണമായ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഹൃദയഹാരിയായ നോവല്‍ കണ്ണു നനയാതെയും നെഞ്ചുപിടക്കാതെയും വായിച്ചു തീര്‍ക്കാനാവില്ല.
അടുത്തകാലത്ത് പ്രചരിച്ച ചില വാര്‍ത്തകള്‍ കൗമാര മനസ്സിനെ അസ്വസ്ഥപ്പെടുത്തിയതിന്റെ ഉജ്വല പ്രതീകമാണ് നോവല്‍. തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഒറ്റിയിരുപ്പിനു തന്നെ വായിപ്പിക്കുന്ന രചനാ കൗശലം ബിഷര്‍ സ്വായത്തമാക്കിയിരിക്കുന്നു.
നോവലിലെ നായകനായ ആറാം ക്ലാസുകാരന്‍ താഹിറും അവന്റെ ഉപ്പയും ഉമ്മയും അടക്കം ഓരോ ചെറു കഥാപാത്രം പോലും വായന തീരുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
താഹിര്‍ വ്യത്യസ്തനാണ്. അവനെ ആര്‍ക്കും ഇഷ്ടമില്ല. ഇടതുകാലിന് സ്വാധീനമില്ല. സ്ര്ടെക്ച്ചറിന്റെ സഹായത്തോടെയേ നടക്കാനാവൂ. സംസാരത്തില്‍ വിക്കുണ്ട്. 
അതുകൊണ്ട് അവനൊരു അന്തര്‍മുഖനാണ്. എന്നാല്‍ പഠനത്തില്‍ മുമ്പിലാണ്. നന്നായി ചിത്രം വരയ്ക്കും. നല്ലൊരു സംഘാടകനാണ്. സ്‌കൂളിലെ നാട്ടുപച്ച എന്ന പരിസ്ഥിതി ക്ലബ്ബിന്റെ കണ്‍വീനറായ താഹിറിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതൊക്കെ വലിയ വാര്‍ത്തകളാകുന്നു. ഇതെല്ലാം സ്വന്തം ക്ലാസ് മുറിയില്‍നിന്നും നോവലിസ്റ്റ് ചികഞ്ഞെടുക്കുന്നു.
എന്നാല്‍ നോവല്‍ ദിശ മാറുന്നത് ഒരു വിനോദയാത്രയിലൂടെയാണ്. അതിന് ശേഷമുണ്ടാവുന്ന സംഭവങ്ങള്‍ ആകാംക്ഷയോടെയല്ലാതെ വായിക്കാനാവുകയില്ല. ഒരു കൗമാരക്കാരിയുടെ ചിന്തകള്‍ക്കപ്പുറത്തേക്ക് എഴുത്തുകാരി നമ്മെ കൊണ്ടുപൊകുന്നു. നടുക്കുന്ന പല സത്യങ്ങളും സംഭവങ്ങളും കാണിച്ചുതരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബിഹാറിലെ ഗ്രാമത്തിലേക്ക് എത്തിച്ചേരുന്നതെല്ലാം ബിഷര്‍ ചിത്രീകരിക്കുന്നുണ്ട്.
കാലികവിഷയത്തെ ബിഷര്‍ ഭാവനയുടെയും യാഥാര്‍ഥ്യങ്ങളുടെയും മഷിപ്പാത്രത്തില്‍ മുക്കിവരച്ച നോവലാക്കി 'അനന്തരം അവനൊരു നക്ഷത്രമായി' മാറുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.
എഴുത്തുവഴിയിലേക്ക് വന്നതിനെ കുറിച്ച് ബിഷര്‍ പറയുന്നുണ്ട്.
എഴുത്തുകാരനായ പിതാവിന്റെ പേരില്‍ വീട്ടില്‍ വരുന്ന പ്രസിദ്ധീകരണങ്ങള്‍ വഴി കുഞ്ഞുനാളിലേ പുസ്തകങ്ങളുമായി പരിചയപ്പെടാനായി. തുടര്‍ന്ന് സ്വന്തം പേരില്‍ വരുന്ന ബാല മാസികകളിലൂടെയും വായനയുടെ ലോകത്തേക്ക് എത്തിപ്പെടാനായി.
പതിയെ എഴുത്തിലേക്ക് വഴി മാറി.
അഞ്ചച്ചവിടി മോഡല്‍ സ്‌കൂളില്‍ യു.പി പഠനകാലത്തെ് 'നാട്ടുപച്ച' എന്ന കുഞ്ഞുമാസികയുടെ എഡിറ്ററായി. അതില്‍ കുറിപ്പുകളും കവിതകളും എഴുതി. ഉപ്പയുടെ പ്രോത്സാഹനം താങ്ങായതോടെ കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍ എന്ന പുസ്തകം മെല്ലെ പിറന്നു.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷാ സമയത്ത്  പാഠപുസ്തകങ്ങളില്‍ കണ്ണ് പൂഴ്ത്താതെ എഴുത്തിനു സമയം കൊടുത്തെങ്കിലും എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ മോശമാക്കിയില്ല. ഇംഗ്ലീഷിലടക്കം ആറ് എ പ്ലസും ബാക്കിയെല്ലാത്തിനും എ യുമുണ്ട്. കണക്കാണ് ചതിച്ചത്. അതിനു ബി യേയുള്ളൂ. കുത്തിയിരുന്ന് പഠിക്കുന്ന രീതി ആദ്യമേ ഇല്ലെന്നാണ് ഫാത്തിഹയുടെ പക്ഷം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴേ നാട്ടുപച്ച എന്ന മാസികയുടെ എഡിറ്റര്‍മാരിലൊരാളായിരുന്ന ഫാത്തിഹ ദേശാഭിമാനി അക്ഷരമുറ്റം, യുറീക്ക, മലര്‍വാടി വിജ്ഞാനോത്സവം തുടങ്ങി നിരവധി ക്വിസ് മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ ഫാത്തിഹ ബിഷര്‍. അക്ഷര വഴിയാണ് തന്റെ ഇടം എന്ന് തിരിച്ചറിഞ്ഞ ഈ കുഞ്ഞു കഥാകാരി പഠനത്തിനൊപ്പം എഴുത്തും വായനയും ഒപ്പം കൂട്ടി സഞ്ചരിക്കാനിഷ്ടപ്പെടുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top