സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാവുമ്പോള്‍

മജീദ് കുട്ടമ്പൂര്‍ No image

സ്വാഭാവിക ജൈവിക ബന്ധങ്ങളില്‍നിന്നും ജീവിത ക്രമങ്ങളില്‍നിന്നും മാറി സഞ്ചരിക്കുന്നവരാണ് സ്വവര്‍ഗാനുരാഗികള്‍. ഈ വ്യതിയാനങ്ങള്‍ ലൈംഗിക അവകാശവും സഹജ വാസനയുമായാണ് പലപ്പോഴും വിശദീകരിക്കപ്പെടാറുള്ളത്. നിയന്ത്രിക്കാനാവാത്ത വിധം മോഷ്ടിക്കാനുള്ള ത്വര ഉണ്ടാവുക എന്നത് ഒരു മനോരാഗ ലക്ഷണമാണ്. അത്തരക്കാര്‍ക്കത് സഹജ വാസനയായി അനുഭവപ്പെടുകയും ചെയ്‌തേക്കാം. 'ക്‌ളെപ്‌റ്റോമിയ' എന്നാണിതിന് പറയുക. ഇതൊരു സഹജ സ്വഭാവമായി അംഗീകരിച്ച് മോഷണത്തിന് നിയമപരമായ അംഗീകാരവും പരിരക്ഷയും നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥ! ഇതുപോലെ സ്വവര്‍ഗ രതിയെയും ഒരു മനോദൗര്‍ബല്യവും രോഗവുമായി കണ്ട് ചികിത്സിക്കുന്ന മനഃശാസ്ത്ര സമീപനമാണ് വേണ്ടത്. വസ്ത്രം ധരിക്കാതെ നടക്കണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതയാളുടെ സ്വാതന്ത്ര്യവും അവകാശവുമാണെന്ന് നിയമമുണ്ടാക്കിയാല്‍ പൊതുസമൂഹത്തിന് അതംഗീകരിക്കാനാവുമോ? ലൈംഗിക വ്യതിചലനത്തെ മുഖ്യധാരാ ജീവിത പരിസരത്ത് പ്രതിഷ്ഠിക്കുകയാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദ് ചെയ്തതിലൂടെ സംഭവിച്ചിരിക്കുന്നത്. ലൈംഗിക അരാജകത്വത്തിന്റെ ഗര്‍ത്തത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന യുവ സമൂഹത്തിന് വീണ്ടും തെറ്റായ സന്ദേശം കൈമാറുകയാണ് ഈ നിയമാംഗീകാരം.
സ്വവര്‍ഗരതി ഒരു അവകാശമല്ല. അതൊരു മനോ വ്യതിയാനമാണ്. സ്വവര്‍ഗരതിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചവര്‍ അതേ പാത പിന്തുടര്‍ന്ന രാജ്യങ്ങളിലുണ്ടായ ധാര്‍മിക സദാചാര പ്രശ്‌നങ്ങളും കുടുംബ ശൈഥില്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. അവിടങ്ങളിലെ സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ വിശകലനങ്ങളോ അഭിപ്രായങ്ങളോ വിധിപ്രസ്താവത്തില്‍ പരാമര്‍ശിക്കുന്നില്ല.
മൃഗങ്ങളുടെ ലൈംഗിക രീതികളല്ല പരിഷ്‌കൃതനായ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ടത്. സംസ്‌കാരവും ധാര്‍മികതയും സദാചാര ബോധവുമൊക്കെ വിവേകമുള്ള മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന പ്രാഥമികമായ അതിര്‍വരമ്പുകള്‍ പോലും തിരിച്ചറിയാത്ത ഒരു ലോകം സൃഷ്ടിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും എല്ലാവരെയും വിഴുങ്ങുന്ന ഒരു ദൈവിക ശിക്ഷയെ നാം ഭയപ്പെടണം. കാലം പുരോഗമിക്കുകയും സ്വാതന്ത്ര്യ-ജനാധിപത്യ ബോധങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ മൃഗതുല്യ ചെയ്തികളിലേക്ക് മനുഷ്യന്‍ ആപതിക്കുകയാണോ വേണ്ടത്?
ഒരു മതവും രീതിശാസ്ത്രവും സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, അത് അധാര്‍മികവും പാപവും പ്രകൃതിക്ക് വിരുദ്ധവുമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിലെ മഹാഭൂരിപക്ഷത്തിനും അവരുടെ വിശ്വാസങ്ങള്‍ക്കും അസ്വീകാര്യമായ ഒരു വൈകൃതത്തെ നിയമവിധേയമാക്കുക വഴി പുതു സമൂഹത്തെ തെറ്റിലേക്ക് നയിക്കാന്‍ അവസരം തുറന്നു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍വാംഗീകൃതമായ ധാര്‍മിക അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാന്‍ നിയമസംവിധാനങ്ങള്‍ക്ക് അവകാശമില്ല.
സ്വവര്‍ഗ രതിയും സ്വവര്‍ഗ വിവാഹവുമൊക്കെ നിയമവിധേയമാക്കുമ്പോള്‍ അതേ നിയമത്തിലെ തന്നെ വിവാഹ സങ്കല്‍പങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ലൈംഗിക അരാജകത്വത്തിന്റെ വ്യാപനത്തിലൂടെ ഭദ്രമായ സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബ ഘടന ശിഥിലീകരിക്കപ്പെടുമെന്നതിന് സ്വവര്‍ഗരതി നിയമവിധേയമാക്കിയ രാജ്യങ്ങള്‍ തന്നെ മതിയായ തെളിവാണ്. ഇത്തരം രാജ്യങ്ങളില്‍ ലൈംഗിക അരാജകത്വത്തോടൊപ്പം കുടുംബ ഘടനാ തകര്‍ച്ചയും ഏറ്റവും വലിയ സാമൂഹിക പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു. സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. അതില്‍ സൃഷ്ടികര്‍മം ഇല്ല. മക്കളും കുടുംബവും ബന്ധങ്ങളും ഇല്ല. ആരോടും പ്രതിബദ്ധതയും സ്‌നേഹവും സഹാനുഭൂതിയും ഇല്ല. തെറ്റായ നൈമിഷികാനുഭൂതി മാത്രമേയുള്ളൂ.
നവലൈംഗിക വാദികളുടെ ആവശ്യങ്ങള്‍ സ്വവര്‍ഗരതിയെ ശിക്ഷാമുക്തമാക്കുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. സ്വവര്‍ഗരതിക്ക് വൈവാഹിക പദവി, വേശ്യാവൃത്തിക്ക് തൊഴില്‍ നിയമ പരിരക്ഷ തുടങ്ങിയവയൊക്കെ അവരുടെ ആവശ്യങ്ങളാണ്. അതോടൊപ്പം സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുമ്പോള്‍ പല നിയമങ്ങളും ഭേദഗതി ചെയ്യേണ്ടി വരും. സ്വത്തവകാശ നിയമത്തിലും ദത്തെടുക്കല്‍ നിയമത്തിലുമൊക്കെ ഭേദഗതി വേണമെന്ന ആവശ്യമുയരും.
90-കള്‍ മുതല്‍ തന്നെ ശാസ്ത്രീയ പഠനങ്ങള്‍ എന്നൊക്കെപ്പറഞ്ഞ് പല രീതിയിലും സ്വഭാവത്തിലും സ്വവര്‍ഗ ലൈംഗികതയെ പ്രകൃതിപരമാക്കുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി മനസ്സിലാക്കാം. ഈ പ്രാകൃത വേഴ്ചക്ക് ജീവശാസ്ത്രപരമായ അടിത്തറകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിക്കുകയാണുണ്ടായത്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷനെപ്പോലെയുള്ള ഏജന്‍സികളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന് അവസരം വേണമെന്നു വാദിച്ച് ആദ്യം കോടതിയെ സമീപിച്ചത്. ഇത്തരം ഏജന്‍സികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ രാജ്യത്ത് പാശ്ചാത്യ ലൈംഗിക അരാജകത്വം കട്ടുകടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളെയും ബുദ്ധിജീവികളെയും നിയമ വിശാരദരെയുമൊക്കെ അവ ഇതിനു വേണ്ടി കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഏതായാലും നമ്മുടെ സാമൂഹിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ദുഷ്പ്രവൃത്തികളെ നിയമവിധേയമാക്കുന്നത് നമുക്ക് അംഗീകരിക്കാനാവില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top