ഒരൊറ്റ അരുവിയായ്....

സീനത്ത് ചെറുകോട്
ഒക്‌ടോബര്‍ 2018

[ആച്ചുട്ടിത്താളം 25]


വര്‍ഷത്തിന്റെ ഈറന്‍ എത്രയെളുപ്പമാണ് വസന്തം തോര്‍ത്തിയെടുക്കുന്നത്. നിറങ്ങളുടെ സന്തോഷം കൊണ്ട് സകല ദുഃഖങ്ങളെയും മായ്ച്ചുകളയാന്‍ അത് പാടുപെടുന്നു. എന്തൊക്കെയായിട്ടും കാലത്തിന്റെ കവിളില്‍ ഒരു കണ്ണുനീര്‍ തുള്ളി കല്ലിച്ചുതന്നെ കിടന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും ശരിയാവുന്നില്ല. വല്ലാത്ത മൂകത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. സബൂട്ടി എന്തോ അപരാധം ചെയ്തു എന്ന മട്ടില്‍ ഒരിടത്തേക്കും പോകാതെ ഒരേ ഇരിപ്പ്. പഠനമൊക്കെ അവന്‍ പൂര്‍ത്തിയാക്കിയിരുന്നു. അത്യാവശ്യം വരുമാനമുള്ള ഒരു ജോലി ശരിയായിട്ടും അവന്റെ മുഖം വാടിത്തന്നെയിരുന്നു. ഒന്നു ശരിയാവുന്നതു വരെ മാറിനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാനും ഇക്കയും അവിടെത്തന്നെ തങ്ങി. സെന്തില്‍ പതിവുകളുമായി അവന്റെ ദിനങ്ങള്‍ തള്ളിനീക്കി. മിണ്ടാട്ടം കുറഞ്ഞു. അബ്ബയുടെ ഓരോന്നും അടുക്കിയും പെറുക്കിയും വിതുമ്പലോടെ അവന്‍ ചുരുണ്ടുകൂടി. അടുക്കളയില്‍ എന്നത്തെയും പോലെ അവന്‍ എത്തും. നിശ്ശബ്ദതയുടെ പുറംതോടില്‍ അവന്‍ കരയുകതന്നെയായിരുന്നു. ഒരിക്കലും പുറത്തേക്കുവരാത്ത തേങ്ങലുകള്‍ അവന്റെ ചങ്കില്‍ ശ്വാസംമുട്ടി പിടഞ്ഞു. അബ്ബയായിരുന്നു അവനെല്ലാം. ഒരിക്കലും കാണാത്ത അമ്മയെപോലും അബ്ബയില്‍ അവന്‍ കണ്ടിരുന്നു.  ഒറ്റപ്പെട്ടുപോയില്ല എന്ന് അവനെ ചേര്‍ത്തുനിര്‍ത്തി മൂര്‍ധാവില്‍ തലോടുമ്പോള്‍ എപ്പഴോ അവന്റെ ഉമ്മാ എന്ന വിളിയില്‍ ഞാന്‍ ആകാശവും ഭൂമിയും കടന്ന് കാരുണ്യപ്പൊരുളിലേക്ക് കൈകള്‍ ഉയര്‍ത്തി. എനിക്കൊരു മകനെ കിട്ടിയിരിക്കുന്നു.  കാത്തിരിപ്പുകളുടെ മരുഭൂമിയില്‍ സെന്തിലെന്ന മകന്‍ ഉറവയായ് കുളിര്‍ന്നു നിന്നു.  ഇക്ക ചിരിച്ചു. ആകാശവും ഭൂമിയും ചിരിച്ചു. സെന്തില്‍ കരഞ്ഞുകൊണ്ടു ചിരിച്ചു. എന്റെ മോനേ എന്ന് ഞാന്‍ വിളിച്ചുകൊണ്ടേയിരുന്നു.  ഒരു ജന്മത്തില്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചതെല്ലാം എല്ലാ കെട്ടുകളും പൊട്ടിച്ച് വാത്സല്യമായി അവനിലേക്ക് ഒഴുകി.  വെക്കേഷന്‍ സമയമായതുകൊണ്ട് സ്‌കൂളിലേക്കുള്ള ഓട്ടം വേണ്ട എന്നത് എനിക്ക് വലിയ ആശ്വാസം തന്നെയായിരുന്നു.
''ഓന് പെണ്ണ്‌കെട്ടണ്ടെ....? ഓന്റപ്പംള്ളോലൊക്കെ എന്ന് പെണ്ണ് കെട്ടീന്നറിയോ.''
ഇക്കയാണ് തിരക്കു കൂട്ടിയത്. സബൂട്ടിയോട് പറയുമ്പോള്‍ അവന്‍ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. പറ്റില്ലെന്ന്  ഇക്ക വാശി പിടിച്ചു. 
''ഇത്താത്താ ങ്ങള് കാണ്ണ പെണ്ണ് അതെന്നെ പെണ്ണ്. ആരുമില്ലാത്ത ഒരു കുട്ടി അതുമതി.'' 
''സബൂട്ടി എന്നും ഞങ്ങള്ണ്ടാവൂല. പിന്നീട് അതൊരു പ്രശ്‌നാകരുത്.'' 
''ഇല്ലത്താത്താ. അബ്ബയും ആബിമ്മയും ജീവിച്ച പോലെ ഒരു ജീവിതം. അതുമതി. ആബിമ്മക്കും അബ്ബക്കും ആരുണ്ടായ്‌ര്ന്നില്ല. ഇന്‍ക്ക് ഉമ്മണ്ട്, അമ്മാവനും കുടുംബവുമുണ്ട്, ഇപ്പൊ ഓലെയൊക്കെ മനസ്സിലാവ്ണ്ണ്ട്.'' 
എന്തു പറയാന്‍? ത്യാഗം പ്രസംഗിക്കാനുള്ളതല്ലല്ലോ. അവന്റെ കൂടെ നില്‍ക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ എന്തൊക്കെ വലുതാണെന്ന് വിചാരിക്കുന്നുവോ അതൊന്നും പലപ്പോഴും ഒന്നുമല്ലെന്ന് അറിയാം. മനസ്സില്‍ ഒരുപാട് പെണ്‍കുട്ടികളുടെ മുഖങ്ങള്‍ കയറിയിറങ്ങി. ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല. അവന് യോജിച്ച ഒരു പെണ്ണ്. അവനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവള്‍. ജീവിതം മസ്‌കനായിത്തീരാന്‍ താങ്ങായി നില്‍ക്കുന്നവള്‍. എവിടെയുണ്ടാവും അവള്‍?
രാത്രിയിലെപ്പോഴോ ഒരു മുഖം മനസ്സില്‍ മിന്നിമറഞ്ഞു. ഇടക്ക് യതീംഖാനയില്‍ ചെല്ലുമ്പോള്‍ കാണാറുണ്ട്. സൗഹൃദത്തോടെ അടുത്ത് വന്നു കൈപിടിക്കുന്ന പെണ്‍കുട്ടി. ചേര്‍ത്തു നിര്‍ത്തി മൂര്‍ധാവില്‍ ഉമ്മ നല്‍കിയിട്ടുണ്ട് പലപ്പോഴും. ഒരു പണിയും ചെയ്യാന്‍ മടിയില്ല. മനസ്സില്‍ കാരുണ്യമുണ്ട്. ബിരുദം രണ്ടാം വര്‍ഷമായിരിക്കും. അതോ അവസാന വര്‍ഷമോ? സബൂട്ടിയോട് പറഞ്ഞപ്പോള്‍ ഇത്താത്ത തീരുമാനിക്ക് എന്നായി.
രാത്രിക്ക് ഒരുപാട് സമയമുണ്ടെന്ന് തോന്നി. പുലര്‍ന്ന്  ഒരുവിധം പണിതീര്‍ത്ത് യതീംഖാനയിലേക്ക് നടക്കുമ്പോള്‍ മകനു വേണ്ടി പെണ്ണന്വേഷിക്കുന്ന ഉമ്മയായി. സബൂട്ടിയുടെ ഉമ്മക്ക് രാത്രി തന്നെ വിളിച്ചു പറഞ്ഞിരുന്നു. നിന്റെ ഇഷ്ടം പോലെ എന്ന് മറുപടി കിട്ടി. അമ്മാവനും എതിരഭിപ്രായമില്ല. കുട്ടിയുടെ മനസ്സിലെന്താണാവോ? അവളുടെ കൈ പിടിച്ച് പതുക്കെ കാറ്റാടി മരത്തിനരികിലേക്കു നടന്നു. വിവരം പറഞ്ഞപ്പോള്‍ കവിളു ചോന്നു. മുഖം പിടിച്ചുയര്‍ത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ചേര്‍ത്തു നിര്‍ത്തി കണ്ണു തുടച്ചു. 
മാനേജറുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. തമ്മില്‍ കണ്ട് ഇഷ്ടമാവുകയാണെങ്കില്‍ കല്യാണം നടത്താമെന്ന വാക്കില്‍ തിരിച്ചുപോരുമ്പോള്‍ എല്ലാം നന്മക്കാവണേ എന്ന പ്രാര്‍ഥന ഉള്ളില്‍ നിറഞ്ഞു.
ഇഷ്ടം പറഞ്ഞ് രണ്ട് പേരുടെയും കവിളുകള്‍ ചുവന്നപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.
തിരക്കായിരുന്നു പിന്നെയുള്ള ദിവസങ്ങളില്‍. യതീംഖാനയില്‍ വെച്ചു തന്നെ നാലുമണിക്ക് നികാഹ് നടത്താന്‍ തീരുമാനിച്ചു.  അവിടെ മതിയെന്നു തീരുമാനിച്ചത് ഇക്കയാണ്. കുറച്ചീസം എല്ലാവരും അവിടെ പിന്നെ സെന്തിലിന്റെ കൂടെ നില്‍ക്കാമെന്നുറച്ചു. വരനെയും വധുവിനെയും ഞങ്ങളുടെ വീടായ 'സുകൃത'ത്തിലേക്കു കയറ്റുമ്പോള്‍ നേരം  ഇരുട്ടിയിരുന്നു. 
'സുകൃതം' കളിചിരികള്‍ കൊണ്ട് പൂത്തുലഞ്ഞു. റഹ്മയുടെ കണ്ണുകള്‍ വിടര്‍ന്നു തന്നെയായിരുന്നു. ആദ്യമായിട്ടാവും ഓര്‍മ വെച്ചതിനു ശേഷം ഒരു വീട്ടിലേക്ക്. എവിടെയൊക്കെയോ അപരിചിതത്വത്തിന്റെയും വല്ലായ്മയുടെയും തട്ടിത്തടച്ചിലുകള്‍. യതീംഖാനയില്‍ റൂമുകള്‍ മാറുമ്പോള്‍ തല്‍ക്കാലം കാഴ്ചകളുടെ വട്ടത്തിന് ഒരു മാറ്റം എന്നല്ലാതെ കാഴ്ചകളുടെ വിസ്താരം കൂടുന്നില്ല. റൂമിലെ അയകള്‍ക്ക് എന്നും ഈര്‍പ്പത്തിന്റെയും ഇരുട്ടിന്റെയും മണമാണ്. വിരിച്ചിടുന്ന പടത്തിന് കറുപ്പും ചുവപ്പും മഞ്ഞയും വെള്ളയുമല്ലാത്ത മറ്റൊരു നിറത്തെയും പുണരാനറിയില്ല. ബെല്ലുകളുടെയും ഉറക്കത്തില്‍നിന്നുണര്‍ത്തുന്ന ഓടാമ്പില്‍ ശബ്ദത്തിന്റെയും താളത്തിന് ഒരു വ്യത്യാസവുമില്ല. തര്‍ക്കങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും എന്തിന് ഉറക്കപ്പിച്ചുകള്‍ക്കു പോലും ഒരേ ഗതിയാണെന്ന് തോന്നും.
പുറത്തുതട്ടി പതുക്കെ ചിരിച്ചു. 
'ഒക്കെ ശരിയാവും ട്ടോ.'
അവളുടെ കണ്ണുകളില്‍ അപ്പോഴും അവിശ്വസനീയത. കാണുന്നതും കേള്‍ക്കുന്നതും സ്വപ്‌നമല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതുപോലെ അവള്‍ എരിപൊരി കൊണ്ടു.  
ജീവിതത്തില്‍ ഒറ്റയായവള്‍. അവളുടെ പേരുപോലും ശരിക്ക് അതാണോ? എങ്ങനെ യതീംഖാനയിലെത്തി? ആര് കൊണ്ടുവന്നാക്കി? ഒന്നും അവള്‍ക്കറിയില്ല. ഓഫീസ് റെക്കോര്‍ഡില്‍ ഉണ്ടാവും. ഒന്നും തിരക്കേണ്ടെന്നു വെച്ചു. സബൂട്ടിയും അതുതന്നെ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ നാട്ടുകാരോ ഏതെങ്കിലും രക്തബന്ധത്തിന്റെ ദുര്‍ബലമായ കൈകളോ എത്തിച്ചതാകാം. എല്ലാറ്റില്‍നിന്നും രക്ഷപ്പെട്ട് ഇരുപത് വര്‍ഷം ജീവിച്ചവള്‍ക്ക് (അതോ അതിനേക്കാള്‍ കൂടുതലോ) ഇനിയെന്ത് മേല്‍വിലാസം? ആബിമ്മയുടെ ചരിത്രം ആവര്‍ത്തിക്കുന്നു. ആരുമില്ലാതെ വളര്‍ന്ന രണ്ടു ജീവിതങ്ങള്‍ ഒന്നായപ്പോള്‍ അതൊരു സംഗീതത്തിന്റെ താളാത്മകതയായിരുന്നു. ഒരിക്കല്‍പോലും പരസ്പരം പിണങ്ങാതെ, മറുത്തൊരക്ഷരം പറയാതെ ജീവിച്ചുപോയ രണ്ടാത്മാക്കള്‍. ഇവര്‍ക്കാകുമോ അങ്ങനെ ജീവിക്കാന്‍? ആകണം.
രണ്ടു പേരെയും ഒന്നിച്ചിരുത്തി. റഹ്മയുടെ മൂര്‍ധാവില്‍ ഉമ്മകള്‍ വെച്ചുകൊടുത്തു. 'മക്കളേ, സ്‌നേഹവും  വിട്ടുവീഴ്ചയുമല്ലാതെ ഒരു മന്ത്രവും ഇത്താത്താക്ക് പറഞ്ഞുതരാനില്ല. പരസ്പരം തണലാകാന്‍ നോക്കണം.' സബൂട്ടിയുടെ കൈവെള്ളയില്‍ റഹ്മയുടെ കൈ വെച്ചുകൊടുത്തു. 'സബൂട്ടീ, ഒപ്പം നിര്‍ത്തണം എപ്പളും.' സബൂട്ടി തലയാട്ടി. ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ ഹൃദയം പിളര്‍ന്ന് വരുന്നതാണെന്നു തോന്നി. കസവു തട്ടം വിടര്‍ത്തി വല്ലിമ്മ ചിരിച്ചു. വെള്ളത്തുണിയും വെള്ളക്കുപ്പായവും കസ്തൂരിയുടെ ഗന്ധം പരത്തി. ആബിമ്മയുടെ കൈ പിടിച്ച്  അബ്ബയും പുഞ്ചിരിച്ചു. ആബിമ്മയുടെ കവിളില്‍ പതിനെട്ടുകാരിയുടെ നാണം. ചോന്ത പുള്ളിത്തട്ടമിട്ട ആച്ചുട്ടി ഏതോ ഒപ്പനപ്പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുവെച്ചു.  പ്രണയത്തിന്റെ താളമാണല്ലോ ആച്ചുട്ടിയുടെ ചുവടുകള്‍ക്ക്.  ഞാനപ്പോള്‍ കരയുക തന്നെയായിരുന്നു. സന്തോഷത്തിന്റെ മൂര്‍ധന്യതയിലുള്ള ആനന്ദത്തിന്റെയും ശുക്‌റിന്റെയും കരച്ചില്‍.                

 (തുടരും)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media