നായയില്‍കൂടി പകരുന്ന പരാദ രോഗങ്ങള്‍
ഡോ.പി.കെ. മുഹ്‌സിന്‍
2016 ഏപ്രില്‍
നായകളുടെ കുടലില്‍ കാണുന്ന എക്കിനോ കോക്കസ് എന്ന നാടവിരയുടെ മുട്ട ഭക്ഷണത്തിലൂടെയോ, കൈകളിലൂടെയോ മനുഷ്യശരീരത്തിനുള്ളില്‍ എത്തിച്ചേര്‍ന്ന് ഹൈഡാറ്റിഡ് സിസ്റ്റായി രൂപാന്തരപ്പെടുന്നു. കരള്‍, ശ്വാസകോശം, ഹൃദയം, എല്ല്, തലച്ചോറ്, വൃക്ക, പ്ലീഹ എന്നീ അവയവങ്ങളിലാണ് സിസ്റ്റ് കണ്ടുവരുന്നത്. ചില
നായകളുടെ നിരവധി പരാദരോഗങ്ങള്‍ മനുഷ്യരിലേക്കും രോഗം പരത്തുന്നു.
ഹൈഡാറ്റിഡോസിസ്
നായകളുടെ കുടലില്‍ കാണുന്ന എക്കിനോ കോക്കസ് എന്ന നാടവിരയുടെ മുട്ട ഭക്ഷണത്തിലൂടെയോ, കൈകളിലൂടെയോ മനുഷ്യശരീരത്തിനുള്ളില്‍ എത്തിച്ചേര്‍ന്ന് ഹൈഡാറ്റിഡ് സിസ്റ്റായി രൂപാന്തരപ്പെടുന്നു. കരള്‍, ശ്വാസകോശം, ഹൃദയം, എല്ല്, തലച്ചോറ്, വൃക്ക, പ്ലീഹ എന്നീ അവയവങ്ങളിലാണ് സിസ്റ്റ് കണ്ടുവരുന്നത്. ചില അവസരത്തില്‍ ഈ സിസ്റ്റുകള്‍ പൊട്ടുന്നു. ഏത് അവയവത്തിലാണ് സിസ്റ്റ് വളരുന്നത് എന്നതിനനുസരിച്ചായിരിക്കും രോഗലക്ഷണങ്ങള്‍. തലച്ചോറില്‍ സിസ്റ്റ് വളരുമ്പോള്‍ അപസ്മാരം, കാഴ്ചശക്തി കുറയുക, മസ്തിഷ്‌ക്കജ്വരം എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടാവും.
നായകളെ ശാസ്ത്രീയമായ പരിപാലനം നടത്തേണ്ടതാണ്. കൃത്യസമയത്ത് തന്നെ വിരമരുന്ന് നല്‍കുക, വേവിച്ച മാംസംമാത്രം കൊടുക്കുക, നായകളെ കൈകാര്യം ചെയ്തതിന് ശേഷം കൈകള്‍ കഴുകുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഗിയാര്‍ഡിയാസസ്
പ്രോട്ടോസോവ ഇനത്തില്‍ പെടുന്ന ഈ രോഗം മനുഷ്യര്‍ക്കും നായകള്‍ക്കും ബാധിക്കാം. കുട്ടികളില്‍ രോഗം ബാധിക്കുമ്പോള്‍ വയറിളക്കം മൂലം ജലാംശം നഷ്ടപ്പെട്ട് മരണംവരെ സംഭവിക്കും. ഗിയാര്‍ഡിയ സിസ്റ്റുകളാല്‍ മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും രോഗപ്പകര്‍ച്ചയുണ്ടാവും.
ഫൈലേറിയ രോഗം
നായ്ക്കളുടെ തൊലിക്കടിയില്‍ കാണുന്ന ഡൈറോഫൈലേറിയ റിപ്പന്‍സ് എന്ന വിര മനുഷ്യരുടെ നേത്രങ്ങളേയും ബാധിക്കാം. കൊതുക് നിയന്ത്രണത്തിലൂടെ രോഗനിയന്ത്രണം നടത്താം. നായകളുടെ ഹൃദയത്തില്‍ കാണാറുള്ള ഡൈറോഫൈലേറിയ എന്ന വിര മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്നു.
ലാര്‍വ മൈഗ്രന്‍സ്
ഇത് രണ്ടുതരത്തില്‍ കാണപ്പെടുന്നു. നായ്ക്കളില്‍ കാണുന്ന കൊക്കപ്പുഴുക്കളുടെ ലാര്‍വ മനുഷ്യരുടെ തൊലിക്കടിയിലൂടെ സഞ്ചരിച്ചുണ്ടാകുന്ന വ്രണങ്ങളാണ് ഒന്നാമത്തെ ഇനം. രണ്ടാമത്തേത് നായകളില്‍ കാണുന്ന ഉരുളന്‍ വിരകളുടെ ലാര്‍വകള്‍ ആന്തരികാവയവങ്ങളില്‍ സഞ്ചരിക്കുന്നത് കൊണ്ടുണ്ടാവുന്നതാണ്.
കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. നായ, പൂച്ച എന്നീ മൃഗങ്ങളുടെ വിസര്‍ജ്യത്താല്‍ മലിനമായ മണ്ണിലൂടെയാണ് ഈ രോഗം പകരുന്നത്. വിരയുടെ മുട്ട മണ്ണിലും വെള്ളത്തിലും നശിക്കാതെ ദീര്‍ഘനാള്‍ കാണപ്പെടും.
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന വിരയുടെ മുട്ട വിരിഞ്ഞ ലാര്‍വ കരള്‍, ശ്വാസകോശം എന്നിവിടങ്ങളില്‍ രോഗമുണ്ടാക്കും. കണ്ണിനെ ബാധിക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെടുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
നായകളെ വളര്‍ത്തുന്നവര്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, നായക്ക് കൃത്യമായി വിരമരുന്ന് കൊടുക്കുക എന്നത് പ്രാധാനമാണ്. കുട്ടികള്‍ മലിനമായ മണ്ണില്‍ കളിക്കാതിരിക്കുന്നതും രോഗപ്രതിരോധത്തിനുതകും.