നാദിയ എന്ന കാവ്യവസന്തം
ശാഹിന തറയില്‍
2016 ഏപ്രില്‍
ജന്മസിദ്ധമായ അഭിരുചിയും കലയോടുള്ള അഭിനിവേശവും ചുറ്റുപാടുകളെ വീക്ഷിക്കുവാനുള്ള മനഃസാന്നിധ്യവും ഒരു വ്യക്തിയില്‍ സമ്മിശ്രമാവുമ്പോള്‍ സര്‍ഗാത്മകതയുടെ വഴികളിലേക്ക് അയാള്‍ ഇറങ്ങി നടക്കും. തന്റെ പാതയില്‍ വര്‍ണോധ്യാനങ്ങളും പുല്‍മേടുകളും തെളിനീരരുവികളും മാത്രമല്ല അയാള്‍ക്ക് ദര്‍ശിക്കാനാവുക. കുന്നും കുഴിയും ചെളിയും
പരിചയം
ജന്മസിദ്ധമായ അഭിരുചിയും കലയോടുള്ള അഭിനിവേശവും ചുറ്റുപാടുകളെ വീക്ഷിക്കുവാനുള്ള മനഃസാന്നിധ്യവും ഒരു വ്യക്തിയില്‍ സമ്മിശ്രമാവുമ്പോള്‍ സര്‍ഗാത്മകതയുടെ വഴികളിലേക്ക് അയാള്‍ ഇറങ്ങി നടക്കും. തന്റെ പാതയില്‍ വര്‍ണോധ്യാനങ്ങളും പുല്‍മേടുകളും തെളിനീരരുവികളും മാത്രമല്ല അയാള്‍ക്ക് ദര്‍ശിക്കാനാവുക. കുന്നും കുഴിയും ചെളിയും ചേറുമെല്ലാം അയാളുടെ പ്രയാണങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചേക്കാം. പക്ഷേ, സര്‍ഗാധനമായ ഭാവനാശേഷിയാല്‍ കടാക്ഷിക്കപ്പെട്ട് തന്റെതായ വഴിയിലേക്ക് പ്രവേശിപ്പിച്ചുകഴിഞ്ഞാല്‍ ഏത് പ്രതിസന്ധിയിലും പിന്‍തിരിഞ്ഞ് നടക്കുക ഒരു കലാകാരന് ഭൂഷണമല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന അധര്‍മത്തിനും അരാചകത്വത്തിനുമെതിരെ തൂലിക ചലിപ്പിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അത്തരമൊരു വെല്ലുവിളിയുടെ പാതയിലേക്ക് കുടപിടിച്ചിറങ്ങുകയാണ് മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമത്തില്‍ നിന്നും നാദിയ കെ.ജമാല്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥിനി.
ഇക്കഴിഞ്ഞ 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം മലയാളം കവിതാരചനയില്‍ മാറ്റുരച്ച 13 ജില്ലകളെയും പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഈ നാട്ടിന്‍പുറത്തുകാരി. പരിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളും മാത്രം കേട്ട് പരിചയിച്ച, തികച്ചും ഇസ്‌ലാമിക കുടുംബാന്തരീക്ഷത്തില്‍ നിന്ന് മലയാളകീര്‍ത്തനങ്ങളും ഭക്തികാവ്യങ്ങളുമൊക്കെ പതിവുശ്രുതിയായവരെപ്പോലും പിറകിലാക്കി കേരളകൗമാരത്തിന്റെ കലാമികവ് നിര്‍ണയിക്കുന്ന തട്ടകത്തില്‍ മലയാളകവിതയുടെ ഗാന്ധീവം കീഴടക്കാന്‍ ചെറുപ്പം മുതലേ വായന സപര്യയാക്കിയ നാദിയക്ക് സാധിച്ചിരുന്നു. തോറ്റവരുടെ കൂടാരങ്ങള്‍ എന്ന മത്സരവിഷയം കേട്ടപ്പോള്‍ത്തന്നെ നാദിയയുടെ മനസ്സിലേക്ക് ഓടിയെത്തിയത് നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമകാലിക പ്രശ്‌നങ്ങളായ ഫാഷിസവും അക്രമവും വര്‍ഗീയതയുമൊക്കെയാണ്. ചുറ്റുപാടുകളിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അക്ഷരങ്ങളായി ആവിഷ്‌കരിച്ചപ്പോള്‍ അത് ഉത്തുംഗമായ ദീര്‍ഘവീക്ഷണത്തിന്റെയും ഉന്നതമായ മൂല്യബോധത്തിന്റെയും നേര്‍സാക്ഷ്യമായി.
ഗല്ലികളും ചേരികളും അഭയാര്‍ഥിക്യാമ്പുകളും തോറ്റവരുടെ കൂടാരത്തിന് ഉപമകളാകുമ്പോള്‍ തനിക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി വീക്ഷിക്കുവാനുള്ള നാദിയയുടെ നിരീക്ഷണപാടവത്തെ അത് വ്യക്തമാക്കുന്നു. ഭിക്ഷതേടുന്ന ബുദ്ധനും പൊട്ടിയ കണ്ണടക്കൂട്ടിലെ ഗാന്ധിയും കണ്ണീരൊപ്പുന്ന മദര്‍തെരേസയും രാജ്യം കൈവിട്ടുകൊണ്ടിരിക്കുന്ന അഹിംസയുടെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും നിസ്സഹായ ചിത്രത്തെ വരച്ചുകാട്ടുന്നു. ആദര്‍ശം പൊടിതട്ടുന്ന ഗുരുദേവനും വിപ്ലവത്തിനീരടി മൂളുന്ന അയ്യങ്കാളിയും കേരളരാഷ്ട്രീയത്തില്‍ അടുത്തകാലത്തുണ്ടായ വിഷം വമിക്കുന്ന വര്‍ഗീയപ്രചാരണത്തെ ആലങ്കാരികമായി വിളിച്ചോതുന്നതാണ്. ഇതിലൂടെ ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും തോറ്റവരുടെ ഒരു കൂടാരം തന്നെയാണെന്ന് അനുവാചകര്‍ക്ക് ബോധ്യപ്പെടാന്‍ അധികം വ്യാഖ്യാനിക്കേണ്ടതില്ല. ബുദ്ധനും അര്‍ജുനനും ഗാന്ധിയും അയ്യങ്കാളിയുമെല്ലാം ജയിച്ചവരെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍, ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയ അക്രമവും വര്‍ണ വിദ്വേഷവുമെല്ലാം അവരെ തോറ്റവരുടെ ആള്‍ത്താരയില്‍ ബന്ധിച്ചിരിക്കുന്നു.
ജയിച്ചതെന്തിനാണെന്നാണ് തോറ്റവരിപ്പോള്‍ ആലോചിക്കുന്നത്. ഞാനും...?
'മൃതസജ്ഞീവനി തേടി'' എന്ന തലക്കെട്ടോടുകൂടി കവിതയുടെ അവസാനത്തെ വരി വായനക്കാരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന്റെ മുള്‍മുനയില്‍ പ്രതിഷ്ഠിക്കുന്നു. തീര്‍ച്ചയായും നാദിയ തിരഞ്ഞെടുത്ത ആശയവും വരികളും എഴുതിത്തെളിഞ്ഞ കവിതകളെപ്പോലും മറികടന്നിരിക്കുന്നുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
മങ്കട ചേരിയം സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ശാന്തപുരം സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ നാദിയ കലോത്സവങ്ങളില്‍ മാറ്റുരക്കുന്നത് ഇതാദ്യമല്ല. വിവിധ മത്സര ഇനങ്ങളിലായി സ്‌കൂള്‍ സബ്ജില്ലാ തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 54-ാമത് സംസ്ഥാന കലോത്സവത്തില്‍ മലയാളം കവിതാ രചനയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു. ഇപ്പോള്‍ ചേന്ദമംഗല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്-ടുവിന് പഠിക്കുന്ന നാദിയ താന്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നെല്ലാം നല്ല പ്രോത്സാഹനമാണ് കിട്ടിയിട്ടുള്ളതെന്ന് നന്ദിയോടെ സ്മരിക്കുന്നു. ചേന്ദമംഗല്ലൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് പറയുമ്പോള്‍ നാദിയയുടെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. പഠിച്ച് ഡോക്ടറാവണമെന്നാണ് നാദിയയുടെ ആഗ്രഹമെങ്കിലും എഴുത്തിനെ കൂടെക്കൂട്ടാന്‍ തന്നെയാണ് തീരുമാനം. പഠനത്തിന്റെ തിരക്കിനിടയില്‍ പലപ്പോഴായി കുറിച്ചിട്ടവരികള്‍ സമാഹാരമായി പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആധുനിക രചനാശൈലികൊണ്ട് ശ്രദ്ധേയവും സമകാലിക പ്രശ്‌നങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്നതുമാണ് അവയില്‍ മിക്ക കവിതകളും. സ്‌കൂള്‍ ലൈബ്രറികള്‍ ധാരാളമായി വായിക്കാറുള്ള നാദിയക്ക് ആദ്യമൊക്കെ നോവലുകളോടായിരുന്നു ആഭിമുഖ്യമെങ്കിലും ഇപ്പോള്‍ കവിതകളോടാണ് കൂടുതല്‍ പ്രിയം.
നാദിയയുടെ കുടുംബത്തിനുമുണ്ട് ഒരു കലാസ്പര്‍ശം. സഹോദരി ദാനിയയും സംസ്ഥാന കലോത്സവ ജേതാവാണ്. നാദിയയുടെ ഉമ്മ ചേരിയം എല്‍.പി.സ്‌കൂള്‍ അധ്യാപികയായ ജസീന ജമാല്‍ വിദ്യാഭ്യാസകാലത്ത് കവിതകള്‍ എഴുതുമായിരുന്നു. ഉപ്പ പാളയം പള്ളി മുന്‍ ഇമാമായ മങ്കട ജമാലുദ്ദീന്‍ മൗലവി.
സ്‌കൂള്‍ - കലാലയ കലോത്സവങ്ങൡലൂടെ നേട്ടങ്ങള്‍ കൊയ്ത് രചനാലോകത്തിന്റെ ഊടുവഴിയിലേക്കിറങ്ങുകയും കവിതയുടെയും കഥയുടെയും മേച്ചില്‍ പുറങ്ങൡലൂടെ സഞ്ചരിച്ച് ഗൗരവമായ എഴുത്തിന്റെയും നിരൂപണത്തിന്റെയും പ്രതിരോധത്തിന്റെയും ഗിരിശൃംഖങ്ങൡലക്ക് നടന്നുകയറിയവര്‍ ഏറെയുണ്ട് മലയാളത്തില്‍. സമൂഹത്തിന്റെ ആത്മീയസംസ്‌കൃതിയില്‍ തന്റേതായ ഒരു പങ്ക് അടയാളപ്പെടുത്താന്‍ നാളെ ഒരു പക്ഷേ നാദിയക്ക് കഴിഞ്ഞേക്കാം.