മിങ്ങ് വംശത്തിലെ ചക്രവര്‍ത്തിമാരാണ് മൂന്ന് നൂറ്റാണ്ടോളം (എ.ഡി. 1368-1644) ചൈന ഭരിച്ചിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യങ്ങള്‍ കീഴടക്കാന്‍ കപ്പല്‍യാത്ര നടത്തിയ അഡ്മിറല്‍ സെങ്ങ് ഹെ(Zheng He)യുടെ കൂടെ യാത്ര ചെയ്ത മാഹുവാന്‍ എന്ന ചൈനീസ് മുസ്‌ലിമിന്റെ കൃതിയിലൂടെയാണ് ആ പ്രതാപകാലത്തെക്കുറിച്ച്
മിങ്ങ് വംശത്തിലെ ചക്രവര്‍ത്തിമാരാണ് മൂന്ന് നൂറ്റാണ്ടോളം (എ.ഡി. 1368-1644) ചൈന ഭരിച്ചിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യങ്ങള്‍ കീഴടക്കാന്‍ കപ്പല്‍യാത്ര നടത്തിയ അഡ്മിറല്‍ സെങ്ങ് ഹെ(Zheng He)യുടെ കൂടെ യാത്ര ചെയ്ത മാഹുവാന്‍ എന്ന ചൈനീസ് മുസ്‌ലിമിന്റെ കൃതിയിലൂടെയാണ് ആ പ്രതാപകാലത്തെക്കുറിച്ച് ലോകമറിയുന്നത്. ചൈനയിലെ തീരദേശ പ്രവിശ്യയായ ഗുയ്ജിനില്‍ നിന്നുള്ള, സൊങ്ങ്ദാഓ (Zongdao) എന്നറിയപ്പെട്ടിരുന്ന മാഹുവാന്‍, എ.ഡി. 1405-നും 1433-നുമിടക്ക് സെങ്ങ് ഹെ നടത്തിയ ഏഴു സമുദ്രയാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ച നാല് ഉദ്യോഗസ്ഥരില്‍ ഒരാളാണ്. തന്റെ പ്രായം എത്രയാണെന്ന് മാഹുവാന്‍ പറയുന്നില്ലെങ്കിലും, 1380 കാലത്തായിരിക്കും അദ്ദേഹം ജനിച്ചതെന്നും, തന്റെ പുസ്തകം പ്രസാധനം ചെയ്യപ്പെട്ട ശേഷം 1451 ലാണ് മരിച്ചതെന്നും അനുമാനിക്കപ്പെടുന്നു. ചൈനീസ് ക്ലാസിക്കുകളിലും ബുദ്ധകൃതികളിലുമുള്ള അദ്ദേഹത്തിന്റെ അറിവ്, ചെറുപ്രായത്തില്‍ അദ്ദേഹത്തിന് കിട്ടിയ നല്ല വിദ്യാഭ്യാസത്തെ തെളിയിക്കുന്നു. കവിതകളെഴുതിയിരുന്ന അദ്ദേഹത്തിന്റെ ഗദ്യശൈലിയും കാവ്യാത്മകമായിരുന്നു. പേര്‍ഷ്യനും അറബിയും പഠിച്ച് അദ്ദേഹം മികച്ച പണ്ഡിതനാവുകയായിരുന്നു.
1413-ല്‍ സെങ്ങ് ഹെയുടെ നാലാമത്തെ സമുദ്രയാത്രയില്‍ ഹോര്‍മുസിലേക്കുള്ള യാത്രയിലാണ് മാ ചേരുന്നത്. അതിനുശേഷം 1421-23-ലെ യാത്രയിലും 1431-33 കാലത്തെ മക്കയിലേക്കുള്ള അവസാനത്തെ യാത്രയിലും അദ്ദേഹമുണ്ടായിരുന്നു. 1416-ല്‍ രചന തുടങ്ങിയ പുസ്തകം 1436-ല്‍ പൂര്‍ത്തിയാക്കുകയും 1451-ല്‍ അച്ചടിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ തന്നെ രാജസേവനത്തിന് തെരഞ്ഞെടുക്കപ്പെടുകയും രാജഭക്തിയില്‍ പെട്ടെന്ന് അഡ്മിറലാവുകയും ചെയ്തു. അക്കാരണത്താലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഏഴുയാത്രകളും നയിക്കാനായത്. 14-ഉം 15-ഉം നൂറ്റാണ്ടുകളിലെ യാത്രാവിവരണങ്ങളില്‍ പേരെടുത്ത് കഴിഞ്ഞ വാന്‍ ദയാന്‍ (Wan Dayan), ഫെയ്‌സിന്‍ (Fei Xin), മാഹുവാന്‍ (Ma Huan), ഗോങ്ങ്‌സെന്‍ (Gong Zhen) എന്നീ ചൈനീസ് സഞ്ചാരികളില്‍ മാഹുവാന്റെ വിവരണമാണ് മികച്ചതായി കരുതപ്പെടുന്നത്. മാഹുവാന്‍ വിവരിക്കുന്ന 20 രാജ്യങ്ങളില്‍ പത്തെണ്ണം മാത്രമെ ഇബ്‌നു ബത്തൂത്ത വിവരിച്ചിട്ടുള്ളൂ. മാഹുവാന്റെതായിരുന്നു വിശദമായ യാത്രാവിവരണം. പേര്‍ഷ്യന്‍-അറബി ഭാഷകളിലുള്ള പ്രാവീണ്യവും, ആഖ്യാനശൈലിയും നിരീക്ഷണപാടവവും പുസ്തകത്തെ ആ നൂറ്റാണ്ടിലെ ഗൂഗ്ള്‍ അക്കൗണ്ടാക്കി മാറ്റി. വസ്ത്രം, കലണ്ടര്‍, വൈന്‍ വൈവിധ്യങ്ങള്‍, വിളകള്‍, കല്യാണം, മരണം, ഭാഷ, ആഭരണം, കറന്‍സി, കച്ചവടം എന്നിങ്ങനെ തീരെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം എഴുതാതിരുന്നില്ല. യിങ്ങ് - യായ് ഷെങ്ങ് - ലാന്‍ എഴുതാന്‍ ഗുവോ ചോങ്ങ്‌ലി എന്നൊരാളുംകൂടെ മാഹുവാനെ സഹായിച്ചിരുന്നതായി പറയപ്പെടുന്നു.
അദ്ദേഹത്തിന്റെ കൃതി ചിട്ടയുള്ളതും വ്യവസ്ഥാനുസൃതവുമാണ്. 20 അധ്യായങ്ങളില്‍ ഓരോന്നും ഓരോ പ്രദേശങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. ചമ്പ, പലേംബാഗ്, തായ്‌ലന്റ്, മലാക്ക, ശ്രീലങ്ക, ക്വിലോണ്‍ (കൊല്ലം), കൊച്ചിന്‍, കാലിക്കറ്റ്, ദൂഫര്‍, ഏദന്‍, ഹോര്‍മുസ്, മക്ക, സുമാത്ര, ബംഗാള്‍, മാലിദ്വീപ്, ലക്ഷദ്വീപ്, മൊഗാദിശു, ബ്രാവ, മാലിന്ദി എന്നിവയാണവ. ഓരോ തുറമുഖത്തിന്റെയും സാമൂഹിക രാഷ്ട്രീയ മതസൈനിക സാമ്പത്തിക ചുറ്റുപാടുകള്‍ വിശദമായി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന് അസാധാരണമായി തോന്നിയ ചക്ക, കണ്ടാമൃഗം, സീബ്ര, ജിറാഫ് എന്നിങ്ങനെയുള്ളവയും കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു.
സെങ്ങ് ഹെയുടെ ആദ്യയാത്രകള്‍ മിങ്ങ് രാജ്യത്തിന്റെ കരുത്ത് കാണിക്കാനും ഇന്ത്യന്‍ മഹാസമുദ്രതീരത്തിലെ രാജാക്കന്മാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനും വേണ്ടിയായിരുന്നു. മറ്റുരാജ്യങ്ങളില്‍ അധിനിവേശം നടത്തി ഇടപെടാന്‍ ഒരു ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യത്തെ ശ്രമമായി ഈ യാത്രകള്‍ കരുതപ്പെടുന്നു. മാഹുവാന്റെ പുസ്തകം തുടങ്ങുന്നത് ഒരു കവിതയിലൂടെയാണ്, പട്ടിന്റെ പ്രഭാവം വിദേശങ്ങളില്‍ കൊട്ടിഘോഷിക്കാന്‍ പ്രാകൃതനാടുകളിലേക്ക് യാത്രചെയ്യാന്‍ ചക്രവര്‍ത്തിയുടെ സ്ഥാനപതിക്ക് ദൈവത്തിന്റെ ആജ്ഞലഭിച്ചതനുസരിച്ച്, അദ്ദേഹത്തിന്റെ കൂറ്റന്‍ കപ്പല്‍ ആര്‍ത്തിരമ്പുന്ന തിരമാലകളിലൂടെ അറ്റമില്ലാത്ത സമുദ്രങ്ങള്‍താണ്ടി കടക്കുന്നു എന്നതാണതിന്റെ സന്ദേശസാരമെന്ന് റിച്ചാര്‍ഡ്ഹാള്‍ തന്റെ Empires of the Monsoon (1966) എന്ന പുസ്തകത്തില്‍ പറയുന്നു.
മാഹുവാന്റെ പുസ്തകത്തിന്റെ വലിയൊരുഭാഗം ചൈനീസ് ഭാഷയില്‍ കു-ലി എന്ന് അറിയപ്പെടുന്ന തെന്നിന്ത്യയിലെ കാലിക്കറ്റ് (കോഴിക്കോട്) തുറമുഖത്തെക്കുറിച്ചാണ്. 1414-ല്‍ മാഹുവാന്‍ സന്ദര്‍ശിക്കുമ്പോഴേക്ക് മഹാനഗരമായി ഉയര്‍ന്നുകഴിഞ്ഞ കോഴിക്കോടിനെ അദ്ദേഹം പശ്ചിമസമുദ്രത്തിന്റെ രാജ്യം എന്ന് വിളിച്ചു. അഡ്മിറല്‍ സെങ്ങ് ഹെക്കും കോഴിക്കോടിനോട് വലിയ താല്‍പര്യമുണ്ടായിരുന്നു. എല്ലാ യാത്രകളിലും അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു. കടുത്ത ഇസ്‌ലാമികചായ്‌വുള്ള നഗരമായാതിനാലും, ഇരുപതിലേറെ പള്ളികളും 30000-ത്തോളം മുസ്‌ലിം ജനസംഖ്യ ഉണ്ടായതിനാലുമാവും മാഹുവാന്‍ കോഴിക്കോടിനെ ഇത്രയെറെ ഇഷ്ടപ്പെടുന്നതെന്നും റിച്ചാര്‍ഡ്ഹാള്‍ പറയുന്നു. തെരുവുകളില്‍ അറബി കേള്‍ക്കാമായിരുന്നെന്നും, മക്കയിലേക്ക് തീര്‍ഥാടനം ചെയ്യാനുദ്ദേശിക്കുന്നവരാണെങ്കില്‍ അറേബ്യയിലേക്ക് രണ്ടാഴ്ചത്തെ യാത്രയേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറത്ത് കോഴിക്കോട് മാഹുവാനെ അത്ഭുതപ്പെടുത്തിയത് അബാക്കസ് ഉപയോഗിക്കാതെ വിരലുകളുപയോഗിച്ച് എണ്ണുന്ന രീതിയായിരുന്നു. കൈയിലെയും കാലിലെയും 20 വിരലുകളുപയോഗിച്ച് ഒരു തെറ്റുപോലും വരുത്താതെ അവര്‍ കണക്ക് കൂട്ടിയിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. പ്രവാചകന്‍ മോസസ് താമസിച്ചിരുന്നത് കോഴിക്കോടാണെന്ന് പറയുന്ന മാ സ്വര്‍ണപ്പശുക്കിടാവിന്റെ കഥ വിശദമായി വിവരിക്കുന്നു. ചൈനീസ് വായനക്കാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരിക്കും കോഴിക്കോട്ടെ സാമൂതിരി രാജാവിനെ ബുദ്ധമതവിശ്വാസിയായി മാഹുവാന്‍ അവതരിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
കോഴിക്കോടിനെക്കുറിച്ചുളള അധ്യായം അദ്ദേഹത്തിന്റെ മറ്റ് അധ്യായങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നുവെങ്കിലും എല്ലാ പ്രദേശങ്ങളിലെയും വ്യത്യസ്ത ആചാരങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തായ്‌ലന്റില്‍ ചേലാകര്‍മം ചെയ്യുന്നതോടൊപ്പം ചെമ്പിന്റെ പൊളളയായ മുത്തുകള്‍ ഉള്ളില്‍വെക്കുന്ന ഒരു ആചാരത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നു. പിന്നീട് നടക്കുമ്പോള്‍ ചെമ്പുമണികള്‍ കിലുങ്ങുന്നത് മനോഹരമായാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജാവോ നാട്ടുമുഖ്യനോ പ്രമാണിയോ ഒക്കെയാണെങ്കില്‍ ചെമ്പിനു പകരം സ്വര്‍ണമാണ് ഉപയോഗിക്കുക എന്നും പ്രൊഫഷണലായി ഇത്തരം പണികള്‍ ചെയ്തുകൊടുക്കുന്ന വിഭാഗമുണ്ടായിരുന്നെന്നും മാ പറയുന്നു.
ചൈനക്കാരനായ മാക്ക് ട്രോപിക്കല്‍ മേഖലയിലെ പക്ഷികളും മൃഗങ്ങളും ചെടികളുമൊക്കെ അത്ഭുതമായിരുന്നു. കാലാവസ്ഥയെക്കുറിച്ചും ആവാസവ്യവസ്ഥകളെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നു. തേങ്ങയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും മറ്റു മരങ്ങളെക്കുറിച്ചും കോഴിക്കോട്ടെ കൃഷിയെ പറ്റിയുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. ദാരിദ്ര്യമില്ലാത്ത, എല്ലാവരും മതവിശ്വാസികളായ, നിയമം ലംഘിക്കുന്നവരില്ലാത്ത പ്രദേശമായാണ് അദ്ദേഹം മക്കയെ വിവരിക്കുന്നത്. കഅ്ബക്ക് ചുറ്റുമുള്ള വിവിധ വാതിലുകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
കൊളംബസിന്റെ കപ്പലുകളേക്കാള്‍ 5 മടങ്ങ് വലിപ്പമുണ്ടായിരുന്നു സെങ്ങ് ഹെയുടെ കപ്പലുകള്‍ക്ക്. ഓരോ കപ്പല്‍പടയിലും 60 ഓളം നിധിക്കപ്പലുകളും (Treasure) ഇരുനൂറ് ചെറിയ കപ്പലുകളും 25000 ആളുകളുമുണ്ടായിരുന്നു. സെങ്ങ് ഹെയുടെ കപ്പല്‍പട ആഫ്രിക്കന്‍ ഭൂഖണ്ഡം കടന്ന് പോര്‍ചുഗലിനെയും സ്‌പെയിനിനെയും ബ്രിട്ടനെയും മുഴുവന്‍ യൂറോപ്പിനെയും തകര്‍ത്തിരുന്നെങ്കില്‍, ലോകത്തിന്റെ ചരിത്രം തന്നെ വ്യത്യസ്തമായേനെ എന്ന് കരുതുന്നവരുണ്ട്.
അബ്ദുറസാഖ് സമര്‍ഖന്ദിയുടെ യാത്രകള്‍
ക്ലാസിക് പേര്‍ഷ്യന്‍ ഭാഷയുടെ മടിത്തട്ടിലായിരുന്ന കവിയായ അബ്ദുറസാഖ് അസ്സമര്‍ഖന്ദി അന്നത്തെ രാജക്കന്മാരുടെ സേവനത്തിലായതിനാല്‍ നയതന്ത്രാവശ്യങ്ങള്‍ക്കായി ഒരുപാട് യാത്രകള്‍ ചെയ്തിരുന്നു. കമാലുദ്ദീന്‍ അബ്ദുറസാഖ് ബ്‌നു ജലാലുദ്ദീന്‍ ഇസ്ഹാഖ് അസ്സമര്‍ഖന്ദിയുടെ യാത്രാവിവരണമായ 'മത്‌ലഉസ്സഅദയ്ന്‍ വ മജ്മഉല്‍ ബഹ്‌റൈന്‍'' (രണ്ട് ഭാഗ്യഗ്രഹങ്ങളുടെ - വ്യാഴം, ശുക്രന്‍ - ഉദയവും രണ്ടു കടലുകളുടെ സംഗമവും), 15-ാം നൂറ്റാണ്ടിലെ ചില ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന സ്‌ത്രോതസ്സാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശിച്ച രാജ്യങ്ങളിലെ ആചാരങ്ങളെക്കുറിച്ച് വിശദമായി തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പേര്‍ഷ്യന്‍ രാജാവിന്റെ പ്രതാപത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമാണ് പുസ്തകത്തില്‍ കൂടുതല്‍ പ്രതിപാദിക്കുന്നതെങ്കിലും, അദ്ദേഹത്തിന് സമ്പന്നമായ സഞ്ചാരാനുഭവങ്ങളുണ്ടെന്നതും വ്യക്തമാണ്.
1413 നവംബറില്‍ ഹീറത്തിലാണ് അദ്ദേഹം ജനിക്കുന്നത്. ഷാറൂഖ് രാജാവിന്റെ കൊട്ടാരം സേവകനായിരുന്ന പിതാവ് ഇസ്ഹാഖിനെപ്പോലെ അദ്ദേഹവും ആ പദവിയിലേക്കുയരുകയുണ്ടായി. 'ലോകത്തിന്റെ പരമാധികാരിയുടെ ആജ്ഞയനുസരിച്ച് ഈ ചരിത്രത്തിന്റെ രചയിതാവായ ഇസ്ഹാഖ് മകന്‍ അബ്ദുറസാഖ് സമുദ്രതീരത്തുള്ള ഹോര്‍മുസ് പ്രവിശ്യയിലേക്ക് പുറപ്പെട്ടു'' എന്ന് തുടങ്ങുന്ന പുസ്തകത്തിന്റെ ആദ്യ വാള്യങ്ങള്‍ രാജാക്കന്മാരുടെ വംശത്തെക്കുറിച്ചും യുദ്ധങ്ങളെക്കുറിച്ചും തേരോട്ടങ്ങളെക്കുറിച്ചുമാണ്. ദൂതനായി ഇന്ത്യയിലേക്ക് അയക്കപ്പെട്ടതിനുശേഷം നടത്തിയ യാത്രകളുടെ വിവരണത്തിനാണ് ചില പേജുകള്‍ നീക്കിവെച്ചത്.
അദ്ദേഹം ആദ്യമെത്തിയ തുറമുഖം ഹോര്‍മുസാണ്. ദാറുല്‍ അമന്‍ (ശാന്തിയുടെ ഗേഹം) എന്നാണ് അദ്ദേഹം ഹോര്‍മുസിനെ വിളിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നുംപോയുമിരുന്ന, കച്ചവടത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമായ ഹോര്‍മുസില്‍ ചൈന, ജാവ, ബംഗാള്‍, സിലോണ്‍, സിര്‍ബാദ്, തനയ്ര്‍, അബ്‌സീനിയ, സാന്‍സിബര്‍, ഗ്രാനഗര്‍, കുല്‍ബംഗ, ഗുജ്‌റാത്ത്, ഏദന്‍, ജിദ്ദ, ജാമ്പ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ചരക്കുകളെത്തിയിരുന്നു.
ഹോര്‍മുസിനെപ്പോലെ തീര്‍ ത്തും സുരക്ഷിത നഗരം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന കാലിക്കറ്റിനെ കുറിച്ച് പറയുമ്പോള്‍ അബ്ദുറസാഖ് ആവേശഭരിതനാവുന്നു. നഗരത്തിലെ ഹിന്ദു-മുസ്‌ലിം സൗഹൃദം അദ്ദേഹത്തെ ആശ്ചര്യഭരിതനാക്കി. ജുമുഅ നടന്നിരുന്ന കത്തീഡ്രല്‍ മസ്ജിദുകളവിടെയുണ്ടായിരുന്നു. ജുമുഅക്കിടയില്‍ അബ്ദുറസാഖിന്റെ ആഗമനത്തെക്കുറിച്ച് പറയണമെന്ന് രാജാവ് ഖാദിയോടും തന്നെക്കുറിച്ച് പേര്‍ഷ്യയില്‍ ചെന്നിട്ട് പറയണമെന്ന് അബ്ദുറസാഖിനോടും ആവശ്യപ്പെട്ടിരുന്നു.
കാലിക്കറ്റിലെ ആണുങ്ങള്‍ ധീരനാവികരാണെന്നും ചൈനയുടെ പുത്രന്മാര്‍ എന്നുവരെ അറിയപ്പെട്ടിരുന്നെന്നും അദ്ദേഹം പറയുന്നു. കടല്‍കൊള്ളക്കാര്‍ പോലും കോഴിക്കോടിന്റെ കപ്പലുകള്‍ കീഴടക്കിയിരുന്നില്ല. എല്ലാം സാധിക്കുമായിരുന്ന കോഴിക്കോട് പക്ഷേ, പശുവിനെ കൊല്ലാനോ മാംസം ഭക്ഷിക്കാനോ പാടില്ലായിരുന്നു. പശുവിനെ ബഹുമാനിച്ചിരുന്ന അക്കാലത്ത്, ചാണകപ്പൊടി നെറ്റിയില്‍ തേച്ചിരുന്നു.
കോഴിക്കോട്ടെ ജനങ്ങളുടെ അര്‍ധനഗ്നമായ വസ്ത്രധാരണരീതി മാത്രമാണ് അബ്ദുറസാഖിന് ഇഷ്ടപ്പെടാതിരുന്നത്. അതുപോലെ മറ്റൊരു അനിഷ്ടം തോന്നിയത് ഒരു സ്ത്രീക്ക് ഒരേ സമയം നിരവധി ഭര്‍ത്താക്കന്മാരുണ്ടാകാവുന്ന വിഭാഗത്തോടാണ്. സാമൂതിരി രാജാവും ആ വിഭാഗത്തില്‍ പെടുന്നു.
സുല്‍ത്താന്‍ ഖാകാനി സഊദിന്റെ ദൂതനെക്കുറിച്ച് ബീജാപൂര്‍ സുല്‍ത്താന്‍ സാമൂതിരിയോടന്വേഷിച്ചതിന് ശേഷമാണ് അദ്ദേഹം അബ്ദുറസാഖിനെ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് ബീജാപൂര്‍ എന്ന ഗംഭീര രാജ്യത്തിലേക്ക് അദ്ദേഹം എത്തുന്നത്. കോഴിക്കോട്ടുനിന്ന് തുടങ്ങിയത് മുതല്‍ നഗരങ്ങള്‍, സ്തൂപങ്ങള്‍, കെട്ടിടങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, കൃഷി, മൃഗങ്ങള്‍, സുന്ദരിയായ സ്ത്രീകള്‍, പാട്ട്, നൃത്തം, അമ്പലം, ആചാരങ്ങള്‍, സൈനികര്‍, രാഷ്ട്രീയകാര്യങ്ങള്‍ എന്നിവയൊക്കെ വിശദമായി അദ്ദേഹം വിവരിക്കുന്നു. ഖലീലയും ദിംനയും എന്ന, പേര്‍ഷ്യന്‍ ഭാഷയിലെ പകരം വെക്കാനാവാത്ത പുസ്തകം ഈ രാജ്യത്തെ ബുദ്ധിമാന്മാരുടെ സംഭാവനയാണെന്ന് അദ്ദേഹം അനുമാനിക്കുന്നു. 12000-ത്തോളം പോലീസുകാരുള്ള രാജ്യത്ത്, വേശ്യാലയങ്ങളില്‍ (ദേവദാസി സമ്പ്രദായം) നിന്നുള്ള റവന്യൂ ശേഖരിച്ചാണ് ശമ്പളം കൊടുത്തിരുന്നത്. വൈനിന്റേതുപോലെ ലഹരിയുള്ള, വിശപ്പ് ശമിപ്പിക്കുന്ന, ദഹനാവയങ്ങളെ ഉത്തേജിപ്പിക്കുന്ന, ശ്വാസത്തെ ശുദ്ധീകരിക്കുന്ന, പല്ലുകളെ കരുത്തുറ്റതാക്കുന്ന വിവരണാതീതമായ അനുഭൂതി പകരുന്ന ഒന്നായാണ് വെറ്റിലയെക്കുറിച്ച് വിവരിക്കുന്നത്.
സുല്‍ത്താന്റെ ദൂതനല്ലെന്ന ചില അസൂയക്കാരുടെ കിംവദന്തി കാരണം കുറച്ച് കാലം അദ്ദേഹത്തിന്റെ ജീവിതം കഷ്ടത്തിലായിരുന്നു. ആരോപണമുക്തനായശേഷം ഒരുപാട് അനുഭവങ്ങളോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിന്റെ അധീശഭാവവും വംശ-വര്‍ഗ ഉല്‍കണ്ഠകളുമൊഴിച്ചുനിര്‍ത്തിയാല്‍ ഭാഷയിലും ശൈലിയിലും മികച്ചുനില്‍ക്കുന്ന ഗ്രന്ഥമാണത്. യാത്രാവിവരണത്തില്‍ തന്നെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ മനോഹരമായ കവിതപോലെയാണ് എഴുതിയിരിക്കുന്നത്. കടലിലെ ദുരിതങ്ങളെക്കുറിച്ച് പറയുന്നഭാഗത്ത് അത് അതിന്റെ ഉത്തുംഗതയിലെത്തുന്നുമുണ്ട്.