സ്വപ്‌നങ്ങള്‍ കാണുക എന്നത് മനുഷ്യന്റെ മാത്രം സ്വഭാവമാണ്. സ്വപ്‌നം കാണുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍ കൂടിയാണ് മനുഷ്യര്‍. നാളെയെക്കുറിച്ച പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഇന്നില്‍ ജീവിക്കാന്‍ കഴിയാതെ പോവുന്നവര്‍. യഥാര്‍ഥത്തില്‍ നാം ജീവിക്കുന്നത് ഇന്നലെയിലോ നാളെയിലോ അല്ല
ജീവിതകല
സ്വപ്‌നങ്ങള്‍ കാണുക എന്നത് മനുഷ്യന്റെ മാത്രം സ്വഭാവമാണ്. സ്വപ്‌നം കാണുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍ കൂടിയാണ് മനുഷ്യര്‍. നാളെയെക്കുറിച്ച പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഇന്നില്‍ ജീവിക്കാന്‍ കഴിയാതെ പോവുന്നവര്‍. യഥാര്‍ഥത്തില്‍ നാം ജീവിക്കുന്നത് ഇന്നലെയിലോ നാളെയിലോ അല്ല ഇന്നിലാണ്. പണ്ട് ഒരു കടക്കാരന്‍ തന്റെ കടയില്‍ എഴുതിവെച്ചിരുന്നു, ''ഇന്ന് റൊക്കം നാളെ കടം''. ആ കടക്കാരന് ആര്‍ക്കും ഒരിക്കലും കടം കൊടുക്കേണ്ടിവരില്ല. കാരണം ആരും നാളെയില്‍ ഇടപാട് നടത്തുന്നില്ലല്ലോ? എല്ലാ ക്രയവിക്രയങ്ങളും എല്ലാവരും നടത്തുന്നത് ഇന്നില്‍ മാത്രമാണ്. കടം ലഭിക്കുന്ന നാളെ ഒരിക്കലും കരഗതമാവാത്ത ഒരു സങ്കല്‍പമാണ്. ഒരിക്കലും നിറവേറ്റേണ്ടതില്ലാത്ത വാഗ്ദാനമാണ്. നമ്മള്‍ എല്ലാവരും നല്ലവരാവണമെന്നാഗ്രഹിക്കുന്നവരാണ്. പക്ഷെ, നന്നാവലിനെ നമ്മള്‍ എപ്പോഴും നാളെയിലേക്ക് നീട്ടിവെക്കുകയാണ് ചെയ്യുക. കുട്ടി കണക്കുകൂട്ടുന്നത് പ്രായപൂര്‍ത്തിയായിട്ട് നന്നാവാം എന്നാണ്. പ്രായപൂര്‍ത്തിയായവര്‍ കരുതുന്നത് വിവാഹിതരായിട്ട് നന്നാവാം എന്നും വിവാഹിതര്‍ വിചാരിക്കുന്നത് കുറച്ചുകൂടി പ്രായമായിട്ട് നന്നാവാം എന്നായിരിക്കും. വീടൊക്കെ വെച്ചിട്ട് വേണം നന്നാവാന്‍. ഇനി റിട്ടയര്‍ ചെയ്തിട്ട് നന്നാവാണം. ഇങ്ങനെ മാറ്റി നിശ്ചയിച്ചുകൊണ്ടേയിരിക്കുന്ന ഡെഡ്‌ലൈനുകളുള്ള ആത്മവഞ്ചനയാണ് നമുക്ക് നന്നാവല്‍. ഹജ്ജിനുപോയിട്ടുവേണം ഒന്നു നന്നാവാന്‍ എന്നു കരുതുന്നവര്‍ നമുക്കിടയില്‍ എത്രയോ ഉണ്ട്. ഇപ്പോള്‍ നന്നാവാന്‍ നമ്മളാരും തീരുമാനിച്ചിട്ടില്ല എന്നതാണിതിന്റെ അര്‍ഥം. ഇന്ന് നന്നാവാന്‍ തീരുമാനിക്കുന്നവര്‍ക്ക് മാത്രമേ നന്നാവാന്‍ കഴിയുകയുള്ളൂ. കാരണം, ഇന്നില്‍ മാത്രമേ ഒരാള്‍ നന്നാവുകയോ ചീത്തയാവുകയോ ചെയ്യുന്നുള്ളൂ. ഇന്നാണ് യാഥാര്‍ഥ്യം. നാളെ സങ്കല്‍പം മാത്രമാണ്. നാം സങ്കല്‍പത്തില്‍ നന്നാവുകയില്ല. യാഥാര്‍ഥ്യത്തില്‍ ചീത്തയാവുകയുമാണ് ചെയ്യുന്നത്. ഇന്ന് എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സാധ്യത. നാളെ അലസന്റെ പണിയാത്ത പാര്‍പിടമാണ്. ഇന്ന് അധ്വാനിക്കുന്നവന്റെ കൃഷിയിടമാണ്. ഖുര്‍ആന്‍ നാളെ എന്നു വിളിക്കുന്നത് പരലോകത്തിനാണ്. ഇഹലോകം വിശ്വാസിയെ സംബന്ധിച്ചെടത്തോളം പലതരം അധ്വാനങ്ങള്‍കൊണ്ട് നിറം നല്‍കപ്പെട്ട ഇന്നുകളുടെ സമാഹാരമാണ്. നമുക്ക് എത്ര നനുത്ത സ്വപ്‌നങ്ങളും കാണാം; കാണണം. പക്ഷെ, ഏതു സ്വപ്‌നവും സാക്ഷാല്‍കരിക്കേണ്ടത് ഇന്നിന്റെ പരുപരുത്ത യാഥാര്‍ഥ്യത്തിലാണ്.
നാം നന്നാവാതെ പോവുന്നതിന്റെ മറ്റൊരു കാരണം, നന്നാവലിനെക്കുറിച്ച് നമുക്കുള്ളത് അതി മഹത്തായ സ്വപ്‌നങ്ങളാണ് എന്നതാണ്. അതുകൊണ്ടുതന്നെ ചെറിയ ചെറിയ കാര്യങ്ങളെ, ചെറിയ ചെറിയ നന്മകളെ നാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരുപാട് ചെറുതുകള്‍ കൂട്ടിവെച്ചാണ് വലതുണ്ടാവുന്നത് എന്ന ലളിത സത്യം നാം മറന്നുപോവാറാണ് പതിവ്. നാളെ ചെയ്യാന്‍ പോകുന്ന ഗംഭീര നന്മകളെ കുറിച്ച സ്വപ്‌നങ്ങള്‍ക്കിടയില്‍ ഇന്ന് ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ നന്മകളെ നാം വേണ്ടത്ര ഗൗനിക്കാറില്ല. ബദര്‍യുദ്ധമുണ്ടായിരുന്നെങ്കില്‍ പോയി രക്തസാക്ഷിയാകാമായിരുന്നു, ബൈറുഹ തോട്ടമുണ്ടായിരുന്നെങ്കില്‍ ദാനം ചെയ്യാമായിരുന്നു, എന്ന മട്ടാണ് നമുക്കെപ്പോഴും. രക്ത സാക്ഷിയായില്ലെങ്കിലും. ജീവിതത്തില്‍ സത്യത്തിന്റെ ചെറിയ ചെറിയ സാക്ഷ്യങ്ങള്‍ നമുക്കും നിര്‍വഹിക്കാനാവും. ബൈറുഹ തോട്ടം കൊടുത്തില്ലെങ്കിലും 10 ഉറുപ്പികയും 100 ഉറുപ്പികയും 1000 ഉറുപ്പികയും അതിന്റെ അടുത്ത വലുതുകളും നമുക്കൊക്കെ കൊടുക്കാനാവും. ഈ ചെറിയവ ചേര്‍ന്നാണ് നമ്മുടെ വലിയ സംഭാവനകള്‍ ഉണ്ടാവുന്നത്. വലിയ സാമൂഹ്യ വിപ്ലവങ്ങളില്‍ പ്രതീക്ഷകള്‍ അര്‍പിക്കുന്നവര്‍ പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളെ ചെറുതായി കാണാറുണ്ട്. മഹത്തായ സാമൂഹ്യപരിവര്‍ത്തന ശ്രമങ്ങള്‍ക്കിടയില്‍ ഇതൊക്കെ നിസ്സാരമാണെന്ന് ഗണിക്കാറുണ്ട്. ഐഹികമായി ആലോചിച്ചാലും ഈ നിസ്സാരങ്ങളുടെ സാധ്യത വളരെ വലുതാണ്. ചെറിയ കാര്യങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയുന്നവര്‍ക്കേ ജീവിതത്തെ നന്മ നിറഞ്ഞതാക്കിത്തീര്‍ക്കാന്‍ കഴിയൂ. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്, അബൂദര്‍റ് (റ) പറഞ്ഞു: ''നബി (സ) എന്നെ ഇപ്രകാരം ഉപദേശിച്ചിട്ടുണ്ട്, യാതൊരു നന്മയെയും നീ നിസ്സാരമാക്കിക്കളയരുത്. നിന്റെ സഹോദരനെ പ്രസന്നവദനനായി കാണുന്നതു പോലും'' (മുസ്‌ലിം). പുഞ്ചിരി പുണ്യമാണ്. അത് മഹത്തായ ഒരു ദാനമാണ്. വലിയ സംഖ്യകള്‍ ദാനം ചെയ്യുന്നതിന്റെ മഹത്വമറിയുന്നവരും ചിലപ്പോള്‍ പുഞ്ചിരി എന്ന ദാനത്തിന്റെ മഹത്വമറിയാതെ പോവാറുണ്ട്. ഒരു മനുഷ്യനില്‍ ന്യായമായ (ഹലാലായ) വഴിയിലൂടെ സന്തോഷമുണ്ടാക്കാന്‍ കഴിയുന്ന എല്ലാം ദാനമാണ്. അത് സാമ്പത്തിക സഹായാമാവാം, ശരീരം കൊണ്ടുള്ള സേവനമാവാം, മാര്‍ഗദര്‍ശനമാവാം, അഭിനന്ദനമാവാം, ക്ഷേമാന്വേഷണമാവാം. നമ്മുടെ സാമ്പത്തിക സഹായം പോലും ഓരാളെ മാനസികമായി സന്തോഷിപ്പിക്കുന്നില്ലെങ്കില്‍, മാനസിക പീഡനത്തിനാണ് കാരണമാവുന്നതെങ്കില്‍ അത് നിഷ്ഫലമാക്കപ്പെട്ട ദാനമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത് (അല്‍-ബഖറ: 264). ഒരാളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കുക, അതിനു കഴിയില്ലെങ്കില്‍ നല്ലവാക്കു പറയുക, സഹായിച്ചാലും വാക്കുകൊണ്ട് ഉപദ്രവിക്കാതിരിക്കുക.
കാരണം, വാക്കുകൊണ്ടുള്ള ഉപദ്രവം എന്തിനാണോ നിങ്ങളയാളെ സഹായിച്ചത് ആ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കുന്നതാണ്. ആളുകള്‍ക്ക് സന്തുഷ്ടിപ്രദാനം ചെയ്യുക എന്നതാണ് ഏതൊരു ദാനത്തിന്റെയും ലക്ഷ്യം.
ചെറിയ നന്മകളെ സ്വരുക്കൂട്ടിയാണ് വലിയ നന്മകളുടെ ശേഖരണങ്ങളുണ്ടാക്കാന്‍ കഴിയുക. പ്രവാചകശിഷ്യന്മാര്‍ ആളുകളോട് സലാം പറയാന്‍ വേണ്ടിമാത്രം വൈകുന്നേരം അങ്ങാടിയില്‍ ഇറങ്ങാറുണ്ടായിരുന്നു. കുറേ പേരെ കണ്ട് അവരോട് സലാം പറഞ്ഞ് ആ പുണ്യങ്ങള്‍ കരസ്ഥമാക്കി തിരിച്ചുപോരും. ഉമ്മ എന്നോട് എന്തു ചെയ്തു എന്നതല്ല എനിക്ക് പുണ്യം നേടാനുള്ള കലവറയാണ് ഉമ്മ എന്നതാണ് സത്യവിശ്വാസത്തിന്റെ മനസ്സ്. ബന്ധു എന്നാല്‍ പുണ്യത്തിന്റെ ഒരു സാധ്യതയാണ്. പുണ്യത്തിന്റെ ഒരു വാതിലാണ്. അവര്‍ അടച്ചുകളഞ്ഞാലും നാം അത് തുറക്കാനാണ് ശ്രമിക്കേണ്ടത്. കാരണം, നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ പുണ്യത്തിനുള്ള വാതിലാണത്. പുണ്യത്തിന്റെ കാര്യത്തില്‍ നമുക്ക് സ്വാര്‍ഥരാവാം. അവര്‍ നമ്മിലൂടെ പുണ്യം നേടുകയോ നേടാതിരിക്കുകയോ ചെയ്യട്ടെ; നമുക്കവരിലൂടെ പുണ്യം നേടാം.
തിരക്കിട്ട് പോകുന്നതിനിടയില്‍ വഴിചോദിച്ചാല്‍ ചിലപ്പോഴെങ്കിലും നമുക്ക് മുശിയും. നമ്പര്‍ ചോദിച്ച് ആരെങ്കിലും വിളിച്ചാല്‍, എസ്.എം.എസ്. അയച്ചാല്‍ ഇത് എന്നോട് വേണോ ചോദിക്കാന്‍ എന്ന് കരുതിക്കളയും. പുറത്ത് നാം പ്രഷുബ്ധരായി കത്തിപ്പടര്‍ന്നില്ലെങ്കിലും ഉള്ളില്‍ അസംതൃപ്തി കയ്ക്കുകയെങ്കിലും ചെയ്യും. മലബാറിലെ ഒരു നഗരത്തില്‍, ആ നഗരം നല്ല പരിചയമുള്ള സുഹൃത്തിനൊപ്പം രാത്രി കുറച്ച് വൈകി ബസുകാത്തുനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ബസുകാത്തുനില്‍ക്കുന്നതിനടുത്ത് ഒരു ചെറിയ പെട്ടിക്കടയുണ്ട്. രാത്രിയില്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്ന കടയാണത് എന്നുതോന്നുന്നു. സുഹൃത്ത് എന്നോട് പറഞ്ഞു. ''നീ കടക്കാരനോട് കോഴിക്കോട്ടേക്ക് ഇനി എപ്പോഴാണ് ബസ് എന്ന് ചോദിച്ചു നോക്ക്''. അതിലെന്തോ കുസൃതി ഉണ്ടെന്ന് സുഹൃത്തിന്റെ അപ്പോഴുള്ള ഭാവത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. സമയം പോകല്‍ കൂടി ഒരാവശ്യമായ നേരമായതുകൊണ്ട് ഞാന്‍ പോയി ചോദിച്ചതും കടക്കാരന്‍ രോഷത്തിന്റെ ടൈംബോംബായി പൊട്ടിത്തെറിച്ചതും ഒന്നിച്ചായിരുന്നു. യഥാര്‍ഥത്തില്‍ ആ കടക്കാരനെ സംബന്ധിച്ചെടത്തോളം അസമയത്തെ യാത്രക്കാര്‍ക്ക് ബസിന്റെ സമയം പറഞ്ഞുകൊടുത്ത് നേടിയെടുക്കാന്‍ കഴിയുന്ന പുണ്യത്തിന്റെ വലിയ സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഈ അന്വേഷണങ്ങള്‍ അപമാനമായോ അസ്വസ്ഥതയായോ ആണ് ആ കടക്കാരന്‍ കാണുന്നത്.
ചെറിയ കാര്യങ്ങള്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമായ അനുഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വളരെ പിന്നോക്കമായ ഒരു പ്രദേശത്തെ ശാക്തീകരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഒരു സംഘം സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്തകാര്യം വളരെ ചെറുതായിരുന്നു. അവിടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, പഠനനിലവാരമില്ലായ്മ എന്നിവ വളരെ അധികമായിരുന്നു. അവര്‍ ഒറ്റക്കാര്യം മാത്രം ചെയ്തു. കുട്ടികള്‍ വ്യാപകമായി വിരശല്യമുള്ളവരായിരുന്നു. അതിന് ഫലപ്രദമായ മരുന്ന് കൊടുക്കുക മാത്രം ചെയ്തു. കുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെട്ടപ്പോള്‍ അവര്‍ ക്ലാസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരായി മാറി. ഇത് അവരുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്തുകയും അത് തലമുറയെതന്നെ സര്‍വതോന്മുഖമായി ശാക്തീകരിക്കുകയും ചെയ്തു. അത് കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് നാടിന്റെ തന്നെ വലിയ വികസനത്തിന് വഴിവെച്ചു. നന്മയുടെ ചെറിയ ചെറിയ നാണയങ്ങള്‍ സ്വരുക്കൂട്ടി നമുക്ക് നന്മയുടെ വലിയ മൂലധനമുണ്ടാക്കാന്‍ ശ്രമിക്കാം.