അന്‍ജനിക്ക് രാധികയോട് കൗതുകം തോന്നി. നല്ല ഓമനത്തമുള്ള കുട്ടി. കല്ലുകൊത്തുകാരനായ അച്ഛനമ്മമാരോടൊപ്പം എവിടെനിന്നോ വന്നതാണവള്‍. അടുത്തൊരു കെട്ടിടനിര്‍മാണം നടക്കുന്നു. അച്ഛനമ്മമാര്‍ വെയിലും പൊടിയും കൂസാതെ അധ്വാനിക്കുമ്പോള്‍ അഞ്ചുവയസ്സുകാരി രാധിക അങ്ങുമിങ്ങുമായി ഓടിക്കളിക്കും.
അന്‍ജനിക്ക് രാധികയോട് കൗതുകം തോന്നി. നല്ല ഓമനത്തമുള്ള കുട്ടി. കല്ലുകൊത്തുകാരനായ അച്ഛനമ്മമാരോടൊപ്പം എവിടെനിന്നോ വന്നതാണവള്‍. അടുത്തൊരു കെട്ടിടനിര്‍മാണം നടക്കുന്നു. അച്ഛനമ്മമാര്‍ വെയിലും പൊടിയും കൂസാതെ അധ്വാനിക്കുമ്പോള്‍ അഞ്ചുവയസ്സുകാരി രാധിക അങ്ങുമിങ്ങുമായി ഓടിക്കളിക്കും. അച്ഛനമ്മമാരെ അനുകരിച്ച് തലയില്‍ ചുമടെടുത്ത് രസിക്കും.
അന്‍ജനിയമ്മ അവരോട് പറഞ്ഞു: ''ഇവളെ ഞാനെടുക്കാം. എന്റെ വീട്ടില്‍ നിന്നോട്ടെ.''
അച്ഛനമ്മമാര്‍ സമ്മതിച്ചു. അല്ലെങ്കിലും അതല്ലേ വഴിയുള്ളൂ? മരണം വരെ അടുത്ത നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നതിനിടയില്‍ മക്കളെ പോറ്റുക എന്നത് വലിയ ഭാരമാണവര്‍ക്ക്. പാവങ്ങള്‍ മാത്രമല്ല അവര്‍. മാല എന്ന അയിത്ത ജാതിക്കാരിയാണ്. ഒരിക്കലും രക്ഷപ്പെടാനാവാത്ത പട്ടികജാതിക്കുഴിയിലാണ് തങ്ങള്‍. മക്കളും അങ്ങനെയേ ആവൂ. അന്‍ജനിയമ്മയാണെങ്കില്‍ അയിത്തക്കാര്‍ക്കു മേലുള്ള വദര എന്ന പിന്നാക്കജാതികുടുംബത്തിലുള്ളവര്‍. ആ കുടുംബത്തിലാകുമ്പോള്‍ മകള്‍ക്ക് സുഖമായിരിക്കും. രാധിക അഞ്ചാം വയസ്സില്‍ സ്വന്തം അച്ഛനമ്മമാരോട് എന്നെന്നേക്കുമായി പിരിഞ്ഞു.
രാധിക അവിടെ വളര്‍ന്നു. വീട്ടിലെ കുട്ടിയായിട്ടല്ല, പണിക്കാരിയായിട്ട്. അതുപോലും മേല്‍ജാതിക്കാരിയുടെ ഔദാര്യം. അന്‍ജനിയമ്മയുടെ പേരക്കുട്ടികള്‍ പുത്തനുടുപ്പിടുമ്പോള്‍ രാധിക അവരുടെ പഴയകീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ആഹ്ലാദത്തോടെ എടുത്തണിയും. അവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവള്‍ വീട്ടിലെ പണികള്‍ ചെയ്യും.
അന്‍ജനിയമ്മ സ്‌നേഹമുള്ളവളായിരുന്നു. എന്തുചെയ്യാം! ജാതിഭേദം അത്ര കഠിനമാണല്ലോ. വദര ജാതിക്കാര്‍ക്ക് മാലജാതിയില്‍പെട്ടവരോട് (അവര്‍ കുട്ടികളായാലും) കാണിക്കാവുന്ന വാത്സല്യത്തിന് പരിധിയുണ്ട്. ഇനി, ദേഷ്യം വന്നാലോ? അപ്പോള്‍ അന്‍ജനിയമ്മ നാക്ക് കൂര്‍പ്പിച്ച് പറയുന്ന തെറികള്‍ മുതിര്‍ന്നവര്‍ക്കുപോലും താങ്ങാനാവാത്തതായിരുന്നു. അന്‍ജനിയുടെ അമ്മയാകട്ടെ രാധികയെ തല്ലും, തൊഴിക്കും രാധിക അപ്പോഴെല്ലാം ഒറ്റക്കിരുന്ന് കരയും.
രാധിക അങ്ങനെ വളര്‍ന്നു. പതിനാലുവയസ്സുള്ളപ്പോള്‍ അവളെ കല്യാണം കഴിപ്പിച്ചയക്കാന്‍ അന്‍ജനിയമ്മ തീരുമാനിച്ചു. മണികുമാര്‍ എന്ന ചെറുപ്പക്കാരനായിരുന്നു വരന്‍. വദരജാതിക്കാരന്‍.
പിന്നാക്കജാതിക്കാരന്‍ അയിത്തജാതിക്കാരിയെ വേള്‍ക്കുകയോ? കല്യാണം എങ്ങനെയെങ്കിലും നടക്കട്ടെ എന്ന നല്ല മനസ്സോടെ അന്‍ജനിയമ്മ കളിച്ച കളിയായിരുന്നു അത്. രാധിക മിടുക്കിയാണ്. സുമുഖിയാണ്. എല്ലാ ജോലിയും ചെയ്യും. അവര്‍ മാലജാതിക്കാരിയാണെന്ന കാര്യം മാത്രം അന്‍ജനി മറച്ചുവെച്ചു. പകരം അവള്‍ വദര ജാതിക്കാരിയാണെന്ന് പറഞ്ഞു. അങ്ങനെയാണ് മണികുമാര്‍ അവളെ കല്യാണം കഴിച്ചത്. ആശുപത്രിയില്‍ കാവല്‍പണിക്കാരനാണ് മണി.
മണി പരുക്കനായിരുന്നു. അയാള്‍ രാധികയെ എപ്പോഴും ശകാരിക്കും. അഞ്ചുവര്‍ഷം അവരങ്ങനെ കഴിഞ്ഞു. അവര്‍ക്ക് മൂന്നുമക്കള്‍ പിറന്നു. ഒരു പെണ്ണും രണ്ട് ആണും.
അപ്പോഴാണ് ഇടിത്തീപോലെ മറ്റൊരാഘാതം. മണി ഒരു നാള്‍ വീട്ടില്‍ വന്നത് കോപം കൊണ്ട് വിറച്ചാണ്. രാധികയുടെ മുടി കുത്തിപ്പിടിച്ച് അയാള്‍ അലറി: ''പോ, ഇവിടുന്ന്, നുണച്ചി! നീ മാലയാണ്, അല്ലേ?''
അവള്‍ മാലജാതിക്കാരിയാണെന്ന് അയാള്‍ അറിഞ്ഞിരിക്കുന്നു. പിന്നീടുള്ള മാസങ്ങള്‍ മര്‍ദനങ്ങളുടേതും പീഢനങ്ങളുടേതുമായിരുന്നു.
രാധിക കെഞ്ചിപ്പറഞ്ഞു, ''ഞാനല്ല മറച്ചുവെച്ചത്. അമ്മയാണ്.'' (അന്‍ജനിയെ അമ്മ എന്നാണവള്‍ വിളിക്കുക.)
പക്ഷെ, മണി കലിതുള്ളിത്തന്നെ നിന്നു. മൂന്നുമക്കളെയും ഭാര്യയെയും അയാള്‍ ഒഴിവാക്കി. കാരണം, വദരജാതിക്കാരന് മാലജാതിയില്‍പെട്ട ഭാര്യയെയും അവളുടെ മക്കളെയും ഒരുനിലക്കും സ്വന്തമെന്ന് കാണാന്‍ ആവില്ലായിരുന്നു.
1990-ലായിരുന്നു മണി അവരെ ഉപേക്ഷിച്ചുപോയത്. രാധികക്ക് പ്രായം 20 കഴിഞ്ഞിട്ടേയുള്ളൂ. മൂന്നു മക്കളെയും കൊണ്ടവര്‍ വീട്ടുവിട്ടിറങ്ങി. അവളെപ്പോലുള്ള ദലിത് ജാതിക്കാര്‍ പാര്‍ക്കുന്ന ചേരിയിലേക്ക് മാറി.
പിന്നീടുള്ള ജീവിതം ഒരു സമരം തന്നെയാ യിരുന്നു. നന്നേ ചെറുപ്പത്തില്‍ ഒറ്റപ്പെട്ട്, നിന്ദിക്കപ്പെട്ട്, മൂന്നുകുട്ടികളെ വളര്‍ത്താന്‍ വിധിക്കപ്പെട്ടിട്ടും രാധിക തളര്‍ന്നില്ല. ഒറ്റക്ക് തന്നെ അവളവരെ വളര്‍ത്തി. അതിനുവേണ്ടി കൂലിപ്പണിചെയ്തു. മാലജാതിക്കാരുടെ മക്കള്‍ തൊട്ടുകൂടാത്ത വരായിത്തന്നെ വളര്‍ന്നു.
സ്‌കൂളില്‍ പോകാന്‍ ഭാഗ്യം കിട്ടാത്ത രാധിക, കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുക എന്ന സാഹസത്തിനു മുതിര്‍ന്നു. ചേര്‍ക്കുമ്പോള്‍ രജിസ്റ്ററുകളില്‍ കുട്ടികളുടെ ജാതി, അച്ഛന്റെ ജാതിയായിരിക്കും എന്നതാണ് വഴക്കം. അങ്ങനെ കുട്ടികള്‍ രേഖകളില്‍ വദരയായി. എന്നാല്‍ സമൂഹത്തില്‍ ദലിതരും. സ്‌കൂളില്‍ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങളുമില്ല. പുറത്ത് വദരക്കാര്‍ക്ക് കിട്ടുന്ന സ്വീകാര്യതയുമില്ല.
പക്ഷേ, രാധികയും മക്കളും സാഹചര്യങ്ങളോട് പൊരുതിത്തന്നെ നിന്നു. പഠനത്തോടൊപ്പം കുട്ടികള്‍ കൂലിപ്പണിയും പതിവാക്കി.
ഇടക്ക് സ്‌കൂള്‍ ചെലവിന് പണം തികയാതാകും. കുട്ടികള്‍ കൂടുതല്‍ അധ്വാനിക്കാന്‍ മുതിരും. അപ്പോള്‍ രാധിക മക്കളോടുപറയും അമ്മൂമ്മയോടു ചോദിക്കാം.
അമ്മൂമ്മ എന്ന് അവര്‍ വിളിക്കുന്ന അന്‍ജനിയമ്മ വല്ലപ്പോഴും അവരെ സഹായിക്കും. പക്ഷേ, അതിന് ഇരട്ടി പണി രാധികയെക്കൊണ്ട് അവരുടെ വീട്ടില്‍ ചെയ്യിക്കും. ഒപ്പം രണ്ട് ആണ്‍മക്കളെക്കൊണ്ടും ചെയ്യിക്കും.
അങ്ങനെ, സ്‌കൂളില്‍നിന്ന് അല്‍പവും ജീവിതത്തില്‍ നിന്ന് ഏറെയും പഠിച്ച് ആ മൂന്നുമക്കള്‍ വളര്‍ന്നു. വരുമാനം കൂട്ടാന്‍ വേണ്ടി രാധിക തുന്നല്‍ പഠിച്ചു. ഒരു തുന്നല്‍ യന്ത്രം എങ്ങനെയോ വാങ്ങി. പിന്നെ ഒരു തുന്നല്‍ക്കടയില്‍ തൊഴിലാളിയായി.
അവര്‍ ഓരോരുത്തരായി കോളെജില്‍ ചേരുന്നത് കണ്ട് രാധിക ആശ്വസിച്ചു. ഒഴിവുസമയങ്ങളിലെല്ലാം മക്കള്‍ നിര്‍മാണത്തൊഴിലുകളില്‍ ഏര്‍പെടും. അമ്മ അമ്മൂമ്മയുടെ സഹായം ചോദിച്ചുചെന്ന് കഷ്ടപ്പെടരുതെന്ന് അവര്‍ക്ക് വാശിയുണ്ടായിരുന്നു.
കോളെജില്‍ അവര്‍ ദലിതരെന്ന ഉച്ചനീചത്വം നേരിട്ടനുഭവിച്ചു. ക്ലാസ്മുറിയും ഹോസ്റ്റല്‍ മുറിയുമൊക്കെ അടിച്ചുവൃത്തിയാക്കല്‍ അയിത്തജാതിക്കാരുടെ ജോലിയായിരുന്നു. മേല്‍ ജാതിക്കാരോടാരും അതു ചെയ്യാന്‍ പറഞ്ഞിരുന്നില്ല.
മക്കളില്‍ രണ്ടാമന്‍ 2010-ല്‍ ബിരുദം നേടി. ഇനിയും പഠിക്കണമെന്ന് ആ മിടുക്കന് മോഹം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് അവര്‍ അപേക്ഷ അയച്ചു. സംവരണ സീറ്റല്ല, ജനറല്‍ സീറ്റുതന്നെ. എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം റാങ്ക് നേടി അവന്‍ കൂളായി പ്രവേശനം നേടി (അനുജന്‍ പിന്നീട് അഡ്മിഷന്‍ നേടിയത് 11-ാം റാങ്കുമായിട്ട്). മക്കള്‍ പഠിച്ചുയരുന്നതു കണ്ട രാധികയും അടങ്ങിയിരുന്നില്ല. അവര്‍ ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റിയുടെ ബി.എക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു!
എല്ലാം, 40 ദലിത് കുടുംബാംഗങ്ങള്‍ അങ്ങേയറ്റ ത്തെ ദുരിതത്തില്‍ കഴിയുന്ന പ്രകാശ്‌നഗറിലെ കോളനിയില്‍ താമസിച്ചുകൊണ്ട്.
പഠനത്തില്‍ മിടുക്കരായ രണ്ട് മക്കള്‍ ഫെലോഷിപ്പ് നേടിയതോടെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം വളരെ കുറഞ്ഞു. എം.എസ്.സിക്കാരന്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (പ്രതിമാസം 25000 രൂപ) നേടി, ശാസ്ത്രഗവേഷണത്തിന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
അതിനിടെ സര്‍വകലാശാലാ കാമ്പസു കളില്‍ കീഴാളരുടെ സ്വത്വബോധം ശക്തിപ്പെ ടുന്നുണ്ടായിരുന്നു. രാധികയുടെ മകന്‍ ഗവേഷണത്തോടൊപ്പം അംബേദ്കര്‍ വിദ്യാര്‍ ഥി പ്രസ്ഥാനത്തിന്റെ (എ.എസ്.എ) പ്രവര്‍ത്തന ങ്ങളിലും സജീവമായി. 2015 ആഗസ്റ്റ് 3-നും 4-നും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ഒരുപാട് ദലിത് വിദ്യാര്‍ഥികളുണ്ടായിരുന്നു. അവനടക്കം ഏതാനും ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ അതിന്റെ പേരില്‍ അധികൃതര്‍ നടപടിയെടുത്തു. ഫെല്ലോഷിപ്പ് അതോടെ മുടങ്ങി. സമരം ശക്തിപ്പെട്ടതോടെ, ഡിസംബറില്‍, അവരെ ഹോസ്റ്റലില്‍ നിന്നുകൂടി പുറത്താക്കി.
ഫെല്ലോഷിപ്പ് തുകയില്‍ നിന്ന് ഒരു ഭാഗം അമ്മ രാധികക്ക് നല്‍കിപ്പോന്ന മകന് ജീവിതം വീണ്ടും ഇടുങ്ങുന്നതായി തോന്നി. അവന്‍ വൈസ്ചാന്‍സലറടക്കമുള്ള അധികൃതരെ നീതിതേടി സമീപിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാരില്‍നിന്ന് അവനും മറ്റുമെതിരായ സമ്മര്‍ദങ്ങളും വരുന്നുണ്ടായിരുന്നു. സര്‍വകലാശാല ദലിതര്‍ക്കു പുറംതിരിഞ്ഞുനിന്നു.
ദലിതന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേ ണ്ടിവരുമ്പോള്‍ തന്നെ, അന്തസ്സോടെ ജീവിക്കാന്‍ പോലും അവസരം നഷ്ടപ്പെടുന്നതായി അവന് തോന്നിയിരിക്കണം.
2016 ജനുവരി 17-ന് അവന്‍ ഒരു സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍ കയറി തൂങ്ങിമരിച്ചു.
മരിക്കുന്നതിനു മുമ്പ് ഒരു ആത്മഹത്യാകുറിപ്പ് അവനെഴുതിയിരുന്നു. അതിലെ ചെറിയൊരു വാചകം രാജ്യത്തുടനീളം മുഴങ്ങി; ഇനിയും ഒരുപാട് കാലം അത് മുഴങ്ങിക്കൊണ്ടിരിക്കും.
മനസ്സാക്ഷിയുള്ള ആരുടെയും ഉളള് പൊള്ളിക്കാന്‍ പോന്ന മൂര്‍ച്ചയോടെ അവനെഴുതി. ''എന്റെ ജന്മമാണ് എന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.''
ആ വാചകത്തിലുണ്ട് അവനെ ആത്മഹത്യക്ക് നിര്‍ബന്ധിച്ച കാരണം. അതിലുണ്ട് ഇന്ത്യയുടെ അവസ്ഥ. അതിലുണ്ട്, അഞ്ചാം വയസ്സു മുതല്‍ ചൂഷണത്തിനും നിന്ദക്കും ഇരയായ ഒരു പാവം ദലിത് സ്ത്രീയുടെ വേദനകള്‍. അതില്‍ കാണാം, എല്ലാം അറിഞ്ഞിട്ടും നിസ്സഹായനായിപ്പോയ ഒരു ദലിത് ചെറുപ്പകാരനെ.
അവന്റെ പേര് രോഹിത് വെമുല.