റേഷന്‍കാര്‍ഡ് ഒരു ജീവിതശൈലീ രോഗമാണ്

കെ.വൈ.എ No image

ഴിഞ്ഞ രണ്ടുമാസങ്ങളില്‍ കേരളസംസ്ഥാനത്ത് അമിതരക്ത സമ്മര്‍ദ്ദവും മാനസിക അസ്വാസ്ഥ്യങ്ങളും സ്ത്രീകളില്‍ വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇതിനു കാരണം, നിങ്ങളിപ്പോള്‍ വിചാരിക്കുന്നതുപോലെ, റേഷന്‍ കാര്‍ഡും അതിനുവേണ്ടിയുള്ള നെട്ടോട്ടവുമല്ല.

കാരണം കാര്‍ഡുണ്ടാക്കല്‍ വളരെ എളുപ്പമായിട്ടുണ്ടിന്ന്.

പണ്ടൊക്കെ റേഷന്‍ കാര്‍ഡ് സംഘടിപ്പിക്കാന്‍ ഇതിനെക്കാളൊക്കെ ബുദ്ധിമുട്ടായിരുന്നു.

അന്ന് അപേക്ഷയെഴുതി റേഷന്‍ കടയില്‍ ഏല്‍പ്പിക്കണം. പിന്നെ, കാര്‍ഡ് എത്തിയെന്ന് കടക്കാരന്‍ അറിയിക്കുമ്പോള്‍ കടവരെ ചെന്ന് നേരിട്ട് വാങ്ങണം. ഇന്ന് ഓണ്‍ലൈന്‍ അപേക്ഷ, ഓണ്‍ലൈന്‍ പരിശോധന, ഓണ്‍ലൈന്‍ പുതുക്കല്‍, ചേര്‍ക്കല്‍... ഇരുന്നുകൊണ്ടു തന്നെ എല്ലാം ചെയ്യാം.

പണ്ട് അപേക്ഷ എഴുതിക്കൊടുക്കുകയെന്ന് പറഞ്ഞാല്‍, കൃത്യമായി ഒരുക്കിയ കള്ളികളില്‍ തെറ്റും ശരിയും കുറിക്കലല്ല. ആദ്യം എഴുതാനുള്ള കടലാസ് വാങ്ങണം. വെള്ളക്കടലാസിന്റെ ഒരുവശത്ത് മാത്രം നീട്ടിവലിച്ചെഴുതണം. അതിനു പേന വേണം. അതില്‍ മഷി നിറക്കണം. (ബോള്‍പെന്നില്ലാത്ത പ്രാചീന കാലത്തെപ്പറ്റിയാണ് പറയുന്നത്). പെന്നിന്റെ നിബ്ബ് (ഉവ്വ്! അങ്ങനെയൊന്നുണ്ടായിരുന്നു!) കൃത്യമായ കോണില്‍ പിടിച്ച് ഫ്രം, ടു എഴുതി എല്ലാം വിശദീകരിച്ചു കാണിക്കണം. മുകളില്‍ പറഞ്ഞതെല്ലാം എന്റെ ഉത്തമ ബോധ്യമനുസരിച്ച് സത്യമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നെഴുതി ഒപ്പിടണം.

എന്നിട്ട് ആ അപേക്ഷ ഒരു ലക്കോട്ടില്‍ ഇട്ട്, താലൂക്കാപ്പീസറുടെ വിലാസമെഴുതി ഇടത്തേ കൈയില്‍ പിടിക്കണം. വലത്തേ കൈയില്‍ നീണ്ട കാലന്‍കുട എടുത്ത് (അന്നും നായശല്യമുണ്ടായിരുന്നു) റേഷന്‍ കടവരെ നടക്കണം.

നടക്കുക എന്നു പറഞ്ഞാലോ? സ്‌കൂട്ടറില്ല, ബൈക്കില്ല, കാറില്ല, സൈക്കിളില്ല, ഓട്ടോറിക്ഷ പോലുമില്ല. രണ്ട് വൈദ്യുതിക്കാല്‍ അപ്പുറത്തുള്ള റേഷന്‍ കടവരെ നടക്കുകയേ പറ്റൂ.

അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒന്നു രണ്ടാഴ്ച കാത്തിരിക്കണം. കാര്‍ഡ് എത്തിയോ എന്ന് ആ വഴി പോകുന്നവരോട് അന്വേഷിച്ചുകൊണ്ടിരിക്കണം. എത്തിയാല്‍ ചെന്ന് കാര്‍ഡ് കൈപ്പറ്റി എന്ന് എഴുതി ഒപ്പിട്ടുകൊടുത്ത ശേഷം അത് കൈപ്പറ്റി വീട്ടിലേക്ക് തിരിച്ചു നടക്കണം.

ഓര്‍ക്കുമ്പോഴേ ക്ഷീണം തോന്നും, ഇല്ലേ? ഇന്ന് നോക്കൂ എല്ലാം എത്ര ലളിതം! ഫ്രം, ടു എഴുതേണ്ട. ലക്കോട്ടിലിടേണ്ട. അപേക്ഷയിലെ കള്ളികളില്‍ ശരിയും തെറ്റും ചേര്‍ക്കുക. ഒന്നു രണ്ട് ക്യാമ്പുകളില്‍ എത്തുക. രണ്ട് മൂന്നു തവണ ഓണ്‍ലൈന്‍ സഞ്ചാരം. തീര്‍ന്നു. കാര്‍ഡ് ശരിയായതുതന്നെ.

അപേക്ഷ എഴുതലല്ല, പൂരിപ്പിക്കലാണ്. അതിനിടക്ക് ചെറിയ സംശയങ്ങള്‍ മനസ്സില്‍ തോന്നി എന്നു വിചാരിക്കുക. അത്ഭുതം! അപേക്ഷക്കൊപ്പം നിങ്ങള്‍ക്കവര്‍ ഒരു സംശയനിവാരിണി തന്നിരിക്കുന്നു! ഒരു മാര്‍ഗനിര്‍ദേശ ലഘുലേഖ. നിങ്ങളുടെ സംശയങ്ങള്‍ (ഭര്‍ത്താവിനെ വെട്ടിയാല്‍ ബി.പി.എല്‍ ആയിക്കിട്ടുമോ, അമ്മായിയമ്മയെ ചേര്‍ക്കല്‍ നിര്‍ബന്ധമാണോ) എല്ലാം അവര്‍ മുന്‍കൂട്ടി കണ്ട് ഉത്തരം നല്‍കുന്നു. ഈ സംശയനിവാരിണി ലഘുലേഖ പൂര്‍ണമായും സൗജന്യമാണ് എന്നുകൂടി ഓര്‍ക്കുക. സംശയങ്ങള്‍ക്കെല്ലാം എത്ര ലളിതമായ പരിഹാരങ്ങള്‍!

അങ്ങനെ അപേക്ഷ പൂരിപ്പിക്കുന്നു. ഇനി?

ഇവിടെയാണ് ഇപ്പോഴത്തെ രീതി എത്ര എളുപ്പമെന്ന് ശരിക്കും അറിഞ്ഞുതുടങ്ങുന്നത്. അപേക്ഷ എടുക്കേണ്ട, ലക്കോട്ട് വേണ്ട, കുടയെടുത്ത് നടക്കേണ്ട. ശാന്തമായി ഇരിക്കുക. കാത്തിരിക്കുക.

പത്രം വീട്ടില്‍ വരുത്താറില്ലെങ്കില്‍ ഈ സമയത്ത് വരുത്തിത്തുടങ്ങാം. കാരണം നിങ്ങള്‍ പൂരിപ്പിച്ച അപേക്ഷ വാങ്ങാന്‍ താലൂക്കാപ്പീസ് നിങ്ങളുടെ അടുത്തേക്ക് വരും. എവിടെയാണ് 'ക്യാമ്പ്' എന്ന് പത്രത്തിലൂടെയാവും അറിയിക്കുക. എന്തെളുപ്പം, അല്ലേ?

പത്രപാരായണം ദിനചര്യയാക്കുക. അങ്ങനെ ഒരുനാള്‍ പത്രത്തില്‍, റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ ക്യാമ്പിന്റെ തീയതിയെപ്പറ്റി അറിയിപ്പ് വരും. തീയതി ആയാല്‍ നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങുക. വീട്ടിലെ പണിയെല്ലാം നേരത്തെ തീര്‍ക്കുക. ഒരു ഓട്ടോറിക്ഷ ഏര്‍പ്പാടാക്കുക. നടക്കേണ്ടതില്ല. കുട എടുക്കേണ്ട. പൂരിപ്പിച്ച അപേക്ഷയും ബാക്കിവെച്ച കുറെ സംശയങ്ങളുമായി ക്യാമ്പിലെത്തുക. പുലര്‍ച്ചെ മൂന്നുമണിക്കു തന്നെ എഴുന്നേറ്റ അഞ്ചാറുപേര്‍ വരിയില്‍ ഇടംപിടിച്ചിട്ടുണ്ടാകും. കാര്യമാക്കേണ്ട. ഓട്ടോറിക്ഷക്കാരനോട് കാത്തുനില്‍ക്കാന്‍ പറയുക.

തെറ്റൊന്നുമില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകളേ വാങ്ങൂ എന്ന് ക്യാമ്പ് അധികൃതര്‍ ഉണര്‍ത്തും. കരുതിവെച്ച സംശയങ്ങളൊക്കെ മനസ്സില്‍നിന്ന് വെട്ടിമാറ്റുക. തിരിച്ചറിയല്‍ രേഖകളും റെസിഡന്‍സി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അവര്‍ പരിശോധിക്കും. എല്ലാം ശരിയെങ്കില്‍ അപേക്ഷ വാങ്ങിവെക്കും. ശരിയാക്കേണ്ടതുണ്ടെങ്കില്‍ അടുത്ത ക്യാമ്പ് വരെക്കൂടി പത്രപാരായണം തുടരാന്‍ പറയും. ശരിയാക്കിയിട്ട് വന്നാല്‍മതി എന്നുണര്‍ത്തും.

അങ്ങനെ ഒടുവില്‍ സമ്പൂര്‍ണ അപേക്ഷ അവര്‍ വാങ്ങിവെക്കും. ഇനി?

ഇവിടെയാണ് നടപടിക്രമങ്ങളിലെ ലാളിത്യം വീണ്ടും നമുക്ക് ബോധ്യപ്പെടുക. നാം വെറുതെ അങ്കലാപ്പിലാകേണ്ട. കാത്തിരിക്കുക. പത്രം നോക്കിക്കൊണ്ടിരിക്കുക. ഒരുനാള്‍ അതില്‍ അറിയിപ്പ് വരും. ഫോട്ടോ എടുക്കേണ്ട സ്ഥലം, സമയം. അത്രയുമായാല്‍ പിന്നെ?

അതെ വീണ്ടും കാത്തിരിപ്പ്. പത്രം നോക്കല്‍.

പറയാന്‍ മറന്നു. ഇതിനെക്കാള്‍ ലളിതമാക്കാന്‍ സാധ്യമല്ല എന്നാവും നിങ്ങളിപ്പോള്‍ വിചാരിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ നിങ്ങളെക്കാള്‍ മിടുക്കരാണ്. അപേക്ഷ കൊടുക്കാന്‍ നിങ്ങള്‍ എവിടെയും പോകണമെന്നുമില്ല. ഓണ്‍ലൈന്‍ അപേക്ഷ മതി. അതിന് ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറണം. (വിസ പോലും ആവശ്യമില്ല) ഒറ്റക്ക് വയ്യെങ്കില്‍ സഹായം തേടാം - ഓഡിയന്‍സ് പോള്‍ (കുടുംബശ്രീ), ഫിഫ്റ്റി ഫിഫ്റ്റി (റേഷന്‍ കടക്കാരന്‍), ഫോണ്‍ എ ഫ്രന്‍ഡ് (അക്ഷയ) തുടങ്ങിയ വിവിധതരം ഹെല്‍പ്‌ലൈനുണ്ട്.

പക്ഷേ അപ്പോഴും ഫോട്ടോയെടുപ്പ് ക്യാമ്പുണ്ടാകും. താലൂക്ക് തലക്യാമ്പില്‍ നിന്നു രക്ഷപ്പെട്ട ഓണ്‍ലൈന്‍ വിരുതന്മാര്‍ അതിന് സപ്ലൈ ആഫീസില്‍ നേരിട്ടു ഹാജരാകണം. രണ്ടു ക്യൂകള്‍ക്ക് പകരം ഒന്ന് അനുഭവിച്ചാല്‍ മതി. അത്ര ലളിതം.

ഇനി വരുന്നു മറ്റൊരു തീയതി. പുതിയ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തുകിട്ടുന്ന വിവരങ്ങള്‍ പരിശോധിക്കാനുള്ളതാണിത്. അന്നും നേരത്തേ കുളിച്ചൊരുങ്ങണം. നന്നായി പ്രാര്‍ഥിക്കുന്നത് കൊള്ളാം.

കാരണമുണ്ട്. നടപടിക്രമങ്ങള്‍ അതിലളിതമാണെന്ന് നാം പറഞ്ഞുവല്ലോ. നമ്മള്‍ ലളിതമായി എഴുതിക്കൊടുത്ത വിവരങ്ങള്‍ വകുപ്പധികൃതര്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. വളരെ ഭാവനാ സമ്പന്നരാണ് നമ്മുടെ അധികൃതരും അവരുടെ കമ്പ്യൂട്ടറും. ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ ഫോട്ടോയും കുട്ടിക്ക് അപ്പൂപ്പന്റെ ജനനത്തീയതിയും പതിച്ചു നല്‍കുന്നത് ഈ ഘട്ടത്തിലാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതോടെ കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈന്‍ ആസ്ഥാനത്തുചെന്ന് വിവരങ്ങള്‍ പരിശോധിക്കാം.

അതിന് അക്ഷയയില്‍ സൗകര്യമുണ്ട്. സൈബര്‍ കഫേകളും സേവനസജ്ജം. നിങ്ങളുടെ കാര്‍ഡില്‍ അച്ചടിച്ചുവരാന്‍ പോകുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കുന്നത് ലളിതമായ പ്രക്രിയയാണ്. എങ്കിലും അതിനുവേണ്ടി മൗസ് ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് രണ്ടുഗ്ലാസ് ശുദ്ധവെള്ളം കരുതിവെക്കുക. സ്വന്തം വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ കണ്ട ചിലരില്‍ കടുത്ത തൊണ്ട വരള്‍ച്ച അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കാര്‍ഡ് പുതുക്കലിന്റെ ഈ ഘട്ടത്തിലാണത്രെ സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ അമിത രക്തസമ്മര്‍ദ്ദക്കേസുകള്‍ പെരുകുന്നത്. മാത്രമല്ല, കാര്‍ഡ് പരിശോധനക്കുശേഷം മേല്‍വിലാസമാറ്റത്തിനുള്ള അപേക്ഷകളും കുത്തനെ വര്‍ധിക്കുന്നു. കുതിരവട്ടം പി.ഒ എന്ന വിലാസത്തിലേക്കാണ് പുതിയ അപേക്ഷകള്‍.

ഇതിനുള്ള കാരണം വ്യക്തമല്ല. തന്റെ പേരിന്റെ സ്ഥാനത്ത് അയല്‍പക്കത്തെ അമ്മൂമ്മയുടെ പേര് ചേര്‍ത്തു കണ്ട നാല്‍പതുകാരിയും ഭര്‍ത്താവിന്റെ പേരിനൊപ്പം ബ്രാക്കറ്റില്‍ 'ലേറ്റ്' എന്ന് കണ്ട നവവധുവും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പാര്‍പ്പ് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള അമ്മിണിയമ്മ പറയുന്നത് താന്‍ മരിച്ചു കഴിഞ്ഞുവെന്നാണ്. കാര്‍ഡില്‍ അവരുടെ മകന്റെ വയസ്സ് 75-ഉം അവരുടേത് 25-മാണ്. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സര്‍ക്കാറിനും കമ്പ്യൂട്ടറിനും തെറ്റു പറ്റില്ലത്രെ.

ഇതെല്ലാം, പക്ഷേ, ലളിതമായി പരിഹരിക്കാവുന്നതേയുള്ളൂ. അക്ഷയയില്‍ ചെല്ലുക. അല്ലെങ്കില്‍ സൈബര്‍ കഫേയില്‍. എന്നിട്ട് അടുത്ത പരിശോധനക്കായി കാത്തിരിക്കുക. അതില്‍ നിങ്ങളുടെ പേരക്കുട്ടിക്ക് നിങ്ങളെക്കാള്‍ വയസ്സ് പതിച്ചു കിട്ടിയെങ്കില്‍ സന്തോഷിക്കുക. പുതിയ തലമുറയാണ് ന്യൂ ജെന്‍. വളരെ വേഗം വളരുന്ന ഇനം. കമ്പ്യൂട്ടര്‍ പറഞ്ഞതു തന്നെയാവും ശരി.

ഇത്രയൊക്കെയായിട്ടും നിങ്ങളുടെ രക്തസമ്മര്‍ദ്ദം പാകവും നിങ്ങളുടെ മേല്‍വിലാസം പഴയതുമാണെങ്കില്‍ മനസ്സിലാക്കുക, ഇത്ര അയത്‌ന ലളിതമാണ് കാര്‍ഡ് പുതുക്കല്‍.

ഇനിയും ചില്ലറ പിശകുകള്‍ ബാക്കിയുണ്ടാകാം. അതൊന്നും അവരുടെ തെറ്റല്ല. നിങ്ങളുടെതാണ്. സംശയമുണ്ടെങ്കില്‍ ''അപേക്ഷാ ഫോറ''ത്തിന്റെ പകര്‍പ്പെടുത്ത് നോക്കുക. അതില്‍ സര്‍ക്കാര്‍ കല്‍പന ഇങ്ങനെ വായിക്കാം:

''റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ വഴി നല്‍കുന്ന അപേക്ഷാഫോറത്തിന്റെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുന്ന പക്ഷം ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടി ഉള്‍പ്പെടെ സ്വീകരിക്കുന്നതായിരിക്കും.''

അപ്പോഴാണ് സംസ്ഥാനത്ത് ജയിലുകളില്‍ അസാധാരണമായ തിരക്കനുഭവപ്പെടുക. പേരക്കുട്ടിയുടെ പകുതി പ്രായമുള്ള ഗൃഹനാഥകളും 15 വയസ്സുകാരനെ കല്യാണം കഴിച്ച് ജീവിക്കുന്ന അമ്മൂമ്മയുമൊക്കെ മേല്‍വിലാസം ജയിലിലേക്കു മാറ്റാന്‍ അപേക്ഷ കൊടുക്കും.

ഇല്ല, അതിനുമുണ്ട് ലളിതമായ പരിഹാരം.

നിങ്ങള്‍ക്കിപ്പോള്‍ കിട്ടിയ റേഷന്‍ കാര്‍ഡ് ഭംഗിയായി പൊതിഞ്ഞ് പെട്ടിയില്‍ പൂട്ടി വെക്കുക. ആ പെട്ടി ഭദ്രമായി അലമാരയിലോ ബാങ്ക് ലോക്കറിലോ വെക്കുക.

എന്നിട്ട്, കാത്തിരിക്കുക.

അടുത്ത റേഷന്‍കാര്‍ഡ് പുതുക്കലിന് സമയമാകും വരെ സമാധാനമായി അങ്ങനെ കഴിയാം.

റേഷന്‍ കാര്‍ഡില്ലെങ്കിലും ജീവിക്കാന്‍ കഴിയും. മനസ്സമാധാനമില്ലാതായാല്‍ പറ്റില്ല.

കാര്‍ഡ് പുതുക്കല്‍ എത്ര ലളിതം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top