ഉപനിവേശനം

സി.എച്ച്. ഫരീദ No image

'സാറുമ്മോ'

നീട്ടിയുള്ള വിളികേട്ട് ജനലില്‍ കൂടി പാളിനോക്കി. സുബൈദയുടെ കൈയും പിടിച്ച് മൂന്നാല് ആണുങ്ങള്‍ പോക്കുവെയിലില്‍ മുഖം ചുളിച്ച് മുറ്റത്ത് നില്‍ക്കുന്നു. ഒരുവിധത്തിലും എഴുന്നേല്‍ക്കാന്‍ സമ്മതിക്കാത്ത നടുവേദന വകവെക്കാതെ വാതില്‍പ്പടിയിലെത്തുമ്പോഴേക്കും അവര്‍ പരാതി തുടങ്ങിക്കഴിഞ്ഞിരുന്നു.

''നിങ്ങളിതിനെ മേയാന്‍ വിട്ടിരിക്കുവാണോ? അങ്ങാടീലെ ഹൈദ്രോസിന്റെ പീടികയീന്ന് അരിവാരിത്തിന്നുകയായിരുന്നു.'' കള്ളിമുണ്ടുടുത്ത ചെറുപ്പക്കാരന് അവളെ കൈയോടെ പിടികൂടാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി.

''മദ്രസയില്‍ പോണ കുട്ട്യോള്‍ടെ കൈയീന്ന് കടലപ്പൊതിയും തട്ടിപ്പറി ച്ചൂത്രെ'- ബൈക്കു നന്നാക്കുന്ന ഷോപ്പിലെ പണിക്കാരന്‍. സുബൈദക്ക് അടി കിട്ടുന്നതു വരെ അവര്‍ പിരിഞ്ഞു പോവില്ലെന്ന് ഉറപ്പാണ്. അവര്‍ കളമൊരുക്കി അതിരുകെട്ടിയ കല്ലിന്റെ തിണ്ണമേല്‍ കയറിനിന്നു. കൈ കെട്ടിയും കാലു വിറപ്പിച്ചും തുണി ഒന്നുകൂടി മാടിക്കുത്തി മൂക്കും വലിച്ച് അവര്‍ കാത്തുന്നിന്നു. ഇരച്ചുകയറുന്ന കോപത്തോടെ മുറ്റത്തേക്ക് ചാടിയിറങ്ങി. എന്നും തല്ലാറുള്ള മുളന്തണ്ട് കൈയിലെടുത്തപ്പോഴേ അവള്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. കഴുത്തില്‍ കയറ് മുറുകിപ്പോയാല്‍ ആടുകള്‍ ചിലപ്പോള്‍ ഇങ്ങനെ ശബ്ദമുണ്ടാക്കാറുണ്ട്. ആ അപശബ്ദം അരിശം കൂട്ടുകയേ ഉള്ളൂ. ചുമരുകള്‍ക്ക് മുകളില്‍ അയല്‍ക്കാരുടെ തലകള്‍ ഒന്നൊന്നായി മുളച്ചുപൊന്താന്‍ തുടങ്ങിയപ്പോള്‍ കോന്ത്രമ്പല്ലു മുഴുവന്‍ കാണിച്ച് അട്ടഹസിക്കുന്ന അവളെയും വലിച്ച് അകത്തു കയറി വാതിലടച്ചു. മുറ്റത്തുനിന്ന് പിറുപിറുക്കലുകളുയര്‍ന്നു. ''നിങ്ങള്‍ക്കതിനെ പൂട്ടിയിട്ടൂടെ?... മനുഷ്യനെ മെനക്കെടുത്താന്‍'- ആരോ പറഞ്ഞു. നല്ലൊരു പൂരം പ്രതീക്ഷിച്ചു വന്നവര്‍ക്ക് ഒന്നും കാണാന്‍ കഴിയാതെ മടങ്ങുന്നതിലെ നിരാശ ആ ഒച്ചകളില്‍ പൊങ്ങിനിന്നു.

എന്നെത്തന്നെ നോക്കി നിലത്ത് കുന്തിച്ചിരിക്കുകയാണ് സുബൈദ. കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ അത് പ്രതീക്ഷിച്ച് നിന്നപോലെ അവള്‍ ഇളിച്ചു. എത്ര തല്ലിയിട്ടും ഒരു കാര്യവുമില്ല. നാളെയും ഇതൊക്കെത്തന്നെ ആവര്‍ത്തിക്കും. ഇന്ന് അങ്ങാടിയിലാണെങ്കില്‍ നാളെ ആരുടെയെങ്കിലും വീട്ടില്‍നിന്നോ അംഗനവാടിയില്‍നിന്നോ ആയിരിക്കും ആളുകള്‍ കൂട്ടിക്കൊണ്ടു വരുന്നത്. എങ്ങനെ നോക്കിയാലും ഉച്ചനേരത്തെ എന്റെ നേരിയ മയക്കം അവള്‍ ശരിക്കും മുതലെടുക്കും. ഭീഷണിയും തല്ലുമൊന്നും ഒരു ഗുണവും ചെയ്യില്ല.

അവളുടെ ഇടുങ്ങിയ കണ്ണുകളും പതിഞ്ഞമൂക്കും ചുരുണ്ട തലമുടിയും പഴയ ഓര്‍മകളിലേക്ക് മനസ്സിനെ നയിക്കും. കുറഞ്ഞ ദിവസങ്ങളിലെ ദാമ്പത്യത്തിന്റെ സമ്മാനമാണവള്‍. ജോലിയന്വേഷിച്ച് പോയ ആ മനുഷ്യന്‍ പിന്നീട് മടങ്ങിവന്നില്ല. വലിയ വയറും വലിച്ച് പലയിടത്തും അലഞ്ഞു. കിട്ടിയ വാഹനത്തില്‍ കയറി ഇന്നാട്ടിലെത്തി. പല ജോലികളും ചെയ്തു. വയസ്സായവരെ ശുശ്രൂഷിച്ചു. സുബൈദ പല വീടുകളിലായി കളിച്ചു വളര്‍ന്നു. ശുശ്രൂഷിച്ചു കൊണ്ടിരിക്കെ രോഗി മരിച്ചാല്‍ അതുവരെ കൂടെ നിന്നവര്‍ പതുക്കെ പിന്‍വാങ്ങും. മയ്യിത്ത് കുളിപ്പിക്കാന്‍ ദൂരദേശത്തു നിന്ന് ഒരു സ്ത്രീയെ കൊണ്ടുവരാറാണ് പതിവ്. അവരുടെ കൂടെ സഹായിയായി താനും കൂടാന്‍ തുടങ്ങി. മരിച്ചവര്‍ ഇന്നുവരെ ആരെയും ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ പിന്നെന്തിനു പേടി.

ഒരുപക്ഷേ മുമ്പ് ചെയ്തുപോയ കൊടും ക്രൂരതകള്‍ ഓര്‍ത്തിട്ടാവും അവര്‍ മൃതദേഹത്തെപ്പോലും ഭയക്കുന്നത്.

അങ്ങനെ നാട്ടിലെ ഏതുപെണ്ണുമരിച്ചാലും ആളുകള്‍ ആദ്യം പള്ളിയിലേക്കും പിന്നെ പള്ളിക്കാട്ടിനടുത്തുള്ള ഈ കൊച്ചു കൂരയിലേക്കും ഓടിവരാന്‍ തുടങ്ങി.

എത്രയെത്ര മയ്യിത്തുകളെ കുളിപ്പിച്ച് സുഗന്ധം പൂശി അണിയിച്ചൊരുക്കി ഈ പള്ളിക്കാട്ടിലേക്ക് പറഞ്ഞയച്ചു. വയസ്സ് നൂറ് കഴിഞ്ഞിട്ടും അസ്ഥികൂടം മാത്രമായിപ്പോയവര്‍ തൊട്ട് മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചുപോയ പിഞ്ചു കുഞ്ഞുവരെ. മരണവീട്ടില്‍ സാറുമ്മയെത്തുമ്പോള്‍ പിന്നാമ്പുറത്ത് കലപിലകൂട്ടുന്ന പെണ്‍കൂട്ടങ്ങള്‍ നിശ്ശബ്ദരാകും. മരണത്തിന്റെയാളെന്നപോലെ പകച്ച കണ്ണുകളോടെ അവര്‍ തന്നെ നോക്കും. തന്റെ ആജ്ഞാസ്വരങ്ങള്‍ക്കും കൈയാം ഗ്യങ്ങള്‍ക്കുമനുസരിച്ച് മരിച്ചവരുടെ മക്കളും ബന്ധുക്കളും യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കും. തുണിക്കഷ്ണങ്ങള്‍, പഞ്ഞിത്തുട്ടുകള്‍, കത്രിക, സോപ്പ്, അത്തറ് കുപ്പി മരിച്ചവരുടെ ഒരുക്കങ്ങള്‍ക്ക് വളരെ കുറച്ച് അലങ്കാരങ്ങള്‍ മതി. മയ്യിത്ത് കുളിപ്പിക്കാനെടുക്കുമ്പോള്‍തന്നെ വാച്ചില്‍ തട്ടി വേഗം നോക്കണം എന്ന് പറയുന്ന ബന്ധുക്കളോട് പരിസരം മറന്ന് കയര്‍ത്തു പോകാറുണ്ട്. കുളിമുറിയുടെ പുറത്ത് നില്‍ക്കുന്നവരുതിര്‍ക്കുന്ന അക്ഷമയുടെ നെടുനിശ്വാസങ്ങളും സമയത്തെപ്പറ്റിയുള്ള അടക്കിപ്പിടിച്ച വേവലാതികളും കേട്ടില്ലെന്നു നടിക്കും.

ഒരിക്കല്‍ പതിനേഴുകാരിയായ നവവധു ജ്വരം ബാധിച്ച് മരിച്ചപ്പോള്‍ കാറുമായിവന്നത് സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു. അതാണ് അവളുടെ പുതിയാപ്പിള എന്ന് കൂടെ വന്നവര്‍ പറഞ്ഞു. വിധിയുടെ ക്രൂരതയെ പഴിച്ചുകൊണ്ട് അവളുടെ മുട്ടറ്റമെത്തുന്ന ചുരുള്‍മുടി ഇരുവശത്തുമായി പിന്നിയിടുമ്പോള്‍ അതില്‍നിന്നും മുല്ലപ്പൂവിന്റെ സൗരഭ്യമുയര്‍ന്നതായും തുടുത്ത ചുണ്ടുകളില്‍ ചിരിപരന്നതായും തോന്നി. അങ്ങനെ എത്രയെത്ര ഓര്‍മകള്‍. പേരുകേട്ട പ്രമാണിയായ അസൈനാറുടെ ഭാര്യ ബീവി മരിച്ചപ്പോള്‍ അയാള്‍ തന്നെ മുറിയിലേക്കു വിളിപ്പിച്ചു, വാതില്‍ ചാരി കടുത്ത സ്വരത്തില്‍ ചിലതു പറഞ്ഞു. മയ്യിത്ത് ഒറ്റക്ക് കുളിപ്പിച്ചാല്‍ മതിയെന്നും മൃതദേഹത്തില്‍ കാണുന്ന ഒന്നിനെപ്പറ്റിയും ഒരക്ഷരം പോലും മിണ്ടിപ്പോകരുത് എന്നും പറഞ്ഞു.

മയ്യിത്തിന്റെ വസ്ത്രങ്ങള്‍ മുറിച്ച് മാറ്റിയപ്പോള്‍ അറിയാതെ വാപൊത്തിപ്പോയി. തൊണ്ടക്കുഴിയിലമര്‍ന്ന വിരല്‍പ്പാടുകളും ദേഹമാസകലമുള്ള പൊറ്റ കെട്ടിയതും നീരുവന്നു ചീര്‍ത്തതുമായ വീതിയുള്ള പാടുകളും ചിലത് പറയാതെ പറഞ്ഞു. അണമുറിയാത്ത കണ്ണീര്‍ പ്രവാഹത്തെ തടുക്കാന്‍ കഴിയാതെയാണ് ആ മയ്യിത്തിനെ കുളിപ്പിച്ച് കഫന്‍ ചെയ്തത്.

അസൈനാര്‍ നീട്ടിയ നോട്ടുകെട്ടുകളിലേക്ക് നോക്കിയപ്പോള്‍ കണ്ണുടക്കിയത് ചീര്‍ത്ത വയറിനുമുകളില്‍ കെട്ടിയ അരപ്പട്ടയിലേക്കാണ്. നോക്കിനോക്കി നിന്നപ്പോള്‍ അതിന്റെ വക്കുകളില്‍ രക്തംപൊടിയുന്നതായി തോന്നി. ഒരലര്‍ച്ചയോടെ അവിടെനിന്നിറങ്ങി ഓടുകയായിരുന്നു. ഒരു മൃതദേഹത്തിന് എത്രമേല്‍ വാചാലമാവാന്‍ കഴിയും എന്ന് അന്നത്തോടെ ബോധ്യമായി.

എത്രതരം മനുഷ്യര്‍, എന്തെല്ലാം തരം അനുഭവങ്ങള്‍! ഹൈവേയുടെ ഇരുവശത്തും പള്ളികളുയര്‍ന്നത് അടുത്ത കാലത്താണ്. അവിടെ പെണ്ണുങ്ങള്‍ ജുമുഅക്ക് പോകാന്‍ തുടങ്ങി. അവര്‍ക്കായി ഖുര്‍ആന്‍ പഠനക്ലാസ്സുകള്‍ തുടങ്ങി. ഒരാള്‍ മരിച്ചാല്‍ മയ്യിത്ത് കുളിപ്പിക്കേണ്ടത് മക്കളുടെയും അടുത്ത ബന്ധുക്കളുടെയും ഉത്തരവാദിത്വമാണെന്ന് അവിടെ നിന്ന് പഠിപ്പിച്ചു. അങ്ങനെ പെണ്ണുങ്ങളെല്ലാം ഉല്‍ബുദ്ധരായി. മയ്യിത്ത് കുളിപ്പിക്കാന്‍ വിളിക്കാന്‍ വരുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കൃത്യമായ ഒരു സംഖ്യയൊന്നുമല്ലെങ്കിലും അത്യാവശ്യം പട്ടിണികൂടാതെ കഴിഞ്ഞുകൂടാനുള്ള ഒരു തൊഴിലായിരുന്നു അത്.

മുമ്പൊന്നും സുബൈദക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കടുത്ത വൈരൂപ്യം കാരണം ആരും അവളെ അടുപ്പിക്കാറുണ്ടായിരുന്നില്ല. വലിയൊരു സംഖ്യ സ്ത്രീധനമായി നല്‍കി വിവാഹം കഴിപ്പിച്ചയച്ചതായിരുന്നു അവളെ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒക്കത്തൊരു കുഞ്ഞുമായി അവള്‍ കയറിവന്നു. ആരോടും ഒന്നും ഒരിക്കലും അവള്‍ ഉരിയാടിയില്ല. മച്ചും നോക്കി ഒരേയിരുപ്പിരുന്നു. ചെറുക്കന്‍ എങ്ങനെയൊക്കെയോ വളര്‍ന്നു. ഒമ്പതാം വയസ്സില്‍ സ്‌കൂളിലെ പണപ്പെട്ടി മോഷ്ടിച്ചതിന് അവനെ പുറത്താക്കി. പിന്നീടങ്ങോട്ട് മോഷണം തന്നെയായി അവന്റെ പണി. ഒറ്റക്കും കൂട്ടായും ജയിലിനകത്തും പുറത്തുമായി കഴിഞ്ഞു. ഇപ്പോള്‍ കുറേ നാളായി ഒരു വിവരവുമില്ല.

മൂന്നു നേരവും പട്ടിണിമാത്രമായപ്പോള്‍ സുബൈദക്ക് ഭ്രാന്ത് തുടങ്ങി. കണ്ടവരോട് കൈനീട്ടിയാചിച്ചും കട്ടുതിന്നും തട്ടിപ്പറിച്ചും അവള്‍ അലഞ്ഞു നടന്നു.

പള്ളി സെക്രട്ടറി അഹമ്മദ്ക്കായുടെ ശബ്ദമാണ് സ്ഥലകാലബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആരാവും മരിച്ചത് എന്നാലോചിച്ച് തട്ടം നേരെയിട്ട് വാതില്‍ തുറന്നു.

'സാറുമ്മോ, നിങ്ങള്‍ ഈറ്റെടുക്കാന്‍ പോകുമോ'? അഹമ്മദ്ക്കാ കിതപ്പടക്കികൊണ്ട് മറുപടിക്കായി കാത്തുനിന്നു. ഈ കൂരയിലെ എല്ലാ ഇല്ലായ്മകളും അങ്ങേര്‍ക്കറിയാം. ഖലീഫാ ഉമറിനെപ്പോലെ എത്രയോ വട്ടം തനിക്കും കുടുംബത്തിനുമായി അദ്ദേഹം ആഹാരവുമായി വന്നിട്ടുണ്ട്. കൂടുതലൊന്നും ആലോചിക്കാതെ തലയാട്ടി 'ഞാന്‍ വരാം'.

ആശുപത്രിയും റൂം നമ്പറും കുറിച്ചുതന്ന കടലാസുനോക്കി ഉറപ്പ് വരുത്തി വേദനിക്കുന്ന കാല്‍ മുട്ടുകള്‍ അമര്‍ത്തിപ്പിടിച്ച് കോണികയറുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് നാല്‍പതു ദിവസത്തേക്ക് അവര്‍ തരാമെന്നേറ്റ സംഖ്യയുടെ വലുപ്പം മാത്രമായിരുന്നു. ഭൂമിയില്‍ വന്ന് ഏതാനും മണിക്കൂറുകള്‍ മാത്രമായ ആ കുഞ്ഞു ജീവനെ വിറക്കുന്ന കരങ്ങളാല്‍ എടുത്തു മാറോടച്ചു. ഒരു മരണദൂതനും വിട്ടുകൊടുക്കില്ല എന്നപോലെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top