പാലായനം ചെയ്ത ആദ്യവനിത

സഈദ് മുത്തനൂര്‍
2015 ഒക്ടോബര്‍
നിങ്ങള്‍ ആരാണ്? ഏകാകിനിയായി എങ്ങോട്ടാണ്? ഉസ്മാനുബ്‌നു ത്വല്‍ഹ ആ സ്ത്രീയോടു ചോദിച്ചു: 'ഞാന്‍ അബൂസലമയുടെ പത്‌നി ഉമ്മുസലമ, മദീനയിലേക്കാണ്.'

നിങ്ങള്‍ ആരാണ്?

ഏകാകിനിയായി എങ്ങോട്ടാണ്?

ഉസ്മാനുബ്‌നു ത്വല്‍ഹ ആ സ്ത്രീയോടു ചോദിച്ചു:

'ഞാന്‍ അബൂസലമയുടെ പത്‌നി ഉമ്മുസലമ, മദീനയിലേക്കാണ്.'

'ഈ യാത്രയില്‍ കൂട്ടിന് ആരാണ്?'

'ദൈവം, പിന്നെ ഈ കുഞ്ഞും.'

ഉസ്മാന്‍: ഒരു സ്ത്രീ ഒറ്റക്ക് ഈ മരുപ്പറമ്പിലൂടെ പോകുന്നത് പന്തിയല്ല, ഞാന്‍ സഹായത്തിന് കൂടെ വരാം.

ഉസ്മാനുബ്‌നു ത്വല്‍ഹ അന്ന് അവിശ്വാസിയാണ്. ഉമ്മുസലമയാകട്ടെ വിശ്വാസിനിയും, മദീനയിലേക്ക് ഹിജ്‌റ പോകുന്ന ആദ്യവനിതയുമാണവര്‍.

ഈ യാദൃശ്ചികത എങ്ങനെ സംഭവിച്ചു.

ഉമ്മുസലമ- അബൂസലമ ദമ്പതികള്‍ ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചു. ഉമ്മുസലമയുടെ ഇസ്‌ലാം ആശ്ലേഷണം അവരുടെ കുടുംബമായ മഖ്ദൂം ഗോത്രത്തിന് പിടിച്ചില്ല. അവര്‍ എങ്ങനെയും സലമയുടെ ഉമ്മയെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ തക്കം പാര്‍ത്തു. ആയിടക്കാണ് മുസ്‌ലിംകള്‍ മക്കയില്‍ നില്‍കക്കള്ളിയില്ലാതെ മദീനയിലേക്ക് പലായനമാരംഭിച്ചത്.

ഉമ്മുസലമയും അബൂസലമയും മകന്‍ സലമയും ഒരു ഒട്ടകപ്പുറത്ത് മദീന ലക്ഷ്യമാക്കി യാത്ര തിരിച്ചു. അപകടം മണത്ത മഖ്ദൂം ഗോത്രം അവരെ വഴിയില്‍ തടഞ്ഞു. ഏറെ വാഗ്വാദങ്ങള്‍ക്കു ശേഷം ഉമ്മുസലമയെ അബൂസലമയില്‍ നിന്നു തട്ടിയെടുത്തു. ഉടനെ അബൂസലമയുടെ കുടുംബക്കാര്‍ കുട്ടി തങ്ങളുടെതാണെന്ന് പറഞ്ഞു കുട്ടിക്ക് വേണ്ടി പിടിവലിയായി. അവസാനം കുട്ടിയെ അബൂസലമയുടെ കുടുംബക്കാര്‍ കൊണ്ടുപോയി. ഇതോടെ, പിതാവും മാതാവും കുട്ടിയും പരസ്പരം വേര്‍പെട്ടു.

അബൂസലമയാകട്ടെ മദീന ലക്ഷ്യമാക്കി നീങ്ങി. ഉമ്മുസലമ തന്റെ മകനെ ഉപേക്ഷിച്ചു പോകില്ലെന്ന് ശഠിച്ചു. അവര്‍ കുട്ടിയുടെ പിതാവിന്റെ കുടുംബമായ അബ്ദുല്‍ അസദുകാരുടെ പടിവാതില്‍ക്കല്‍ നില്‍പുസമരം തുടങ്ങി. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. വര്‍ഷമൊന്നു പിന്നിട്ടപ്പോള്‍ ഉമ്മുസലമയുടെ ദു:ഖപാരവശ്യം കണ്ട് ഒരു ഗോത്രമാന്യന് അലിവുതോന്നി. അവരുടെ കുട്ടിയെ വിട്ടുകൊടുക്കാന്‍ തന്റെ ഗോത്രത്തോട് അയാള്‍ അഭ്യര്‍ഥിച്ചു. അവര്‍ അതനുസരിച്ചു. കുട്ടിയെ ലഭിച്ചാലും ഉമ്മുസലമ ഒറ്റക്ക് മദീനയിലേക്ക് പോകില്ലെന്നായിരുന്നു ഗോത്രമേധാവികളുടെ കണക്ക് കൂട്ടല്‍.

എന്നാല്‍ സംഭവിച്ചതോ, ആരെയും കൂസാതെ വരുംവരായ്കകള്‍ നോക്കാതെ ഉമ്മുസലമ കുട്ടിയുമായി നേരെ മദീനയിലേക്ക് ഒട്ടകപ്പുറത്തേറി പുറപ്പെട്ടു.

ഈ സന്ദര്‍ഭത്തിലാണ് മക്കക്കടുത്ത തന്‍ഈമില്‍ വെച്ച് ഉസ്മാനുബ്‌നു ത്വല്‍ഹ ഉമ്മുസലമയെ കണ്ടുമുട്ടിയതും അവര്‍ തമ്മില്‍ നേരത്തേ പ്രസ്താവിച്ച സംഭാഷണം നടന്നതും. തുടര്‍ന്ന് ഉസ്മാന്‍, ഉമ്മുസലമയുടെ ഒട്ടകത്തിന്റെ ജീനി പിടിച്ചു മുന്നില്‍ നടന്നു. ബാക്കി കാര്യങ്ങള്‍ ഉമ്മുസലമയുടെ വാക്കുകളില്‍: 'യാത്രമധ്യേ ഞങ്ങള്‍ക്ക് വല്ലയിടത്തും വിശ്രമിക്കാന്‍ തോന്നിയാല്‍ ഉസ്മാനുബ്‌നു ത്വല്‍ഹ ഒട്ടകത്തെ മുട്ട് കുത്തിച്ച് ഏതെങ്കിലും മരച്ചുവട്ടിലേക്ക് മാറി നില്‍ക്കും. ഞാന്‍ ഒട്ടകപുറത്ത് നിന്നിറങ്ങും. തിരിച്ചു പോകാനാകുമ്പോള്‍ ഒട്ടകത്തെ ഒരുക്കി നിര്‍ത്തിയിട്ട് ഉസ്മാന്‍ ഏതാനും വാര വിട്ടുനില്‍ക്കും. ഞാനും കുട്ടിയും കയറിയാല്‍ അദ്ദേഹം ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചു മുന്നെ നടക്കും. അങ്ങനെ ആ യാത്ര കയറ്റിറക്കങ്ങള്‍ താണ്ടി കനല്‍പഥങ്ങളിലൂടെ മദീനയോടടുത്തു. ഖുബാ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇബ്‌നു ത്വല്‍ഹ പറഞ്ഞു: 'ഇപ്പോള്‍ മദീനക്കടുത്തെത്തിയിരിക്കുന്നു. നിന്റെ ഭര്‍ത്താവ് ഇവിടെ കാണും. അദ്ദേഹത്തെ അനേ്വഷിച്ച് കണ്ടുപിടിക്കുക. ഞാന്‍ തിരിച്ചു പോകുന്നു.'

ഉസ്മാന്‍ ഉടന്‍തന്നെ മക്കയിലേക്ക് തിരിഞ്ഞുനടന്നു. ഉമ്മുസലമ ഈ സംഭവം ഓര്‍ത്ത് കൊണ്ട് പറഞ്ഞു: 'ഇത്ര മാന്യനായ ഒരാളെ ഞാനിതിന് മുമ്പ് കണ്ടിട്ടില്ല. ലജ്ജയും മാന്യതയും ഒത്തിണങ്ങിയ വ്യക്തി, ഒരിക്കലും മാന്യമായല്ലാതെ അദ്ദേഹം പെരുമാറിയിട്ടില്ല. ബഹുമാന്യന്‍!'

ഖുബായില്‍ ഉമ്മുസലമയെ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. ഇവര്‍ എങ്ങനെ ഒറ്റക്ക് മരുഭൂമി താണ്ടി ഇവിടെയെത്തി. അബൂഉമയ്യയുടെ പുത്രിക്ക് ഈ ഗതിയോ?! ഉമ്മുസലമയുടെ പിതാവ് അബൂഉമയ്യത്ത്ബ്‌നു മുഗീറയെക്കുറിച്ച് നാം അറിയണം. ഏത് യാത്രാസംഘത്തിലും ഭക്ഷണ ചുമതല തനിക്കായിരിക്കണമെന്ന നിര്‍ബന്ധമുള്ളയാളായിരുന്നു അദ്ദേഹം. അതിനുള്ള പണം അദ്ദേഹം സ്വന്തം ചെലവഴിക്കും. അതില്‍ ആരും കൂട്ടുകൂടുന്നത് ഇഷ്ടമല്ല. സാദുറാകിബ് (വഴിപോക്കന്റെ ആഹാരം) എന്ന ഒരു പേര് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയുള്ള പിതാവിന്റെ പുത്രി ഏറെ പ്രയാസം സഹിച്ചെത്തിയതിലാണ് മദീനക്കാര്‍ക്ക് ആശ്ചര്യവും ഒപ്പം പ്രയാസവുമുണ്ടായത്.

അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ ആ മരുഭൂമിയില്‍ ഒരുമിച്ചു. ഒരു പുനസ്സംഗമം. ഒരു മധുവിധുവിന്റെ അനുഭൂതി നിറഞ്ഞ നാളുകള്‍! അബൂസലമ ധീരനും ശൂരനുമായിരുന്നു. അദ്ദേഹം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്ത മഹാനാണ്. ഉഹ്ദില്‍ സാരമായ പരിക്കുപറ്റി കിടപ്പിലായ അദ്ദേഹം വൈകാതെ പരലോകം പൂകി. മരണവാര്‍ത്തയറിഞ്ഞെത്തിയ നബി തിരുമേനി മരണാനന്തര ക്രിയകള്‍ക്ക് നേതൃത്വം നല്‍കി. നബി (സ) ഉമ്മുസലമയെ സമാശ്വസിപ്പിച്ചു. അവരുടെ അവസ്ഥ അത്യന്തം ക്ലേശപൂരിതമായിരുന്നു. മദീനയിലെത്തി ജീവിതം കരുപ്പിടിപ്പിച്ച് വരുമ്പോഴേക്ക് പ്രാണനാഥന്‍ അവരെ വിട്ടു പറന്നകന്നു.

അബൂസലമയെപ്പോലെയുള്ള ഒരു മഹദ്‌വ്യക്തിയെ ഇനിയും ഉമ്മുസലമക്ക് ഭര്‍ത്താവായി കിട്ടുമോ... അതും നാലു കുട്ടികളുടെ മാതാവാണെന്നിരിക്കെ. എന്നാല്‍ അബൂസലമ ഉഹ്ദില്‍ പരിക്ക് പറ്റി ശയ്യാവലംബിയായി കിടക്കവെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. 'അല്ലാഹുവെ, ഈ നഷ്ടത്തിന് ഇതിനേക്കാള്‍ നല്ലത് നീ പകരം നല്‍കേണമേ' ഇത് അദ്ദേഹത്തിനു നബി (സ) തിരുമേനി പഠിപ്പിച്ച പ്രാര്‍ത്ഥനയും. അങ്ങനെ അദ്ദേഹം രക്തസാക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെട്ട് സ്വര്‍ഗസ്ഥനായി.

ഇതേ പ്രാര്‍ത്ഥന ഭര്‍ത്താവിന്റെ വിരഹത്തില്‍ മനംനൊന്ത് പറക്കമുറ്റാത്ത കുട്ടികളുമായി കഴിയവെ ഉമ്മുസലമയും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഉമ്മുസലമയുടെ ഇദ്ദാ കാലം കഴിഞ്ഞതോടെ ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ് (റ) അവരോടു വിവാഹഭ്യര്‍ത്ഥന നടത്തി. അവരെയും കുട്ടികളെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അവര്‍ പ്രതിബന്ധം പറഞ്ഞൊഴിഞ്ഞു.

കുറച്ചു കഴിഞ്ഞു നബിതിരുമേനി (സ) ഉമര്‍ (റ) മുഖേന വിവാഹാഭ്യര്‍ത്ഥന നടത്തി. അപ്പോള്‍ ഉമ്മുസലമ മൂന്ന് പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഞാന്‍ സഹിഷ്ണുത ഇല്ലാത്തവളാണ്. തിരുമേനിയെ ദേഷ്യം പിടിപ്പിക്കുന്ന വല്ലതും എന്നില്‍നിന്ന് സംഭവിച്ചാല്‍ ദൈവകോപം ക്ഷണിച്ചു വരുത്തും. മറ്റൊന്ന് പ്രായം ചെന്ന സ്ത്രീയാണ് ഞാന്‍, എനിക്കാണെങ്കില്‍ നാലു കുട്ടികളുമുണ്ട്.

നിന്റെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. അവന്‍ അനുഗ്രഹിച്ചേക്കും. പ്രായത്തിന്റെ കാര്യം, ഞാന്‍ നിന്നെക്കാള്‍ പ്രായമുള്ളയാളാണ്, പിന്നെ കുട്ടികള്‍, നിന്റെ കുട്ടികള്‍ എന്റെ കുട്ടികള്‍ കൂടിയാണ്. കാരുണ്യത്തിന്റെ പ്രവാചകന്‍ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി.

ആശങ്കകള്‍ അകന്നതോടെ ഉമ്മുസലമ തന്റെ പുത്രന്‍ ഉമറിനോടു എഴുന്നേറ്റ് തന്നെ തിരുമേനി(സ)ക്ക് വിവാഹം ചെയ്തു കൊടുക്കുക എന്ന് നിര്‍ദേശിക്കുകയും ആ വിവാഹം മംഗളമായി നടക്കുകയും ചെയ്തു. വിവാഹ സമ്മാനങ്ങള്‍ നല്‍കി ഉമ്മുസലമയെ തിരുമേനി സ്വീകരിച്ചു. അങ്ങനെ ഉമ്മുസലമ, ഉമ്മഹാതുല്‍ മുഅ്മിനീന്‍- വിശ്വാസികളുടെ മാതാവ് എന്ന പദവിലേക്കുയര്‍ന്നു. ഉമ്മുസലമയുടെ മക്കളായ ഉമര്‍, സലമ, ദുര്‍റദ, സൈനബ് എന്നിവരെ തിരുമേനി ഏറെ ലാളിച്ച് വളര്‍ത്തി.

നബി പത്‌നി എന്ന നിലക്ക് ഒതുങ്ങിയും കരുതിയും ഭാര്യമാര്‍ക്ക് തടസ്സം സൃഷ്ടിക്കാതെയും അവര്‍ ജീവിച്ചു. എന്നാല്‍ ഒരു ചരിത്ര സന്ധിയില്‍ അവര്‍ അസാധാരണമായ ധീരത പ്രകടിച്ച് നബി തിരുമേനിക്ക് കരുത്തേകി. ആ സംഭവം ഇങ്ങനെ: 'ഹിജ്‌റ 6-ാം കൊല്ലം. നബി തിരുമേനിയും കൂട്ടുകാരും ഉംറ ചെയ്യാനായി മക്കയിലേക്ക് പുറപ്പെട്ടു. ഈ യാത്രസംഘത്തെ ഹുദൈബിയ്യയില്‍ മക്കാമുശ്‌രിക്കുകള്‍ തടഞ്ഞു. ഇക്കൊല്ലം തിരിച്ചു പോകണം. ഖുറൈശികള്‍ പറഞ്ഞു. തര്‍ക്കം ഹുദൈബിയ്യ സന്ധി എന്ന പ്രസിദ്ധമായ കരാറിലേക്ക് നയിച്ചു. പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു കരാറിലെ വ്യവസ്ഥകള്‍. ഉമര്‍ (റ) അടക്കം കരാര്‍ വ്യവസ്ഥ കേട്ട് പൊട്ടിത്തെറിച്ചു. പക്ഷെ വ്യവസ്ഥയില്‍ ഉറച്ച് നിന്നുകൊണ്ട് ദൈവദൂതന്‍ എന്ന നിലയിലെ തന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയാണെന്ന് തിരുമേനി (സ) പ്രസ്താവിച്ചു.'

ഈ വര്‍ഷം ഉംറ ചെയ്യാന്‍ പറ്റില്ല. എല്ലാവരും ബലിമൃഗങ്ങളെ അറുത്ത് തലമുണ്ഡനം ചെയ്ത് നാട്ടിലേക്ക് മടങ്ങണം. ഈ ആജ്ഞ മൂന്ന് പ്രാവശ്യം നബി ആവര്‍ത്തിച്ചു. അനുചരന്മാര്‍ അനങ്ങിയില്ല. ഈ അവസരത്തില്‍ ഉമ്മുസലമ തിരുമേനിക്ക് കരുത്ത് പകര്‍ന്നുകൊണ്ട് പറഞ്ഞു: 'ദൈവദൂതരെ, ഇത് നടക്കണമെന്നുണ്ടെങ്കില്‍ ആരോടും ഒന്നും ഉരിയാടാതെ താങ്കള്‍ എഴുന്നേറ്റ് ബലിമൃഗത്തെ അറുക്കുക. താങ്കളുടെ തലമുടി നീക്കുക.'

നബി തിരുമേനി (സ) ഭവതിയുടെ അഭിപ്രായ പ്രകാരം തന്നെ ചെയ്തു. ഇതോടെ മുസ്‌ലിംകള്‍ക്ക് ബോധം ഉണര്‍ന്നു. അവരും എഴുന്നേറ്റ് തങ്ങളുടെ ബലിമൃഗങ്ങളെ അറുത്തു തലമുണ്ഡനം ചെയ്തു. ഹുദൈബിയ്യ സന്ധി പിന്നീടു ഇസ്‌ലാമിക പ്രയാണ വീഥിയില്‍ വലിയ നേട്ടങ്ങള്‍ കൊയ്‌തെടുത്തത് ചരിത്രം. തിരുദൂതനോടൊപ്പം പല സംഭവങ്ങള്‍ക്കും സാക്ഷിയായി നിന്ന ഉമ്മുസലമ മക്കാവിജയ വേളയിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നബി(സ)ക്ക് ശേഷം ഖലീഫമാരായ അബൂബക്കറി(റ)ന്റെയും ഉമര്‍(റ)ന്റെയും അലി(റ)ന്റെയും കാലത്ത് ജീവിച്ച അവര്‍ അലി- മുആവിയ്യ ഏറ്റുമുട്ടലില്‍ കക്ഷിചേരാതെ മാറി നിന്നു. കര്‍ബലയില്‍ പ്രവാചക പൗത്രന്‍ ദാരുണമായി വധിക്കപ്പെട്ട സംഭവം അവരെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. തിരുമേ നിയെപ്പോലെ ഖുര്‍ആന്‍ വളരെ ഈണത്തില്‍ പാരായണം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഹസ്രത്ത് ഉമ്മുസലമ 378 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആയിശ (റ)ക്ക് ശേഷം മതവിഷയങ്ങളിലെ  സംശയ നിവാരണത്തിന് ജനങ്ങള്‍ അധികവും അവലംബിച്ചത് ഉമ്മുസലമയെയായിരുന്നു. നബിപത്‌നിമാരില്‍ ഏറ്റവും അവസാനം നിര്യാതയായത് അവരാണ്. ഹിജ്‌റ: 63-ല്‍ 84-ാം വയസ്സിലായിരുന്നു ഹസ്രത്ത് ഉമ്മുസലമയുടെ അന്ത്യം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media