വനിതാ സംഘടനകള്‍ക്ക് ചില ദൗത്യങ്ങളുണ്ട്
സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പ്രശ്‌നങ്ങളുടെ ഇരകളെ ലോകത്തെല്ലായിടത്തും കാണാം. വ്യക്തിയെന്ന നിലയില്‍ പുരുഷന്മാരെക്കാള്‍ അതനുഭവിക്കുന്നത് സ്ത്രീകളാണെന്നത് വസ്തുതയുമാണ്. ഏത് ജാതിയിലും മതത്തിലുമായാലും അതങ്ങനെ തന്നെയാണ്. മുസ്‌ലിം സ്ത്രീക്കും ഉണ്ട്
സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പ്രശ്‌നങ്ങളുടെ ഇരകളെ ലോകത്തെല്ലായിടത്തും കാണാം. വ്യക്തിയെന്ന നിലയില്‍ പുരുഷന്മാരെക്കാള്‍ അതനുഭവിക്കുന്നത് സ്ത്രീകളാണെന്നത് വസ്തുതയുമാണ്. ഏത് ജാതിയിലും മതത്തിലുമായാലും അതങ്ങനെ തന്നെയാണ്. മുസ്‌ലിം സ്ത്രീക്കും ഉണ്ട് പ്രശ്‌നങ്ങള്‍. മതമെന്ന നിലയില്‍ മുസ്‌ലിംകളെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശന ഹേതുവാകുന്നതും ചില സ്ത്രീ വിഷയങ്ങള്‍ തന്നെയാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും സമാധാനത്തിന് ദൈവം പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും പറഞ്ഞ ബന്ധങ്ങളുടെയും അതോടനുബന്ധിച്ച നിയമങ്ങളുടെയും- അതായത്, വിവാഹ -വിവാഹമോചന ബഹുഭാര്യത്വ നിയമങ്ങളുടെ കാര്യത്തില്‍ സമുദായം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിമര്‍ശനത്തില്‍ കഴമ്പില്ലാതെയുമില്ല. മതത്തിന്റെ മൗലിക നിയമങ്ങളെ അവഗണിച്ച്, ഖുര്‍ആനിനും പ്രവാചകചര്യക്കും അപ്പുറം പാരമ്പര്യവും ആചാരപരവുമായ തലത്തിനാണ് ഇത്തരം കാര്യങ്ങള്‍ക്ക് സമുദായം ഊന്നല്‍കൊടുത്തത്. മതത്തിന്റെ ലേബലുപയോഗിച്ച് തോന്ന്യാസമായി മതിയാവോളം കെട്ടുകയും പൂതി തീര്‍ന്നാല്‍ ഒഴിവാക്കുകയും ചെയ്യുന്ന ആണത്തത്തെ നിയന്ത്രിക്കാനും വിമര്‍ശിക്കാനും പണ്ഡിത സമൂഹത്തിന് വല്ലാതെ ത്രാണിയുണ്ടായിട്ടില്ല. ഖുര്‍ആനിക അധ്യാപനങ്ങള്‍ സമുദായത്തെ പഠിപ്പിക്കാതെ വിമര്‍ശകരോട് ഖുര്‍ആനോതി മറുപടി പറഞ്ഞു സമയം കളയലാണ പൊതു പതിവുരീതി.
ഇങ്ങനെ ഉറങ്ങുന്ന സമുദായത്തെ ഉണര്‍ത്താന്‍ ചില നിയമങ്ങള്‍ നാട്ടിലുണ്ടാകാറുണ്ട്. അതിലൊന്നാണ് മുത്ത്വലാഖ് നിര്‍ത്തലാക്കണമെന്നുള്ള ഡോ പാം രാജ്പുത് കമ്മീഷന്റെ അഭിപ്രായം. ഇന്ത്യന്‍ സ്ത്രീ അവസ്ഥ പഠിക്കാന്‍ 2012-ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2010 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വശം ഉള്ളത്. നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ പല തരത്തിലുള്ള അപാകതകളും ഉണ്ടെന്നിരിക്കെ വരാനിരിക്കുന്ന ഈ നിയമത്തെ സമുദായം ഒറ്റക്കെട്ടായി സ്വാഗതം ചെയ്യണം. സമുദായ ഉന്നമനത്തിന് യത്‌നിക്കുന്നവര്‍ അതിനു ധൈര്യം കാണിച്ചിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്
പക്ഷേ ഇതിനപ്പുറം ഖേദകരമായൊരു കാര്യമുണ്ട്. നന്നേ യാഥാസ്ഥിതികരായവരൊഴിച്ച് സമുദായത്തിനുള്ളില്‍ ഇന്ന് അറിയപ്പെടുന്ന എല്ലാ സംഘടനകള്‍ക്കും വനിതാ സംഘടനയും സാരഥികളുമുണ്ട്. അവരില്‍ നിന്നായിരുന്നു ഇത്തരമൊരാവശ്യവും മുറവിളിയും ആദ്യമുയരേണ്ടത്. പക്ഷേ നിലവില്‍ പാലിക്കപ്പെട്ടുപോകുന്ന വ്യക്തിനിയമത്തിലെ അപാകതകളടക്കം മുസ്‌ലിം സ്ത്രീക്ക് മതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന മതമല്ലാത്ത നിയമങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും എതിരെ മുസ്‌ലിം സ്ത്രീസംഘടനകളില്‍ നിന്നോ അവരുടെ നേതാക്കളില്‍ നിന്നോ വലിയതോതില്‍ പ്രതിഷേധമോ അഭിപ്രായമോ ഉയരാറില്ല. പലരും ഇത്തരം കാര്യങ്ങളൊന്നും അറിയാറുമില്ല. തങ്ങളിലേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ മറക്കുന്നവര്‍ക്ക് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടാകില്ലായെന്ന വസ്തുതയെങ്കിലും വനിതാ സംഘടനാ തലപ്പത്തുള്ളവര്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.