എളുപ്പം ഇ-വിദ്യാഭ്യാസം

സുലൈമാന്‍ ഊരകം No image

ആര്‍ക്കും നേടാം ഉന്നത വിദ്യാഭ്യാസം 3

ക്ലാസ്‌റൂമിലെ കറുത്ത ബോര്‍ഡ്, ചോക്ക്, പുസ്തകം എന്നിവയുടെ സഹായത്താലുള്ള അധ്യാപനത്തിന്റെ കാലം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പഠിതാക്കളുടെ അഭിരുചിക്ക് മുഖ്യപരിഗണന നല്‍കി ഔപചാരിക വിദ്യാഭ്യാസവും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ഇ-പഠനത്തിന്റെ (E-Learning) കാലമാണിത്. സാക്ഷരതാ ദിനം വരെ ഇ-സാക്ഷരതാ ദിനമായി കൊണ്ടാടപ്പെടുന്നു ഇന്ന്. ലോകത്തെ മികച്ച യൂനിവേഴ്‌സിറ്റികളും സ്ഥാപനങ്ങളുമായി അറിയപ്പെടുന്ന കാംബ്രിഡ്ജ്, കാലിഫോര്‍ണിയ, ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈന്‍വഴി മികച്ച സൗകര്യങ്ങളൊരുക്കി വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു.

ഇന്ത്യയുടെ വിവരസാങ്കേതിക രംഗവും, ഉന്നത വിദ്യാഭ്യാസ രംഗവും ലോകത്തിന്റെ ഈ മാറ്റത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. Web-Based Education Commission കണക്ക് പ്രകാരം ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന 84 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് (45 ശതമാനം ടാബ്‌ലറ്റ്, 37 ശതമാനം സ്മാര്‍ട്ട് ഫോണ്‍, 31 ശതമാനം ഇ-ബുക്ക്). ഓണ്‍ലൈന്‍ വഴി നേടുന്ന വിദ്യാഭ്യാസത്തെയാണ് E-Learning എന്ന് പറയുന്നത്. ഇന്ന് കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ഇ-ബുക്ക്, സാറ്റലൈറ്റ് ടി.വി, സി.ഡി റോം ഒക്കെ വഴി വിഷ്വലായും, ഫോട്ടോ, ആനിമേഷന്‍, ഗ്രാഫിക്‌സ്, വീഡിയോ ക്ലാസുകള്‍, അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍, ഓണ്‍ലൈന്‍ പരീക്ഷ ടെക്സ്റ്റ് എന്നിവയായും പഠിതാക്കളുടെ സൗകര്യാര്‍ഥം ലോകോത്തര സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍ വീട്ടിലിരുന്നും പഠിക്കാം. ലോഗിന്‍ ഐഡിയും, പാസ്‌വേര്‍ഡുമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴി എവിടെ വെച്ചും എപ്പോഴും (24x7) പ്രവര്‍ത്തന സജ്ജമായ വെബ്‌സൈറ്റിലൂടെ പഠിക്കാനുള്ള അവസരങ്ങള്‍ നിരവധിയാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നവര്‍ക്കും, തൊഴില്‍ ചെയ്യുന്നവര്‍ക്കും, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും വെറുതെയിരിക്കുന്നവര്‍ക്കും പ്രായഭേദമന്യേ ഓണ്‍ലൈന്‍ വഴി ഇ-കോഴ്‌സുകള്‍ ചെയ്യാം. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

2002-ല്‍ മുംബെയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സാങ്കേതിക വിദ്യാഭ്യാസവും, UGC, ICT, UNESCO എന്നിവയുടെ സഹായത്തോടെ നടന്ന ഢശറ്യമസമവെ 2002 എന്ന സമ്മേളനത്തില്‍ വ്യത്യസ്ത വിഷയങ്ങള്‍ ഓണ്‍ലൈന്‍ വഴി പഠിപ്പിക്കുന്നതിനായി ചില സ്ഥാപനങ്ങളെ നിയമിച്ചു. വാണിജ്യ, വ്യവസായ ലീഡര്‍ഷിപ്പ് മേഖലക്ക് പ്രാധാന്യം കൊടുക്കുന്നതിന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനെയും, ആരോഗ്യമേഖലയിലെ മാനേജ്‌മെന്റ് പഠനത്തിനും, നിയമ ബോധവല്‍കരണത്തിനും Symbiosi Centre for Health Care നെയും, കാര്‍ഷിക മേഖലയിലെ ഓണ്‍ലൈന്‍ പഠനത്തിന് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയെയും, കൂടാതെ വ്യത്യസ്ത വിഷയങ്ങളില്‍ ഓണ്‍ലൈന്‍ വഴി മികച്ച പരിശീലനവും പഠനവും ഗവേഷണവും ലഭ്യമാക്കുന്നതിന് രാജ്യത്തെ 29 വ്യത്യസ്ത സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. ഇവയില്‍ ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവക്കു പുറമെ സിക്കിം, മണിപ്പാല്‍ യൂനിവേഴ്‌സിറ്റി (www.edunxt.smude.edu.in, www.smu.edu.in), ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (BITS) എന്നിവയും ഈ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളാണ്. ഇന്ന് ഇവക്കു പുറമെ 460-ല്‍ അധികം സര്‍വകലാശാലകളും സ്ഥാപനങ്ങളും വ്യത്യസ്ത വിഷയങ്ങളിലുള്ള ഇ-ലേണിംഗും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലാണെങ്കില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴില്‍ 1990-ലാണ് ഈ സൗകര്യം ആരംഭിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു പദ്ധതി. രാജ്യത്തെ ഏഴ് ഐ.ഐ.ടികളും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ചേര്‍ന്നാണ് ഇതിന്റെ വെബ്‌സൈറ്റിലേക്ക് ആവശ്യമുള്ള പഠനസാമഗ്രികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇവ കൂടാതെ ദൂരദര്‍ശന്‍ വിദ്യാഭ്യാസ ചാനലായ ഗ്യാന്‍ദര്‍ശന്‍, ഏകലവ്യ'എന്നിവയിലൂടെയും ക്ലാസുകള്‍ ലഭിക്കും. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് മികച്ച പാഠ്യപദ്ധതികളാണ് ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാക്കുന്നത്. നമ്മുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാലത്തുതന്നെ മികച്ച പരിശീലനവും, കാര്യക്ഷമതയും, ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഇത്തരം കോഴ്‌സുകള്‍ നല്ല പോലെ ഉപകരിക്കും. അതുപോലെ സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകള്‍ക്കും, ശാസ്ത്ര വിഷയങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ക്കും, ഉപകാരപ്പെടുന്ന അടിസ്ഥാന ശാസ്ത്രകോഴ്‌സുകളും ഇവ വഴി ധാരാളമായി നല്‍കിവരുന്നു. Civil Engg, Electrical Engg, Electronics and Communication Engg, Computer Science, Mining Engg, Bio-Technology, Atmospheric Science, Aerospace, Automobile, Basic Course in Science, Chemical Engg, Chemitsry, Maths, Physics, Bio Chemitsry, Design, Environment, Management, Humanities, Mechanical Engg, Metallurgy and Material Science, Nano Technology, Ocean Engg തുടങ്ങിയ വിഷയങ്ങളിലെല്ലാം മികച്ച കോഴ്‌സുകളും ക്ലാസുകളും പാഠ്യപദ്ധതികളും ലഭ്യമാണ്.

www.nptel.ac.in എന്ന വെബ് സന്ദര്‍ശിച്ചാല്‍ വിശദവിവരങ്ങള്‍ ലഭിക്കും.

വിദൂര വിദ്യാഭ്യാസത്തിനായി 1985-ല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ആക്ട് പ്രകാരം സ്ഥാപിതമായ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയും Virtual Class Room വഴി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും നടത്തിവരുന്നുണ്ട്. ഇഗ്‌നോയുടെ വെബ്‌റിസോഴ്‌സ് ആയ ഇ-ഗ്യാന്‍കോശ്'ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാന സ്രോതസ്സുകളില്‍ ഒന്നാണ്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ക്ക് ഇ-ഗ്യാന്‍കോശില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇഗ്‌നോ ഓണ്‍ലൈന്‍ വഴി നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈയൊരു ലേഖനത്തിലൊതുങ്ങുന്നതല്ല. അത്രയധികമാണ് വ്യത്യസ്ത വിഷയങ്ങളില്‍ ഇഗ്‌നോ നല്‍കുന്ന ഇ-കോഴ്‌സുകള്‍. www.ignou.ac.in എന്ന വെബില്‍ എല്ലാ വിവരവും ലഭ്യമാണ്.

നിയമ പഠനരംഗത്ത് ഓണ്‍ ലൈന്‍ കോഴ്‌സുകളും വിദൂര  ഓപ്പണ്‍ വഴിയും പഠന സൗകര്യങ്ങള്‍ വളരെ തുഛമാണ്. ഒട്ടുമിക്ക ബിരുദ പഠനവും ഓപ്പണ്‍ വിദൂര വിദ്യാഭ്യാസം വഴി നമ്മുടെ രാജ്യത്ത് ലഭ്യമാണെങ്കിലും, നിയമ ബിരുദമായ LLB റഗുലര്‍ വഴിയല്ലാതെ ഇന്ത്യയില്‍ ലഭ്യമല്ല. എന്നാലും 1956-ല്‍ ദല്‍ഹിയില്‍ സ്ഥാപിതമായ കല്‍പിത സര്‍വകലാശാല പദവിയുളള Indian Law Institute ചില ഓണ്‍ലൈന്‍ കോഴ്‌സുകളൊക്കെ നല്‍കിവരുന്നുണ്ട്. Intellectual Propetry Right and Information Technology in the Internet Age, Cyber Laws എന്നീ വിഭാഗത്തിലാണ് ഈ കോഴ്‌സുകള്‍. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച നിയമങ്ങള്‍, കോപ്പി റൈറ്റ് ട്രേഡ് മാര്‍ക്ക്, പേറ്റന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പാഠ്യ വിഷയങ്ങള്‍. ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, സൈബര്‍ സ്‌പേസ്, ഇ-കൊമേഴ്‌സ് എന്നിവയെല്ലാം സൈബര്‍ നിയമത്തിന്റെ ഭാഗമായി വരുന്നു. വെറും മൂന്ന് മാസമാണ് എല്ലാ കോഴ്‌സുകളുടെയും കാലാവധി. 5000 രൂപയാണ് ഫീസ്. അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, നിയമ വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍ കമ്പനി എക്‌സിക്യുട്ടീവുകള്‍ എന്നിവര്‍ക്കെല്ലാം പൂര്‍ണമായും ഉപകാരപ്പെടുന്നതാണ് ഈ കോഴ്‌സുകള്‍.

ജീവനക്കാര്‍ക്കും പ്രവാസികള്‍ക്കും ബിരുദ, പിജി പഠനത്തിനായി മൈസൂര്‍ യൂനിവേഴ്‌സിറ്റി

1916-ല്‍ സ്ഥാപിതമായ മൈസൂര്‍ യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റികളില്‍ ഒന്നാണ്. ഇവിടെ വിവിധ വിഷയങ്ങളിലായി ഡിഗ്രി/പി.ജി/ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നു. ഇ-ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കും. Bachelor of Business Management (BBM), Bachelor of Computer Application (BCA), Bachelor of Commerce (B.Com), Bachelor of Information Technology (B.Sc IT) എന്നീ ബിരുദ കോഴ്‌സുകളും, MBA, MCA, M.Com എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളും, യുജിസിയുടെ അംഗീകാരത്തോടെ നല്‍കി വരുന്നുണ്ട്. 2014-ല്‍ ഈ യൂനിവേഴ്‌സിറ്റി പുറത്ത് വിട്ട കണക്ക് പ്രകാരം വിദേശത്ത് ജോലി ചെയ്യുന്നവരാണ് പഠിതാക്കളില്‍ സിംഹഭാഗവും.

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KELTRON) വിവിധ വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. കെല്‍ട്രോണിന്റെ ഇ-ലേണിംഗ് പോര്‍ട്ടല്‍ ആയ Kelearn -ലൂടെ കഴിഞ്ഞ ആറ് വര്‍ഷമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കിവരുന്നു. Automation, Word Processing and Data Etnry, Malayalam Word Processing, DTP, C, C++, Java, J2EE, .Net, Tally എന്നീ കോഴ്‌സുകളില്‍ ചിലതിന് കേരളാ പി.എസ്.സി അംഗീകാരവുമുണ്ട്. കെല്‍ട്രോണ്‍ നല്‍കുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സും പരക്കെ അംഗീകാരം നേടിയിട്ടുണ്ട്.

സാങ്കേതിക വിപ്ലവം അരങ്ങേറുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ജനപ്രീതി വര്‍ധിച്ചിരിക്കുകയാണ്. ഉയര്‍ന്ന നിലവാരമുള്ള ഈ കോഴ്‌സുകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അധ്യയനം എളുപ്പമാക്കുന്നു. പുത്തന്‍തലമുറക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള മാധ്യമങ്ങളോടുള്ള പ്രതിപത്തി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് പഠിതാക്കളുമായി ഒരേ സമയം സംവദിക്കുമ്പോഴുണ്ടാകുന്ന (Virtual Classes) പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുമുണ്ട്. എന്നാലും ചെയ്യുന്ന കോഴ്‌സുകളുടെയും, ജോലിയുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഏറെ ഉപകാരപ്രദമാണ്.

(തുടരും)

MOOC's (Massive Open Online Course)

ഓണ്‍ലൈന്‍ വഴി ലോകത്തിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍ പഠിതാക്കളുടെ ഇഷ്ടാനുസരണം ലഭ്യമാക്കുന്ന ലളിത പദ്ധതിയാണ് MOOC. അഥവാ പ്രമുഖ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മ. ലോകത്തിലുടനീളം ലക്ഷക്കണക്കിനു പേര്‍ MOOC വഴി ഓണ്‍ലൈന്‍ പഠനം നടത്തുന്നു. ലോകത്ത് ഏതു കോണിലിരുന്നും വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്കാവശ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരമൊരുക്കുകയാണ് MOOC. യു.എന്‍ സര്‍വീസ്, യംഗ് ഇന്ത്യ ഫെലോഷിപ്പ്, സിവില്‍ സര്‍വീസ് പോലുള്ള അത്യുന്നത പരീക്ഷകള്‍ ഉന്നത മാര്‍ക്കോടെ ജയിക്കാന്‍ സഹായകമായ മികച്ച പരിശീലനവും MOOC വഴി നല്‍കുന്നുണ്ട്.

MOOC ന്റെ കോഴ്‌സുകള്‍:

MIT Open Course Ware

കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ് MIT Open Course Ware നടത്തുന്നത്. പഠിതാക്കള്‍ക്ക് സൗജന്യമായി ഈ കോഴ്‌സിന് ചേരാം. 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ പദ്ധതിയില്‍ ഇന്ന് 2000 ലധികം മേഖലകളില്‍ നിന്നുള്ള കോഴ്‌സുകളുണ്ട്. ഇ-ടെക്സ്റ്റ് ബുക്ക്, വീഡിയോ, ഓണ്‍ലൈന്‍ ലക്ചര്‍ എന്നിവയിലൂടെയാണ് ക്ലാസുകള്‍. www.ocw.mit.edu

edx

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (MIT) ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിച്ചതാണ് edx. ഐ.ഐ.ടി ബോംബെ, ടെക്‌സാസ് സര്‍വകലാശാല, ഓസ്‌ട്രേലിയന്‍ നാഷനല്‍ സര്‍വകലാശാല ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ 1880 ലധികം കോഴ്‌സുകള്‍ edx ല്‍ ലഭിക്കും. www.edx.org

Coursera

സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍മാരായ ആന്‍ഡ്രൂ, ഡാനെ കൊല്ലന്‍ എന്നിവര്‍ ചേര്‍ന്ന് 2012 ലാണ് ഇീൗൃലെൃമ ക്ക് രൂപം നല്‍കിയത്. സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റിക്ക് പുറമേ പ്രിന്‍സ്റ്റണ്‍, മിഷിഗന്‍, പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റികളും ഈ പദ്ധതിയുമായി സഹകരിക്കുന്നു. 2015 ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് 190 രാഷ്ട്രങ്ങളില്‍ നിന്ന് 13028242 ഓളം പഠിതാക്കള്‍ ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. 119 സ്ഥാപനങ്ങളില്‍ നിന്നുള്ള 1000 കോഴ്‌സുകള്‍ ഇന്ന് നിലവിലുണ്ട്. ബിസിനസ് മാനേജ്‌മെന്റ്, സാമൂഹിക ശാസ്ത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കോഴ്‌സുകള്‍. ക്രെഡിറ്റ് രീതിയിലാണ് മൂല്യനിര്‍ണയം. www.coursera.org

UDACITY

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്ന മറ്റൊരു സംരംഭമാണ് ഉഡാസിറ്റി. സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റിയുടെ പരീക്ഷണ വിജയമാണ് യഥാര്‍ഥത്തില്‍ ഉഡാസിറ്റി. 2011 ല്‍ കംപ്യൂട്ടര്‍ സയന്‍സ് ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കിയായിരുന്നു തുടക്കം. ഇന്ന് സംരംഭകത്വം മുതല്‍ നാനോടെക്‌നോളജി വരെയുള്ള 25 വിഷയങ്ങളില്‍ അധ്യയനം നല്‍കുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങളും വിവിധ കോഴ്‌സുകളുമായി സഹകരിക്കുന്നുണ്ട്. നാനോ ഡിഗ്രി, ആന്‍ഡ്രോയ്ഡ് ആപ്‌സ് ഡെവലപ്‌മെന്റ്, ആന്‍ഡ്രോയിഡ് കംപ്യൂട്ടിംഗ്, പ്രോഡക്ട് ഡിസൈന്‍, കംപ്യൂട്ടര്‍ സയന്‍സ്, ജാവ, ഡാറ്റ സയന്‍സ്, വെബ് ഡവലപ്‌മെന്റ്, അജാക്‌സ്, കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ്, ത്രീഡീ ഗ്രാഫിക്‌സ്  എന്നിവയാണ് ഇവിടത്തെ പ്രധാന ജനപ്രിയ കോഴ്‌സുകള്‍. www.udactiy.com 

Khan Academy

ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറുപേരില്‍ ഒരാളായി അവതരിപ്പിച്ച പാതി ഇന്ത്യക്കാരനായ സല്‍മാന്‍ഖാന്റെ ഓണ്‍ലൈന്‍ ട്യൂട്ടോറിയലാണ് Khan Academy. വിവിധ വിഷയങ്ങളില്‍ വീഡിയോ ക്ലാസുകള്‍ ഇവിടെ ലഭിക്കും. www.khanacademy.org

Udemy

വിദ്യാര്‍ഥികളുടെ പഠനശേഷി വര്‍ധനവ് ലക്ഷ്യം വെച്ച് 2010 ല്‍ ആരംഭിച്ച Udemy പൂര്‍ണമായും ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ആവശ്യമായ അധ്യാപകര്‍  ഇവിടെ ഏതു സമയത്തും ലഭ്യമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 5000 കോഴ്‌സുകളാണ് Udemy യില്‍ ഉള്ളത്. www.udemy.org/en

P2PU

ഹെവല്‍റ്റ് ഫൗണ്ടേഷനും ഷുട്ട്‌വര്‍ത്ത് ഫൗണ്ടേഷനും പ്രത്യേക ഫണ്ടോടു കൂടി 2009 ല്‍ തുടങ്ങിയ MOOCS ന്റെ നവീകരിച്ച രൂപമാണ് P2PU. ഓണ്‍ലൈനില്‍ പഠിക്കാന്‍ താല്‍പര്യമുള്ള ഒരു ഗ്രൂപ്പിനെയാണ് 50 കോഴ്‌സുള്ള P2PU നല്‍കുന്നത്. www.p2pu.org/en

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top