ജൈവകൃഷി: പ്രകൃതിയോടുള്ള നീതിസാക്ഷ്യം

മുസ്ഫിറ മുഹമ്മദ് No image

ണ്ണില്‍ നിന്നാണ് മനുഷ്യന്റെ പിറവി. മാനവികതയുടെ കൃഷിയിടവും മണ്ണാണ്. മനുഷ്യ നാഗരികതയുടെ വികാസം മണ്ണിലൂടെയാണ്. കൃഷിക്കു വേണ്ടിയാണ് കൂട്ടായ ജീവിതം ശീലിച്ചതെന്ന് ചരിത്ര പുസ്തകങ്ങള്‍ പറഞ്ഞുവെക്കുന്നു. അപ്പോള്‍ ആരോഗ്യം മാത്രമല്ല, സംസ്‌കാരവും സമൂഹവും കരുത്താര്‍ജിച്ചത് കൃഷിയിലൂടെ തന്നെയാണ്.

പ്രകൃതിക്കൊരു താളം അഥവാ നടപടിക്രമമുണ്ട്. അന്യുസ്യൂതമായ ഒരു പ്രവാഹമാണത്. ഈ പ്രവാഹത്തിന്റെ നിമ്‌നോന്നതികള്‍ക്കനുസരിച്ചാണ് പൂര്‍വികര്‍ ജീവിതത്തെ പടുത്തുയര്‍ത്തിയത്. ജീവിതചര്യകളും കൃഷിയുള്‍പ്പെടെയുള്ള ജീവിതായോധന മാര്‍ഗങ്ങള്‍ ചിട്ടപ്പെടുത്തിയതും പ്രകൃതിയുടെ പൂര്‍വ നിശ്ചിതങ്ങളായ ഈ താളക്രമമനുസരിച്ചാണ്. എല്ലാ ജീവജാലങ്ങള്‍ക്കും വളരാനും ജീവിക്കാനും ഈ ക്രമത്തോട് താദാത്മ്യപ്പെട്ടു മാത്രമേ സാധ്യമാവൂ. സമരസപ്പെടലിന്റെ അത്തരമൊരു ജീവിത ചര്യ സ്വീകരിക്കുകയേ മനുഷ്യനും തരമുള്ളൂ. അതാണ് പ്രകൃതിയോടും അതിന്റെ താളക്രമം നിര്‍ണയിച്ചവനോടുമുള്ള നീതി. ഈ ആശയമാണ് വേദഗ്രന്ഥങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

പ്രകൃതിയുടെ ഈ താളക്രമത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് വനങ്ങള്‍. വിവിധതരം മരങ്ങളും വിളകളും ഇടകലര്‍ന്നു വളരുന്ന, വിവിധ ജന്തു വര്‍ഗങ്ങള്‍ വാഴുന്ന ആവാസ വ്യവസ്ഥയാണ് വനം. യാതൊരു വിവേചനവുമില്ലാത്ത സഹജീവന സഹവര്‍ത്തിത്വമാണ് കാനന പരിസരത്തിന്റെ കാതല്‍.  അവിടെ സസ്യങ്ങള്‍ക്കാരും വളമിടുന്നില്ല. കീടരോഗബാധയില്‍നിന്നും രക്ഷ നേടാന്‍ മരുന്ന് പ്രയോഗിക്കുന്നില്ല. എന്നാലും എല്ലാ ചെടികളും വളരുന്നു, പൂക്കുന്നു, കായ്ക്കുന്നു, ജന്തുജാലങ്ങള്‍ക്ക് പട്ടിണിമരണമില്ല.

പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതാവസ്ഥകളില്‍നിന്ന് മനുഷ്യനെ പറിച്ചെടുത്തത് അവന്റെ ദേഹേച്ഛയാണ്. മനുഷ്യന്‍ തനിക്കിഷ്ടമുള്ള വിത്ത്, തനിക്കിഷ്ടമുള്ള രീതിയില്‍ നട്ട്, താന്‍ നിശ്ചയിക്കുന്ന വളമിട്ട്, താന്‍ തന്നെ നിശ്ചയിക്കുന്ന സമയത്ത് വിളവെടുക്കുമ്പോള്‍ പിന്നെ അവിടെ പ്രകൃതിയുടെ ക്രമത്തിനെന്തു പങ്ക്? ദൈവ നിശ്ചയങ്ങള്‍ക്കെന്തു പ്രസക്തി?

കൃഷിയെയും കാര്‍ഷിക വൃത്തിയെയും കമ്പോളവല്‍ക്കരിച്ചതാണ് ഇന്ന് കാര്‍ഷിക ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്കുകാരണം. വിപണിലാഭം മാത്രം ഉന്നംവെച്ച് വിളവര്‍ധന ലക്ഷ്യമിട്ട് സങ്കരവിത്തുകളും സങ്കരവീര്യത്തെ ഉത്തേജിപ്പിക്കുന്ന രാസവളങ്ങളും സങ്കര സന്തതികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷം നിറഞ്ഞ കീടനാശിനികളും എല്ലാം ചേര്‍ന്ന് നമ്മുടെ ഭക്ഷ്യക്കലവറകളെ നിറച്ചെങ്കിലും  രാസകൃഷിയുടെ പ്രത്യാഘാതങ്ങള്‍ നമ്മെ തന്നെ വേട്ടയാടുന്ന അനുഭവമാണ് ഇന്നുള്ളത്. ഇതില്‍ നിന്നാണ് ജൈവകൃഷിയെന്ന ആശയത്തിലേക്കുള്ള തിരിച്ചുപോക്ക് ആരംഭിക്കുന്നത്.

ലോകമെമ്പാടും കാര്‍ഷിക രംഗം വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ 25-30 വര്‍ഷത്തോളമായി കാണാന്‍ സാധിക്കുന്നത്. 2016 -ഓടെ കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. മണ്ഡല, പഞ്ചായത്ത് തല പ്രഖ്യാപനങ്ങളും ചര്‍ച്ചകളും സെമിനാറുകളും ഇവ്വിഷയകമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ ജൈവകൃഷിയെ ഒരു വന്‍ ജനകീയ പ്രസ്ഥാനമാക്കി അംഗീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ രാഷ്ട്രീയാഭിപ്രായങ്ങളും ഒരേ രീതിയില്‍ ജൈവകൃഷിയെ ഏറ്റുപിടിക്കുന്നു. സിനിമാ താരങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഇവരെല്ലാം ഇതില്‍ പങ്കാളികളാവുക വഴി വന്‍ ജനകീയ പിന്തുണയും ഇതിന് ലഭ്യമായിട്ടുണ്ട്.

കാര്‍ഷികോല്‍പാദന രംഗം രാസവളത്തില്‍നിന്നും കീടനാശിനി പ്രയോഗത്തില്‍നിന്നും എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയാതെ ഇഴപിരിഞ്ഞു കിടക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇന്ത്യയില്‍ പ്രതിവര്‍ഷം 2.5 കോടി ടണ്‍ രാസവളം കൃഷിഭൂമികളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാസവള ഇറക്കുമതി രാഷ്ട്രവും ഇന്ത്യ തന്നെ. കീടനാശിനി ഉല്‍പാദന രാജ്യങ്ങളില്‍ പത്താം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പരുത്തികൃഷി, 17% നെല്‍കൃഷി, 13% പഴം- പച്ചക്കറി കൃഷി). ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നതും നമ്മുടെ രാജ്യത്താണ്. 5200 കോടി രൂപയുടെ പുതിയ ഉല്‍പന്നങ്ങള്‍ ഓരോവര്‍ഷവും വിപണിയിലെത്തുന്നു. ന്യൂ ജനറേഷന്‍ ഇന്‍സെക്ടിസൈഡ്‌സ് എന്ന കാറ്റഗറിയിലുള്ള പുതിയ ഉല്‍പന്നങ്ങള്‍ പ്രകൃതിക്കും മനുഷ്യനും കോട്ടം വരുത്തില്ല എന്നുവരെ അവകാശപ്പെടുന്നു. ഹരിത വിപ്ലവം എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട കാര്‍ഷിക രംഗത്തെ ഉല്‍പാദന വര്‍ധന യഥാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞത് നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ തന്നെയാണ്. അശാസ്ത്രീയമായ രാസവള കീടനാശിനി പ്രയോഗം കൊണ്ടുള്ള താല്‍ക്കാലിക നേട്ടം അധിക കാലം നീണ്ടുനില്‍ക്കുന്നതായിരുന്നില്ല. ഇഷ്ടംപോലെ രാസവളവും മറ്റും സബ്‌സിഡി നിരക്കില്‍ ലഭിച്ചതോടെ കര്‍ഷകര്‍ വിവേചന രഹിതമായി തങ്ങളുടെ കൃഷിഭൂമിയില്‍ അവ പ്രയോഗിച്ചു. ഇന്ത്യയിലെ രാസവള ഉപയോഗം 1951-52ല്‍ 66000 ടണ്‍ ആയിരുന്നത് 2009 - 2010 ആയപ്പോഴേക്കും 26 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു.  ഉല്‍പാദനത്തില്‍ വന്‍വര്‍ധന അനുഭവപ്പെട്ടു. പക്ഷേ, കൂടപ്പിറപ്പായി പുതിയ കീടങ്ങളും രോഗങ്ങളും ആവിര്‍ഭവിച്ചു. അതിനെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ മരുന്ന് കമ്പനികളുടെ അടിമകളുമായി. ചുരുക്കത്തില്‍, രാസവളങ്ങളും കീടനാശിനികളുമില്ലാത്ത കൃഷി അസാധ്യം എന്ന് കര്‍ഷകരെക്കൊണ്ട് പറയിപ്പിക്കാനും കാര്യം നേടാനും കുത്തക കമ്പനികള്‍ക്ക് യഥേഷ്ടം സാധിച്ചു. പ്രകൃതിയെയും മനുഷ്യനെയും പരിഗണിക്കാത്ത വികലമായ കാര്‍ഷിക നയങ്ങള്‍ അവയ്ക്ക് കാര്‍മികത്വം വഹിച്ചു.

അനുദിനം വിഷമയമായിക്കൊണ്ടിരിക്കുന്ന മണ്ണും വെള്ളവും വായുവും ഭക്ഷണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്ണിന്റെയും മനുഷ്യന്റെയും പ്രകൃതിയുടേയും നിലനില്‍പിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ബദല്‍ കൃഷി രീതികളുടെ സാധ്യതകളെ കുറിച്ച അന്വേഷണം ആരംഭിക്കുന്നത്.

സുസ്ഥിരമായ കാര്‍ഷികോല്‍പാദനത്തിന് വേണ്ട പാരിസ്ഥിതികാടിത്തറ തകിടം മറിഞ്ഞതോടെ ഹരിത വിപ്ലവം കൊണ്ടാടിയ പ്രദേശങ്ങളിലെല്ലാം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉല്‍പാദന മുരടിപ്പും അനുഭവപ്പെട്ടു. അമൃത്‌സറില്‍നിന്നും ലുധിയാനയിലേക്ക് ഓടുന്ന കാന്‍സര്‍ വണ്ടിയും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററി (ആര്‍ സി സി)ലേക്കുള്ള രോഗികള്‍ അധികമായെത്തുന്ന അമൃത എക്‌സ്പ്രസും ഈ കാര്‍ഷിക വിപ്ലവത്തിന്റെ ബാക്കിപത്രമാണ്.

കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളിലെ കശുമാവിന്‍ തോട്ടത്തിലടിച്ച എന്‍ഡോസള്‍ഫാന്‍ മൂലം ജൈവ നഷ്ടത്തിന്റെയും (തേനീച്ചകള്‍ നശിപ്പിക്കപ്പെടുന്നതിനാല്‍ പരാഗണം നടക്കില്ല) മാരകമായ ശാരീരിക ജനിതക വൈകല്യങ്ങളുടെയും നേര്‍കാഴ്ചകളാണ് അനക്കമറ്റ് കിടക്കുന്ന അനേകം കുഞ്ഞുങ്ങളും അവരുടെ അമ്മമാരുടെ ദീനരോദനങ്ങളും. കേരളത്തില്‍ മാത്രമാണ് എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചിരിക്കുന്നത്. ലോകത്തെ ഇതിന്റെ ഏറ്റവും വലിയ ഉല്‍പാദകന്‍ (പ്രതിവര്‍ഷം 12000 ടണ്‍) ഇന്ത്യയാണ്.

ആരോഗ്യ രംഗത്ത് കേരളീയരുടെ ഒരുപടി മുന്നിലുള്ള ജാഗ്രതയാണ് യഥാര്‍ഥത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആശുപത്രികള്‍ സൂചിപ്പിക്കുന്നത്. ഈയൊരു ആരോഗ്യ ബോധം തന്നെയാണ് ജൈവകൃഷിയെക്കുറിച്ച് ഇരുത്തിച്ചിന്തിക്കാന്‍ മലയാളിയെ പ്രാപ്തമാക്കിയതും.

എന്താണ് ജൈവകൃഷി

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ജീവനുള്ള വസ്തുക്കളും അവയുടെ അവശിഷ്ടങ്ങളും ചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്തുകയും ജൈവിക മാര്‍ഗങ്ങള്‍ അവലംബിച്ച് കീടരോഗ നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ജൈവകൃഷിയുടെ അടിസ്ഥാനം. കൃഷി, വിളവ്, ആരോഗ്യം, മണ്ണ്, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരസ്പര പൂരകങ്ങളാണെന്നും ഒന്നിനെ വിട്ട് മറ്റൊന്നിനെ പൂര്‍ണമായും സംരക്ഷിക്കാന്‍  കഴിയില്ല എന്ന തിരിച്ചറിവാണ് ജൈവകൃഷിയുടെ അന്തസത്ത.  ജൈവകൃഷിയില്‍ വിളക്കല്ല പ്രാധാന്യം, മറിച്ച് മണ്ണിനാണ്. നിങ്ങള്‍ മണ്ണിനു ഭക്ഷണം നല്‍കൂ, നിങ്ങള്‍ക്കുള്ള ഭക്ഷണം മണ്ണ് തരും എന്ന ബ്രസീലിയന്‍ മണ്ണു വിദഗ്ദന്‍ ഐറിന്‍ കാട്‌സോ പറയുന്നത് ജൈവകൃഷിയെ കുറിച്ചുള്ള അടിസ്ഥാന തത്വമാണ്. മണ്ണിന്റെ സുസ്ഥിരമായ ഉല്‍പാദനക്ഷമത നിലനിര്‍ത്തുക എന്നതാണ് ജൈവകൃഷിയുടെ പ്രാഥമിക ലക്ഷ്യം.

മണ്ണില്‍ അഞ്ച് ശതമാനം മാത്രമേ ജൈവാംശം ഉള്ളുവെങ്കിലും ഇത് മണ്ണിന്റെ സ്വാഭാവ ഗുണങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ.് മൊത്തത്തിലുള്ള ഭക്ഷ്യലഭ്യത വര്‍ധിപ്പിക്കാനും ഭക്ഷണത്തിന്റെ ഗുണമേന്മ കൂട്ടാനുമുള്ള മാര്‍ഗം തുറന്നു തരുന്നത് ജൈവകൃഷി മാത്രമാണ്. വിത്തുഗുണം പത്തുഗുണം തന്നെ. എന്നാലും ജൈവകൃഷിയില്‍ വിത്തിനേക്കാള്‍ പ്രാധാന്യം മണ്ണിനായിരിക്കും.

ഒരേ സ്ഥലത്ത് ഒരേ വിള കൃഷി ചെയ്യാതെ മാറിമാറി കൃഷി ചെയ്യുന്നത് മൂലകങ്ങള്‍ വലിച്ചെടുക്കാനും വായു സഞ്ചാരം ഉറപ്പാക്കാനും സഹായകമാണ്. പയറുവര്‍ഗ ചെടികള്‍ മണ്ണിന്റെ ഫലഭൂയിഷ്ടത കൂട്ടുന്നു. ശീമക്കൊന്ന, ഉങ്ങ്, പാഴ്ഇലകള്‍ തുടങ്ങിയവ ശേഖരിച്ച് വളമായി ചേര്‍ക്കാം. ഡെയിഞ്ചയുടെ വിത്തുപാകി 45 ദിവസത്തിനു ശേഷം മണ്ണ് ഉഴുതുകൊടുക്കുകയോ കിളച്ചു കൊടുക്കുകയോ ചെയ്യുന്നതു മൂലം ഒട്ടുമിക്ക മൂലകങ്ങളും ലഭ്യമാവുന്നു. കരിയിലകള്‍, ചാണകം, വാഴപ്പിണ്ടി, അടുക്കളാവശിഷ്ടം എന്നിവയെല്ലാം കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കാം. സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വെള്ളം പിടിച്ചുനിര്‍ത്താനും മണ്ണിര കമ്പോസ്റ്റിന് കഴിയും. വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങളായ ഉമി, വൈക്കോല്‍, വാഴത്തണ്ട് എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റിലെ സ്ലറി വളരെ പോഷകമാര്‍ന്ന വളമാണ്. പഞ്ചഗവ്യം, ജീവാമൃതം, ഇ.എം ലായനി, വെര്‍മിവാഷ്, പച്ചച്ചാണകം, ഗോമൂത്രം, പുളിപ്പിച്ച പിണ്ണാക്ക് മിശ്രിതം എന്നിവ ഇലകളില്‍ തളിക്കാന്‍ പറ്റിയ ദ്രാവക ജൈവവളങ്ങളാണ്. മത്തി-ശര്‍ക്കര മിശ്രിതവും മുട്ടമിശ്രിതവും ചെടികളുടെ വളര്‍ച്ചാ ത്വരകങ്ങളായി പ്രവര്‍ത്തിക്കുന്നു. വിളവര്‍ധനവിനും പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇവ സഹായകമാണ്. കാലിവളം, കോഴിവളം, പിണ്ണാക്കുകള്‍, ആട്ടിന്‍ കാഷ്ടം, എല്ലുപൊടി, ചാരം, അസോള തുടങ്ങിയവയാണ് ജൈവവളങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ജീവാണുക്കളെ കൃത്രിമമായി വര്‍ധിപ്പിച്ച് മണ്ണില്‍ ചേര്‍ക്കാവുന്ന രൂപത്തിലാക്കിയ ജീവാണു വളങ്ങള്‍ അന്തരീക്ഷത്തില്‍നിന്നും നൈട്രജനും മണ്ണില്‍നിന്ന് ഫോസ്ഫറസ്, പോട്ടാഷ് എന്നിവയും ആഗിരണം ചെയ്യുന്നു. റൈസോബിയം, അസോറ്റോ ബാക്ടര്‍, അസോസ്‌പൈറില്ലം, ബാസില്ലസ്, ന്യുഡോമോണസ് തുടങ്ങിയ ബാക്ടീരിയകളും മൈക്കോറൈസ്, പെനിസിലിയം തുടങ്ങിയ കുമിളകളും ജീവാണുവളമായി ഉപയോഗിക്കുന്നു. പി.ജി.പി.ആര്‍, തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മുളക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. മിത്രകീടങ്ങളെയും കെണികളും ഉപയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. കൂടാതെ വേപ്പധിഷ്ഠിത കീടനാശിനികള്‍, കാന്താരി, ഗോമൂത്ര മിശ്രിതം എന്നിവയും കീടനാശിനികളായി ഉപയോഗിക്കാം. സ്യൂഡോമൊണാസ്, ട്രൈക്കോഡര്‍മ തുടങ്ങിയ ജീവാണുക്കള്‍ വിളകളില്‍ രോഗങ്ങള്‍ വരാതിരിക്കാനും വന്നതിനെ നിയന്ത്രിക്കാനും ഉപകരിക്കുന്നു. തുരിശും കുമ്മായവും ചേര്‍ത്തുണ്ടാക്കുന്ന ബോര്‍ഡോ മിശ്രിതവും ജൈവ രോഗനാശിനിയാണ്. ഇത്തിള്‍ പ്രയോഗത്തിലൂടെ മണ്ണിന്റെ അമ്ലഗുണം നിര്‍വീര്യമാക്കാനും ഘടന മെച്ചപ്പെടുത്താനും സാധിക്കും.

കര്‍ഷകര്‍ക്ക് ആവശ്യമായ അളവില്‍ ജൈവകൃഷി വിഭവങ്ങളുടെയും കൃഷി ഉപാധികളുടെയും ലഭ്യത ഉറപ്പു വരുത്തുക എന്നതും പ്രധാനമാണ്. ലഭ്യത മാത്രമല്ല, അവ സാര്‍വത്രികമാവുകയും വേണം. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതി വര്‍ഷങ്ങളായി ഉപയോഗിക്കുന്നതിനാല്‍ ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ ആദ്യവര്‍ഷങ്ങളില്‍ ഉല്‍പാദന ക്ഷയം അനുഭവിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ധനസഹായ പദ്ധതികള്‍ സര്‍ക്കാറില്‍നിന്ന് വേണം. കര്‍ഷകരെ കടക്കെണിയിലാക്കുന്ന കൃഷിയല്ല, ഒരുപാട് പേര്‍ക്ക് തൊഴില്‍ ദായകമാകുന്ന ഒരു വികസന പദ്ധതിയായി ജൈവകൃഷി ഉയര്‍ന്നു വരണം. 2008 മുതല്‍ കേരളത്തിനുള്ള  ജൈവകൃഷി നയത്തിന് തുടര്‍ച്ചയായി പുതിയ മാസ്റ്റര്‍ പ്ലാനുകളും ബൃഹത് പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കണം. ജൈവ സമൃദ്ധമായ കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ജൈവ വസ്തുക്കള്‍ തന്നെ വളമായും വിള സംരക്ഷണ വസ്തുക്കളായും ഉപയോഗപ്പെടുത്തിയാല്‍ ജൈവകൃഷി അനന്തസാധ്യതകള്‍ തുറന്നിടും. ആ അര്‍ഥത്തില്‍, പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ടുള്ള ഈ പ്രയാണത്തിലൂടെ സാധ്യമാക്കാന്‍ കഴിയുന്ന ഒരു വിശുദ്ധവിളവാകണം യഥാര്‍ഥത്തില്‍ 2016-ലെ ജൈവ കേരളം.

സമ്പൂര്‍ണമായും പ്രകൃതിയില്‍നിന്നും വേര്‍പെട്ടു നില്‍ക്കുന്ന ജീവിതശൈലിയാണ് പൊതുവില്‍ കേരളീയന്റേത്. മല തുരക്കുന്ന ക്വാറികളും പുഴയെ തളര്‍ത്തുന്ന മണല്‍മാഫിയയും പ്രവര്‍ത്തിക്കുന്നത് മലയാളിക്കുവേണ്ടിയാണ്. മാനം മുട്ടുന്ന കോണ്‍ക്രീറ്റുകാടുകളില്‍ കഴിഞ്ഞു കൂടണമെന്ന മോഹവും ജൈവ വൈവിധ്യങ്ങളെ പരിഗണിക്കാത്ത ആസുരമായ വികസന സങ്കല്‍പവുമാണ് മലയാളിക്കുള്ളത്. ഉപഭോക്തൃ സമൂഹത്തിന്റെ സുഖാലസ്യം പതിറ്റാണ്ടുകളായി അനുഭവിക്കുന്നു. ഇതിനിടക്ക് കാര്‍ഷികമേഖല മാത്രം ജൈവികമാവുന്നതെങ്ങനെയെന്ന സന്ദേഹം ന്യായമുള്ളതാണ്. എങ്കിലും സാക്ഷരതാ പ്രസ്ഥാനം പോലെ വന്‍ ജനകീയ മുന്നേറ്റമായി ജൈവകേരളമെന്ന ആശയത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിഷമെന്നറിഞ്ഞ്, ആഹാരമായി ഭാവിച്ച്, ആരോഗ്യം നല്‍കുമെന്ന് മോഹിച്ച്, രോഗപീഢകളെ ഏറ്റുവാങ്ങുന്ന, ഇഞ്ചിഞ്ചായി ആത്മഹത്യ ചെയ്യുന്ന ഒരു സമൂഹമായിരുന്നില്ല കേരളമെന്ന് ചരിത്രം എഴുതിവെക്കും.

ജൈവോല്‍പന്നം - വിശ്വാസ്യത ഉറപ്പാക്കുക

ജൈവകൃഷിയെയും ജൈവോല്‍പന്നങ്ങളെയും കുറിച്ചുള്ള സാമൂഹ്യവബോധം അത്തരം ഉല്‍പന്നങ്ങളെ  പ്രചാരമുള്ളവയാക്കുന്നു. ഇത്തരം ഉല്‍പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ  ഉണ്ടാക്കിയിരിക്കുന്നത് എന്നറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഈ സര്‍ട്ടിഫിക്കേഷന്‍  മുമ്പ് IFOAM ഐഫോം (international federation of organic agriculture mov-ement) ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോളത് കൊച്ചിയില്‍ തോട്ടുമുഖത്ത് 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന INDOCERT എന്ന സ്ഥാപനവും നല്‍കിവരുന്നുണ്ട്. സാമ്പത്തിക ചെലവുള്ള ഈ പ്രക്രിയ കര്‍ഷക കൂട്ടായ്മകള്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ പ്രയോജന പ്രദവും ചിലവു കുറഞ്ഞതുമായി മാറും. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ വിളയിക്കുന്നവയെ ജൈവോല്‍പന്നങ്ങളായി അംഗീകരിക്കുന്നില്ല, മറിച്ച് അവ ഉല്‍പാദിപ്പിക്കുന്ന തോട്ടങ്ങളെയാണ് സര്‍ട്ടിഫൈ ചെയ്യുന്നത്.  ഇത്തരത്തിലുള്ള വെറും 20000 ഹെക്ടര്‍ കൃഷിഭൂമി മാത്രമാണ് കേരളത്തിലുള്ളത്. അതുതന്നെ മുഖ്യമായും കയറ്റുമതി നാണ്യ സുഗന്ധവിളകളിലുമാണ്. രാസകൃഷി ചെയ്തു പോന്നിരുന്ന ഒരു തോട്ടം നിശ്ചിത കാലപരിധിയില്‍ ജൈവകൃഷി ചെയ്തതിനു ശേഷമേ അത് ജൈവ കൃഷിയിടമായി പരിഗണിക്കുകയുള്ളൂ. പരിവര്‍ത്തന കാലമെന്നറിയപ്പെടുന്ന ഈ കാത്തിരിപ്പ് കാലം വാര്‍ഷിക വിളകള്‍ക്ക് രണ്ടു വര്‍ഷവും ദീര്‍ഘകാല വിളകള്‍ക്ക് 3-4 വര്‍ഷവുമാണ്. ഇന്ത്യയില്‍ ജൈവകൃഷി പ്രചരപ്പിക്കുന്ന  പ്രമുഖ സന്നദ്ധസംഘടനള്‍  ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിനു കീഴിലാണ് INDOCERT.

(വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ അസിസ്റ്റന്റ് മാനേജറാണ് ലേഖിക.)
 

അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍

$ ഒരേ സ്ഥലത്ത് വിളകള്‍ മാറിമാറി കൃഷി ചെയ്യുക (വിള പരിക്രമണം).

$ ജൈവവളം ധാരാളമായി ഉപയോഗിക്കുക.

$ ജൈവകൃഷിയില്‍ നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങള്‍ മാത്രം ഉപയോഗിക്കുകയും അത് മണ്ണില്‍ തന്നെ തിരിച്ച് ചേര്‍ത്തു കൊടുക്കുകയും ചെയ്യുക.

$  ഇടവിളകൃഷിയും സമ്മിശ്രകൃഷിയും വിളവൈവിധ്യവല്‍ക്കരണങ്ങളും അനുവര്‍ത്തിക്കുക.

$  സസ്യാവരണം എപ്പോഴും മണ്ണിന് മുകളില്‍ നിലനിര്‍ത്തണം.

$ പച്ചിലച്ചെടികളും ഇടവിളയായി പയറു വര്‍ഗ കൃഷിയും വഴി മൂലക ശോഷണം സംഭവിക്കാതെ സൂക്ഷിക്കണം.

$ മണ്ണ്, ജല സംരക്ഷണത്തിനുള്ള എല്ലാ മാര്‍ഗങ്ങളും കൃഷിയിടത്തില്‍ അവലംബിക്കുക.

$ കീടരോഗ നിയന്ത്രണത്തിന് ജൈവ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുക.

$ മണ്ണിന്റെ ഘടന അഭിവൃധിപ്പെടുത്തുന്നതിനും സൂക്ഷ്മാണുക്കളുടെ അളവ് കൂട്ടാനും വിവിധ ജീവാണു വളങ്ങള്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കുക.

സൈലന്റ് സ്പ്രിംങ് (നിശബ്ദ വസന്തം)

പ്രകൃതി സംരക്ഷണമെന്നത് പ്രധാന ആവശ്യമായി ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന് ജൈവ വൈവിധ്യത്തെ തകര്‍ക്കുന്ന കീടനാശിനികള്‍ക്കെതിരെ 1962-ല്‍ സൈലന്‍സ് സ്പ്രിംങ് എന്ന പുസ്തകമെഴുതിയത് റൈച്ചല്‍ കാര്‍സണ്‍ എന്ന വനിതയാണ്. രണ്ടാം ലോകയുദ്ധാനന്തരം കൊതുകുകളെ നശിപ്പിക്കാന്‍ വ്യാപകമായി അമേരിക്കയില്‍ പ്രയോഗിച്ച ഡിഡിറ്റി എന്ന കീടനാശിനി ഗ്രാമത്തിലെ പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാന്‍ കാരണമായി. ഇതേ കുറിച്ച് ഓര്‍ഗ് ഓവന്‍ എന്ന വനിത പത്രത്തിലേക്കയച്ച കത്തിന്റെ പകര്‍പ്പ്  റൈച്ചല്‍ കാര്‍സണ് അയച്ചു കൊടുത്തു. നീണ്ട പഠന ഗവേഷണങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ശേഷമാണ് കാര്‍സണ്‍ സൈലന്റ് സ്പ്രിംങ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് കീടനാശിനി വരുത്തിയ വിനാശത്തെ കുറിച്ച് പഠിക്കാന്‍ അന്നത്തെ അമേരിക്കയുടെ പ്രസിഡണ്ട്  ജോണ്‍ എഫ് കെന്നഡി ഉത്തരവിടുകയുണ്ടായി. ഡിഡിറ്റിയുടെ നിരോധത്തിന് ഇത് വഴിവെച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോണ്‍ ഫിക്ഷന്‍ പുസ്തകമാണിത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top