പണിയാം ശരീരംകൊണ്ടൊരു താജ്മഹല്‍

ഡോ. ശബ്‌ന എന്‍.കെ (ബി.എ.എം.എസ്)
2015 ഒക്ടോബര്‍
അമിതവണ്ണം ശാരീരിക പ്രശ്‌നം മാത്രമല്ല, മാനസിക പ്രശ്‌നം കൂടിയാണ്. ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളായ വിഷാദം, ഉല്‍കണ്ഠ, പിരിമുറുക്കം തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമായിത്തീരുന്നു. തിരിച്ച് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ അമിതവണ്ണത്തിന് കാരണമായിത്തീരുമെന്നു മാത്രമല്ല

മിതവണ്ണം ശാരീരിക പ്രശ്‌നം മാത്രമല്ല, മാനസിക പ്രശ്‌നം കൂടിയാണ്. ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളായ വിഷാദം, ഉല്‍കണ്ഠ, പിരിമുറുക്കം തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമായിത്തീരുന്നു. തിരിച്ച് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ അമിതവണ്ണത്തിന് കാരണമായിത്തീരുമെന്നു മാത്രമല്ല ശരീരം മെലിയാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും.

മിക്കവാറും എല്ലാ അമിതവണ്ണക്കാരുടെയും ഭക്ഷണ ശീലങ്ങളില്‍ ചില തകരാറുകള്‍ കാണാറുണ്ട്. ചിലര്‍ വിഷാദത്തില്‍ നിന്നും വിരസതയില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്നു. ഈ അവസ്ഥയില്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണവും അളവുമൊന്നും ശ്രദ്ധിക്കുന്നില്ല (മൈന്‍ഡ്‌ലെസ്സ് ഈറ്റിംഗ്), ഫലമോ, പൊണ്ണത്തടിയും.

ചിലര്‍ ഭക്ഷണം കാണുമ്പോള്‍ നിയന്ത്രണംവിട്ടു കഴിക്കുകയും അതുകഴിഞ്ഞാല്‍ തടിയെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കുകയും ചെയ്യും. ഈ അവസ്ഥയാണ് ബിന്‍ഡ് ഈറ്റിംഗ് ഡിസോഡര്‍.

പെട്ടെന്ന് അമിതവണ്ണമുണ്ടാക്കുന്ന മറ്റൊരു തരം ഭക്ഷണത്തകരാറുണ്ട്. നൈറ്റ് ഈറ്റിംഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് രാത്രി വൈകി ഉറങ്ങുന്ന ശീലമുള്ളവരിലാണ് കണ്ടുവരുന്നത്. പ്രാതലും ഉച്ചഭക്ഷണവും കാര്യമായി ശ്രദ്ധിക്കാതെ അത്താഴം അമിതമായി കഴിക്കുന്ന ശീലമാണിത്.

പാരമ്പര്യം

അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരും തടിയുള്ളവരായതുകൊണ്ടുമാത്രം ഒരാളുടെ പൊണ്ണത്തടി പാരമ്പര്യമാകണമെന്നില്ല. ഇത്തരത്തിലുള്ള 90% കേസുകളിലും, കുടുംബത്തില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ ഭക്ഷണശീലമാണ് പൊണ്ണത്തടിക്ക് കാരണം. ശാസ്ത്രീയമായി ഒരു ശരാശരി മനുഷ്യന് രണ്ടുനേരം മതി ഭക്ഷണമെന്നിരിക്കെ പത്തുമണിക്കഞ്ഞിയും നാലുമണിപ്പലഹാരവും വരെ ഉള്‍പ്പെടുത്തി നാലും അഞ്ചും തവണ കഴിക്കുന്നതും അമിതമായി എണ്ണയും നെയ്യും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാചക ശീലങ്ങളും, കേക്ക്, പുഡിംഗ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, ബിരിയാണി മുതലായവ അടിക്കടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ ശീലങ്ങളും ഇതിനുദാഹരണങ്ങളാണ്.

കൊഴുപ്പ് ഒരു വില്ലനല്ല

ഒരു നിശ്ചിത അളവ് കൊഴുപ്പ് ശരീരത്തിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ആന്തരികാവയവങ്ങള്‍ക്കു ചുറ്റിലും തൊലിക്കടിയിലുമാണ് പ്രധാനമായും കൊഴുപ്പ് സംഭരിക്കപ്പെടുന്നത്. ചുളിവുകളും മടക്കുകളുമില്ലാതെ ചര്‍മസൗന്ദര്യം നിലനിര്‍ത്തുന്നതിനും, വൈറ്റമിന്‍ ഡി, ശരീരത്തിനു നിറം നല്‍കുന്ന മെലാനിന്‍, പിഗ്‌മെന്റ് മുതലായവയുടെ നിര്‍മാണത്തിനും തൊലിക്കടിയില്‍ കൊഴുപ്പിന്റെ സാന്നിദ്ധ്യം ആവശ്യമാണ്. കിഡ്‌നി, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ഒരു നല്ല ഷോക്ക് അബ്‌സോര്‍ബര്‍ പോലെ കാത്തുപരിപാലിക്കുന്നത് അവക്കു ചുറ്റിലും ശേഖരിച്ചു വെക്കപ്പെട്ടിരിക്കുന്ന കൊഴുപ്പാണ്. അണ്ഡാശയം, അഡ്രീനല്‍ ഗ്ലാന്റ് തുടങ്ങിയ അന്ത:സ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ ഈ കൊഴുപ്പിന് അതിപ്രധാനമായ പങ്കുണ്ട്.

എന്താണ് പൊണ്ണത്തടി?

ശരീരത്തില്‍ അമിതമായ കൊഴുപ്പടിഞ്ഞുണ്ടാകുന്ന അനാരോഗ്യകരമായ ഒരവസ്ഥയാണ് പൊണ്ണത്തടി. നാം കഴിക്കുന്ന ആഹാരത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജത്തിന്റെ ഒരു ഭാഗം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നു. മിച്ചംവരുന്ന കൊഴുപ്പും ഊര്‍ജവും കൊഴുപ്പുരൂപത്തില്‍ തൊലിക്കടിയിലുള്ള കൊഴുപ്പു കോശങ്ങളിലും (Fat reserving cells) ആന്തരികാവയവങ്ങള്‍ക്കു ചുറ്റിലുമായി സംഭരിക്കപ്പെടുന്നു. സ്വീകരിക്കുന്ന ഊര്‍ജത്തിന്റെയും ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെയും അളവിലുള്ള ഈ വ്യത്യാസം കൂടുതല്‍ കൂടുതല്‍ കൊഴുപ്പടിയുന്നതിനും കാലക്രമത്തില്‍ പൊണ്ണത്തടിയിലേക്കെത്തുന്നതിനും കാരണമായിത്തീരുന്നു.

അമിതഭാരവും പൊണ്ണത്തടിയും:

ഭാരം നോക്കി മാത്രം ഒരാളെ പൊണ്ണത്തടിയനാണെന്നു പറയാന്‍ പറ്റില്ല. ഉയരത്തിനും പ്രായത്തിനും ലിംഗഭേദത്തിനുമനുസരിച്ച് ഒരാളുടെ ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ അളവിലും വ്യത്യാസമുണ്ട്.

ബോഡി മാസ് ഇന്‍ഡക്‌സ്

ഉയരവും തൂക്കവും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അമിതഭാരം നിശ്ചയിക്കുന്ന രീതിയാണിത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗംകൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതനുസരിച്ച് 18-25 വരെയാണ് നോര്‍മല്‍. 25-30 വരെ അമിതഭാരവും അതിനുമുകളിലേക്ക് പൊണ്ണത്തടിയുമാണ്. ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു മാര്‍ഗമാണിത്.

വെയ്സ്റ്റ് - ഹിപ്പ് റേഷ്യോ

അരക്കെട്ടിന്റെ ചുറ്റളവും ഇടുപ്പിന്റെ ചുറ്റളവും തമ്മിലുള്ള അനുപാതമാണിത്. പുരുഷന്മാരില്‍ വെയ്സ്റ്റ് ഹിപ്പ് റേഷ്യോ 9.0 ല്‍ താഴെയും സ്ത്രീകളില്‍ 0.85 ല്‍ താഴെയുമായിരിക്കും.

ലിംഗഭേദത്തിനനുസരിച്ച് ഒരാളുടെ ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ അളവിലും വ്യത്യാസമുണ്ട്. പുരുഷന്മാര്‍ക്ക് ശരീരഭാരത്തിന്റെ 13-17 ശതമാനം വരെയും സ്ത്രീകള്‍ക്ക് 19-25 ശതമാനം വരെയും കൊഴുപ്പ് ആവശ്യമാണ്.

ഈ പൊണ്ണത്തടി തന്നെ ജന്മനാ ഉള്ളത് (പാരമ്പര്യമായി ലഭിക്കുന്ന) എന്നും കാലക്രമേണ ഉണ്ടായത് എന്നും രണ്ടുതരത്തിലുണ്ട്. പാരമ്പര്യമായി പൊണ്ണത്തടിയുള്ളവരുടെ ശരീരത്തില്‍ ജന്മനാ തന്നെ കൊഴുപ്പു കോശങ്ങളുടെ (ഫാറ്റ് റിസര്‍വിംഗ് ബെല്‍സ്) എണ്ണം വളരെക്കൂടുതലായിരിക്കും. അത്തരക്കാര്‍ പെട്ടെന്നു തടിക്കുമെന്നു മാത്രമല്ല. തടി കുറക്കാന്‍ അത്ര പെട്ടെന്ന് സാധിക്കുകയുമില്ല.

കാലക്രമേണയുണ്ടാകുന്ന പൊണ്ണത്തടി വീണ്ടും പ്രാഥമിക (പ്രൈമറി) എന്നും ദ്വിതീയം (സെക്കന്ററി) എന്നും രണ്ടു വിധത്തിലുണ്ട്. അമിത ഭക്ഷണം, വ്യായാമക്കുറവ് മുതലായ കാരണങ്ങളെക്കൊണ്ടുണ്ടാകുന്ന പ്രാഥമിക പൊണ്ണത്തടിയാണ് ബഹുഭൂരിഭാഗം പേരിലും കാണപ്പെടുന്നത്. തൈറോയ്ഡ്, പി.സി.ഒ.ഡി മുതലായ രോഗങ്ങളുടെ ഫലമായോ, മാനസികം പോലെയുള്ള ചില രോഗങ്ങളില്‍ ദീര്‍ഘകാലം മരുന്നു കഴിക്കുന്നതിന്റെ പാര്‍ശ്വഫലമായോ ഉണ്ടാകുന്ന പൊണ്ണത്തടിയാണ് ദ്വിതീയം (സെക്കന്ററി) പ്രാഥമിക പൊണ്ണത്തടിയുള്ളവരില്‍ കൊഴുപ്പുകോശങ്ങള്‍ താരതമ്യേന വലുതായിരിക്കും.

പൊണ്ണത്തടിയുടെ ഉപദ്രവങ്ങള്‍

പല പ്രധാന രോഗങ്ങളുടെയും അടിസ്ഥാന കാരണം പൊണ്ണത്തടിയാണ്. ദീര്‍ഘകാലമായി നില്‍ക്കുന്ന പൊണ്ണത്തടി കുടലിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, അണ്ഡാശയ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ ഇവക്കു കാരണമായിത്തീരും.

പൊണ്ണത്തടിയന്മാര്‍ക്ക് ബി.പി കൂടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അമിതമായി അടിഞ്ഞു കൂടിയ കൊഴുപ്പ് രക്തക്കുഴലുകളെ ഞെരുക്കുന്നതിനാലും, വലിയ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും രക്തം പമ്പുചെയ്യാന്‍ കൂടുതല്‍ മര്‍ദ്ദം പ്രയോഗിക്കേണ്ടി വരുന്നതിനാലുമാണ് രക്തസമ്മര്‍ദ്ദം കൂടുന്നത്.

അമിതമായി രക്തത്തിലെത്തിച്ചേരുന്ന കൊഴുപ്പ് ഹൃദയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട രക്തക്കുഴലുകളിലടിഞ്ഞ് രക്തപ്രവാഹം കുറയുന്നു. ഇതുതന്നെയാണ് ഹാര്‍ട്ട് അറ്റാക്കിന്റെയും സ്‌ട്രോക്കിന്റെയും പ്രധാനകാരണം.

കുറഞ്ഞ പ്രായത്തില്‍ തന്നെ അമിതഭാരം താങ്ങേണ്ടിവരുന്നത് കാല്‍മുട്ടിലെ അസ്ഥികളുടെയും, ചാടിയ വയര്‍ കാരണം നട്ടെല്ലിനുണ്ടാകുന്ന അധിക വളവ് ഇടുപ്പിലെ അസ്ഥികളുടെയും തേയ്മാനത്തിനും അതുവഴി മുട്ടുവേദനക്കും നടുവേദനക്കും കാരണമായിത്തീരുകയും ചെയ്യുന്നു.

അണ്ഡാശയങ്ങള്‍ക്കും മറ്റ് ആന്തരിക അവയവങ്ങള്‍ക്കു ചുറ്റിലുമായി അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ആര്‍ത്തവ സംബന്ധമായ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും വന്ധ്യതക്കുവരെയും കാരണമായിത്തീരുന്നത്.

ചികിത്സ

വ്യായാമവും ഭക്ഷണനിയന്ത്രണവും മാറ്റി നിര്‍ത്തിക്കൊണ്ട് തടി കുറക്കാന്‍ കുറുക്കു വഴികളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ പൊണ്ണത്തടിയെ ഒരു രോഗമായി ഗണിച്ച് ചികിത്സിക്കേണ്ടി വരുന്ന അവസ്ഥയില്‍ 'ന ഹി സ്ഥൂലസ്യ ഭോഷജം' എന്നാണ് ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും കലോറി മൂല്യം വളരെയധികം കുറഞ്ഞതും, ആവശ്യ പോഷകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളളതുമായ, ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഭക്ഷണ ക്രമവും, കൃത്യമായ വ്യായാമവും തുടരുന്നതൊടൊപ്പം വിശപ്പിനെ നിയന്ത്രിക്കുന്നതും ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി ഊര്‍ജവിനിയോഗം വര്‍ധിപ്പിക്കുന്നതുമായ ചില ലഘുമരുന്നുകള്‍ കൂടി പ്രയോഗിക്കുന്നത് വളരെയധികം ഫലം ചെയ്തു കാണുന്നു.

മനസ്സില്‍നിന്നു തുടങ്ങൂ തടി കുറക്കാന്‍.

മാനസികാവസ്ഥകളും പൊണ്ണത്തടിയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതിനാല്‍ വണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ ആദ്യം മനസ്സില്‍ നിന്നു തന്നെ തുടങ്ങണം. ആദ്യമായി സ്വീകരിക്കാന്‍ പോകുന്ന പുതിയ ജീവിതരീതിയിലേക്കു മനസ്സിനെ പാകപ്പെടുത്തിയെടുക്കണം. അതിനായി വ്യക്തമായ ഒരു ലക്ഷ്യം നമ്മള്‍ കണ്ടെത്തണം. അതായത് കൃത്യമായി എത്ര കിലോ ഭാരം കുറക്കണം, അത് എത്ര സമയത്തിനുള്ളില്‍ വേണം എന്നിങ്ങനെ ഒരു ഡിജിറ്റല്‍ വെയിംഗ് മെഷീന്റെ സഹായത്തോടെ ഭാരം കൃത്യമായി മനസ്സിലാക്കിയാല്‍ അതില്‍ എത്ര കിലോ ഭാരം അമിതമാണെന്ന് നിര്‍ണയിക്കാം.

അതിന് ഏറ്റവും സ്വീകാര്യവും ലളിതവുമായ ഒരു മാര്‍ഗമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാളുടെ സെന്റീമീറ്ററിലുള്ള ഉയരത്തില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്ന സംഖ്യ അയാളുടെ ഏതാണ്ട് ശരിയായ ഭാരമായിരിക്കും.

കുറക്കേണ്ട ഭാരം കൃത്യമായി നിര്‍ണയിച്ചാല്‍ അത് എത്ര സമയം കൊണ്ട് കുറക്കണമെന്ന് നിശ്ചയിച്ചിരിക്കണം. അതാണ് ചികിത്സയുടെ കലാവധി. ഒരു മാസം കൊണ്ട് ആരോഗ്യകരമായി കുറക്കാവുന്ന ശരീരഭാരം 3-5 കി.ഗ്രാം ആണ്. പെട്ടെന്ന് തടികുറക്കാനുള്ള ആവേശത്തില്‍ കഠിനമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും മറ്റും ഇതില്‍ കൂടുതല്‍ ഭാരം കുറക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിര്‍ജലീകരണത്തിനും അനീമിയ തുടങ്ങിയ മറ്റു ചില രോഗങ്ങള്‍ക്കും കാരണമായിത്തീരും.

കുടവയര്‍

പ്രസവം കഴിഞ്ഞ സ്ത്രീകളിലും മധ്യവയസ്‌കരിലും ഇന്ന് കുടവയര്‍ ഒരു വലിയ തലവേദന തന്നെയാണ്. പ്രത്യക്ഷമാകുന്നതുപോലെ അപ്രത്യക്ഷമാകുന്നതിലും അവസാനക്കാരനാണ് കുടവയര്‍. വയറിന്റെ മസിലുകളെ ബലപ്പെടുത്തുന്നതും അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ചു കളയുന്നതുമായ പ്രത്യേക തരം വ്യായാമമുറകളും, യോഗാസനങ്ങളും ഭാരം കുറക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവണ്ണത്തോടൊപ്പം കുടയവയറിനെയും നമുക്ക് നിയന്ത്രിക്കാവുന്നതാണ്.

സ്വപ്‌നം കാണുക

തടി കുറക്കുന്നതിനുള്ള മാനസികമായ തയ്യാറെടുപ്പില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്വപ്‌നം കാണല്‍ അഥവാ വിഷ്വലൈസേഷന്‍. ആദ്യം നമ്മള്‍ എങ്ങനെയാവണമെന്ന് നമ്മള്‍ മനസ്സില്‍ കാണണം. തടിപ്പുകളും മടക്കുകളുമായി ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പെല്ലാം പോയിക്കഴിയുമ്പോള്‍ ശരീരം എത്രത്തോളം സുന്ദരവും വടിവൊത്തതുമായിത്തീരുമെന്ന് മനസ്സില്‍ സങ്കല്‍പ്പിക്കുക. ഇതാണ് വിഷ്വലൈസേഷന്‍ അഥവാ ദൃശ്യവല്‍ക്കരണം. ഇതിനായി കൃത്യമായ ഭാരമുണ്ടായിരുന്ന സമയത്തെ ഒരു നല്ല ഫോട്ടോ എപ്പോഴും കാണാവുന്ന സ്ഥലത്തു വെക്കുക. ഈ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതായി മനസ്സില്‍ സങ്കല്‍പിക്കുക. നിങ്ങളുടെ മനസ്സ് നിങ്ങളുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമ ശീലങ്ങളും കൂടിയായാല്‍... നിങ്ങള്‍ക്കും പണിയാം നിങ്ങളുടെ ശരീരത്തില്‍ ഒരു താജ്മഹല്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media